മത്തന്‍ കടല മസാല
 
 

കേരളത്തില്‍ സര്‍വസുലഭമായി ലഭിക്കുന്ന മത്തന്‍, കണ്ണിന്റെ കാഴ്ചശക്തി കൂട്ടാനും, ചര്‍മ്മകാന്തിക്കും അത്യുത്തമമാണ്. ഇതാ വിറ്റാമിന്‍ എ യും, സി യും, ബീറ്റ കരോടിനും ധാരളമടങ്ങിയ കൊതിയൂറുന്ന മത്തന്‍ കടല മസാല. ഇത് ചപ്പാത്തി, പൂരിയുടെ കൂടെയും, ചോറിന്റെ കൂടെയും ഒരു പോലെ രുചികരമായിരിക്കും.

ആവശ്യമായ സാധനങ്ങള്‍ :

 • മത്തന്‍ തോല്‍നീക്കി ¾ ഇഞ്ച് ക്യൂബുകളായിഅരിഞ്ഞത് - 500 ഗ്രാം
 • വെളിച്ചെണ്ണ അല്ലെങ്കില്‍ നിങ്ങള്‍ സാധാരണയായി ഉപയോഗിക്കുന്ന എണ്ണ - ½ കപ്പ്
 • കറിവേപ്പില - 15 ഇലകള്‍
 •  വറുത്ത് പൊടിച്ച ഉലുവ - 1 /4ടീസ്പൂണ്‍
 •  ജീരകം - 1ടീസ്പൂണ്‍
 •  ഇഞ്ചി തോലുകളഞ്ഞു ചെറുതായി അരിഞ്ഞത് - 1 ടീസ്പൂണ്‍
 •  മഞ്ഞള്‍പ്പൊടി - ½ ടീസ്പൂണ്‍
 •  കാബൂളി ചന്ന (തൊലികളഞ്ഞ കടല) 100ഗ്രാം
 •  ശര്‍ക്കര പൊടിച്ചത് - 1 ½ ടീസ്പൂണ്‍
 •  ആംചുര്‍പൊടി ( പച്ചമാങ്ങ ഉണക്കി പൊടിച്ചത്) - 1ടീസ്പൂണ്‍
 •  ഉപ്പ് - 1 ടീസ്പൂണ്‍
 •  ഗരം മസാല - 1ടീസ്പൂണ്‍
 •  കസൂരി മേതി അഥവാ ഉണക്കിയ ഉലുവ ഇലകള്‍ - 1 ടീസ്പൂണ്‍
 •  മല്ലി ഇല അരിഞ്ഞത് ഗാര്‍നിഷിങ്ങിന്

ഉണ്ടാക്കുന്ന വിധം :
കടല കഴുകി 4 മണിക്കൂറില്‍ കൂടുതലോ രാത്രി മുഴുവനുമോ കുതിര്‍ത്തു ഉപ്പിട്ട് കുക്കറില്‍ വേവിച്ച് തോരാന്‍ വെയ്ക്കുക.

ചൂടായ പാനില്‍ കസൂരി മേതി വെറുതെ റോസ്റ്റ് ചെയ്തു കൈകൊണ്ടു നന്നായി തിരുമ്മി പൊടിച്ച് വേവിച്ച കടലയുടെ മുകളില്‍ വിതറുക.

ഒരു പാനില്‍ എണ്ണ ചൂടാക്കി, ജീരകമിട്ട് ഇളക്കി അതില്‍ ഉലുവപ്പൊടി, മഞ്ഞള്‍പ്പൊടി, ഇഞ്ചി, കറിവേപ്പില എന്നിവ ഇട്ട് ഇളക്കുക. ഒരുമിനിറ്റിന് ശേഷം അതില്‍ മത്തന്‍ കഷ്ണങ്ങള്‍ ഇട്ട് നല്ല ചൂടില്‍ കുറച്ചുനേരം ഇളക്കുക
തീ കുറച്ച് ½ കപ്പ് വെള്ളമൊഴിച്ച്, ഒരു മൂടി കൊണ്ടടച്ച് 6-8 മിനിറ്റ് നേരം വേവിക്കുക.

വെന്തുടഞ്ഞു പോകാതിരിക്കാന്‍ ശ്രദ്ധിക്കണം.

ഉപ്പും, ഉണക്ക മാങ്ങാപ്പൊടിയും, ശര്‍ക്കരയും ചേര്‍ത്ത് മിശ്രിതമാക്കുക.

ഈ മിശ്രിതവും, ഗരം മസാലയും, വേവിച്ച മത്തനിലിട്ട് ചെറുതായി ഇളക്കുക. 2-3 മിനിറ്റ് കൂടി വേവിക്കുക. ഇതില്‍ കടല ചേര്‍ത്ത് നന്നായി ഇളക്കുക

മല്ലിയില വിതറി വിളമ്പുക.

പോഷകാംശ വിവരങ്ങള്‍ :

 •  മത്തനില്‍ ധാരാളം കരോടിനോയിഡ്സും വിറ്റാമിന്‍ എ യും ഉണ്ട്. ഇത് കണ്ണുകള്‍ക്ക് വളരെ നല്ലതാണ്.
 •  കരോടിനോയിഡ്സ് ഫ്രീ റാഡിക്കല്‍സിനെ ഇല്ലാതാക്കി ചര്‍മ്മത്തിന്റെ ആരോഗ്യത്തെയും സൌന്ദര്യത്തെയും കാക്കുന്നു.
 •  മത്തനിലെ ആന്‍റി ഓക്സിടെന്റ്സ് കാന്‍സര്‍ തടയാന്‍ സഹായിക്കുന്നു.
 •  ഇതില്‍ ധാരളമായി അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി പ്രതിരോധശക്തിയെ മെച്ചപ്പെടുത്തും.
 
 
  0 Comments
 
 
Login / to join the conversation1