सद्गुरु

ഒരാശ്രമത്തിനെ ആത്മീയാന്തരീക്ഷം നിറഞ്ഞ ഒരിടമാക്കുന്ന ഘടകം എന്താണ്, അല്ലെങ്കില്‍ ഇതിന്റെ പ്രത്യേകതകള്‍ എന്താണ്?

 

സദ്ഗുരു: വിവിധ തരത്തിലുള്ള ധാരാളം ആശ്രമങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. സമൂഹത്തില്‍ സ്വമേധയാ തങ്ങളെത്തന്നെ പുലര്‍ത്തുവാന്‍ കഴിയാത്തവര്‍, താന്താങ്ങളുടെ ആഹാരംപോലും കണ്ടെത്താന്‍ കഴിയാത്തവര്‍, കേറിക്കിടക്കാന്‍ ഒരു വീടോ കുടിയോ ഇല്ല എന്ന ചിന്തയാല്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നവര്‍, അത്തരത്തിലുള്ളവര്‍ ചില പ്രത്യേകതരം ആശ്രമങ്ങളെ അഭയം പ്രാപിക്കുന്നു എന്നത് വാസ്തവമാണ്. എന്നാല്‍ ആത്മീയ ഉന്നതി ഉദ്ദേശിച്ച് സ്ഥാപിച്ചിട്ടുള്ള ആശ്രമങ്ങള്‍ അത്തരത്തിലുള്ളവയല്ല.

ആത്മീയ കാര്യങ്ങള്‍ക്കുവേണ്ടി മാത്രമുള്ള ഒരാശ്രമത്തിലേയ്ക്ക് എന്തിനുവേണ്ടി ഒരാള്‍ കടന്നുവരണം? അതിനെ അത്തരത്തിലുള്ള ആത്മീയാന്തരീക്ഷം നിറഞ്ഞ ഒരാശ്രമമാക്കുന്ന ഘടകം എന്താണ്, അല്ലെങ്കില്‍ ഇതിന്റെ പ്രത്യേകതകള്‍ എന്താണ്? ഒരാള്‍ എന്തിനായിട്ടാണ് അവിടേയ്ക്ക് കയറി ചെല്ലാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നത്, അഥവാ സ്വന്തം വീടും ബന്ധുക്കളെയും വിട്ട്എന്തിനു പോകണം?

ആവശ്യാനുസരണമുള്ളത്ര ഊര്‍ജ്ജം ഇവിടെ സംഭരിക്കപ്പെട്ടിട്ടുണ്ട് എന്നുള്ളതുകൊണ്ടു തന്നെയാണ് അത്തരത്തിലുള്ള ഒരു പ്രദേശം ഒരാത്മീയ മേഖലയായിത്തീരുന്നത്. ഈശാ യോഗ ആശ്രമാന്തരീക്ഷത്തെക്കുറിച്ചു പറയുകയാണെങ്കില്‍, ഈ മലനിരകളില്‍ ജീവിക്കുന്ന മറ്റു ജന്തുക്കളെപ്പോലെ നമുക്കും പ്രകൃതിയുടെ ആന്തരികശക്തി ഉള്‍ക്കൊണ്ടുകൊണ്ട്, അതിന്‍റെ ഒരു ഭാഗം മാത്രമായി ജീവിക്കാന്‍ കഴിയുമായിരുന്നെങ്കില്‍, പിന്നെ ഇക്കാണുന്ന കെട്ടിട സമുച്ഛയങ്ങളൊക്കെ നിര്‍മിച്ച് ഈ പ്രദേശത്തെ വികൃതമാക്കുകയില്ലായിരുന്നു. നമ്മളും അവയെപ്പോലെ തുറസ്സായ ഈ സ്ഥലത്തുതന്നെ വിഹരിക്കുമായിരുന്നു, ഉണ്ണുമായിരുന്നു, ഉറങ്ങുമായിരുന്നു.

ആശ്രമത്തില്‍ കഴിയുക എന്നുവച്ചാല്‍ മേല്‍പ്പറഞ്ഞ ആ ഊര്‍ജ്ജപരിരക്ഷയില്‍ കഴിയുക എന്നതാണര്‍ത്ഥം. ഇപ്രകാരമുള്ള ഊര്ജ്ജജത്തിന്റെ ശക്തി പലരെയും ഒരു ഭ്രാന്തമായ ഉന്മാദാവസ്ഥയിലേക്ക് കൊണ്ടെത്തിച്ചു എന്നും വരാം. ഇവിടെ സംഭരിക്കപ്പെട്ടിട്ടുള്ള ഉയര്‍ന്ന ഊര്‍ജ്ജത്തിന്റെ സ്വാധീനത്തില്‍ ഒരാള്‍ക്ക് ഏറെനാള്‍ ഇവിടെ മാത്രമായി കഴിയാന്‍ സാധിച്ചെന്നുവരില്ല, എന്നാല്‍ ഈ സ്ഥലം വേണ്ടെന്നുവച്ച് മറ്റെവിടെയെങ്കിലും പോയാലൊ, അവിടെയും സ്ഥിരമായി താമസിക്കുവാന്‍ കഴിയില്ല. ഇവിടെ സൃഷ്ടിച്ചിരിക്കുന്ന ഊര്‍ജ്ജത്തിന്റെ സംഭരോണോദ്ദേശം തന്നെ, ഈ ഊര്‍ജ്ജം കൈവരിച്ച ഒരാളെ മറ്റെവിടെയും സ്ഥിരമായി താമസിക്കുവാന്‍ അനുവദിച്ചുകൂടാ എന്നതാണ്‌.

“നിങ്ങളുടെ ജിവിതത്തെ അഗ്രിമമായ മാര്‍ഗ്ഗത്തിലൂടെ അതിവേഗം മുന്നോട്ട് തള്ളിവിടുക എന്നുള്ളതാണ് ഇത്തരത്തിലുള്ള ഒരു ഊര്‍ജ്ജവ്യൂഹം സ്ഥാപിക്കുന്നതിനു പിന്നിലെ ആശയം.”

അപ്രകാരമുള്ള ഊര്‍ജ്ജ സംജാതമാക്കുന്നതിന്റെ ഉദ്ദേശം എന്താണ് എന്ന ചോദ്യം സ്വാഭാവികമായും ഉന്നയിച്ചേക്കാം. “നിങ്ങളുടെ ജിവിതത്തെ അഗ്രിമമായ മാര്‍ഗ്ഗത്തിലൂടെ അതിവേഗം മുന്നോട്ട് തള്ളിവിടുക എന്നുള്ളതാണ് ഇത്തരത്തിലുള്ള ഒരു ഊര്‍ജ്ജവ്യൂഹം സ്ഥാപിക്കുന്നതിനു പിന്നിലെ ആശയം.”

ഇന്ന്‍ ആത്മീയപാതയിലൂടെ മുന്നേറാന്‍ ആഗ്രഹിക്കുന്ന പലരും സമാധാനം കിട്ടാനാകാത്ത വിധം അതൃപ്തി നിറഞ്ഞവരാണ്. പലരും കരുതിയിരിക്കുന്നത് ആത്മീയപാത എന്നുപറഞ്ഞാല്‍, സംതൃപ്തി നേടാന്‍ പറ്റിയ ഒരു മാര്‍ഗം എന്നാണ്. അത്തരം അഭിലാഷത്തോടെ ആശ്രമവാസിയാകുന്നതില്‍ കാതലില്ല.

സംതൃപ്തി എന്നുപറഞ്ഞാല്‍ എന്താണ്? നിങ്ങള്‍ക്കെന്ത് നേടാനായോ അതില്‍ നിങ്ങള്‍ പൂര്‍ണമായും തൃപ്തനാണ് എന്നതല്ലേ? എന്നാല്‍ ആത്മീയതയില്‍ തത്പരനായ ഒരു വ്യക്തി എന്നുപറയുമ്പോള്‍, പരമോന്നതമായി എന്താണ് ആര്‍ജ്ജിക്കേണ്ടതായിട്ടുള്ളത്, അയാള്‍ക്കാര്‍ജ്ജിക്കാനായത് അതില്‍നിന്നും നെല്ലടപോലും കുറഞ്ഞാല്‍, തൃപ്തനാവാന്‍ അവന്‍ തയ്യാറാവില്ല. അങ്ങനെയുള്ള ഒരു വ്യക്തി ആത്മീയമായ തൃപ്തി ലഭിക്കാതെ നിരാശാഭാവത്തില്‍ മുഴുകുകയാണെങ്കില്‍, വ്യര്‍ഥമായ ഒരു ജീവിതം നയിക്കേണ്ടതായി വരും. നേരെമറിച്ചു്, സന്തോഷഭരിതമായ സംതൃപ്തിയാണ് അയാള്‍ അനുഭവിക്കുന്നതെങ്കില്‍, ഊര്‍ജ്ജസ്വലനും, പ്രവര്‍ത്തനോന്മുഖനും ആയിത്തീരും.

അത്തരത്തിലുള്ള ഒരാള്‍ ഒരിടത്തുതന്നെ സ്ഥിരമായി കഴിഞ്ഞുകൂടാന്‍ ആഗ്രഹിക്കുകയില്ല. എത്രതന്നെ സുഖം അനുഭവിച്ചാലും ശരി, ആ സ്ഥലത്ത് തുടരാന്‍ അയാള്‍ക്ക് കഴിയുകയില്ല. തന്റെ മുന്നോട്ടുള്ള സഞ്ചാരത്തിന് വിരാമമിടാതിരിക്കാനുള്ള ഒരാത്മീയ ഇംഗിതമാണതിനു പിന്നിലുള്ളത്, അല്ലാതെ സുഖത്തിന്റെ കേന്ദ്രം തേടാനുള്ളതല്ല, സുഖഭോഗങ്ങള്‍ നിറഞ്ഞ ഒരു സങ്കേതത്തില്‍ എത്തിച്ചേരാനുള്ള വ്യഗ്രതയുമല്ല. പിന്നെയോ? ജീവിതത്തിന്റെ തിളച്ചുമറിയുന്ന മുഖ്യധാരയിലേക്ക് എടുത്തുചാടാനുള്ള വ്യഗ്രതയാണ്.

ഈ നിലയിലെത്തിയിട്ടില്ലാത്ത, അതായത് ജീവിതത്തിലുടനീളം ഉണ്ടാവുന്ന ഓരോ അനുഭവവും അതിന്‍റെതായ രീതിയില്‍ മനസ്സിലാക്കിയതിനു ശേഷം, തള്ളിക്കളയാനാവുംവിധം നിഷ്പക്ഷമായ മാനസികാവസ്ഥയില്‍ എത്തിയിട്ടില്ലാത്ത ഒരു വ്യക്തി, സുഖാനുഭവങ്ങളായാലും, ക്ലേശപൂരിതമായ ദുരാനുഭവങ്ങള്‍ ആയാലും ശരി, എല്ലാംതന്നെ ഏറെ പെരുപ്പിച്ച് വലുതാക്കി അനുഭവവേദ്യമാക്കും. വേദനകളെ പെരുപ്പിച്ചനുഭവിച്ചാല്‍, “ഞാന്‍ കരുതിയത്, ആത്മീയത എന്നത് പരമാനന്ദകരമായ അനുഭവമായിരിക്കും എന്നാണല്ലോ? എന്നിട്ടിപ്പോള്‍ എന്തെല്ലാം പ്രശ്നങ്ങളാണ് നേരിടേണ്ടി വരുന്നത്? ഇതിലൊന്നും വന്നു ചാടേണ്ടിയിരുന്നില്ല." എന്നൊക്കെ പിന്നീടിരുന്ന്‍ ചിന്തിക്കേണ്ടിവരും.

അത്യുന്നത ശൃംഗത്തില്‍ നില്‍ക്കുന്ന ഒരുവന് അതേനിലയില്‍ത്തന്നെ, അതേ ഉന്നതിയില്‍ത്തന്നെ എപ്പോഴും നിലനില്‍ക്കാന്‍ കഴിയണം എന്ന ആഗ്രഹം അത്യധികമായിരിക്കും. സ്വന്തം പരിശ്രമത്തിലൂടെ എത്താനായ ആ ശ്രേണിയില്‍ നിന്നും ഒരിക്കലും താഴോട്ടു പോകരുതേ എന്ന പ്രാര്‍ത്ഥനയായിരിക്കും. എന്തെല്ലാം അനുഭവങ്ങള്‍ വന്നാലും അതവന്റെ ഉന്നതിക്കാണ് എന്ന ബോധത്തോടു കൂടി അവനതിനെ നേരിടും.

പരമ്പരാഗത യോഗമുറകള്‍ അഭ്യസിക്കുന്നവര്‍ പറയുന്ന ഒരു കഥ പറയാം -

ഒരു ഗ്രാമത്തില്‍ അതിദരിദ്രനായ ഒരു ഇരുമ്പ് പണിക്കാരന്‍ കൊല്ലന്‍ ഉണ്ടായിരുന്നു. ഒരു കാന്തം ഇരുമ്പിനെ ആകര്‍ഷിക്കുന്നവിധം, ഈ ഭൂലോകത്ത് അനുഭവപ്പെടാവുന്നതായിട്ടുള്ള എല്ലാ ഗുരുതരമായ പ്രശ്നങ്ങളും അയാളില്‍ത്തന്നെ വന്നുപതിച്ച് അയാളെ അലട്ടിക്കൊണ്ടിരുന്നു. ഒന്നിനുപുറകെ ഒന്നായി, അയാളെ ദുരിതങ്ങള്‍ വല്ലാതെ ക്ലേശിപ്പിച്ചിരുന്നു. എന്നാല്‍ ആ കൊല്ലന്‍ തികഞ്ഞ ഈശ്വരവിശ്വാസിയായിരുന്നു, സദാ പ്രാര്‍ത്ഥനാനിരതനും. ഈ ദുരിതക്കയത്തില്‍ മുങ്ങിത്താഴ്ന്നുകൊണ്ടിരുന്നപ്പോഴും, ഭക്തി മേല്‍ക്കുമേല്‍ കൂടിക്കൊണ്ടിരുന്നതല്ലാതെ അയാള്‍ ഈശ്വരനെ തള്ളിപ്പറഞ്ഞില്ല.

ഇത്തരം ഈശ്വരവിശ്വാസത്തിലും പ്രാര്‍ത്ഥനകളിലും വിശ്വാസമില്ലാത്ത ഒരു സുഹൃത്ത് അരിശം മൂത്ത് ഒരുദിവസം അയാളോടു ചോദിച്ചു, “നിങ്ങള്‍ ഇരുപത്തിനാല് മണിക്കൂറും ദൈവത്തിനെ പ്രാര്‍ത്ഥിച്ചുകൊണ്ടേയിരിക്കുന്നല്ലോ, എന്നിട്ടിപ്പോള്‍ നിങ്ങളുടെ ഗതി എന്തായി? എപ്പോള്‍ നോക്കിയാലും നിങ്ങള്‍ ദുരിതക്കയത്തില്‍ ആണ്ടുകിടക്കുകയല്ലേ? ഇതൊക്കെ ഇനി നിര്‍ത്തിക്കൂടെ?”

മറുപടിയായി ആ കൊല്ലന്‍ പറഞ്ഞു: “നോക്കൂ, എനിയ്ക്ക് ഈ പണിമാത്രമേ അറിയാന്‍പാടുള്ളു. ജീവിതാനുഭാവങ്ങളില്‍ നിന്ന് ഞാനെന്തെല്ലാം പഠിച്ചുവോ, അതെല്ലാം ഈ ഇരുമ്പുപണിയില്‍ നിന്ന് മാത്രമാണ് സമ്പാദിച്ചത്, ഈ ഇരുമ്പാണെന്റെ ഗുരു. ഒരു നല്ല ഉപകരണം ഉണ്ടാക്കുവാനായി ആദ്യം ഒരു കഷ്ണം ഇരുമ്പ് എടുക്കുന്നു, അതിനെ ഉലയില്‍വച്ച് ചൂടാക്കി, പിന്നെ എടുത്തടിച്ച് പരത്തി വീണ്ടും തണുപ്പിക്കുന്നു. വീണ്ടും ചൂടാക്കുന്നു, അടിച്ച് പരത്തുന്നു, തണുപ്പിക്കുന്നു. വീണ്ടും വീണ്ടും ഈ പ്രക്രിയ ആവര്‍ത്തിക്കുന്നു. ആ ഇരുമ്പുകഷ്ണത്തിന് എന്റെ ചൂടാക്കലും, അടിച്ചുപരത്തലും, തണുപ്പിക്കലും ഒന്നും താങ്ങാന്‍ കഴിയുന്നില്ലെങ്കില്‍ അത് ഉപയോഗശൂന്യമായിപ്പോകും. അതെടുത്ത് ചവറ്റുകൊട്ടയിലേക്ക് എറിയേണ്ടി വരും.

“ഈശ്വരാ, എന്നെ ചൂടാക്കിക്കോളൂ, അടിച്ചോളൂ, തണുപ്പിച്ചോളൂ, മറ്റെന്തുവേണമെങ്കിലും ചെയ്ത് കൊള്ളൂ, പക്ഷെ ഒരിക്കലും എന്നെ ഒരു ചവറ്റുകൊട്ടയിലേക്ക് എടുത്തെറിയാന്‍ പാകത്തിന് കൊള്ളരുതാത്തവനാക്കരുതെ? ”

മറിച്ച് ഞാന്‍ ചെയ്തത് അതിനു ഗുണപ്രദമാണെങ്കില്‍, അതു ഞാന്‍ മനസ്സില്‍ സങ്കല്പിച്ച വിധത്തിലുള്ള നല്ല ഒരുപകരണമായിത്തീരും. അതുപോലെതന്നെ എന്റെ പ്രാര്‍ത്ഥനയും ഇതാണ്, “ഈശ്വരാ, എന്നെ ചൂടാക്കിക്കോളൂ, അടിച്ചോളൂ, തണുപ്പിച്ചോളൂ, മറ്റെന്തുവേണമെങ്കിലും ചെയ്ത് കൊള്ളൂ, പക്ഷെ ഒരിക്കലും എന്നെ ഒരു ചവറ്റുകൊട്ടയിലേക്ക് എടുത്തെറിയാന്‍ പാകത്തിന് കൊള്ളരുതാത്തവനാക്കരുതെ? ”