सद्गुरु

നദികളുടെ ജീവചൈതന്യം വര്‍ദ്ധിപ്പിക്കാനായി സദ്ഗുരു ആവിഷ്‌ക്കരിച്ച പദ്ധതിയുടെ രൂപരേഖയില്‍ നിന്നും ചില പ്രസക്തഭാഗങ്ങളാണ് ഇവിടെ കൊടുത്തിരിക്കുന്നത് - അഞ്ചാം ഭാഗത്തില്‍ നദികളുടെ ഘടകങ്ങളും, ഘടനയും വെള്ളപ്പൊക്കത്തെക്കുറിച്ചും വിവരിക്കുന്നു.

നദികളുടെ ഘടകങ്ങള്‍:- നദികളും നദീതീരവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഭൂപ്രകൃതിയും മനുഷ്യജീവിതത്തെ സംബന്ധിച്ചിടത്തോളം അതിപ്രധാനമാണ്. അതിന്‍റെ ശാസ്ത്രീയത മനസ്സിലാക്കുന്നത് വളരെ പ്രയോജനപ്രദമായിരിക്കും. മാത്രമല്ല അവശ്യം വേണ്ടതുമാണ്. നമ്മള്‍ കാണുന്ന പുഴ കുത്തിയൊലിച്ചൊഴുകുന്ന വലിയൊരു ജലപ്രവാഹമായിരിക്കാം. അല്ലെങ്കില്‍ ശാന്തമായി ഒഴുകുന്ന പരപ്പേറിയ ഒരു നദിയായിരിക്കാം. എന്തായാലും അത് ഊര്‍ജ്ജ്വസ്വലമായൊരു പ്രതിഭാസമാണ്. മനുഷ്യന് ആവശ്യമുള്ള ജലം നല്കുന്ന ഒരു പ്രകൃതി സ്രോതസ്സുമാത്രമല്ല നദി. വിശാലമായ ഒരു പരിസ്ഥിതിയുടെ നിലനില്പിനും നദികള്‍ ഏറ്റവും ആവശ്യമാണ്. മനുഷ്യന്‍റെ ആരോഗ്യവും ക്ഷേമവും നിലനിര്‍ത്തുന്നതില്‍ നദികള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പത്തോ നൂറോ അല്ല. കോടിക്കണക്കിനു മനുഷ്യരാണ് നദികളെ ആശ്രയിച്ചു കഴിഞ്ഞുപോകുന്നത്.

പല പോഷകനദികളും ചേര്‍ന്നുണ്ടായതാണ് ഓരോ നദിയും. പോഷകനദികളിലേക്കു വെള്ളമെത്തുന്നത് ചെറു ചെറു കാട്ടരുവികളില്‍ നിന്നാണ്. അവക്കു വെള്ളം കിട്ടുന്നത് ഉള്‍ക്കാടുകളിലെ നീരുറവളില്‍ നിന്നാണ്. അല്ലെങ്കില്‍ വലിയ തടാകങ്ങളില്‍നിന്നോ, മഞ്ഞുമലകള്‍ ഉരുകിയിട്ടോ ആകാം. കാടിന്റേയും മലകളുടേയും പല ഭാഗങ്ങളില്‍ നിന്നായി മഴവെള്ളവും ഒലിച്ചെത്തുന്നു. പാറക്കെട്ടുകള്‍ക്കിടയിലൂടെ, മനുഷ്യനിര്‍മ്മിതമായ നിര്‍ചാലുകളിലൂടെ അവ നിര്‍ബാധം പ്രവഹിക്കുന്നു. പലപ്പോഴും ഭൂഗര്‍ഭത്തില്‍ കെട്ടിക്കിടക്കുന്ന വെള്ളവും ഉപരിതലത്തിലെത്തിച്ചേരാറുണ്ട്. അതുപോലെയുള്ള ചില ഭൂഗര്‍ഭസ്രോതസ്സുകള്‍ നദിയേക്കാള്‍ത്തന്നെ വലുതായിരിക്കും. എല്ലാ നദികളിലുമുണ്ട് മേലൊഴുക്കും അടിയൊഴുക്കും. ചില നദികളില്‍ അടിയൊഴുക്കിലെ വെള്ളത്തിന്‍റെ തോത് നമ്മള്‍ മുകള്‍ത്തട്ടില്‍ കാണുന്ന ഒഴുക്കിനേക്കാള്‍ വളരെ അധികമായിരിക്കും. എന്തായാലും ഈ രണ്ടു ഒഴുക്കുകളും ചേര്‍ന്നതാണ് ഓരോ നദീപ്രവാഹവും. പാറക്കെട്ടുകളും, ചരല്‍പ്രദേശങ്ങളും, വൃഷ്ടിപ്രദേശങ്ങളുമൊക്കെ നദിയിലേക്ക് തനതായ സംഭാവനകള്‍ സമര്‍പ്പിക്കുന്നു.

ഒഴുകിപ്പോകുന്ന ദൂരമത്രയും വെള്ളത്തോടൊപ്പം നദികള്‍ വലിയതോതില്‍ ഊറലും അതിസൂക്ഷ്മമായ പോഷകവസ്തുക്കളും വഹിച്ചുകൊണ്ടുവരുന്നുണ്ട്. മലമുകളിലുള്ള ഈ അവശ്യവസ്തുക്കള്‍ താഴെ സമതലത്തിലെത്തിക്കുന്നത് നദികളാണ്.

ഒഴുകിപ്പോകുന്ന ദൂരമത്രയും വെള്ളത്തോടൊപ്പം നദികള്‍ വലിയതോതില്‍ ഊറലും അതിസൂക്ഷ്മമായ പോഷകവസ്തുക്കളും വഹിച്ചുകൊണ്ടുവരുന്നുണ്ട്. മലമുകളിലുള്ള ഈ അവശ്യവസ്തുക്കള്‍ താഴെ സമതലത്തിലെത്തിക്കുന്നത് നദികളാണ്. യഥാര്‍ത്ഥത്തില്‍ ഏതൊരു നദീതടത്തിന്റേയും ''ഭക്ഷണക്കൊട്ട'' സമതലമാണ്. മലമുകളില്‍നിന്നും നദികളിലൂടെ ഒഴുകിയെത്തുന്ന ഊറലും, സൂക്ഷ്മപദാര്‍ത്ഥങ്ങളുമാണ് സമതലങ്ങളിലെ മണ്ണിനെ വളക്കൂറുള്ളതാക്കുന്നത്.

എവിടെനിന്നാണൊ നദികള്‍ ഒഴുകിയിറങ്ങുന്നത് ആ പ്രദേശത്തെ വൃഷ്ടിപ്രദേശം എന്നു പറയാം. മഴവെള്ളം കെട്ടിനില്ക്കുന്ന സ്ഥലം. പ്രകൃതിയുടെ തന്നെ ഒരു സംഭരണി. നദി ഒലിച്ചിറങ്ങുന്ന നോട്ടുകളാണ് നീര്‍ച്ചാലുകള്‍. ഈ ചാലിലൂടെ ഒഴുകിയെത്തുന്ന വെള്ളമാണ് സാധാരണയായി ഒരു നദിയിലുണ്ടാവുക. വലിയ നദികളിലും, കാലത്തിനനുസരിച്ച് ഒഴുക്കില്‍ മാറ്റം സംഭവിക്കുന്ന നദികളിലും സാധാരണ നീര്‍ച്ചാലുകളിലൂടെയുള്ള വെള്ളം കവിഞ്ഞൊഴുകി വെള്ളപ്പൊക്കം സംഭവിക്കാറുണ്ട്. പ്രത്യേകിച്ചും നദികളോടു തൊട്ടു കിടക്കുന്ന താഴ്ന്ന പ്രദേശങ്ങള്‍ പതിവായി വെള്ളത്തിനടിയില്‍ ആണ്ടുപോകാറുണ്ട്. ഇങ്ങനെയുള്ള ചില സ്ഥലങ്ങള്‍ നദിയേക്കാള്‍ വലുപ്പമേറിയതായും കാണാറുണ്ട്. പ്രത്യേകിച്ചും വെള്ളത്തിന്‍റെ ഒഴുക്ക് മൃദുവായ രീതിലല്ലെങ്കില്‍. ചില പുഴകളില്‍ ഒഴുക്കിന് ഓരോ കാലത്തും വ്യത്യാസം വരുന്നതായും കണ്ടിട്ടുണ്ട്. നീര്‍ച്ചാലുകളും, നീര്‍തടങ്ങളുമൊന്നും പ്രകൃതി കൃത്യമായി വരച്ചു വെച്ചിട്ടുള്ളതല്ല. വെള്ളപ്പൊക്കമുണ്ടാവാന്‍ ഒരു ശതമാനം മാത്രം സാദ്ധ്യതയുള്ള നദീതടമാണ്, '' നൂറുവര്‍ഷത്തെ നീര്‍ത്തടം'' അതായത് നൂറുവര്‍ഷം കൂടുമ്പോള്‍ മാത്രമേ ആ പ്രദേശം ചിലപ്പോള്‍ വെള്ളത്തിലാണ്ടു പോകുന്നുള്ളൂ. അങ്ങനെയുള്ള പ്രദേശങ്ങളെയാണ് നീര്‍ത്തടങ്ങള്‍ എന്ന പേരില്‍ അടയാളപ്പെടുത്തുന്നത്.

നദീചക്രത്തിന്‍റെ അനിവാര്യമായൊരു ഭാഗമാണ് വെള്ളപ്പൊക്കം. കാടുകളില്‍ നിന്നും ഊറലും സൂക്ഷ്മ പോഷകങ്ങളും സമതലത്തിലേക്കെത്തിക്കുന്ന പ്രകൃതിയുടെ വിദ്യയാണത്.

വൈവിധ്യമാര്‍ന്ന ആയിരമായിരം സസ്യ- ജീവജാലങ്ങളുടെ ആവാസസ്ഥാനമാണ് നദികള്‍. എന്തെല്ലാം ജാതി സസ്യങ്ങളും ജീവജാലങ്ങളുമാണിവിടെ കാണപ്പെടുന്നത്! ചിലവ ഉഗ്രമായ വെള്ളച്ചാട്ടങ്ങള്‍ക്കരികിലായിരിക്കും. താഴ്ന്ന നദീതടങ്ങളിലും, ചതുപ്പുകളിലും, നദീമുഖങ്ങളിലുമെല്ലാം ഓരോ തരത്തില്‍പ്പെട്ട പ്രാണികളും ജന്തുക്കളും സസ്യങ്ങളും അധിവസിക്കുന്നു. ഇവയില്‍ പലതും നദീജലത്തെ ശുദ്ധമായി സംരക്ഷിക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. അവ ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് നദിയിലൂടെ സഞ്ചരിക്കുന്നതിനിടയില്‍ ഒട്ടുമുക്കാലും മാലിന്യങ്ങളെ ആഹരിച്ചു അവ വെള്ളത്തിന്‍റെ ശുദ്ധി സംരക്ഷിക്കുന്നു. നദിയുടെ ഓരോ ഭാഗത്തും ഓരോരോ തരത്തിലുള്ള പരിസ്ഥിതിയാണ് രൂപം കൊണ്ടിട്ടുള്ളത്. സഹസ്രാബ്ദങ്ങളിലൂടെ നേടിയെടുത്ത വളര്‍ച്ച. നദീതടത്തിലെ ആവാസവ്യവസ്ഥകള്‍ സ്ഥിരപ്പെടുത്താനും, കാലാവസ്ഥക്കു രൂപം നല്കാനുമൊക്കെ ഈ പരിസ്ഥിതി വ്യവസ്ഥ വളരെയധികം സഹായിച്ചിട്ടുണ്ട്. പ്രകൃതിദുരന്തങ്ങളുടെ ആഘാതങ്ങളില്‍നിന്നും അവ കരയെ സംരക്ഷിക്കുന്നു. ഉദാഹരണത്തിന് 2004ല്‍ ഉണ്ടായ സുനാമിയെക്കുറിച്ചു ചിന്തിച്ചാല്‍ മതി. കണ്ടല്‍ക്കാടുകള്‍ തഴച്ചുവളരുന്ന തീരങ്ങളില്‍ സുനാമിയുടെ ആഘാതം താരതമ്യേന ലഘുവായിരുന്നു.

നദികളുടെ ശരീരഘടന:- നദികള്‍ക്കും ജീവനുണ്ട്. ശരിയായവിധത്തില്‍ സംരക്ഷിക്കപ്പെട്ടില്ല എങ്കില്‍ അവയും ജീര്‍ണ്ണിക്കും, ഒടുക്കം മരിച്ചുപോവുകയും ചെയ്യും. പുഴക്ക് ജീവനുണ്ട് എന്നു പറയുന്നത് വെറുംവാക്കായി കണക്കാക്കരുത്. അതിന് ശാസ്ത്രീയമായ ദൃഢതയുണ്ട്. 2017ല്‍ മദ്ധ്യപ്രദേശിലെ ഗവണ്‍മെന്റ് നര്‍മ്മദക്ക് ''ജീവനുള്ള പ്രതിഭാസം'' എന്ന ബഹുമതി ചാര്‍ത്തികൊടുത്തു അത് മേയ് മാസത്തിലായിരുന്നു. അതിനു മുമ്പായി മാര്‍ച്ചില്‍ ഉത്തരാഖണ്ഡിലെ ഹൈക്കോടതി ഗംഗയേയും, യമുനയേയും അവയുടെ പോഷകനദികളേയും ജീവനുള്ള പ്രതിഭാസങ്ങളുമായി പ്രഖ്യാപിച്ചിരുന്നു. അവക്ക് ഒരു വ്യക്തിക്കുള്ള നിയമസാധ്യതയും നല്കപ്പെട്ടു.

ജവഹര്‍ലാല്‍ നെഹ്റ്രു സര്‍വകലാശാലയിലെ പേരുകേട്ട ഒരു ശാസ്ത്രജ്ഞനാണ് പ്രൊഫസര്‍ ബ്രിജ് ഗോപാല്‍. അദ്ദേഹം ജലസ്രോതസ്സുകളെക്കുറിച്ച് അഗാധമായ പഠനം നടത്തിയിട്ടുള്ള ഒരു വ്യക്തികൂടിയാണ്. അദ്ദേഹം യമുനയെകുറിച്ച് ഒരു ലേഖനമെഴുതിയിട്ടുണ്ട്. അതിന്‍റെ പേര് '' ജീവിക്കുന്ന നദികളും, മരിച്ചുകൊണ്ടിരിക്കുന്ന നദികളും'' എന്നാണ്. അദ്ദേഹം എല്ലാ നദികളേയും ജീവനുള്ളവയായാണ് പരിഗണിക്കുന്നത്. വളരെ വ്യക്തമായൊരു പ്രസ്താവനയോടുകൂടിയാണ് അദ്ദേഹം തന്‍റെ ലേഖനം ആരംഭിക്കുന്നത്. ''എല്ലാ ജീവജാലങ്ങളുടേയും ഒരു സ്വഭാവ വിശേഷമാണ്, അവ പ്രവൃത്തികള്‍ ചെയ്യുകയും, സ്വന്തം സമനില തെറ്റാതെ സൂക്ഷിക്കുകയും ചെയ്യുന്നു എന്നത്.

എല്ലാ ജീവജാലങ്ങളുടേയും ഉള്ളില്‍ ശാരീരികമായും, രാസപരവുമായി പലവിധ പ്രക്രിയകളും നിരന്തരം നടന്നുകൊണ്ടിരിക്കുന്നുണ്ട്. അതിലൂടെ ഊര്‍ജവും, പോഷകപദാര്‍ത്ഥങ്ങളും രൂപാന്തരം പ്രാപിച്ച് ജീവജാലങ്ങളെ കര്‍മ്മനിരതരാക്കുന്നു. ഓരോ ജീവിക്കും ഒരു പ്രത്യേക തരം പ്രവൃത്തിചെയ്യാന്‍ കൂടുതല്‍ നൈപുണ്യമുണ്ടായിരിക്കും. ഇതാണ് അവയെ തമ്മില്‍ തമ്മില്‍ വ്യത്യസ്തരാക്കുന്നത്. ഓരോ ജീവിയും ഒരു കൂട്ടം അവയവങ്ങളുടെ സംഘാതമാണ്. ഒരവയവത്തിനു ശേഷി നഷ്ടപ്പെടുക അല്ലെങ്കില്‍ ഏതാനും കോശങ്ങള്‍ ദുര്‍ബലമാകുക.... അങ്ങനെ സംഭവിച്ചാല്‍ ആ ജീവിയുടെ പ്രവര്‍ത്തനശേഷി പാടെ നഷ്ടമായെന്നു വരാം. കാരണം, ആ ജീവിയുടെ എല്ലാ അവയവങ്ങളും കൂട്ടായി ചേര്‍ന്നിട്ടല്ല അതിന്‍റെ പ്രവൃത്തികള്‍ ചെയ്യുന്നത്.

''ശരീരത്തിലെ പരസ്പരം ആശ്രയിച്ചു കഴിയുന്ന പല പല ഘടകങ്ങളുടെ പ്രവര്‍ത്തനത്തെ സമന്വയിപ്പിച്ചുകൊണ്ടു പോകാനുള്ള പ്രവണതയെ ഹോമിയോസ്റ്റാസിസ് എന്നാണ് പറയുന്നത്. വിശേഷിച്ചും ശാരീരികമായ പ്രക്രിയകളില്‍ കൂടിയാണ് ഇത് സംഭവിക്കുന്നത്'' (ഓക്‌സ്‌ഫോഡ് ഡിക്ഷണറി).

ശരീരത്തിന്‍റെ സമതുലിതാവസ്ഥ നിലനിര്‍ത്താനുള്ള ഈ പ്രവണത എല്ലാ ജീവജാലങ്ങളിലും പൊതുവായി ഉള്ളതാണ്. പരിസ്ഥിതികളില്‍ നിരന്തരം മാറ്റം സംഭവിച്ചാലും ഈ പ്രവണത എല്ലാ ജീവികളിലും, കോശങ്ങളിലും, അവയവങ്ങളിലും എപ്പോഴും സ്വതവേ ഉള്ളതാണ്. സദാ ചലനാത്മകമായ ഈ സമതുലിതാവസ്ഥയ്ക്ക് ചില്ലറ കോട്ടങ്ങള്‍ സംഭവിച്ചാലും അവയെ കൈകാര്യം ചെയ്യാനുള്ള സാമര്‍ത്ഥ്യം ഏറെക്കുറെ എല്ലാ പ്രാണികള്‍ക്കുമുണ്ട്. അവക്ക് പുതിയൊരു സമതുലിതാവസ്ഥ സൃഷ്ടിക്കാനാവും, അല്ലെങ്കില്‍ പഴയതിലേക്കു തിരിച്ചു പോകാനുമാവും. ജീവജാലങ്ങള്‍ക്ക് സഹജമായിട്ടുള്ള മറ്റൊരു കഴിവ്, പ്രതികൂലമായ പരിതസ്ഥികളിലും പിടിച്ചുനില്ക്കാനാവുന്നു. അത് അവയുടെ പ്രവൃത്തികളേയോ വളര്‍ച്ചയേയൊ ബാധിക്കുന്നില്ല. പൂര്‍വ്വസ്ഥിതി പ്രാപിക്കാന്‍ സാധിക്കുന്നു. ഈ രണ്ടു പ്രവണതകളും എല്ലാ പരിസ്ഥിതി വ്യവസ്ഥകളിലും പൊതുവായി കാണാവുന്നതാണ്. എന്നാലും അനന്തമായ കഴിവുകള്‍ അവക്കുണ്ടെന്നു പറഞ്ഞുകൂട. എങ്കിലും ഞങ്ങളുടെ ആവാസവ്യവസ്ഥക്കു ഭംഗം വരുത്തുന്ന സ്ഥിതിവിശേഷങ്ങളുമായി കുറെയൊക്കെ പൊരുത്തപ്പെട്ടു പോകാന്‍ ഈ ജീവികള്‍ക്കു സാധിക്കുന്നുണ്ട്. ഈ സ്വഭാവവിശേഷം, എല്ലാ ജീവജാലങ്ങളിലുമുള്ളതുപോലെ നദികളിലും പ്രകടമാണ്. അവ അതിന്‍റേതായ രീതിയിലൊഴുകുന്നു. ഒപ്പം തങ്ങളുടെ സ്വാഭാവികഘടനയ്ക്ക് കോട്ടം തട്ടാതെ കാക്കുകയും ചെയ്യുന്നു. നദി എന്ന വാക്കിന്‍റെ അര്‍ത്ഥം തിരഞ്ഞു ചെന്നാല്‍ നമുക്കു കിട്ടുന്നത്. ''ഒരു നിശ്ചിതമായ വഴിയിലൂടെ സഞ്ചരിക്കുന്ന സ്വാഭാവികമായ ഒരു ജലപ്രവാഹം....അത് ഒരു തടാകത്തിലൊ, സമുദ്രത്തിലൊ അല്ലെങ്കില്‍ മറ്റൊരു നദിയിലോ ചെന്നുചേരുന്നു''.

എന്തൊക്കെയായാലും നദികളെകുറിച്ച് വിശാലമായ ഒരു ചിത്രം ഓരോ മനസ്സിലുമുണ്ടാകേണ്ടത് വളരെ വളരെ ആവശ്യമാണ്.

പലപല പ്രകൃതിവിഭവങ്ങളില്‍ ഒന്നുമാത്രമായാണ് നമ്മള്‍ ഇതുവരെയായും നദികളെ കണ്ടിരുന്നത്. ആ കാരണം കൊണ്ടാകാം പ്രത്യേകിച്ചൊരു വീണ്ടുവിചാരവും കൂടാതെ നമ്മള്‍ നദികളെ ഉപയോഗിച്ചുവരുന്നതും, ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നതും എന്നു പറഞ്ഞാല്‍ അത് തെറ്റാവില്ല. ലോകത്തില്‍ എല്ലായിടത്തും സ്ഥിതി ഇതുതന്നെയാണ്. പലയിടത്തും നമ്മുടെ ദുരുപയോഗം അതിരുകടന്നതാണ്. അതുമൂലം നദികളുടെ പൊതുവായ ഘടനക്കും നദീതട ആവാസവ്യവസ്ഥക്കുമുണ്ടായിട്ടുള്ള ക്ലേശങ്ങള്‍....കോട്ടങ്ങള്‍.... പരിഹരിക്കാവുന്നതിലപ്പുറമാണ്.

ജനങ്ങള്‍ ഒരു പരിധിവരെ ശ്രദ്ധചെലുത്തുന്നത്, നമ്മുടെ കണ്‍മുമ്പിലുള്ള ഒരു പ്രത്യേക നദീഭാഗത്തില്‍ മാത്രമാണ്. അവര്‍ ബന്ധം പുലര്‍ത്തുന്നതും അതുമായി മാത്രമാണ്. ഇത് കൂടുതല്‍ ബാധകമാകുന്നത് നദിയെ ആശ്രയിച്ചു ജീവിക്കുന്നവരുടെ കാര്യത്തിലും, അതിന്‍റെ തീരത്ത് താമസിക്കുന്നവരുടേയും കാര്യത്തിലാണ് നഗരവാസികളെ സംബന്ധിച്ചിടത്തോളം അവരുടെ ടാപ്പുകളില്‍ വെള്ളമെത്തിക്കാനുള്ള ഒരു സംവിധാനം മാത്രമാണ് നദികള്‍. ചിലര്‍ ഗതാഗതത്തിനും ചരക്കുനീക്കത്തിനുമുള്ള ഉപാധിയായി നദികളെ കാണുന്നു. ചിലര്‍ക്ക് നദികള്‍ വൈദ്യുതി ഉല്പാദനത്തിനുള്ള ഉപാധിയാണ്. ഏതെങ്കിലും വിധത്തില്‍ അണകെട്ടി കാത്തുസൂക്ഷിക്കേണ്ട ഒരു പ്രകൃതിവിഭവമായി നദികളെ കാണുന്നവരും കുറവല്ല.

എന്തൊക്കെയായാലും നദികളെകുറിച്ച് വിശാലമായ ഒരു ചിത്രം ഓരോ മനസ്സിലുമുണ്ടാകേണ്ടത് വളരെ വളരെ ആവശ്യമാണ്. നദിയെ സംബന്ധിച്ചിടത്തോളം ഏറ്റവും ശ്രദ്ധാര്‍ഹമായ കാര്യം മലമുകളില്‍ പെയ്യുന്ന മഴവെള്ളത്തെ ദീര്‍ഘദൂരം വഹിച്ചുകൊണ്ടുപോയി കടലില്‍ എത്തിക്കുന്നു എന്നതാണ്. കടലിലെ വെള്ളമാണല്ലോ നീരാവിയായും, മേഘമായും, മഴയായും വീണ്ടും ഭൂമിയിലേക്കു പെയ്തിറങ്ങുന്നത്. അതിപ്രധാനമായ ഒരു പ്രകൃതിചക്രത്തെ നദികള്‍ ഏറ്റവും സഫലമായി പൂര്‍ത്തികരിക്കുന്നു!.

തന്‍റെ സഞ്ചാരവഴികളില്‍ ചിലപ്പോള്‍ നദിഗതിമാറി ഒഴുകാറുണ്ട്. ഗതിയില്‍ മാത്രമല്ല സ്വഭാവത്തിലും പെരുമാറ്റത്തിലും വ്യത്യാസം പ്രകടമാക്കാറുണ്ട്. ഒരു നവജാതശിശു പ്രായപൂര്‍ത്തിയായ പക്വത വന്ന ഒരു വ്യക്തിയാകുന്നതിനിടയില്‍ സംഭവിക്കുന്ന സ്വാഭാവികമായ മാറ്റങ്ങള്‍പോലെ. മഞ്ഞുമൂടിയ മലകളിലോ വൃക്ഷനിബിഢമായ കാടുകളിലൊ, ജന്മമെടുക്കുന്ന നദികള്‍....സമുദ്രം വരെ നീളുന്ന അതിന്‍റെ ജീവിതയാത്ര! രൂപത്തിലും ഭാവത്തിലും മാറ്റം വരുന്നത് സ്വാഭാവികം.

നദി എന്ന വസ്തുവിനെ കുറിച്ച് പ്രൊഫസര്‍ ബ്രിജ് ഗോപാല്‍ നല്കുന്ന വിവരണം, തീര്‍ച്ചയായും നമുക്ക് കൂടുതല്‍ സമഗ്രമായ ഒരു കാഴ്ചപ്പാട് ആ വിഷയത്തില്‍ നല്കുന്നു.

''നദികള്‍ ത്രിമാനപ്രകൃതമുള്ളതാണ്. അതിന് ചലനാത്മകമായ ഒരാവാസഘടനയുണ്ട്. അതെല്ലാം പലതിനേയും ആശ്രയിച്ചാണ് നിലകൊള്ളുന്നത്. ഉദാഹരണത്തിന് നദി സഞ്ചരിക്കുന്ന ദൂരം, നദീതടത്തിന്‍റെ വീതി, മലമുകളില്‍നിന്നും ഒഴുക്കില്‍ ചേരുന്ന പദാര്‍ത്ഥങ്ങള്‍, ഗതിവേഗം, നദികളിലും തീരങ്ങളിലുമായി അധിവസിക്കുന്ന ജീവജാലങ്ങള്‍....കാലഗതിയില്‍ നദികളില്‍ പലമാറ്റങ്ങളും സംഭവിക്കുന്നു. അതിന്‍റെ പ്രധാനകാരണം ലഭ്യമാകുന്ന ജലത്തിന്‍റെ തോതും, മനുഷ്യരുടെ ഇടപെടലുകളും മറ്റു ജന്തുക്കളുടേയും, സസ്യജാലങ്ങളുടെയും പ്രവര്‍ത്തനങ്ങളുമാണ്. ഓരോ നദിക്കും അതിന്‍റെ തനതായ ഒരു പ്രകൃതമുണ്ട്. അത് ആശ്രയിച്ചിരിക്കുന്നത് അതിന്‍റെ ഭൂമിശാസ്ത്രപരവും, രസതന്ത്രപരവും, ജീവശാസ്ത്രപരവും, പ്രവൃത്തിപരവുമായ വസ്തുതകളെയാണ്.

ഒരു നദി അതിന്‍റെ ഉറവിടത്തില്‍ നിന്നും സമുദ്രപദ്യന്തം നിര്‍ബാധം ഒഴുകിക്കൊണ്ടിരിക്കണം. ഇതിനെ ആശ്രയിച്ചാണ് ഒരു ആവാസവ്യവസ്ഥ എന്ന രീതിയില്‍ നദിയുടെ ശക്തിയും ശുദ്ധിയും നിലനില്ക്കുന്നത്. മലകളെ സമുദ്രവുമായി ബന്ധിപ്പിക്കുന്ന ഉപാധിയാണ് ഓരോ നദിയും. ഇതിനു രണ്ടിനും ഇടയിലുള്ള ദൂരമാണ് നദിയുടെ സഞ്ചാരവഴി, നീളം ആ വഴിയുടെ ഇരുകരകളിലുമുള്ള ഭൂമിയുടെ പ്രകൃതിയും നദിയുടെ പ്രവാഹത്തെ ബാധിക്കുന്നുണ്ട്. നദി നേരിട്ടു ബന്ധപ്പെടുന്ന കരപ്രദേശം....അതിന്‍റെ വീതിയാണ്. നദിയുടെ പ്രവാഹത്തില്‍ വരുന്ന ഏറ്റകുറച്ചിലുകള്‍ക്ക് പ്രധാനകാരണം, കാലാവസ്ഥയില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ്.

നദികള്‍ ചെയ്യുന്ന ഒരു പ്രധാനജോലി, മാലിന്യങ്ങളെ സ്വീകരിക്കലും അതിനെ, തന്നെ ആശ്രയിച്ചു കഴിയുന്ന മറ്റു ജീവികളുടെ ആഹാരമായി മാറ്റുകയാണ്. മനുഷ്യരും, പ്രകൃതിയിലെ സ്വാഭാവികമായ പരിണാമങ്ങളും നദികളില്‍ മാലിന്യം കലര്‍ത്തുന്നു. മറ്റൊരു ജോലി, കാടുകളിലും മലകളിലും നിന്നും പലവിധ പദാര്‍ത്ഥങ്ങളും, പോഷകങ്ങളും ഒഴുക്കികൊണ്ടുവന്ന് നദീതീരങ്ങളിലും, സമതലങ്ങളിലും ഒടുവില്‍ സമുദ്രത്തിലും നിക്ഷേപിക്കുകയാണ്. ഇത് കണ്ടല്‍കാടുകളുടേയും, മത്സ്യങ്ങളുടേയും വളര്‍ച്ചയെ സാരമായി സഹായിക്കുന്നു.
മഴക്കാലങ്ങളില്‍ നമ്മുടെ നദികള്‍ പലപ്പോഴും കരകവിഞ്ഞൊഴുകാറുണ്ട്. ആ കാലങ്ങളില്‍ ഊറലും മറ്റു ജൈവപദാര്‍ത്ഥങ്ങളും, പോഷകങ്ങളും നദീതടങ്ങളിലെ മണ്ണില്‍ ലയിച്ചുചേരുന്നു. ഈ നദീതടങ്ങള്‍ ഓരോ നദിയേയും വലിയ അളവില്‍ സഹായിക്കുന്നുണ്ട്. തടങ്ങളിലെ നീര്‍ച്ചാലുകള്‍ നദികളിലേക്കൊലിച്ചിറങ്ങി നദിയിലെ ഒഴുക്കിനെ ക്രമീകരിച്ചിരിക്കുന്ന തണ്ണീര്‍തടങ്ങള്‍ വൈവിധ്യമാര്‍ന്ന ജീവജാലങ്ങള്‍ക്ക് ആവാസഭൂമിയൊരുക്കുന്നു. അവക്കുവേണ്ട ആഹാരം ശേഖരിച്ചുവെക്കുന്നു. നദികളുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ട് ഭൂര്‍ഗഭജലത്തെ പുഷ്ടിപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

തണ്ണീര്‍ തടങ്ങളുടെ പ്രാധാന്യം:

പുഴകളില്‍ വെള്ളം പൊങ്ങുമ്പോള്‍ രണ്ടു കരകളിലേക്കും വെള്ളം കവിഞ്ഞൊഴുകി കുറെ ഭാഗം വെള്ളത്തിലാണ്ടു പോകാറുണ്ട്. ആ സമയങ്ങളില്‍ പുഴ പരന്ന് വീതി കൂടിയതുപോലെ കാണപ്പെടും. അങ്ങനെയുള്ള പ്രദേശങ്ങളെയാണ് ഫ്ലഡ്‌പ്ലേയ്‌ന്‍സ് എന്നു പറയുന്നത്. നൂറുകൊല്ലത്തിലെപ്പോഴെങ്കിലും ഇങ്ങനെ വെള്ളത്തിലാണ്ടുപോയിട്ടുള്ള സ്ഥലങ്ങളെയാണ് ഈ വകുപ്പില്‍ ഉള്‍പ്പെടുത്തുന്നത്. യഥാര്‍ത്ഥത്തില്‍ ഈ ഭൂമി നദിക്കവകാശപ്പെട്ടതാണ്. അത് നദിയുടെ നിലനില്പിന് ഏറ്റവും ആവശ്യവുമാണ്. അതുപോലെത്തന്നെ ഇതുപോലെയുള്ള നദീതടങ്ങള്‍ വിശാലമായൊരര്‍ത്ഥത്തില്‍ മാനവിക സംസ്‌കാരത്തിന്‍റെ നിലനില്പിനും ആവശ്യമാണ്. ഇതിന്‍റെ പിന്‍ബലമില്ല എങ്കില്‍ നമ്മുടെ സംസ്‌കാരം നാശോന്മുഖമാകുമെന്നു തീര്‍ച്ച. നദീതടങ്ങളിലുള്ളതിനേക്കാള്‍ ആയിരം മടങ്ങ് ജൈവവൈവിദ്ധ്യം ഫ്‌ളഡ്‌പ്ലേയ്‌നുകളില്‍ കാണാനാകും.

ഫ്‌ളഡ്‌പ്ലേയ്‌നുകള്‍ രണ്ടുതരമാണ്. ഒന്ന് സജീവമായതാണ്. രണ്ടാമത്തേത് ഏതാണ്ട് നിഷ്‌ക്രിയവും. സജീവമായ ഇടങ്ങളില്‍ ബാഹ്യമായ കടന്നുകയറ്റമുണ്ടായിരിക്കയില്ല. നദിക്ക് സ്വച്ഛമായി ഒഴുകാനുള്ള സാദ്ധ്യതയുണ്ടായിരിക്കും. നിഷ്‌ക്രിയമായ ഇടങ്ങള്‍ മനുഷ്യന്‍ കയ്യേറികഴിഞ്ഞിട്ടുള്ള കരകളാണ്. അവിടെ അവര്‍ വിവിധ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ടാവും. എന്നാല്‍ വലുതായ ഒരു വെള്ളപ്പൊക്കമുണ്ടായാല്‍ ഈ ഭാഗങ്ങളും പുഴയിലാണ്ടു പോകുന്നതാണ്.

യമുനയെ ശാക്തീകരിക്കുന്നതില്‍ പ്രധാനമായ ഒരു പങ്കു വഹിക്കുന്ന ഒരു സാമൂഹ്യശാസ്ത്രജ്ഞനാണ് മനോജ്‌ മിശ്ര. തന്‍റെ ഒരു ലേഖനത്തില്‍ ഫ്‌ളഡ് പ്ലേനുകളുടെ പ്രാധാന്യം അദ്ദേഹം എടുത്തുപറയുന്നുണ്ട്. അതിലെ പ്രസക്തമായ ചില വസ്തുകളാണ് താഴെ ചേര്‍ത്തിട്ടുള്ളത്.

 

  • വെള്ളപ്പൊക്കം വരുമ്പോള്‍ അപായകരമല്ലാത്ത വിധത്തില്‍ സുരക്ഷിതമായി പരന്നൊഴുകാന്‍ ഫ്‌ളഡ്‌ പ്ലേനുകള്‍ നദിക്കു ഇടം കൊടുക്കുന്നു.

 

 

  • ഭൂഗര്‍ഭജലസ്രോതസ്സുകളെ നദിയുമായി ബന്ധപ്പെടുത്തി പുഷ്ടിപ്പെടുത്തുന്നു.

 

 

  • വൃഷ്ടി പ്രദേശങ്ങളില്‍ നിന്നും ഒഴുകിയെത്തുന്ന ഊറലിനെ സ്വീകരിക്കുകയും, വ്യാപിപ്പിക്കുകയും ചെയ്യുന്നു.

 

 

  • കാലവസ്ഥയിലെ ചൂടിനെ ഏറ്റുവാങ്ങുന്നു. അങ്ങിനെ അതിന്‍റെ ആധിക്യം കുറക്കുന്നു.

 

 

  • ഋതുഭേദമനുസരിച്ച് കര്‍ഷകര്‍ക്ക് വിളകളിറക്കാനുള്ള വളക്കൂറുള്ള ഭൂമി നല്കുന്നു. വളരെയധികം

 

 

  • വൈവിദ്ധ്യമാര്‍ന്ന ജീവജാലങ്ങള്‍ക്ക് ആവാസഭൂമിയായിത്തീരുന്നു.

 

 

നദിയുമായി ബന്ധപ്പെട്ട ആവാസവ്യവസ്ഥയുടെ തന്നെ പ്രധാനപ്പെട്ട ഒരുഭാഗം - ഇങ്ങനെയുള്ള ഇടങ്ങള്‍ - സജീവമായതും, നിഷ്‌ക്രിയമായതും - വേണ്ടരീതിയില്‍ സംരക്ഷിക്കപ്പെടേണ്ടതാണ്.

അല്ല എങ്കില്‍ മേല്‍പ്പറഞ്ഞ പ്രയോജനങ്ങളൊന്നും തന്നെ അനുഭവിക്കാനാവുകയില്ല. അതുമാത്രമല്ല, വിപരീത ഫലങ്ങള്‍ ജനജീവിതത്തെ കഷ്ടപ്പെടുത്തുകയും ചെയ്യും. ജനവാസഭൂമി വെള്ളപ്പൊക്കത്തിലാണ്ടുപോകും. ഭൂഗര്‍ഭജലസ്രോതസ്സുകള്‍ വറ്റിവരളും. ശരാശരി താപനിലയില്‍ വര്‍ദ്ധനവുണ്ടാകും. വളക്കൂറുള്ള മേല്‍മണ്ണ് കടലിലേക്കൊഴുകിപ്പോകും. അത് ഭൂമിയില്‍ പതിഞ്ഞുകിടക്കുകയില്ല. കാലഭേദമനുസരിച്ച് വിളകളിറക്കാന്‍ സാധിക്കാതെയാവും. ഫ്‌ളഡ്‌പ്ലേനുകളില്‍ കാണപ്പെടുന്ന അനവധി ജീവജാലങ്ങളും ക്രമേണ ഇല്ലാതെയാവും.