സദ്ഗുരു:ജീവിതം ദുരിതമാണോ നിര്‍വൃതിയാണോ? എന്നോട് ഒരാള്‍ ചോദിച്ചു, ഞാന്‍ പറഞ്ഞു, നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാന്‍ സാധിക്കുമായിരുന്നെങ്കില്‍, നിങ്ങള്‍ എന്ത് തിരഞ്ഞെടുക്കും?

എല്ലാവരും ഏറ്റവും ഉയര്‍ന്ന തരത്തിലുള്ള പ്രസന്നതയാണ് എപ്പോഴും തിരഞ്ഞെടുക്കുക. എന്നിട്ടും നാം നമ്മെത്തന്നെ ദുരിതം നിര്‍മ്മിക്കുന്ന യന്ത്രങ്ങളാക്കി തീര്‍ത്തിരിക്കുന്നു. നമ്മുടെ മാനസിക ഘടനക്കുള്ളില്‍ നാം സൃഷ്ടിയെ രണ്ടായി മുറിച്ചതാണ് ഇതിനു കാരണം. ഒരിക്കല്‍ നിങ്ങള്‍ സൃഷ്ടിയെ നല്ലത്, മോശം, അംഗീകരിക്കുക, തിരസ്കരിക്കുക എന്നിങ്ങനെ വേറിട്ടതാക്കിയാല്‍, നിങ്ങള്‍ നിര്‍വൃതിയുടെ സാധ്യതയെ നഷ്ടപ്പെടുത്തിയിരിക്കുന്നു.

ഇത് കൊണ്ടാണ് ശിവന്‍ എന്നത് ഇന്നത്തെ സമയത്ത് വളരെ ശക്തമായ ഒരു പദമായി മാറുന്നത്. ഒരു യോഗി എന്ന നിലയില്‍ അദ്ദേഹം ഈ മൂന്നു അടിസ്ഥാന ഗുണങ്ങളെ പ്രതിനിധാനം ചെയ്യുന്നു, നിശ്ചലത, ചൈതന്യം, ഉന്മത്തത. എല്ലാ സൃഷ്ടിയുടേയും പിന്നിലുള്ള അടിസ്ഥാന തത്വം ഇതാണ്. ഇവയില്ലാതെ മനുഷ്യജീവിതം എന്നത് നിരന്തരമായ പോരാട്ടമാണ്.

ആധുനിക ശാസ്ത്രവും, യോഗ പാരമ്പര്യവും പ്രപഞ്ചത്തിന്റെ കാമ്പ് എന്നത് നിശ്ചലതയാണ് എന്ന കാര്യത്തില്‍ യോജിക്കുന്നു. ബിഗ്‌ ബാങ്ങും പൊട്ടിതെറിക്കുന്ന ക്ഷീരപഥങ്ങളും നമുക്കറിയാമെങ്കിലും, പ്രപഞ്ചത്തിന്റെ വലിയൊരു ഭാഗം നിശ്ചലമായി നിലനില്‍ക്കുന്നു. ഈ നിശ്ചലത, യോഗയുടെ ഭാഷയില്‍, ശി-വ, അല്ലെങ്കില്‍ "എന്താണോ ഇല്ലാത്തത്" എന്നതാണ്. ഇത് സൃഷ്ടിയുടെ സ്രോതസ്സ് തന്നെയാണ്, അണുവിന്റെയും പ്രപഞ്ചത്തിന്റെയും അടിസ്ഥാനം. മനുഷ്യര്‍ക്ക് മാനസികവും ശാരീരികവുമായ തലങ്ങള്‍ക്കപ്പുറം ജീവിതത്തെ അറിയണമെങ്കില്‍, അവര്‍ നിശ്ചലരാകണം എന്നത് അത്യാവശ്യമാണ്.

ഈ നിശ്ചലതയില്‍ നിന്നും പ്രപഞ്ചത്തെ പ്രത്യക്ഷമാകാന്‍ അനുവദിക്കുന്ന തരത്തിലുള്ള ഒരു ചലനാത്മകത ഉയര്‍ന്നു വരുന്നു. സൃഷ്ടിയുടെ സമ്പന്നതയ്ക്ക് കാരണമിതാണ്. ഈ ചൈതന്യം നമ്മെ ജീവിതത്തില്‍ നിമഗ്നരാകാനും, സൃഷ്ടിയുമായി ക്രയവിക്രയം ചെയ്യാനും അനുവദിക്കുന്നു. മനുഷ്യശരീരം ഓരോ നിമിഷത്തിലും മരണത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്, മനസ്സ് കൂടുതല്‍ തീവ്രമാകുന്ന വിഭ്രാന്തിയിലേക്കും. ചൈതന്യമില്ലാതെ, മനുഷ്യജീവിതം തീര്‍ത്തും അസംഭവ്യമാണ്.

എന്നിരുന്നാലും, ആയുക്തികരവും വിരുദ്ധവും എന്നു തോന്നുന്നതായ സൃഷ്ടിയുടെ പ്രകൃതവുമായി ഇടപെടാന്‍ നമുക്ക് ഉന്മത്തത എന്ന സ്‌നിഗ്‌ദ്ധത വേണം. ഈ ഉന്മത്തത ശിവനെ ഭ്രമിപ്പിക്കുന്ന ഒരു മിശ്രണമാക്കുന്നു. അദ്ദേഹം ഒരു തപസ്വിയും നര്‍ത്തകനുമാണ്, ഒരു യോഗിയും ഗൃഹസ്ഥനുമാണ്. ഉന്മത്തതയാണ് അദ്ദേഹത്തെ തീവ്രമായി ഇടപെടാനും വൈരാഗിയാകാനും പ്രാപ്തനാക്കുന്നത് - ജീവിതവുമായി ആഴത്തില്‍ ഇടപെടുന്നു, എന്നിരുന്നാലും അതില്‍ സ്പര്‍ശനത്തില്‍ നിന്നും മുക്തനുമാണ്.

ഐതിഹ്യം ശിവനെ വര്‍ണ്ണിക്കുന്നത് ശാശ്വതമായ ഉന്മത്തതയിലായാണ്. എന്നാല്‍ ശിവന്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നില്ല. അദ്ദേഹമാണ് കഞ്ചാവ്, ഉന്മത്തതയുടെ സ്രോതസ്സ്.

പണ്ടു മുതല്‍ തന്നെ നാം ഉന്മത്തതയെ പല രീതിയില്‍ തേടിയിട്ടുണ്ട്. ചിലര്‍ അത് സ്നേഹത്തിലൂടെ തേടുന്നു. മറ്റു ചിലര്‍ മദ്യവും മറ്റു പദാര്‍ത്ഥങ്ങളും ഉപയോഗിക്കുന്നു. ഉന്മത്തത അടിസ്ഥാനപരമായി ഘര്‍ഷണം കുറയ്ക്കാനുള്ള ഒരുപാധിയാണ്. അത് നമ്മുടെ ലോകവുമായുള്ള ഇടപെടലിന് സ്‌നിഗ്‌ദ്ധത കൊണ്ടു വരുന്നു. കലഹത്തിന്റെ ഭയം കൊണ്ടു നമ്മുടെ ഇടപെടലുകള്‍ കുറയ്ക്കുന്നതിന് പകരം നമ്മുടെയുള്ളില്‍ വഴക്കം കൊണ്ടു വന്ന് നമ്മെ ജീവിതവുമായി കളിയ്ക്കാന്‍ പ്രാപ്തരാക്കുന്നു.

രാസവസ്തുക്കള്‍ കൊണ്ടുള്ള ഉന്മത്തത കൊണ്ടുള്ള ഒരേയൊരു പ്രശ്നം അത് നമ്മെ അശക്തരാക്കുന്നു എന്നതാണ്. എന്നിരുന്നാലും നമ്മുടെ ഉള്ളിലുള്ള ഉന്മത്തതയുടെ സ്രോതസ്സിനെ കണ്ടെത്താനായാല്‍, നമ്മുടെ ശാരീരികവും മാനസികവുമായ ജീവിതം വളരെ അയത്നകരമായിത്തീരും. നമ്മുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം തന്നെ നമ്മെ പൂര്‍ണ്ണമായ നിര്‍വൃതിയില്‍ ആഴ്ത്തുകയും ചെയ്യുന്നു. ഐതിഹ്യം ശിവനെ വര്‍ണ്ണിക്കുന്നത് ശാശ്വതമായ ഉന്മത്തതയിലായാണ്. എന്നാല്‍ ശിവന്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നില്ല. അദ്ദേഹമാണ് കഞ്ചാവ്, ഉന്മത്തതയുടെ സ്രോതസ്സ്.

ഈ ഗുണങ്ങള്‍ എങ്ങനെ നമുക്ക് അവബോധത്തോടെ നമ്മുടെ ജീവിതത്തില്‍ കൊണ്ടു വരാന്‍ സാധിക്കും? മഹാശിവരാത്രി പൂര്‍ണ്ണമായ ഒരു മനുഷ്യനായി വിടരാനുള്ള നല്ലൊരു സമയമാണ്. നിങ്ങള്‍ ഈ ലളിതമായ അഭ്യാസം ഒന്നു ചെയ്തു നോക്കൂ. പകല്‍ സമയത്ത് നിശ്ചലതയും, മൗനവും നിങ്ങളുടെ ജീവിതത്തില്‍ കൊണ്ടു വരാന്‍ ശ്രമിക്കുക. സൂര്യാസ്തമയത്തിനു ശേഷം, ചൈതന്യത്തിലേക്കും നൃത്തത്തിലേക്കും പോവുക. നിങ്ങള്‍ രാത്രി മുഴുവന്‍ ഉറങ്ങാതിരുന്നാല്‍, പകല്‍ സമയത്ത് നിശ്ചലനായ ശേഷം, നിങ്ങളുടെ സത്തയിലേക്ക് സ്വാഭാവികമായി ഉന്മത്തത കടന്നു വരുന്നത് നിങ്ങള്‍ക്ക് കാണാനാകും.

ശിവന്‍ പ്രവേശിച്ചു കഴിഞ്ഞ ഒരാള്‍ക്ക് തേടാന്‍ ഒന്നും തന്നെ ബാക്കിയില്ല. ഒരു കാര്യവും പിന്നെ വിഷയമാകില്ല. ഒന്നും വിഷയമാകാത്തപ്പോള്‍, എല്ലാം പ്രധാനപ്പെട്ടതാകും. ചില കാര്യങ്ങള്‍ മാത്രം പ്രധാനപ്പെട്ടതാകുമ്പോള്‍, നിങ്ങള്‍ ബന്ധിതനാകുന്നു. എല്ലാം പ്രധാനപ്പെട്ടതാകുമ്പോള്‍ നിങ്ങള്‍ സ്വന്തന്ത്രനാണ്! വളരെയധികം ഉന്മത്തനാക്കുന്ന ജീവിതത്തിന്‍റെ സ്വാതന്ത്ര്യത്തില്‍ നിങ്ങള്‍ മുങ്ങിയിരിക്കുന്നു. നിങ്ങള്‍ ജീവനെ അതിന്റെ ഏറ്റവും ഉന്നതിയില്‍ സ്പര്‍ശിച്ചിരിക്കുന്നു. നിങ്ങള്‍ തീവ്രമായ, പൂര്‍ണ്ണമായ ആ ജീവനെ സ്പര്‍ശിച്ചാല്‍, സത്യത്തില്‍ നിങ്ങള്‍ ശിവനെ സ്പര്‍ശിച്ചിരിക്കുന്നു.