ഞാൻ ആവർത്തിച്ച് കേൾക്കുന്ന ചോദ്യമാണ് ഏറ്റവും അനുയോജ്യമായ ജീവിത പങ്കാളിയെ കണ്ടെത്തുന്നതെങ്ങിനെയെന്നത് . അസാധ്യമായ കാര്യം ആഗ്രഹിക്കുന്നത് പോലെയാണത്. വൈവാഹിക ജീവിതം പ്രതിസന്ധിയിലാകാനുള്ള ഒരു പ്രധാന കാരണം ഈ ബന്ധത്തിൽ ഒരു പാട് കാര്യങ്ങൾ പങ്ക് വയ്ക്കേണ്ടതുണ്ട് എന്നതാണ്. പ്രശ്നം വിവാഹമോ പുരുഷനോ സ്ത്രീയോ ഭർത്താവോ ഭാര്യയോ അല്ല. ഏതൊരു സംവിധാനത്തിലും പങ്കു വയ്ക്കലിന്റെ വ്യാപ്തി കൂടുംതോറും പ്രതികൂല സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടും.

 

ഒരു വിവാഹബന്ധത്തിൽ പങ്ക് വയ്ക്കേണ്ടത് ഒരേ ചുറ്റുപാടാണ്. അത് കൊണ്ട് തന്നെ ദമ്പതികൾക്ക് എന്നും പർസ്പര സമ്മർദ്ദത്തിന് വിധേയമാകേണ്ടിവരുന്നു. മറ്റ് ബദ്ധങ്ങളിൽ ഒരാൾ അതിരു കടന്നു വന്നാൽ നമുക്ക് സ്വയം ഒരു അകലം പാലിക്കാൻ കഴിയും. ഇവിടെ അതിനുള്ള സാഹചര്യമില്ല .അതിര് വരമ്പുകൾ കൂടുതൽ ലംഘിക്കുന്തോറും ഉരസലിന്റെ സാധ്യതയും വർദ്ധിയ്ക്കും .

ഒരു പാട് ദമ്പതികൾ പരസ്പരം പങ്കു വെച്ചും സൗഹാർദ്ദത്തിലും ജീവിയ്ക്കുന്നുണ്ട്. പക്ഷേ ഈ പാരസ്പര്യം പലപ്പോഴും വികൃതരൂപത്തിൽ പ്രത്യക്ഷപ്പെടാം . അസ്വീകാര്യമായ പലതും അടച്ചിട്ട മുറിയ്ക്കകത്തു സംഭവിക്കാം എന്നത് ഇതിനോട് കൂടെ കാണേണ്ട കാര്യമാണ്. പൊതു ഇടത്തിൽ ഒരാൾ പരിധി ലംഘിച്ചു വന്നാൽ കാഴ്ചക്കാരുടെ മുൻപിലായതിനാൽ നിങ്ങൾ പ്രതികരിക്കുന്നത് വ്യത്യസ്തമായിട്ടായിരിക്കും . എന്നാൽ വൈവാഹിക ബന്ധത്തിൽ കാഴ്ചക്കാരില്ലാത്തതിനാൽ എന്തും സംഭവിക്കാം.

വിവാഹം വിജയപ്രദമാകാൻ പരിപൂർണമായ സ്വഭാവ ഗുണമുള്ള വ്യക്തി വേണമെന്നല്ല - അങ്ങിനെ ഒരു വ്യക്തിയും ഈ ലോകത്തില്ല. നിങ്ങൾക്ക് വേണ്ടത് പരിപൂർണ സത്യസന്ധതയാണ്. കാഴ്ചക്കാർ ഉണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങളുടെ പെരുമാറ്റം ഒരുപോലെ ആയിരിക്കണം . നിങ്ങൾ ആരുടെ കൂടെയാണ് എന്നത് നിങ്ങളുടെ സ്വഭാവത്തിൽ മാറ്റമുണ്ടാക്കാൻ പാടില്ല .നിങ്ങൾ നിങ്ങളുടെ സ്വപ്രകൃതത്തിൽ സ്ഥിരപ്പെട്ടു കഴിഞ്ഞാൽ മറ്റൊരാളോട് സംസാരിക്കുന്നത് ഒരു ആനന്ദാനുഭൂതിയാണ്. ഇതുമായി ബന്ധപ്പെട്ട മറ്റൊരു വശമിതാണ് , നിങ്ങൾ പരസ്പരം എന്തൊക്കെയോ പ്രതീക്ഷിക്കുകയും പങ്കാളിയിൽ നിന്ന് അത് ലഭിക്കാതെ വരികയും ചെയ്യുമ്പോൾ അത് കലഹത്തിനുള്ള തുടക്കമാകുന്നു.

 

ഒരു വ്യക്തി എന്ന നിലയിൽ നിങ്ങൾ ഒരു തീരുമാനമെടുക്കേണ്ടതുണ്ട്, വിവാഹം നിങ്ങൾക്ക് ഒരു നേരംപോക്ക് മാത്രമാണോ അതോ ആത്മബന്ധിതമായ ഒരു പങ്കാളി കൂടെയുണ്ടാവേണ്ട ആവശ്യകത ശരിക്കും നിങ്ങൾക്കുണ്ടോ എന്ന്. എല്ലാവർക്കും ഒരു ബന്ധം ആവശ്യമായി വരില്ല , അത് പോലെ തന്നെ എല്ലാവരും ഒരുപോലെ ഏകാകിയായി ജീവിക്കാനും ആഗ്രഹിക്കുന്നില്ല. ഓരോ വ്യക്തിയും അവരവർക്ക് ചേരുന്ന ജീവിത രീതി തെരഞ്ഞെടുക്കുകയാണ് വേണ്ടത്. അത്രയും ആഗ്രഹം ഉണ്ടങ്കിൽ മാത്രമേ വിവാഹ ബന്ധത്തിന് ശ്രമിക്കാവൂ. ഈ ഒരു സഹവർത്തിത്വത്തിലൂടെ ജീവിതം സാർത്ഥകമാക്കാൻ കഴിയുമെന്നുമുള്ള ആത്മവിശ്വാസമുണ്ടെങ്കിൽ മാത്രം.

വിവാഹം കഴിയ്ക്കുന്നതു കൊണ്ട് ദോഷമൊന്നുമില്ല.അത്രയ്ക്കും ആവശ്യമാണെന്ന് തോന്നാതെ തന്നെ വൈവാഹികബന്ധത്തിൽ ഏർപ്പെടുന്നത് നിങ്ങളോട് തന്നെ ചെയ്യുന്ന ക്രൂരതയാണ് . അത് നിങ്ങളെ മാത്രമല്ല , മറ്റൊരു വ്യക്തിയെ കൂടിയാണ് ദുരിതത്തിലാക്കുക . മനുഷ്യൻ വംശ നാശം നേരിടുന്ന ഘട്ടത്തിലായിരുന്നു എങ്കിൽ എല്ലാവരും വിവാഹം ചെയ്യണമെന്ന് നമ്മൾ ഉപദേശിക്കുമായിരുന്നു. പക്ഷേ മനുഷ്യവംശം പെരുകി കൊണ്ടിരിക്കുകയാണ്. ഇന്ന് മനുഷ്യൻ പ്രത്യുൽപാദനം നടത്താതെയിരുന്നാൽ അത് ഈ സമൂഹത്തിന് വലിയ ഒരു അനുഗ്രഹമാണ്. യഥാർത്ഥത്തിൽ , ഇന്ന് എല്ലാവരും വൈവാഹിക ബന്ധത്തിൽ ഏർപ്പെടേണ്ട ആവശ്യകതയില്ല.

ബുദ്ധനോടൊരിക്കൽ ഒരാൾ ഒരു ചോദ്യം ചോദിച്ചു . എനിയ്ക്കൊരു പങ്കാളിയെ ആവശ്യമുണ്ടോ? . അദ്ദേഹം പറഞ്ഞു " ഒരു വിഡ്ഢിയുടെ കൂടെ നടക്കുന്നതിനേക്കാൾ നല്ലത് ഏകനായി സഞ്ചരിക്കുന്നതാണ്". ഞാൻ അത്രത്തോളം ക്രൂരനല്ല. ഞാൻ പറയുന്നത് ഇതാണ് , നിങ്ങളെ പോലുള്ള ഒരു വിഡ്ഡിയെ കണ്ടെത്താൻ സാധിച്ചാൽ ചില കാര്യങ്ങൾ പ്രയോഗികമാക്കാം. എന്നാൽ നിങ്ങളുടെ ആവശ്യങ്ങൾക്കാണ് പ്രാധാന്യം. സമൂഹത്തെ തൃപ്തിപ്പെടുത്താനോ ഒറ്റപ്പെടലിൽ നിന്ന് രക്ഷപ്പെടാനോ ആയവരുത് .

 

ജീവിത പങ്കാളി വേണമെന്നുള്ള ചിന്തയ്ക്ക് പിന്നിലെന്താണ്? " ഞാനോ ദുരിതത്തിലാണ് , എന്നാൽ എന്റെ കൂടെ ഒരാൾ കൂടെയിരിക്കട്ടെ." എന്ന ചിന്തയിലാകരുത്അത്. നിങ്ങളുടെ ചില ആവശ്യങ്ങൾ നിറവേറ്റാമെന്നുള്ളതല്ലാതെ അസ്തിത്വപരമായ പ്രശ്നങ്ങൾക്ക് പങ്കാളി ഉണ്ടായത് കൊണ്ട് പരിഹാരമാകില്ല. ശാരീരികവും വൈകാരികവും മാനസികവുമായ ആവശ്യങ്ങൾ ഉണ്ടങ്കിൽ നിങ്ങൾക്കൊരു പങ്കാളി ആവശ്യമാണ്. സാമൂഹികവും സാമ്പത്തികവുമായ ആവശ്യങ്ങൾക്ക് മാത്രമായി വൈവാഹിക ബന്ധത്തിൽ ഏർപ്പെടരുത്.

മറ്റൊരു കാരണം നിങ്ങൾക്ക് ഒരു സഹായം വേണമെന്നതാണ്. ഈ പിന്തുണ ശാരീരികവും വൈകാരികവും മാനസികവും സാമൂഹികവും സാമ്പത്തികവുമാകണം. എന്ത് തന്നെ ആയാലും മറ്റേയാളോടുള്ള സഹതാപം കൊണ്ടായിരിക്കരുത് . . നിങ്ങൾ വിവാഹത്തിലേർപ്പെടുന്നത് ചില ആവശ്യങ്ങൾ നിറവേറ്റാനാണ്. പങ്കാളി അതിന് സന്നദ്ധമാണെങ്കിൽ കൃതജ്ഞതയോടെ വേണം ജീവിക്കാൻ . അപ്പോൾ കൂടുതൽ അസ്വാരസ്യങ്ങൾ ഉണ്ടാകില്ല.

മാതൃകകളെ അന്വേഷിക്കരുത്. അങ്ങിനെ ഒന്നില്ല. നിങ്ങളുടെ അഭിരുചി പങ്കാളിയുടേതിനോട് ഒത്ത് പോകണം. അത് ഓർമ്മ വേണം. അങ്ങിനെ ഒരിക്കൽ ഒരാളെ തെരഞ്ഞെടുത്താൽ, അയാളെ സ്വീകരിക്കുക, ബഹുമാനിയ്ക്കുക, സ്നേഹിക്കുക. കൂടെ ചേർക്കുക സംരക്ഷിക്കുക ഉത്തരവാദിത്യങ്ങൾ പങ്ക് വയ്ക്കുക അത് മനോഹരമായ ഒരു ആത്മബന്ധമായി മാറും.

Love & Grace