सद्गुरु

അന്വേഷി : ഈ വ്യക്തിത്വം എന്നു പറയുന്നതെന്താണ്? ഈ കടമ്പ കടന്നപ്പുറത്ത് എങ്ങിനെ പോകാനാകും?

 

സദ്ഗുരു : ശുക മഹര്‍ഷിയെക്കുറിച്ച്‌ നിങ്ങള്‍ കേട്ടിട്ടുണ്ടോ? വ്യാസ മഹര്‍ഷിയുടെ പുത്രനായ അദ്ദേഹം പാപം ലേശം തീണ്ടാത്ത പരിശുദ്ധാത്മാവായിരുന്നു. ഏതു സമയത്തും മാറാവുന്ന ഒരു സൌരഭ്യം അദ്ദേഹത്തിന്‍റെ വ്യക്തി പ്രഭാവത്തിലുണ്ടായിരുന്നു. ഈ വ്യക്തിത്വം പ്രത്യേകമായ ഒരു ‘സ്വാദും പറയാനാവാത്ത സ്വാദു’പോലെയാണ്‌. അത്‌ രുചിയില്ലായ്‌മയല്ല, അരോചകവുമല്ല. അതിന്‌ തനതായ ഒരു ഗുണമുണ്ട്‌. അദ്ദേഹത്തിന്‍റെ ജീവിതത്തിലെ ഒരു സംഭവം പറയാം.

ശുക മഹര്‍ഷി ഒരു ദിവസം വനത്തിലൂടെ നഗ്നനായി നടന്നുപോകുകയായിരുന്നു. അദ്ദേഹം സഞ്ചരിച്ചിരുന്നത്‌ ജലകന്യകമാര്‍ കുളിച്ചുകൊണ്ടിരുന്ന ഒരു ജലാശയത്തിനടുത്തുകൂടിയായിരുന്നു. വനത്തില്‍ വേറെ ആരുമില്ല എന്ന ബോധ്യമുള്ളതിനാല്‍ കന്യകമാര്‍ നഗ്നരായിട്ടാണ്‌ കുളിക്കുകയും ജലക്രീഡകളില്‍ ഏര്‍പ്പെടുകയും ചെയ്‌തിരുന്നത്‌. തടാകത്തിനടുത്തെത്തിയപ്പോള്‍ ശുകന്‍ അവരെ നോക്കിയിട്ടു നടന്നു പോയി. അവരെ നോക്കിക്കൊണ്ടാണ്‌ അദ്ദേഹം നടന്നുപോയതെങ്കിലും അവര്‍ക്കതില്‍ ലജ്ജ തോന്നാത്തതിനാല്‍ നാണം മറയ്ക്കാന്‍ ശ്രമിക്കാതെ തങ്ങളുടെ കളി തുടര്‍ന്നു. ശുകന്‍ തന്‍റെ വഴിയ്ക്ക്‌ നടന്നുനീങ്ങുകയും ചെയ്തു.

ഈ സമയത്ത്‌ ശുകനെ അമ്പേഷിച്ച്‌ അദ്ദേഹത്തിന്‍റെ പിതാവ്‌ വ്യാസമഹര്‍ഷി അതുവഴി വന്നു. മഹാമുനിയായ വ്യാസന്‌ പ്രായം എഴുപതിലേറെയായിരുന്നു. ശുകന്‍ അതു വഴി നടന്നുപോകുന്നത്‌ അദ്ദേഹം കണ്ടിരുന്നു. ശുകനെ പിന്‍തുടര്‍ന്നു വന്ന അദ്ദേഹവും തടാകത്തിന്‍റെ കരയിലെത്തി. അദ്ദേഹത്തെ കണ്ട ഉടനെ കന്യകമാര്‍ തങ്ങളുടെ വസ്‌ത്രങ്ങള്‍ എടുക്കാനായി ഓടി. ചെറുപ്പക്കാരനായ ശുകന്‍ പൂര്‍ണ നഗ്നനായിരുന്നിട്ടും അവര്‍ക്കു ലജ്ജ തോന്നിയിരുന്നില്ല. അവരെല്ലാം നഗ്നരായിരുന്നിട്ടുകൂടി അവര്‍ക്ക്‌ പരിഭ്രമം തോന്നിയില്ല, എന്നാല്‍ വൃദ്ധനായ വ്യാസന്‍ പൂര്‍ണമായി വസ്‌ത്രം ധരിച്ചിരുന്നിട്ടുകൂടി, അവര്‍ അദ്ദേഹത്തെ കണ്ടപ്പോള്‍ ധൃതിയില്‍ തങ്ങളുടെ വസ്‌ത്രങ്ങള്‍ എടുക്കാനോടി.

ജിജ്ഞാസുവായ വ്യാസന്‍ അവരുടെ അടുത്തെത്തി ചോദിച്ചു, ``ഞാന്‍ വൃദ്ധനാണ്‌, ശരിയായി വസ്‌ത്രം ധരിച്ചിട്ടുണ്ട്‌, എന്നാല്‍ എന്‍റെ മകനായ ശുകന്‍ ചെറുപ്പമാണ്‌, പൂര്‍ണ നഗ്നനുമാണ്‌. അവന്‍ നിങ്ങളുടെ അടുത്തുവന്നപ്പോള്‍ നിങ്ങള്‍ക്ക്‌ യാതൊരു ബുദ്ധിമുട്ടും തോന്നിയില്ല, മറിച്ച്‌ ഞാന്‍ വന്നപ്പോള്‍ നിങ്ങള്‍ പരിഭ്രാന്തരായി. എന്താണ്‌ ഇതിന്‌ കാരണം?”

ലോകത്തെ എല്ലാ ദുര്‍ഗന്ധങ്ങള്‍ക്കും കാരണം വ്യക്തിത്വങ്ങളാണ്‌. ഓരോരുത്തര്‍ക്കും അവരവരുടെ വ്യക്തിത്വത്തിന്‍റെ ദുര്‍ഗന്ധമുണ്ട്‌. ഇതാണ്‌ ലോകത്തിള്‍ കുമിച്ചു കൂടുന്ന ദുര്‍ഗന്ധങ്ങള്‍ക്കെല്ലാം കാരണം.

അവര്‍ പറഞ്ഞു, "ശുകന്‌ ഒരു ലൈംഗികതയുമില്ല. ഞങ്ങള്‍ക്കൊന്നും തോന്നിയതുമില്ല. അയാള്‍ ഒരു കുട്ടിയെപ്പോലെയാണ്‌, എന്നാല്‍ അങ്ങ്‌ എഴുപതു വയസ്സുള്ള വൃദ്ധനാണെങ്കിലും, ഇപ്പോഴും ലൈംഗികത നിലനില്‍ക്കുന്നു.”

ഏതൊരുവന്‍ കഴിഞ്ഞുപോയ നിമിഷങ്ങളെ ഈ നിമിഷത്തില്‍ നിന്നു പൂര്‍ണമായി ഒഴിവാക്കുന്നുവോ, അയാള്‍ എല്ലാറ്റില്‍നിന്നും മുക്തി നേടുന്നു. ഈ സ്വഭാവ വൈശിഷ്‌ട്യം എവിടെപ്പോയാലും അവനില്‍ എടുത്തുകാണിക്കും. നിങ്ങള്‍ അങ്ങിനെയാണ് എങ്കില്‍, കണ്ടുമുട്ടി നിമിഷങ്ങള്‍ക്കകം മറ്റുള്ളവര്‍ നിങ്ങളില്‍ ഉറച്ച വിശ്വാസം അര്‍പ്പിക്കുന്നു. സ്വന്തം അച്ഛനമ്മമാരോടൊ, ഭര്‍ത്താവിനോടോ, ഭാര്യയോടോ തോന്നാത്ത ഈ വിശ്വാസം നിങ്ങളോട്‌ തോന്നാന്‍ കാരണം ഭൂതകാലത്തിന്‍റെ വിഴുപ്പ്‌ നിങ്ങള്‍ ചുമക്കുന്നില്ല എന്നതുകൊണ്ടാണ്‌. നിങ്ങള്‍ അത്‌ ചുമക്കുകയാണെങ്കില്‍ മറ്റുള്ളവരെപ്പോലെ നിങ്ങളും നാറും.

ലോകത്തെ എല്ലാ ദുര്‍ഗന്ധങ്ങള്‍ക്കും കാരണം വ്യക്തിത്വങ്ങളാണ്‌. ഓരോരുത്തര്‍ക്കും അവരവരുടെ വ്യക്തിത്വത്തിന്‍റെ ദുര്‍ഗന്ധമുണ്ട്‌. ഇതാണ്‌ ലോകത്തിള്‍ കുമിച്ചു കൂടുന്ന ദുര്‍ഗന്ധങ്ങള്‍ക്കെല്ലാം കാരണം. ഈ വ്യക്തിത്വങ്ങള്‍ തമ്മില്‍ എപ്പോഴും കലഹിച്ചുകൊണ്ടിരിക്കും. ഈ ദുര്‍ഗന്ധം വഹിക്കാത്തവര്‍ക്കാണെങ്കിലോ, ഈ സംസാരസാഗരം കടക്കാനാവുന്നു. അത്തരത്തിലുള്ള ഒരാള്‍ യാതൊരുവിധ ബുദ്ധിമുട്ടുകളുമില്ലാതെ ഈ ലോകത്തുനിന്നും അപ്പുറം കടക്കുക മാത്രമല്ല, ജനിമൃതികളുടെ ദുസ്സഹമായ ആവര്‍ത്തനത്തില്‍നിന്നു മുക്തിയും നേടും. അനായാസം അയാള്‍ സംസാരസാഗരം തരണം ചെയ്യും. മറ്റുള്ളവര്‍ക്ക്‌ അസാധ്യമെന്ന്‍ തോന്നുന്ന കാര്യം ഇയാള്‍ക്ക്‌ ഒരു ബുദ്ധിമുട്ടുമില്ലാതെ സാധ്യമാവുന്നു. സാധാരണഗതിയില്‍ തന്നെ എല്ലാം സംഭവിക്കുന്നു.

നിങ്ങളുടെ കോപവും വെറുപ്പും അസൂയയും ഭയവുമെല്ലാം ഭൂതകാലത്തില്‍ അധിഷ്‌ഠിതമാണ്‌. ഭൂതവും ഭാവിയും ചുമലിലേക്കുന്ന നിങ്ങള്‍ കഴുതയെപ്പോലെയാണ്‌; യഥാര്‍ത്ഥത്തില്‍ കഴുതയാകുകയാണ്‌, കാരണം അത്തരത്തിലുള്ള ചുമടാണ് നിങ്ങളേറ്റി നടക്കുന്നത്. ആ ഭാരവും ചുമന്നുകൊണ്ട് ‌ ഒരാള്‍ക്കും ഒരു പ്രായോഗികമായ ജീവിതം നയിക്കാനാവില്ല. ഈ സന്ദേശം വഹിക്കുന്നതിന്‌ ഏറെ സ്‌നേഹവും അനുകമ്പയും വേണ്ടതായിട്ടുണ്ട്. നിങ്ങളങ്ങിനെയാണെന്നു നിങ്ങള്‍ക്കു വേണമെങ്കില്‍ ഭാവിക്കാം, എങ്കിലും ഭാരമേറിയ മനസ്സില്‍ നിന്നു കാരുണ്യം പ്രകാശിക്കുകയില്ല. ഭാരങ്ങളെല്ലാം ഒഴിഞ്ഞ്‌ ഒന്നും ഒരു പ്രശ്‌നമല്ലാതാവുന്ന സ്ഥിതിവിശേഷം വരുമ്പോള്‍ മാത്രമേ കാരുണ്യത്തിന്‍റെ പ്രകാശം നിങ്ങളില്‍നിന്നു പുറത്തേയ്ക്കൊഴുകുകയുള്ളു.

ഇനി, ‘സ്‌നേഹം’ എന്ന്‍ നിങ്ങള്‍ കരുതുന്ന വികാരംതന്നെ നിങ്ങള്‍ക്കൊരു വലിയ ഭാരമാണ്‌. നിങ്ങള്‍ സ്‌നേഹം എന്നു വിളിക്കുന്നത്‌, നിങ്ങളുടെ ആവശ്യങ്ങളും അത്യാഗ്രഹങ്ങളും, വ്യാജ സ്‌നേഹംകൊണ്ട് ‌ ആവരണം ചെയ്‌തു പ്രകടമാക്കിയിരിക്കുന്നതിനെയാണ്‌, എന്നാല്‍ അതിനെ സ്‌നേഹമെന്നു പറയാനാവില്ല. അത്‌ കാര്യസാധ്യത്തിനുള്ള സ്‌നേഹമാണ്‌. സത്യത്തിലുള്ള സ്‌നേഹവും കാരുണ്യവും അനുഭവിക്കണമെങ്കില്‍ യാതൊരു ഭാരങ്ങളും പേറാതെ, സംശുദ്ധനായി ഈ നിമിഷത്തില്‍ ജീവിക്കണം. നിങ്ങളുടെ വ്യക്തിത്വവും ചുമന്നു നടക്കുകയാണെങ്കില്‍ ഒരുകാലത്തും അത്‌ സാധ്യമാവില്ല.

‘സ്‌നേഹം’ എന്ന്‍ നിങ്ങള്‍ കരുതുന്ന വികാരംതന്നെ നിങ്ങള്‍ക്കൊരു വലിയ ഭാരമാണ്‌. നിങ്ങള്‍ സ്‌നേഹം എന്നു വിളിക്കുന്നത്‌, നിങ്ങളുടെ ആവശ്യങ്ങളും അത്യാഗ്രഹങ്ങളും, വ്യാജ സ്‌നേഹംകൊണ്ട് ‌ ആവരണം ചെയ്‌തു പ്രകടമാക്കിയിരിക്കുന്നതിനെയാണ്‌, എന്നാല്‍ അതിനെ സ്‌നേഹമെന്നു പറയാനാവില്ല.

ജീവിതത്തില്‍ എന്തിനോടെങ്കിലുമോ ആരോടെങ്കിലുമോ കാരുണ്യം തോന്നിയ അപൂര്‍വ്വം ചില നിമിഷങ്ങള്‍ ഉണ്ടായിരുന്നിരിക്കാം. ആ നിമിഷങ്ങളില്‍ നിങ്ങള്‍ ആരാണെന്നോ എന്താണെന്നോ നിങ്ങളുടെ വ്യക്തിത്വമെന്താണെന്നോ ഒന്നും നിങ്ങളിലുണ്ടായിരുന്നില്ല; നിങ്ങളും, ആ നിമിഷവും മാത്രം!