ആഗ്രഹിക്കാവുന്നടത്തോളം ആഗ്രഹിക്കുക
നിങ്ങളുടെ ധനമൊക്കെ രാജ്യത്തുള്ള ദരിദ്രര്‍ക്കു പങ്കുവച്ചു കൊടുത്തു കഴിഞ്ഞാല്‍ ഉടന്‍ തന്നെ നിങ്ങള്‍ക്ക് സ്വസ്ഥത കിട്ടുമോ? അടുത്ത ദിവസം മുതല്‍ രാജ്യത്തിലെ ദരിദ്രരുടെ എണ്ണത്തില്‍ ഒന്നുകൂടി കൂടും അത്രയേ ഉള്ളൂ.
 
isha yoga,earth day
 

सद्गुरु

നിങ്ങളുടെ ധനമൊക്കെ രാജ്യത്തുള്ള ദരിദ്രര്‍ക്കു പങ്കുവച്ചു കൊടുത്തു കഴിഞ്ഞാല്‍ ഉടന്‍ തന്നെ നിങ്ങള്‍ക്ക് സ്വസ്ഥത കിട്ടുമോ? അടുത്ത ദിവസം മുതല്‍ രാജ്യത്തിലെ ദരിദ്രരുടെ എണ്ണത്തില്‍ ഒന്നുകൂടി കൂടും അത്രയേ ഉള്ളൂ.

ഹിമാലയത്തിന്‍റെ താഴ്വര. ഒരു നീണ്ട യാത്രയ്ക്കുശേഷം ബസ്സില്‍നിന്നും ആ യുവാവ് ഇറങ്ങി. തുണികൊണ്ടുള്ള രണ്ടു ഭാണ്ഡക്കെട്ടുകളെ ചുമന്നു മലമുകളില്‍ എത്തിക്കുവാനായി, അവിടെ കാത്തിരുന്ന കഴുതകളില്‍ ഒന്നിനെ അയാള്‍ വാടകയ്ക്കെടുത്തു.

"എവിടെയാണു പോകേണ്ടത് സാഹേബ്?" കഴുതയുടെ ആള്‍ ചോദിച്ചു.

"ഏതെങ്കിലുമൊരു നല്ല സന്യാസിയുടെ ആശ്രമത്തിലേക്കു പോകൂ." യുവാവ് മറുപടി പറഞ്ഞു.

"എത്ര ദിവസങ്ങള്‍ താമസിക്കുവാന്‍ പോകുന്നു സാഹേബ്?" കഴുതയുടെ ആള്‍ വീണ്ടും ചോദിച്ചു.

"ദിവസങ്ങളോ! ഇനി എന്‍റെ ജീവിതം മുഴുവനും ഇവിടെത്തന്നെ. എന്‍റെ ഭാര്യ, കുട്ടികള്‍, അച്ഛന്‍, അമ്മ, ബിസിനസ് എല്ലാം ഉപേക്ഷിച്ചിട്ടാണ് ഞാന്‍ വന്നിരിക്കുന്നത്. എന്‍റെ കഴുത്തില്‍ കിടക്കുന്ന ഈ സ്വര്‍ണ്ണമാലയും കൂടി ഞാന്‍ നിനക്കു തരാന്‍ പോവുകയാണ്." എന്ന് യുവാവു പറഞ്ഞതുകേട്ട് കഴുതയുടെ ആള്‍ ആശ്ചര്യത്തോടുകൂടി നോക്കിനിന്നു. എന്നിട്ടു ചോദിച്ചു.

"ഇത്രയും ചെറിയ പ്രായത്തില്‍ തന്നെ താങ്കള്‍ക്ക് ഇതൊക്കെ ചെയ്യാന്‍ എങ്ങനെ സാധിക്കുന്നു"?

യുവാവിന്‍റെ മുഖത്ത് അഭിമാനം നിറഞ്ഞു. "ഞങ്ങളുടെ നാട്ടില്‍ വന്ന ഒരു ഗുരു പറഞ്ഞത് എന്നെ വളരെ സ്പര്‍ശിച്ചു. ആഗ്രഹങ്ങളാണ് ദു:ഖങ്ങള്‍ക്കെല്ലാം കാരണം എന്നദ്ദേഹം പറഞ്ഞു. അതുകൊണ്ട് ഞാന്‍ എല്ലാ ആഗ്രഹങ്ങളെയും ഉപേക്ഷിച്ചിട്ടു പോന്നു." യുവാവ് പറഞ്ഞു.

"ഞങ്ങളുടെ നാട്ടില്‍ വന്ന ഒരു ഗുരു പറഞ്ഞത് എന്നെ വളരെ സ്പര്‍ശിച്ചു. ആഗ്രഹങ്ങളാണ് ദു:ഖങ്ങള്‍ക്കെല്ലാം കാരണം എന്നദ്ദേഹം പറഞ്ഞു. അതുകൊണ്ട് ഞാന്‍ എല്ലാ ആഗ്രഹങ്ങളെയും ഉപേക്ഷിച്ചിട്ടു പോന്നു."

"എല്ലാം ഉപേക്ഷിച്ചിട്ടു പോന്ന താങ്കള്‍ ഈ ഭാണ്ഡങ്ങളില്‍ എന്താണ് സൂക്ഷിച്ചിട്ടുള്ളത് സാഹേബ്?' കഴുതയുടെ ആള്‍ ആരാഞ്ഞു.

യുവാവു പറഞ്ഞു, "ഇവിടെ തണുപ്പു കൂടുതലാണെന്ന് പലരും പറഞ്ഞു. അടുത്തു കടകളൊന്നും ഇല്ലത്രേ. അതുകൊണ്ട് എനിക്ക് ആവശ്യമുള്ളത്ര കമ്പിളി ഉടുപ്പുകള്‍ ഈ ഭാണ്ഡങ്ങളില്‍ ഞാന്‍ കൊണ്ടുവന്നിരിക്കുന്നു." കമ്പിളി ഉടുപ്പുകള്‍പോലും ഉപേക്ഷിക്കുവാന്‍ പറ്റാതെ, ജീവിതം തന്നെയും ഉപേക്ഷിച്ചു എന്നു പറയുന്ന യുവാവിനെപ്പോലെ പലരും ആഗ്രഹങ്ങളെല്ലാം ഉപേക്ഷിച്ചു കഴിഞ്ഞു എന്നു പറഞ്ഞുകൊണ്ടു നടക്കുകയാണ്.

ആഗ്രഹങ്ങളില്ലെങ്കില്‍ ഈ പ്രപഞ്ചമില്ല. ആഗ്രഹങ്ങളില്ലെങ്കില്‍ ഈ ശരീരവുമില്ല, ജീവനുമില്ല. ആഗ്രഹിക്കരുത് എന്ന് ഈ പ്രപഞ്ചം ഒരിക്കലും നിങ്ങളോട് ആവശ്യപ്പെട്ടിട്ടില്ല. ആഗ്രഹങ്ങള്‍ ഉപേക്ഷിച്ചാല്‍ എല്ലാം നേരെയാകും എന്നതുപോലുള്ള വിഡ്ഢിത്തം നിറഞ്ഞ തത്വം വേറെ ഒന്നുമില്ല. ആഗ്രഹങ്ങള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു എന്ന് നിങ്ങളുടെ മനസ്സ് മിഥ്യയായി പറയും. മനസ്സ് കൗശലക്കാരനാണ്. എന്തെങ്കിലുമൊക്കെ പറഞ്ഞു നിങ്ങളെ വിശ്വസിപ്പിക്കും. അതിനുള്ള സൂത്രമൊക്കെ മനസ്സിനറിയാം. പക്ഷേ ശരീരമോ?

ശ്വാസം വലിക്കാന്‍ പറ്റാത്ത വിധത്തില്‍ നിങ്ങള്‍ വായയും മൂക്കും അടച്ചുപിടിച്ചുകൊണ്ടു ശ്രദ്ധിക്കുക. ഒന്നോ രണ്ടോ നിമിഷങ്ങള്‍ വേണമെങ്കില്‍ നിങ്ങളുടെ ശരീരം സഹിക്കും, പിന്നീട് ജീവിക്കാനുള്ള ത്വര നിങ്ങളുടെ ശരീരത്തില്‍ അലയടിച്ചു വരും. ആഗ്രഹം നിങ്ങളുടെ കരത്തെ തട്ടിത്തെറിപ്പിക്കും. ശ്വസിക്കാതെ പോയ നിമിഷങ്ങളേയും കൂടിച്ചേര്‍ത്തു നിങ്ങള്‍ ശ്വാസം വലിച്ചെടുക്കും.
ആഗ്രഹങ്ങളില്ല എന്നു പറഞ്ഞ നിങ്ങളുടെ മനസ്സിന്‍റെ തത്വങ്ങള്‍ക്കൊപ്പം ശരീരം യോജിച്ചുപോവില്ല, എന്തുകൊണ്ടെന്നാല്‍ ശരീരത്തിനു നുണ പറഞ്ഞു ചതിക്കാനറിയില്ല. 'ശരീരം' എന്നു മുഴുവനായിപ്പോലും പറയേണ്ട കാര്യമില്ല. അതിലുള്ള ഓരോ കോശവും ആഗ്രഹങ്ങളെക്കൊണ്ടാണു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. വിരുന്നുകാരനായി ഒരു രോഗാണു ശരീരത്തിനകത്തു പ്രവേശിച്ചു എന്നു കരുതുക. അപ്പോള്‍ ഓരോ കോശവും ആയുധങ്ങളോടുകൂടി കടുത്ത യുദ്ധത്തിനൊരുങ്ങുമല്ലോ. എന്തിനുവേണ്ടി? ജീവിക്കണം എന്ന മോഹം പ്രപഞ്ചം അതിനു കൊടുത്തിട്ടുണ്ട്. കുറേക്കൂടെ ആഴത്തില്‍ നോക്കിയാല്‍ ആഗ്രഹങ്ങളെ ഉപേക്ഷിക്കുക എന്നതും അടിസ്ഥാനപരമായി ഒരു ആഗ്രഹം തന്നെയല്ലേ?

വിരുന്നുകാരനായി ഒരു രോഗാണു ശരീരത്തിനകത്തു പ്രവേശിച്ചു എന്നു കരുതുക. അപ്പോള്‍ ഓരോ കോശവും ആയുധങ്ങളോടുകൂടി കടുത്ത യുദ്ധത്തിനൊരുങ്ങുമല്ലോ. എന്തിനുവേണ്ടി? ജീവിക്കണം എന്ന മോഹം പ്രപഞ്ചം അതിനു കൊടുത്തിട്ടുണ്ട്

നിങ്ങളുടെ നാട്ടില്‍ ഒരു സന്യാസി വന്നിട്ടുണ്ടാവും. "നീ ധനമോഹിയാണ്. അതാണ് നിന്‍റെ ദു:ഖങ്ങള്‍ക്കെല്ലാം കാരണം. നീ ദൈവത്തെ ആഗ്രഹിക്കൂ" എന്ന് ഉപദേശിച്ചിട്ടുണ്ടാവും. നിങ്ങളുടെ പക്കല്‍ പത്തുകോടി രൂപ ഉണ്ടെന്നു സങ്കല്‍പ്പിക്കുക. ദൈവത്തില്‍ വിശ്വസിച്ച്, നിങ്ങളുടെ ധനമൊക്കെ രാജ്യത്തുള്ള ദരിദ്രര്‍ക്കു പങ്കുവച്ചു കൊടുത്തു കഴിഞ്ഞാല്‍ ഉടന്‍ തന്നെ നിങ്ങള്‍ക്ക് സ്വസ്ഥത കിട്ടുമോ? അടുത്ത ദിവസം മുതല്‍ രാജ്യത്തിലെ ദരിദ്രരുടെ എണ്ണത്തില്‍ ഒന്നുകൂടി കൂടും അത്രയേ ഉള്ളൂ.
ധനം കൈവശമുണ്ടെങ്കില്‍ എന്തെങ്കിലും ചെയ്യാന്‍ സാധിക്കും എന്നു നിങ്ങള്‍ക്കറിയാം. പക്ഷേ ദൈവത്തെക്കൊണ്ട് എന്തെല്ലാം ചെയ്യാന്‍ സാധിക്കും, അല്ലെങ്കില്‍ സാധിക്കില്ല എന്നു പറയാന്‍ മാത്രം യാതൊരു അനുഭവവും നിങ്ങള്‍ക്കില്ലല്ലോ? സുഖത്തിനു വേണ്ടി ആഗ്രഹിക്കരുത്, സ്വര്‍ഗ്ഗത്തിനു വേണ്ടി ആഗ്രഹിക്കൂ. അധികാരത്തിനു വേണ്ടി ആഗ്രഹിക്കരുത്, സമാധാനത്തിനുവേണ്ടി ആഗ്രഹിക്കു, എന്നുള്ള ഉപദേശങ്ങള്‍ നമുക്കെല്ലാം കൂടെക്കൂടെ ലഭിക്കാറുണ്ട്.

ഒരിക്കല്‍ ശങ്കരന്‍പിള്ളയ്ക്ക് കടുത്ത നടുവേദന വന്നു. ഡോക്ടര്‍ ശങ്കരന്‍പിള്ളയുടെ എക്സറേ എടുത്ത് നോക്കിയിട്ടു പറഞ്ഞു, "ഈ എക്സറെ കണ്ടോ. നിങ്ങളുടെ നട്ടെല്ലില്‍ കടുത്ത രോഗം ബാധിച്ചിരിക്കുന്നു. ഒരു ഓപ്പറേഷന്‍ തന്നെ വേണ്ടിവരും."

"എത്ര രൂപയുടെ ചെലവു വരും ഡോക്ടര്‍", ശങ്കരന്‍പിള്ള ചോദിച്ചു.

"എന്‍റെ ഫീസ് ഇരുപത്തയ്യായിരം രൂപ. ഹോസ്പിറ്റലില്‍ ആറാഴ്ച താമസിച്ചു ചികിത്സയും വിശ്രമവും എടുക്കേണ്ടി വരും." ഡോക്ടര്‍ അറിയിച്ചു. ശങ്കരന്‍പിള്ള വിഷണ്ണനായി നിന്നു. അത്രയും പണത്തിന് എന്തു ചെയ്യും?

"ഇതാ ഞാനുടനെ വരാം." എന്നു പറഞ്ഞ് ശങ്കരന്‍പിള്ള എക്സറേയും വാങ്ങിക്കൊണ്ട് അതെടുത്ത ടെക്നീഷ്യന്‍റെ അടുത്തുപോയി. "ഡോക്ടര്‍ക്ക് ഇരുപത്തഞ്ചു രൂപ മാത്രം കൊടുത്ത് ഒരു മണിക്കൂറില്‍ ചികിത്സ തീരുന്ന രീതിയില്‍ ഈ എക്സറേ ഒന്നു തിരുത്തിത്തരാമോ, പ്ലീസ്" എന്നു ചോദിച്ചു. അങ്ങനെ എക്സറേ തിരുത്തി തരുന്ന വിദ്വാന്മാരാണ് ആഗ്രഹങ്ങളെ ഒന്നില്‍നിന്നും മറ്റൊന്നിലേക്കു മാറ്റിക്കോളൂ എന്നു പറയുന്നത്.

സന്യാസിരൂപത്തില്‍ ഇനിയൊരാള്‍ വന്നേക്കാം. "എന്നാല്‍ ശരി, ആഗ്രഹങ്ങളെല്ലാം ഉപേക്ഷിക്കേണ്ടതില്ല. അല്‍പം മാത്രം, കുറച്ചുമാത്രം, ഉപേക്ഷിക്കാതെ വച്ചുകൊള്ളൂ. പ്രശ്നമൊന്നുമില്ല" എന്ന അനുഗ്രഹവും തന്നേക്കാം.

"വേണമെങ്കില്‍ എനിക്കിനിയും ലഭിക്കും, പക്ഷേ എനിക്കിത്രയും മതി" എന്നു വൈരാഗ്യ ബുദ്ധിയോടുകൂടി ആഗ്രഹങ്ങളെ കുറച്ചു കൊണ്ടു വന്നാല്‍ അതു നല്ലതാണ്. അതു നിങ്ങള്‍ക്കു സംതൃപ്തി തരും, സന്തോഷത്തേയും. എന്നാല്‍ "എനിക്കിതൊക്കെ എങ്ങനെയാണ് ലഭിക്കാന്‍ പോകുന്നത്? ഇത്രയും മതി." എന്നു നിരാശയോടെ വേദാന്തം പറഞ്ഞ് നിങ്ങളുടെ മോഹങ്ങളുടെ ചിറകുകളെ മുറിച്ചു കളയുകയാണെങ്കില്‍ അതു ഭീരുത്വമാണ്." അയല്‍ക്കാരന്‍ ദുരാഗ്രഹിയാണ്. എന്നിട്ടും അയാള്‍ ആഗ്രഹിക്കുന്നതെല്ലാം ലഭിക്കുന്നു. ഞാന്‍ ആഗ്രഹിക്കുന്നതു വളരെ കുറച്ചു മാത്രമാണ്. അതുപോലും എനിക്കു ലഭിക്കുന്നില്ല" എന്നുള്ള വ്യസനം വര്‍ദ്ധിച്ചു വരികയേ ഉള്ളൂ.

ആഗ്രഹിക്കുക - ബൃഹത്തായി ആഗ്രഹിക്കുക. അതിനുള്ള ധൈര്യമില്ലാതെ ആഗ്രഹങ്ങളെ പരിമിതപ്പെടുത്തുകയാണെങ്കില്‍, പിന്നെ ജീവിതത്തില്‍ നിങ്ങള്‍ എന്താണു നേടാന്‍ പോകുന്നത്?

അതുകൊണ്ടാണു പറയുന്നത്, ആഗ്രഹിക്കുക - ബൃഹത്തായി ആഗ്രഹിക്കുക. അതിനുള്ള ധൈര്യമില്ലാതെ ആഗ്രഹങ്ങളെ പരിമിതപ്പെടുത്തുകയാണെങ്കില്‍, പിന്നെ ജീവിതത്തില്‍ നിങ്ങള്‍ എന്താണു നേടാന്‍ പോകുന്നത്? നിങ്ങളുടെ ജീവിതത്തിന്‍റെ തരം നിര്‍ണ്ണയിക്കാന്‍ പോകുന്ന ആഗ്രഹങ്ങളെപ്പറ്റി സ്വല്പം കൂടി ആഴമായി മനസ്സിലാക്കാമോ. സന്തോഷവും സ്വസ്ഥതയും കടകളിലും കിട്ടുകയില്ല, വനത്തിലും കിട്ടുകയില്ല, അതു നിങ്ങളുടെ ഉള്ളില്‍ത്തന്നെ ഒളിച്ചിരിക്കുകയാണ്.

 
 
  0 Comments
 
 
Login / to join the conversation1