നദികള്‍, നമ്മുടെ ഭൂമിയുടെ രക്തധമനികള്‍
 
 

सद्गुरु

നദികളുടെ ജീവചൈതന്യം വര്‍ദ്ധിപ്പിക്കാനായി സദ്ഗുരു ആവിഷ്‌ക്കരിച്ച പദ്ധതിയുടെ രൂപരേഖയില്‍ നിന്നും ചില പ്രസക്തഭാഗങ്ങളാണ് ഇവിടെ കൊടുത്തിരിക്കുന്നത് - ആറാം ഭാഗത്തില്‍ നദികളുമായുള്ള നമ്മുടെ ബന്ധവും നദിയുടെ ആരോഗ്യത്തെ എങ്ങനെ നിര്‍വചിക്കാം എന്നുമാണ് വിവരിക്കുന്നത്.

അവിരാമവും നിര്‍മ്മലവുമായുള്ള ഒഴുക്ക്

നദികളെ ജീവസ്വരൂപങ്ങളായിട്ടാണ് എക്കാലത്തും നമ്മുടെ നാട് കണ്ടിട്ടുള്ളത്. ഇത് നമ്മുടെ സാംസ്‌കാരികമായ സവിശേഷതകൊണ്ടുണ്ടായ ഒരു മനോഭാവമല്ല. അതിന് ശാസ്ത്രീയമായ അറിവിന്‍റെ ദൃഢമായ പിന്‍ബലം കൂടിയുണ്ട്. നമ്മുടെ സംസ്‌കാരം പ്രചരിച്ചിട്ടുള്ളത് വാമൊഴിയായിട്ടാണ്. അതിന് പ്രാദേശിക ഭാഷകളുടെ പ്രകൃതവും, സ്വാധീനവും കൂടിയുണ്ട്. അതുകൊണ്ട് കാലഗതിയില്‍ അതില്‍ അന്തര്‍ലീനമായിരിക്കുന്ന പലപ്രധാന ശാസ്ത്രസത്യങ്ങളും യുക്തിചിന്തയും നമുക്ക് നഷ്ടമായി എന്നതാണ് നേര്. അതിനുപുറമേ പല പല വിദേശീയാക്രമണങ്ങള്‍ക്കും ഈ നാട് വിധേയമായി. നദികളേയും അതിനോട് ബന്ധപ്പെട്ട ആവാസവ്യവസ്ഥയേയും കുറിച്ച് ഇന്ന് നമുക്ക് കൂടുതല്‍ സമഗ്രവും, ശാസ്ത്രീയവുമായ അറിവ് നേടാന്‍ കഴിഞ്ഞിട്ടുണ്ട്. അതിനെ അടിസ്ഥാനമാക്കി ഭാരത സര്‍ക്കാര്‍ നദികള്‍ക്ക് സമഗ്രമായ ഒരു നിര്‍വ്വചനം നല്കിയിട്ടുണ്ട്.

ഒരു നദിയെ എല്ലാ അര്‍ത്ഥത്തിലും ഒരു നദിയായി പരിഗണിക്കണമെങ്കില്‍ അതിന് ചില ഗുണവിശേഷങ്ങള്‍ ഉണ്ടായിരിക്കണം.

എല്ലാ കാലത്തും നിര്‍ബാധം ഒഴുകികൊണ്ടിരിക്കണം. അവിരാമം- അതൊരു ശുദ്ധജല പ്രവാഹമായിരിക്കണം. (നിര്‍മല്‍ധാര) എല്ലായ്‌പ്പോഴും ഭൂഗര്‍ഭപരമായും, പരിസ്ഥിതി പരമായും അതിനൊരസ്തിത്വം നദീതടത്തില്‍ ഉടനീളമുണ്ടായിരിക്കണം.

നിര്‍മലമായ ധാര എന്നതിന് ശുദ്ധജലപ്രവാഹം എന്നാണര്‍ത്ഥം....മാലിന്യം കലരാത്തത്. അതിനുവേണ്ടി മാലിന്യനിയന്ത്രണനിയമങ്ങള്‍ കര്‍ശനമാക്കേണ്ടതുണ്ട്. ജലമാര്‍ഗങ്ങളുടേയും, മലിനീകരണ നിയന്ത്രണങ്ങളുടേയും ചുമതലകള്‍ വഹിക്കുന്ന വകുപ്പുകളും ബന്ധപ്പെട്ട ഉപവകുപ്പുകളും തമ്മില്‍ നല്ല ധാരണയും സഹകരണവും അത്യാവശ്യമാണ്. അവിരാമമായ ധാര എന്നുവെച്ചാല്‍ ഇടമുറിയാത്ത ഒഴുക്കാണ്. ഇടയില്‍ യാതൊരു തടസ്സവുമില്ലാതെ സമുദ്രം വരെ നദിക്കൊഴുകിയെത്താറാവണം. അതില്‍ കുറഞ്ഞ തോതിലാണെങ്കില്‍കൂടി ഇങ്ങുനിന്നങ്ങോളം വെള്ളമുണ്ടായിരിക്കണം. എങ്കിലേ ഉത്ഭവസ്ഥാനത്തുനിന്നും സമുദ്രം വരെയുള്ള ദൂരം അതിന് സ്വതന്ത്രമായി ഒഴുകിയെത്താനാവു. ചിലപ്പോള്‍ ഒരു നദി വഴിമദ്ധ്യേ മറ്റൊരു നദിയുമായി ചേര്‍ന്നുവെന്നും വരാം. സമതലങ്ങളിലും, വളക്കൂറുള്ള ഭൂമിയിലും ഒഴുകുന്ന പുഴയിലെ വെള്ളം വറ്റിപോകുന്നതിനെ കുറിച്ച് നമ്മള്‍ ചര്‍ച്ചചെയ്യുന്നുണ്ട്. അതേസമയം തീരദേശങ്ങളില്‍ പുഴകള്‍ വറ്റുന്നതിനെപറ്റി നമ്മള്‍ കാര്യമായി സംസാരിക്കാറില്ല. ആരംഭഘട്ടങ്ങളില്‍ വെച്ചു തന്നെ വരണ്ടുപോകുന്ന പുഴകള്‍. ഏറെ ദൂരം ഒഴുകാന്‍ അവക്കവസരം കിട്ടുന്നില്ല. പുഴകള്‍ തീരദേശത്തൊഴുകിയെത്തു മുമ്പേ വറ്റിപ്പോയാല്‍ അത് അവിടെയുള്ള ജലസ്രോതസ്സുകളേയും തളര്‍ത്തും. അവയും ക്രമേണ വരണ്ടുപോകും. ഭൂഗര്‍ഭജലശേഖരങ്ങള്‍ ശുഷ്‌കിക്കുന്നതോടെ ശുദ്ധജലത്തില്‍ ഉപ്പിന്‍റെ അംശം വര്‍ദ്ധിക്കും. അതുകൊണ്ടാണ് അവിരാമമായ ധാരക്ക് ഇത്രയും പ്രാധാന്യം കല്പിക്കുന്നത്.

അപായകരമായ നിലയില്‍ ഇത്രനാളും നദികളെ ചൂഷണം ചെയ്തതിനു ശേഷമാണ് നിര്‍മ്മലമായ ധാര, അവിരാമമായ ധാര തുടങ്ങിയ ആശയങ്ങളെക്കുറിച്ച് നമ്മള്‍ ഇപ്പോള്‍ ബോധവാന്മാരായിരിക്കുന്നത്. പുഴയുടെ ആരംഭദിശയിലെ ശുദ്ധിയും, ശക്തിയും ക്രമേണ നഷ്ടമാവുന്നു.

അപായകരമായ നിലയില്‍ ഇത്രനാളും നദികളെ ചൂഷണം ചെയ്തതിനു ശേഷമാണ് നിര്‍മ്മലമായ ധാര, അവിരാമമായ ധാര തുടങ്ങിയ ആശയങ്ങളെക്കുറിച്ച് നമ്മള്‍ ഇപ്പോള്‍ ബോധവാന്മാരായിരിക്കുന്നത്. പുഴയുടെ ആരംഭദിശയിലെ ശുദ്ധിയും, ശക്തിയും ക്രമേണ നഷ്ടമാവുന്നു. ഇന്ന് നമ്മള്‍ കാണുന്ന പുഴകള്‍ അത്യന്തം അശുദ്ധവും അസ്വസ്ഥവുമാണ്. ജലസേചനസൗകര്യങ്ങള്‍ക്കായി നദികളില്‍ പലയിടത്തും അണകള്‍കെട്ടി വെള്ളം സംഭരിച്ചുനിര്‍ത്തുന്നു. ജലസേചനത്തിനു മാത്രമല്ല വിദ്യുച്ഛക്തിക്കും നമ്മള്‍ അണക്കെട്ടുകളെ ആശ്രയിക്കുന്നു. ബരാഷുകള്‍ പണിത് വെള്ളം വഴി തിരിച്ചുവിടുന്നതും സാധാരണമായിരിക്കുന്നു. അതിനുവേണ്ടി പുഴക്കു കുറുകെ നമ്മള്‍ കൃത്രിമ മണല്‍ത്തിട്ടകളുയര്‍ത്തുന്നു. ഇതിനെല്ലാം പുറമേയാണ് മനുഷ്യവാസവും, വനനശീകരണവും, മണല്‍ ഖനനവും വരുത്തിവെച്ചിട്ടുള്ള കെടുതികള്‍. സവൃഷ്ടി പ്രദേശങ്ങളില്‍ത്തന്നെ ഇതിന്‍റെ ദോഷഫലങ്ങള്‍ കാണാവുന്നതാണ്. വലിയ തോതില്‍ ഊറല്‍മണ്ണ് പുഴകളിലേക്കെത്തിച്ചേരുന്നു. വ്യവസായശാലകളില്‍നിന്നും, കൃഷിയിടങ്ങളില്‍നിന്നുമുള്ള അപകടകാരികളായ രാസപദാര്‍ത്ഥങ്ങളും നദീജലത്തില്‍ കലരുന്നു. വീടുകളില്‍ നിന്നുള്ള വിസര്‍ജ്ജ്യങ്ങളും നേരെചെന്നുചേരുന്നത് പുഴകളിലാണ്. ഇതിന്‍റെയൊക്കെ ഫലമായി നദീജലത്തിന്‍റെ ഗുണമേന്മ ഏറ്റവും തരം താഴ്ന്നവസ്ഥയിലാണ്.

ഈ വക ദോഷങ്ങളെല്ലാം നദിയോടു ബന്ധപ്പെട്ടു കിടക്കുന്ന ജീവജാലങ്ങളേയും പ്രതികൂലമായി ബാധിച്ചിരിക്കുന്നു. അവയുടെ ഘടനയില്‍ തന്നെ പലമാറ്റങ്ങളും കാണാവുന്നതാണ്. പല പ്രാണിവര്‍ഗ്ഗങ്ങളും ഇല്ലാതായിക്കഴിഞ്ഞു. ലോകത്തില്‍ ആകെ മുപ്പത് നദീതടങ്ങളെയാണ് പ്രത്യേകസംരക്ഷണക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. അവയില്‍ ഒമ്പതെണ്ണം ഭാരതത്തിലാണ്. നദികളുമായി ബന്ധപ്പെട്ട ജൈവവൈവിധ്യത്തെ സംരക്ഷിക്കുക അവരുടെ ഒരു മുഖ്യലക്ഷ്യമാണ്. കാവേരി, ഗംഗ, ബ്രഹ്മപുത്ര, ഗോദാവരി, സിന്ധു, കൃഷ്ണ, മഹാനദി, പെന്നാര്‍, തപി എന്നിവയാണ് പ്രത്യേകം പരിഗണിക്കപ്പെടുന്ന നദീതടങ്ങള്‍.

പ്രകൃതിയിലെ പ്രധാനപ്പെട്ട ഒരു ആവാസവ്യവസ്ഥ എന്ന നിലയില്‍ നദികളെ നമ്മള്‍ വേണ്ടത്ര മനസ്സിലാക്കിയിട്ടില്ല, അവയുടെ പരിസ്ഥിതിപരമായ ഭദ്രത ആശ്രയിച്ചിരിക്കുന്നത്, ഓരോ നദിയുടേയും ഘടനാപരവും, രാസപരവും, ജൈവപരവുമായ പ്രത്യേകതകളിലാണ്. അതുപോലെത്തന്നെ പുഷ്ടി പ്രദേശവുമായുള്ള ബന്ധവും വളരെ പ്രധാനപ്പെട്ടതാണ്. പുഴയുടെ നിര്‍ബാധമായ പ്രവാഹമാണ് അതിലെ ആവാസവ്യവസ്ഥയെ നിലനിര്‍ത്തിപ്പോരുന്നത്. ഒഴുക്കിനെ തടയണകെട്ടി തടസ്സപ്പെടുത്തുന്നതും, നദീജലത്തിന്‍റെ അമിതമായ ഉപഭോഗവും ഈ ആവാസവ്യവസ്ഥയെ ദുര്‍ബലമാക്കുന്നു; പലപ്പോഴും പാടെ നശിപ്പിക്കുകയും ചെയ്യുന്നു.

"നദികളെ സ്വതന്ത്രമായി ഒഴുകാന്‍ അനുവദിക്കണം. അത് അവയുടെ ആരോഗ്യത്തിന് അത്യാന്തപേക്ഷിതമാണ്. സാമ്പത്തിക പുരോഗതിക്കും, ദാരിദ്ര്യം കുറച്ചുകൊണ്ടുവരുവാനും അത് കാര്യമായി സഹായിക്കും. ആരോഗ്യമുള്ള നദികളും, നിറഞ്ഞ ഭൂര്‍ഗഭജലസ്രോതസ്സുകളും മനുഷ്യന് ഒട്ടനവധി നന്മകള്‍ പ്രദാനം ചെയ്യുന്നു. എന്നാല്‍ അത് നമുക്ക് സുലഭമായി ലഭിക്കണമെങ്കില്‍ നദികളുടെ സ്വഛന്ദപ്രവാഹം ഉറപ്പാക്കുക തന്നെവേണം" ഈ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധചെലുത്തിയില്ല എങ്കില്‍ സമീപഭാവിയിലും, വിദൂരഭാവിയിലും മനുഷ്യസമൂഹം വലിയ ദുരന്തങ്ങള്‍ നേരിടാന്‍ സാദ്ധ്യതയുണ്ട്.

നമ്മുടെ പല ആവശ്യങ്ങളും നദികള്‍ നടത്തിത്തരുന്നുണ്ട്. ജലസേചനം, ജലഗതാഗതം, വ്യവസായശാലകള്‍ക്കാവശ്യമായ ശുദ്ധജലവിതരണം അങ്ങനെ പ്രയോജനങ്ങള്‍ നിരവധിയാണ്. നദികള്‍ നിലനില്ക്കുന്നത് നമുക്ക് ചൂക്ഷണം ചെയ്യാന്‍ വേണ്ടിയല്ല എന്ന് ഓര്‍ക്കുന്നത് നന്ന്. നദികള്‍ മനുഷ്യരെയല്ല മനുഷ്യര്‍ നദികളെയാണ് നിലനില്പിനായി ആശ്രയിക്കുന്നത് എന്ന് എപ്പോഴും ഓര്‍മ്മവേണം. അതുകൊണ്ട് ശുദ്ധജലത്തിന്‍റെ ഈ അമൂല്യനിധിയെ എന്തുവിലകൊടുത്തും നമ്മള്‍ സംരക്ഷിക്കുക തന്നെ വേണം. നദികളില്ലാത്ത ഭൂമിയില്‍ മനുഷ്യരുമുണ്ടാവുകയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

 
 
 
 
  0 Comments
 
 
Login / to join the conversation1