सद्गुरु

ഭാരതീയരെ സംബന്ധിച്ചടത്തോളം, നാം എന്തുതന്നെ ചെയ്താലും,  വ്യാപാരമോ വ്യവസായമോ നടത്തിയാലും, കുടുംബം സംരക്ഷിച്ചാലും, അത് മുക്തിയിലേക്കുള്ള മാർഗമാണ്.

ശിവന്റെ സുപ്രധാനമായ ഭാവം നടേശന്റേതാണ് - എല്ലാ കലകളുടെയും ഉപജ്ഞാതാവ്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭൗതികശാസ്ത്ര പരീക്ഷണശാലകളിൽ ഒന്നായ സ്വിറ്റസർലണ്ടിലെ സി ഇ ആർ എൻ ലബോറട്ടറിയുടെ പ്രവേശന കവാടത്തിൽ നടരാജന്റെ ഒരു പ്രതിമ നമുക്ക് കാണാം. അവർ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തിയോട് അടുത്തു നിൽക്കുന്ന വേറെ ഒന്നും മനുഷ്യ സംസ്കാരത്തിൽ ഇല്ല എന്ന് അവർ മനസ്സിലാക്കിയതുകൊണ്ടാണ് ആ പ്രതിമ അവിടെ സ്ഥാപിച്ചത്.

മനുഷ്യ ശരീരത്തിന് സാധ്യമായ എൺപത്തിനാലായിരം നിലപാടുകളാണ് ശിവൻ ആദ്യം അവതരിപ്പിച്ചത്. അവയിൽ നിന്നും എൺപത്തിനാലെണ്ണം പിന്നീട് യോഗാസനങ്ങളായി പരിചയപ്പെടുത്തി. ഇവയ്ക്കെല്ലാം അദ്ദേഹം കൂടുതൽ ഭാവാത്മകമായ രൂപങ്ങൾ നൽകി. ബോധപൂർവമായ ഒരു പ്രക്രിയയായി ഇത് അനുഷ്ഠിക്കുമ്പോൾ ഇതിനെ ആസനങ്ങൾ എന്ന് വിളിക്കുന്നു. കാവ്യാത്മകമായ സൗന്ദര്യത്തോടെ ഇത് അനുഷ്ഠിക്കുമ്പോൾ ഇതിനെ ശാസ്ത്രീയ നൃത്തം എന്ന് പറയുന്നു. ശരീരത്തിന് അനുഷ്ഠിക്കാവുന്ന ക്രിയകളെ കുറിച്ചും, ആ സമയത്ത് എന്തെല്ലാം സംഭവിക്കുന്നു എന്നും അദ്ദേഹം മനസ്സിലാക്കി. അതിനുശേഷം അദ്ദേഹം സ്വയം മറന്നു നൃത്തം ചെയ്തു. അതിന്റെ ഒരംശം മനസ്സിലാക്കിയവർ അതിനെ ഒരു പ്രക്രിയയായി ചിട്ടപ്പെടുത്തുവാൻ ശ്രമിച്ചു.

നമ്മുടെ ജീവിതത്തിന്റെ ശാസ്ത്രമാണ് ശിവൻ വ്യാഖ്യാനിച്ചത്.

ശാസ്ത്രമെന്തെന്നും, സാങ്കേതികവിദ്യ എന്തെന്നും നാം മനസ്സിലാകേണ്ടതുണ്ട്. നമ്മുടെ ജീവിതത്തിന്റെ ശാസ്ത്രമാണ് ശിവൻ വ്യാഖ്യാനിച്ചത്. പക്ഷെ അതിന്റെ സാങ്കേതിക വിദ്യ പലതരത്തിൽ സംഭവിച്ചിട്ടുണ്ട്. നന്നായി ജീവിക്കുന്നതിനെ കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം ലോകം പൗരസ്ത്യ ദേശങ്ങളിലേക്കാണ് ശ്രദ്ധ തിരിച്ചിട്ടുള്ളത്. ഈ ഭൂവിഭാഗത്തെ സാധ്യതകളുടെ രംഗമായിട്ടാണ് മനുഷ്യൻ എന്നും കണ്ടിട്ടുള്ളത്. ഒരു സംസ്കാരത്തെ ആകമാനം ആത്മീയതയിലേക്ക് എത്തിക്കുവാൻ മാനവരാശി നടത്തിയ പരീക്ഷണത്തിന്റെ കാഴ്ചയാണ് ഇവിടെ കാണുന്നത്. നിങ്ങൾ എന്തുതന്നെ ചെയ്താലും, നിങ്ങളുടെ വ്യാപാരമോ വ്യവസായമോ നടത്തിയാലും, കുടുംബം സംരക്ഷിച്ചാലും, വേറെ എന്തുതന്നെ ചെയ്താലും, അത് മുക്തിയിലേക്കുള്ള മാർഗമാണ്. അന്തിമ മോക്ഷം മാത്രമാണ് ഒരേയൊരു ലക്‌ഷ്യം.

ഭാരതീയ കലകൾ വളരെ ശ്രദ്ധാപൂർവം വികസിപ്പിച്ചെടുത്ത പ്രക്രിയകളാണ്. മനുഷ്യ കായവ്യൂഹത്തിന്റെ പ്രവർത്തനത്തെ സംബന്ധിച്ച ശാസ്ത്രത്തെ മനസ്സിലാക്കി, അതിനെ പരമോന്നത തലത്തിൽ എങ്ങിനെ എത്തിക്കാമെന്ന പഠനത്തോടുകൂടി സൃഷ്ടിച്ചതാണത്. സംഗീതവും നൃത്തവും വിനോദത്തിനുള്ളതായിരുന്നില്ല. അവ ആത്മീയ ചര്യകളായിരുന്നു.

ഭാരതീയ ശാസ്ത്രീയ നൃത്തത്തിലെ മുദ്രകളും അംഗവിന്യാസങ്ങളും ശരിയായ രീതിയിൽ അഭ്യസിച്ചാൽ അവ ധ്യാനാത്മകമായ ഒരു അവസ്ഥയിലേക്ക് നയിക്കും. അതുപോലെ തന്നെ ഭാരതീയ ശാസ്ത്രീയ സംഗീതത്തിൽ ലയിച്ചിരിക്കുന്ന ഒരാളെ ശ്രദ്ധിക്കുമ്പോൾ അയാൾ ഋഷി തുല്യനായതായി കാണാം.

സംഗീതവും നൃത്തവും വിനോദത്തിനുള്ളതായിരുന്നില്ല. അവ ആത്മീയ ചര്യകളായിരുന്നു

ശബ്ദങ്ങളെ ഒരു പ്രത്യേക വിധത്തിൽ ക്രമീകരിക്കുമ്പോൾ അതിനു ഒരു പ്രത്യേക സ്വാധീനം ഉണ്ടാകുന്നുണ്ട് എന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. ശബ്ദക്രമങ്ങളെ ശരിയായി ഉപയോഗപ്പെടുത്തിയാൽ അത് നിങ്ങൾക്കുള്ളിലും ചുറ്റുപാടിലും ശ്രദ്ധേയമായ മാറ്റങ്ങൾ വരുത്തും. ഭൗതിക അസ്തിത്വത്തെ ശബ്ദങ്ങളുടെ പ്രകമ്പനത്തിന്റെ ഒരു സങ്കീർണ്ണ സമ്മിശ്രണമായി കണക്കാക്കാവുന്നതാണ് എന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. അതുകൊണ്ട് നമ്മൾ സംഗീതത്തെ ആസ്വാദനത്തിനുമാത്രമല്ല ഉപയോഗിച്ചത്, ആളുകളെ ലയിപ്പിക്കുവാനാണ് അതിനെ ഉപയോഗിച്ചത്. ആസ്വാദനം ജീവിതത്തിന്റെ ഭാവമായിരുന്നില്ല. എല്ലാം - ഇരിക്കുന്നതും, നിൽക്കുന്നതും, ഭക്ഷണം കഴിക്കുന്നതും - സാധനയുടെ ഭാഗമായിരുന്നു - ബോധതലത്തിന്റെ ഉന്നത അവസ്ഥയെ പ്രാപിക്കുവാനുള്ള ഉപകരണമായിരുന്നു.

പണ്ടുകാലത്ത് ശാസ്ത്രീയ കലകൾ ഈ രാജ്യത്ത് തഴച്ചു വളർന്നിരുന്നു. ദൗർഭാഗ്യവശാൽ കഴിഞ്ഞ കുറച്ചു നൂറ്റാണ്ടുകളായി നാം അവയെ നശിക്കുവാൻ അനുവദിച്ചു. അവയെ പുനർജനിപ്പിക്കേണ്ട സമയമായി ഈശ ഫൗണ്ടേഷൻ എല്ലാ കൊല്ലവും യക്ഷ സംഗീത ഉത്സവം സംഘടിപ്പിക്കുന്നുണ്ട്. അവിടെ കലാകാരന്മാർക്ക് തങ്ങളുടെ കഴിവുകൾ പ്രദര്‍ശിപ്പിക്കുവാനുള്ള അവസരം ലഭിക്കുന്നുണ്ട്. ഇത് ഒരു സ്ഥാപനത്തിൽ മാത്രമാകരുത്; കൂടുതൽ വ്യാപകമായി ഇത് നടത്തേണ്ടതാണ്. ഇത്തരം അദ്ഭുതകരമായ കലകളെ പുനരുജ്ജീവിപ്പിക്കാൻ നാം കുറച്ചു സമയവും പ്രയത്നവും ചിലവഴിക്കേണ്ടതാണ്.

എഡിറ്റരുടെ കുറിപ്പ് : ഈ വരുന്ന ഫെബ്രുവരി ഇരുപത്തിനാലാം തിയ്യതി(24-2-2017) ഈഷ യോഗ സെന്‍റെറിൽ പതിവുപോലെ മഹാശിവരാത്രി വിപുലമായ രീതിയില്‍ ആഘോഷിക്കാനും, യോഗിയും മിസ്റ്റിക്കും പദ്മവിഭൂഷൺ ജേതാവും ന്യൂയോർക്ക് ടൈംസിന്‍റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങളുടെ ഗ്രന്ഥകർത്താക്കളുടെ പട്ടികയിൽ പെടുന്ന വ്യക്തിയുമായ സദ്ഗുരുവിന്റെ കാര്‍മ്മികത്വത്തില്‍ യോഗേശ്വര്‍ ലിംഗയുടെ പ്രതിഷ്ടാകര്‍മ്മം നിര്‍വ്വഹിക്കാനും ആദിയോഗി ശിവന്‍റെ ഉത്തുംഗമായ വിഗ്രഹത്തിന്‍റെ അനാച്ഛാദനം നിര്‍വ്വഹിക്കാനും തീരുമാനിച്ചിരിക്കുന്നു.