പൗരാണിക യോഗയെ അതിന്‍റെ പരിശുദ്ധഭാവത്തില്‍ തിരിച്ചു കൊണ്ടു വരാനാണ് ഈശാ ഫൗണ്ടേഷന്‍റെ ശ്രമം. സ്റ്റുഡിയോ യോഗയോ, പുസ്തക യോഗയോ മറ്റ് പുതിയ പരിഷ്‌ക്കാര യോഗ സമ്പ്രദായങ്ങളോ ഇല്ല. യഥാര്‍ത്ഥ യോഗ ഫലപ്രദമായൊരു ശാസ്ത്രം തന്നെയാണ്. ആത്മസാക്ഷാത്ക്കാരത്തിന്‍റെ ഉന്നത തലങ്ങളിലേക്ക് നയിക്കുന്ന കൃത്യവും അതിസൂക്ഷ്മവുമായ ഒരു ഉപാധിയാണ്.

പൗരാണിക യോഗ സമ്പ്രദായത്തില്‍ ഗുരുശിഷ്യ പാരമ്പര്യം വളരെ പ്രധാനപ്പെട്ടതാണ്. യോഗ പാരമ്പര്യത്തെ കാലാകാലങ്ങളില്‍, സത്ത നഷ്ടമാവാതെ കൈമാറുവാന്‍ അത് ആവശ്യം തന്നെ. ക്ലാസിക്കല്‍ യോഗശാസ്ത്രം വരും തലമുറയ്ക്ക് കൈമാറുവാന്‍ ആവശ്യമായ അനുകൂല അന്തരീക്ഷത്തെക്കുറിച്ച് ഇന്ന് നമുക്കൊന്ന് വിശകലനം ചെയ്യാം. ഒപ്പം, ഭാരതത്തിലെ തന്നെ ഏറ്റവും വലുതെന്ന് പറയാവുന്ന, 82,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ആദിയോഗി ആലയത്തെക്കുറിച്ചും പറയുന്നു.

സദ്ഗുരു: ക്ലാസിക്കല്‍ യോഗയെ അതിന്‍റെ പരിശുദ്ധഭാവത്തില്‍ പുനസ്ഥാപിക്കുക എന്നതാണ് ആദിയോഗി ആലയം പണിതതിന്‍റെ മുഖ്യ ഉദ്ദേശ്യം. പുതിയ കാലത്തെ പരിഷ്‌കരിച്ച യോഗയല്ല ശക്തമാ യൊരു ശാസ്ത്രം തന്നെയായ ക്ലാസിക്കല്‍ യോഗയെക്കുറിച്ചാണ് പറയുന്നത്.

ശാസ്ത്രവികാസത്തിന്‍റെ ആദ്യ അന്‍പത് വര്‍ഷക്കാലം ശാസ്ത്രജ്ഞന്മാര്‍ അടിസ്ഥാനപരമായ ഊര്‍ജ്ജതന്ത്രത്തിലാണ് അവരുടെ ശ്രദ്ധയത്രയും ചിലവഴിച്ചത്. ഇന്ന് നമ്മുടെ പക്കല്‍ ഐ ഫോണുകളും മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളും ഉള്ളത് അതുകൊണ്ടാണ്. ഐഫോണുകള്‍ വിചിത്രമായൊരു സാങ്കേതിക സൂത്രമാണ്! അതിനെ പഴി പറഞ്ഞ് തല്ലിപ്പൊളിക്കുകയൊന്നുമല്ല, സംഗതി ഉപകാരപ്രദം തന്നെ, പക്ഷെ അതൊന്നും ശാസ്ത്രമല്ല. അതിന്‍റെ കണ്ടുപിടുത്തവും ശാസ്ത്രമല്ല. അല്‍പ സ്വല്‍പം സാങ്കേതിക വിദ്യ.

ലോകത്തിന്‍റെ കാര്യമെടുത്താല്‍ ഒരൊറ്റ ശാസ്ത്രമേയുളളൂ, അത് ഊര്‍ജ്ജതന്ത്രമാണ് (ഫിസിക്‌സ്). അടിസ്ഥാനപരമായ ഊര്‍ജ്ജതന്ത്രം (ഫണ്ടമെന്‍റല്‍ ഫിസിക്‌സ്) ആണ് ശരിയായ ശാസ്ത്രം. മറ്റുള്ളവയെല്ലാം ഉപശാഖകള്‍ മാത്രം. എന്നാല്‍ ഇന്ന് എത്ര പേര്‍ അത് പഠിക്കുന്നുണ്ട്? വിരലിലെണ്ണാവുന്നര്‍ മാത്രം. ഒരു മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഫണ്ടമെന്‍റല്‍ ഫിസിക്‌സ് അറിയാവുന്നവര്‍ തീരെ ഇല്ലാതായാല്‍ ശാസ്ത്രലോകത്തു നിന്ന് പുതിയ കണ്ടെത്തലുകളൊന്നും തന്നെ ഉണ്ടാവില്ല. അടിസ്ഥാനപരമായ ശാസ്ത്രജ്ഞാനം തന്നെ നഷ്ടമാവും.

യോഗാഭ്യാസത്തിനും മറ്റും ഉത്തമമായൊരു ഇടം എന്ന നിലയിലാണ് ആദിയോഗി ആലയത്തിന്‍റെ നിര്‍മ്മാണം. അവിടെ പണിയുന്ന ഹാളില്‍ ശ്രദ്ധയോടെ ഒന്ന് ധ്യാനമഗ്നനായി ഇരിക്കുന്ന മാത്രയില്‍ സമസ്ത യോഗസൂത്രങ്ങളും ഉള്ളില്‍ തെളിയത്തക്കവിധം ശക്തമായിരിക്കണം, അതിനകത്തെ ഊര്‍ജ്ജ തരംഗങ്ങള്‍.

യോഗയിലും ഇപ്രകാരം തന്നെ ഒരു ശാസ്ത്രമുണ്ട്. എന്നാല്‍ ഇന്ന് യോഗാശാസ്ത്രത്തില്‍ കാര്യമായ ആത്മസമര്‍പ്പണങ്ങള്‍ ഒന്നും തന്നെയില്ല. നിലവിലുള്ളതിന്‍റെ വിള കൊയ്യാന്‍ മാത്രമാണ് എല്ലാവര്‍ക്കും താല്പര്യം. ഒരു പശുവിനെ പോറ്റിയാല്‍ പാല്‍ കറക്കാം എന്നതാണ് സ്ഥിതി. വന്നുവന്ന് ആളുകള്‍ക്ക് അകിടില്‍ മാത്രമാവും താല്പര്യം. പശുവിലല്ല! പിന്നെങ്ങനെ പശുക്കള്‍ ഉണ്ടാവും? ഉണ്ടാവുക കുറേ പ്ലാസ്റ്റിക് അകിടുകള്‍ മാത്രമാവും, അതില്‍ നിന്നാണെങ്കില്‍ പാല്‍ കിട്ടുകയുമില്ല.

ക്ലാസിക്കല്‍ യോഗയെ ഒന്നു പുനസ്ഥാപിക്കേണ്ടതുണ്ട്. യോഗ യുടെ ഉന്നമനത്തിനായി ജീവിതം തന്നെ സമര്‍പ്പിക്കാന്‍ തയ്യാറുളളവരെ വാര്‍ത്തെടുക്കണം. ചുമ്മാ ശീര്‍ഷാസനം കാണിച്ച് ഇതാണു യോഗ എന്നു പറയുന്നവരെയല്ല. കേവലമായ അഭ്യാസ നിര്‍ദ്ദേശങ്ങള്‍ നല്കിയതു കൊണ്ടു മാത്രം യോഗയുടെ ക്ലാസിക്കല്‍ തലത്തെ തിരിച്ചു കൊണ്ടു വരാനാവില്ല. അതിന് അസാമാന്യ ഊര്‍ജ്ജം തന്നെ വേണം. അതില്ലാതെ യോഗാദ്ധ്യയനം സാധ്യമല്ല. അസാധാരണമായ ഊര്‍ജ്ജം ആവശ്യമാണ്. അതില്ലാതെ യോഗ പഠിപ്പിച്ചാല്‍, അത് യോഗയല്ല. പ്രകടനം മാത്രമാണ്. ലോകമൊന്നാകെ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നതും അതു തന്നെ.

യോഗാഭ്യാസത്തിനും മറ്റും ഉത്തമമായൊരു ഇടം എന്ന നിലയിലാണ് ആദിയോഗി ആലയത്തിന്‍റെ നിര്‍മ്മാണം. അവിടെ പണിയുന്ന ഹാളില്‍ ശ്രദ്ധയോടെ ഒന്ന് ധ്യാനമഗ്നനായി ഇരിക്കുന്ന മാത്രയില്‍ സമസ്ത യോഗസൂത്രങ്ങളും ഉള്ളില്‍ തെളിയത്തക്കവിധം ശക്തമായിരിക്കണം, അതിനകത്തെ ഊര്‍ജ്ജ തരംഗങ്ങള്‍. അതിനായി ഒരു പുസ്തകം പോലും തുറക്കുകയോ ആരെയെങ്കിലും കേട്ടിരിക്കുകയോ വേണ്ടി വരാതെ, കേവലം മനസ്സിനെ അതിലേക്ക് ട്യൂണ്‍ ചെയ്താല്‍ അതവിടെ ഉണ്ടാവണം. ഒരു മാര്‍ഗദര്‍ശിയായി ആരെങ്കിലും വേണമെന്നതു ശരി തന്നെ, പക്ഷേ അയാള്‍ ഒരു കാര്യം പറയവെ, നിങ്ങളുടെ ഊര്‍ജ്ജം അതിനൊപ്പം തന്നെ സ്പന്ദിക്കുന്നില്ലെങ്കില്‍ യോഗയുടെ സത്ത നിങ്ങളിലേക്ക് ഇറങ്ങില്ല. കേവലം യോഗസൂത്രത്തിലെ പാഠങ്ങളും അക്ഷരങ്ങളും മാത്രം മനസ്സില്‍ കിടക്കും. അക്ഷരങ്ങളല്ല യോഗ! നാം വല്ലതിലേക്കും ശ്രദ്ധിക്കുകയാണെങ്കില്‍ അത് നമ്മുടെ ജീവിത വ്യവസ്ഥയുടെ ഭാഗമാവണം. അല്ലാത്തപക്ഷം അതു യോഗയല്ല. ഇതൊക്കെ നടപ്പാക്കണമെങ്കില്‍ ആദ്യം അതിന് അനുയോജ്യമായ മികച്ച ഒരു സങ്കേതം വേണം.

നാളെ നമ്മള്‍ ഈ ഭൂമുഖത്ത് ഇല്ലെങ്കിലും, യോഗ പഠിപ്പിക്കുവാന്‍ പറ്റിയ ഒരു ഇടം ഇവിടെ ബാക്കിയുണ്ടാവണം. ഒരു പക്ഷേ അവിടെ ഒരു ഗുരു ഇല്ലായിരിക്കാം, ഒരു അദ്ധ്യാപകന്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. അദ്ധ്യാപകന്‍ ഇവിടെ നില്‍ക്കേണ്ട താമസം, അവര്‍ക്കു പോലും അറിയാത്ത വിഷയങ്ങള്‍ അവരില്‍ നിന്ന് പ്രസരിക്കണം. പുതിയ കാര്യങ്ങളെ സംവേദനം ചെയ്യണം. പുതിയ കാര്യങ്ങള്‍ പറയണം. അവര്‍ക്കു പോലും അറിയാതിരുന്ന കാര്യങ്ങളെക്കുറിച്ച്, എങ്കിലേ നമുക്ക് യോഗയെ കൈമാറാന്‍ പറ്റൂ.