നദികളുടെ പുനരുജ്ജീവനം: സമഗ്രമായ ഒരു കര്‍മ്മപദ്ധതിക്കായി പ്രയത്നിക്കാം
 
 

सद्गुरु

സദ്ഗുരുവിന്‍റെ അഭ്യര്‍ത്ഥന, നമ്മുടെ ഓരോ നദിയേയും ദേശീയ സമ്പത്തായി പരിഗണിക്കണം എന്നാണ്. നദികളുടെ ജീവചൈതന്യം വര്‍ദ്ധിപ്പിക്കാനായി സദ്ഗുരു ആവിഷ്‌ക്കരിച്ച പദ്ധതിയുടെ രൂപരേഖയില്‍ നിന്നും ചില പ്രസക്തഭാഗങ്ങളാണ് ഇവിടെ കൊടുത്തിരിക്കുന്നത് - രണ്ടാം ഭാഗം.

മനുഷ്യ സംസ്‌കാരത്തിന്‍റെ ആദിമ സ്രോതസ്സ് നദികളാണ്. ഫലഭൂയിഷ്ഠമായ സമതലങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടി കടുത്ത പാറക്കെട്ടുകള്‍ വെട്ടിമുറിച്ച് തങ്ങളുടേതായ പാതകള്‍ കൊത്തി ഉണ്ടാക്കി നദികള്‍ അനാദികാലം മുതല്‍ ഒഴുകികൊണ്ടിരിക്കുകയാണ്. വളരെയധികം വൈവിധ്യമാര്‍ന്ന ജീവജാലങ്ങള്‍ക്ക് നദികള്‍ വാസഗൃഹമാണ്. ലോകത്തിലെ ഏതു കോണിലും നദികള്‍ അറിയപ്പെടുന്നത് '' ജീവദാതാക്കളായിട്ടാണ്. അതിനെല്ലാം പുറമെ ഭാരതത്തില്‍ നദികള്‍ക്ക് അതി പ്രാധാനമായൊരു സ്ഥാനമുണ്ട്. അവ നമ്മുടെ സമൂഹത്തിന്‍റെ സാമ്പത്തികവും, ജീവശാസ്ത്രപരവുമായ പുരോഗതിക്കാധാരമാണ് എന്നാല്‍ അതിലും മഹത്തായ വസ്തുത നമ്മുടെ സാംസ്‌കാരികവും, അദ്ധ്യാത്മികവുമായ പൈതൃകം നദികളോട് ഇഴപിരിച്ചെടുക്കാനായാത്തവിധം ബന്ധപ്പെട്ടു കിടക്കുന്നു എന്നതാണ്.

എന്നാല്‍ അതിലും മഹത്തായ വസ്തുത നമ്മുടെ സാംസ്‌കാരികവും, അദ്ധ്യാത്മികവുമായ പൈതൃകം നദികളോട് ഇഴപിരിച്ചെടുക്കാനായാത്തവിധം ബന്ധപ്പെട്ടു കിടക്കുന്നു എന്നതാണ്.

കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി നമ്മുടെ നദികള്‍ ക്രമത്തില്‍ ശോഷിച്ചു വരികയാണ്. അതിനുള്ള കാരണങ്ങള്‍ പലതാണ്. ജലത്തിന്‍റെ അമിതമായ ഉപഭോഗം. വനനശീകരണം, മലിനീകരണം, കാലാവസ്ഥ വ്യതിയാനം ഒക്കെ അതിലുള്‍പ്പെടുന്നു. ഓരോ വര്‍ഷവും താപനില കൂടിവരുന്നു. അതുപോലെ മഴയുടെ പ്രകൃതവും അനിശ്ചിതമായിരിക്കുന്നു. ഏറ്റവും വലിയ നദികള്‍പോലും ശോഷിച്ചുവരുന്നതായാണ് കാണുന്നത്. ജല സമൃദ്ധമായി എന്നു ഒഴുകിയിരുന്ന പല പുഴകളും ഇപ്പോള്‍ ആണ്ടില്‍ ഏതാനും മാസങ്ങള്‍ മാത്രമേ ഒഴുകുന്നുള്ളു. പല നദികളും സമുദ്രം വരെ ഒഴുകിയെത്താനാവാതെ ഇടക്കുവെച്ച് വറ്റിവരണ്ടുപോകുന്നു. ചരിത്രകാലത്തെ കാവേരിയില്‍ നിന്നും 40% ശോഷിച്ചാണ് ഇന്നത്തെ കാവേരി കാണപ്പെടുന്നത്. ഗോദാവരി 20% കൃഷ്ണയും നര്‍മ്മദയും 60%.... അങ്ങനെപോകുന്നു കണക്കുകള്‍ ശാസ്ത്രജ്ഞന്‍മാര്‍ കണക്കുകൂട്ടി പറയുന്നത് 2030 ആകുമ്പോഴേക്കും നമുക്ക് ആവശ്യമുള്ള വെള്ളത്തിന്‍റെ 50% മാത്രമേ ഇവിടെ ഉണ്ടാകൂ എന്നാണ്. അതുമാത്രമല്ല ഭാരതഭൂമിയുടെ 25% മരുഭൂമിയായി മാറുമത്രെ. 1947ലെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ന് നമുക്ക് ആളൊന്നുക്ക് ലഭിക്കുന്നു വെള്ളം 25% മാത്രമാണ്. ജലസേചനത്തിന് മൊത്തം ആവശ്യമായ വെള്ളത്തില്‍ മൂന്നിലൊന്ന് നദികളില്‍നിന്നും ലഭിക്കുന്നു. അതുപോലെ ആവശ്യമായ കുടിവെള്ളത്തില്‍ 20% നമുക്ക് പ്രദാനം ചെയ്യുന്നത് നദികളാണ്. ഭൂഗര്‍ഭ ജലവും, മറ്റു ജലസ്രോതസ്സുകളും വഴി പോരാത്ത വെള്ളം നമ്മള്‍ സംഭരിക്കുന്നു. എന്നാല്‍ ഈ പറഞ്ഞതെല്ലാം ഇന്ത്യയിലെമ്പാടും തന്നെ അമിതമായി ചൂഷണം ചെയ്യപ്പെടുന്ന ഒരവസ്ഥയാണ് ഇപ്പോഴുള്ളത്. ഏവരേയും ആശങ്കപ്പെടുത്തുന്ന ഒരു സ്ഥിതിവിശേഷമാണിത്. ഇന്ത്യയിലെ 32 പ്രധാന നഗരങ്ങളില്‍ 22ലും ജനങ്ങള്‍ കടുത്ത ജലക്ഷാമം നേരിടുന്നുണ്ട്. വരള്‍ച്ചയും, ജലക്ഷാമവും ഇന്നത്തെ തലമുറക്ക് വലിയൊരു യാഥാര്‍ത്ഥ്യം തന്നെയാണ്. ജലവിതരണം മെച്ചപ്പെടുത്താന്‍ സത്വര നടപടികള്‍ കൈകൊള്ളേണ്ടതുണ്ട്. അതേസമയം ജലസ്രോതസ്സുകളുടെ അമിത ചൂഷണം ശക്തമായി തടയുകയും വേണം. ഇതൊന്നും യഥാസമയം ചെയ്തില്ല എങ്കില്‍ ഈ നാടു നേരിടാന്‍ പോകുന്നത് കഠിനമായ ജലക്ഷാമവും, കടുത്ത ഭക്ഷ്യപ്രതിസന്ധിയുമായിരിക്കും.

ഈ സ്ഥിതി വിശേഷത്തിന്‍റെ ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞുകൊണ്ട് ഗവണ്‍മെന്റ് രണ്ടു പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. ഒന്ന് ''നമാമി ഗംഗ''യാണ്. രണ്ടാമത്തേത് ''നമാമി ദേവി നര്‍മ്മദ''യാണ്. നദികളുടെ നിലമെച്ചപ്പെടുത്തുകയാണ് രണ്ടു പദ്ധതികളുടേയും ഉദ്യേശ്യം ഇനി നമുക്കാവശ്യമുള്ളത് വലിയ തോതിലുള്ള വിവേകപൂര്‍വ്വമായ ഇടപെടലുകളാണ്. നദികളെ പരമാവധി പോഷിപ്പിക്കണം. നദീതടവുമായി ബന്ധപ്പെട്ട പരിസ്ഥിതി സംരക്ഷണവും ഒപ്പം നടക്കണം. ആദ്യമായി അതിനു വേണ്ടത്, ഈ രണ്ടു ലക്ഷ്യങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു സമഗ്ര വികസന പരിപാടിയുടെ ചട്ടകൂട് തയ്യാറാക്കുകയാണ്. നദിയെ പരിപോഷിപ്പിക്കുക എന്നാല്‍ നദീതീരങ്ങളെ സംരക്ഷിക്കുക എന്നുകൂടി അര്‍ത്ഥമുണ്ട്. ഇതു രണ്ടും സംസ്ഥാനതലത്തിലും, കേന്ദ്രതലത്തിലും ഒരേ സമയം നടപ്പിലാക്കേണ്ടതാണ്.

മറ്റൊരു സംഗതികൂടി ഇതിനോടൊപ്പം ഓര്‍ക്കേണ്ടതുണ്ട്. നദികളെ പുനരുജ്ജീവിപ്പിക്കുന്നതോടൊപ്പം നദീതടവാസികളായ മനുഷ്യരുടെ ജീവിതനിലവാരംകൂടി മെച്ചപ്പെടുത്തേണ്ടതുണ്ട്. അങ്ങനെയുള്ള സമുദായങ്ങളുടെ സാമ്പത്തികനില ഭദ്രമാക്കാനും അവരുടെ ഉടമസ്ഥാവകാശം ഉറപ്പുവരുത്താനും ഈ പദ്ധതികള്‍ പ്രയോജനപ്പെടണം. അതുവഴി നദീപോഷണവും, നദീതീരസംരക്ഷണവും വരുംകാലങ്ങളിലും ഫലപ്രദമായി പുരോഗമിക്കും.

നദീജലത്തിന്‍റെ ഭൗതികവും ജീവപരവും രാസപരവുമായ പ്രകൃതത്തിനു ഭംഗം വരരുത്. കാരണം, അതാണ് അവിടെയുള്ള ആവാസവ്യവസ്ഥയെ നിലനിര്‍ത്തിക്കൊണ്ടുപോരുന്നത്.

അന്താരാഷ്ട്രതലത്തില്‍ ഐക്യരാഷ്ട്രസഭയുടെ ''നിലനിര്‍ത്തിക്കൊണ്ടു പോകാവുന്ന വികസനം 2030 എന്ന പരിപാടിയോട് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ''ആരേയും പിന്നിലുപേക്ഷിക്കരുത്'' എന്നതാണ് ആ പരിപാടിയുടെ മുദ്രാവാക്യം. നദികളുടെ ജീവന്‍ വീണ്ടെടുത്തുകൊണ്ടും, നദീതടസമൂഹങ്ങളുടെ ജീവിതം കൂടുതല്‍ ഭദ്രമാക്കിക്കൊണ്ടും ഇന്ത്യക്ക് ആ പരിപാടിയുടെ ലക്ഷ്യങ്ങള്‍ പലതും സാധിച്ചെടുക്കാനാകും. ശുദ്ധജലവും ശുചിത്വവും, ജീവനും ഭൂമിയും, കാലാവസ്ഥയുടെ രീതികള്‍, തുടങ്ങിയവ അതിലുള്‍പ്പെടുന്നു. ഇതെല്ലാം സാധ്യമായാല്‍ മറ്റു പലതിനെ സംബന്ധിച്ചും നല്ല മാറ്റങ്ങള്‍ സ്വാഭാവികമായുമുണ്ടാകും. പ്രത്യേകിച്ചും ദാരിദ്ര്യ നിര്‍മാര്‍ജ്ജനം, ആരും വിശന്നിരിക്കാത്ത അവസ്ഥ, നല്ല ആരോഗ്യവും സുസ്ഥിതിയും, മാന്യമായ ജോലിയും സാമ്പത്തിക വളര്‍ച്ചയും. വ്യവസായം, അടിസ്ഥാനസൗകര്യങ്ങള്‍. എല്ലാ മേഖലകളിലും പുതുമ, അസമത്യം ഇല്ലായ്മചെയ്യല്‍, നഗരങ്ങളും സമൂഹങ്ങളും നല്ല രീതിയില്‍ നിലനിര്‍ത്തല്‍, ഉല്‍പ്പാദനവും ഉപഭോഗവും ശരിയായ തോതില്‍ നിലനിര്‍ത്തല്‍.... ഇങ്ങനെ പലതാണ് സസ്റ്റേയ്‌നബിള്‍ ഡെവെലപ്‌മെന്റ് ഗോള്‍ എന്ന ആ ബൃഹദ് പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

എല്ലാ നദികളും ദേശീയ സമ്പത്തായി സംരക്ഷിക്കപ്പെടേണ്ടതാണ്. നദീജല സംരക്ഷണത്തില്‍ ഉള്‍പ്പെടുന്ന പ്രധാന കാര്യങ്ങള്‍ താഴേപറയുന്നവയാണ്. നദീതടവും അവിടത്തെ ജീവവൈവിദ്ധ്യവും സംരക്ഷിക്കപ്പെടണം. നദീജലത്തിന്‍റെ ഭൗതികവും ജീവപരവും രാസപരവുമായ പ്രകൃതത്തിനു ഭംഗം വരരുത്. കാരണം, അതാണ് അവിടെയുള്ള ആവാസവ്യവസ്ഥയെ നിലനിര്‍ത്തിക്കൊണ്ടുപോരുന്നത്. ഇന്ത്യയുടെ വികസന പരിപാടികളില്‍ നദീ സംരക്ഷണത്തിന് ശ്രദ്ധേയമായ സ്ഥാനം നല്‌കേണ്ടതുണ്ട്. നമ്മുടെ ജനസംഖ്യയില്‍ വലിയൊരു വിഭാഗം നദികളെ നേരിട്ടാശ്രയിച്ച് ജീവിക്കുന്നവരാണ്. പരോക്ഷമായി ആശ്രയിച്ചു കഴിയുന്നവരും അനവധിയുണ്ട്. അതുകൊണ്ടൊക്കെയാണ് നദികളുടെ പരിപോഷണം ഇത്രയധികം പ്രാധാന്യമര്‍ഹിക്കുന്ന ഒരു വിഷയമായിത്തീര്‍ന്നിരിക്കുന്നത്.

 
 
  0 Comments
 
 
Login / to join the conversation1