സദ്ഗുരു: ഒരിക്കല്‍ കുടുംബത്തില്‍ എല്ലാവരും അത്താഴം കഴിക്കുന്നതിനിടെ ശങ്കരന്‍ പിള്ള താന്‍ കല്യാണം കഴിക്കാന്‍ പോവുകയാണെന്ന് പറഞ്ഞു. എല്ലാവരും ചോദിച്ചു, “ആരെയാണ് കല്യാണം കഴിക്കാന്‍ പോകുന്നത്?” 

ശങ്കരന്‍ പിള്ള പറഞ്ഞു, “ഞാന്‍ അടുത്ത വീടിലെ ലൂസിയെ കല്യാണം കഴിക്കാന്‍ പോവുകയാണ്.” 

അച്ഛന്‍ പറഞ്ഞു, “എന്ത്? നീ ആ ലൂസിയെ കല്യാണം കഴിക്കാന്‍ പോവുകയാണോ? അവള്‍ക്ക് തന്‍റെ അച്ഛനമ്മമാര്‍ ആരാണെന്ന് വരെ അറിയില്ല.” 

അമ്മ പറഞ്ഞു, “എന്ത്? നീ ആ ലൂസിയെ കല്യാണം കഴിക്കാന്‍ പോവുകയാണോ? അവള്‍ക്ക് സ്വത്തുക്കള്‍ ഒന്നുമില്ല.” 

മാമന്‍ പറഞ്ഞു, “എന്ത്? നീ ആ ലൂസിയെ കല്യാണം കഴിക്കാന്‍ പോവുകയാണോ? അവളുടെ മുടി അത്രയും മോശമാണ്.” 

അമ്മായി പറഞ്ഞു, “എന്ത്? നീ ആ ലൂസിയെ കല്യാണം കഴിക്കാന്‍ പോവുകയാണോ? അവള്‍ അണിയുന്ന മേക്കപ്പ്‌ അത്രയും മോശമാണ്.” 

മരുമകനും വന്നു പറഞ്ഞു, “എന്ത്? നീ ആ ലൂസിയെ കല്യാണം കഴിക്കാന്‍ പോവുകയാണോ? അവള്‍ക്ക് ക്രിക്കറ്റിനെ കുറിച്ച് ഒന്നും അറിയില്ല.” 

ശങ്കരന്‍ പിള്ള ഉറച്ചു നിന്നു പറഞ്ഞു, “അതെ, ഞാന്‍ ലൂസിയെ കല്യാണം കഴിക്കാന്‍ പോവുകയാണ്, കാരണം വലിയൊരു ഗുണമുണ്ട്.” 

“എന്താണത്?” എല്ലാവരും ചോദിച്ചു. 

“അവള്‍ക്ക് കുടുംബമില്ല.”

നാമെന്തിനാണ് കുടുംബങ്ങള്‍ ഉണ്ടാക്കുന്നത്?

ഒരു കുട്ടി ജനിക്കുമ്പോള്‍, അവന്‍/അവള്‍ മറ്റു ജീവികളില്‍ നിന്നും വ്യത്യസ്തമാണ്. അതിന് കരുതലും, പരിശീലനവും, മറ്റും ആവശ്യമാണ്. അത് കുടുംബത്തിന്‍റെ ആവശ്യം ഉയര്‍ന്നു വന്നു. ഒരു മനുഷ്യന് വളരാനായി ഒരു കുടുംബം വളരെ സഹായകരമായ അടിത്തറയാണ്. എന്നാല്‍ ഒരുപാടാളുകള്‍ക്ക് കുടുംബങ്ങള്‍ ഒരു സഹായമല്ല, അതൊരു പ്രതിബന്ധമാകുന്നു. അത് നമ്മെ ഉയര്‍ത്തുന്ന ഒരു പ്രക്രിയയാകുന്നില്ല, അത് നമ്മെ കുരുക്കുന്ന ഒരു രീതിയാകുന്നു, കുടുംബം ഒരു പ്രശ്നമായത് കൊണ്ടല്ല, നമുക്കത് എങ്ങനെ കൈകാര്യം ചെയ്യണമെന്നത് അറിയാത്തത് കൊണ്ടാണ്.  

ഒരു പ്രത്യേക രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ കുടുംബം മനോഹരമാവുകയുള്ളൂ, അല്ലെങ്കില്‍ അത് ഏറ്റവും മോശമായ കാര്യമായി മാറും.

നമ്മുടെ ക്ഷേമത്തിന് വേണ്ടി സൃഷ്ടിച്ചിട്ടുള്ള എന്തും നമുക്ക് പ്രതികൂലമായി മാറാം എന്നതിന്‍റെ ഒരു ഉദാഹരണമാണ് കുടുംബം. ഇത് പല രീതിയില്‍ സംഭവിക്കുന്നത് നമുക്ക് കാണാം. ഉദാഹരണത്തിന്, സമ്പത്തുണ്ടെങ്കില്‍ സൗഖ്യവും ഉണ്ടാകണം, എന്നാല്‍ അധികം ആളുകള്‍ക്കും അത് വിഷം പോലെയാണ്. വിദ്യാഭ്യാസം സൗഖ്യം കൊണ്ടു വരണമായിരുന്നു, എന്നാല്‍ വിദ്യാഭ്യാസമുള്ള ആളുകളാണ് ഇപ്പോള്‍ ഈ ഭൂമിയെ നശിപ്പിക്കുന്നത്. നമ്മുടെ സൗഖ്യത്തിനായി നല്‍കപ്പെട്ട കാര്യങ്ങള്‍ ഏറ്റവും വലിയ വരദാനമായേനെ, എന്നാല്‍ അതിനു പകരം അവ മനുഷ്യരാശിയുടെ നിലനില്‍പ്പിനു വരെ ഭീഷണിയാവുകയാണ്. 

അത് പോലെ, ഒരാളുടെ വളര്‍ച്ചയ്ക്ക് സഹായകരമാകേണ്ട കുടുംബം, ഒരുപാടാളുകള്‍ക്ക് ബന്ധനവും ഭാരവുമായി മാറിയിരിക്കുന്നു. ഒരു പ്രത്യേക രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ കുടുംബം മനോഹരമാവുകയുള്ളൂ, അല്ലെങ്കില്‍ അത് ഏറ്റവും മോശമായ കാര്യമായി മാറും. 

കുടുംബം ഉത്തരവാദിത്തത്തെ കുറിച്ചുള്ളതല്ല

കുടുംബം എന്നാല്‍ ആശ്രയത്വം എന്നല്ല അര്‍ത്ഥം, അത് നിങ്ങള്‍ ഉണ്ടാക്കുന്ന ഒരു കൂട്ടുകെട്ടാണ്. രണ്ടു പേരും സന്നദ്ധരായി അവര്‍ ഒരു പ്രത്യേക ദിശയിലേക്ക് ഒരുമിച്ചു പോകുമ്പോള്‍ മാത്രമേ പാര്‍ട്ട്‌ണര്‍ഷിപ്‌ പ്രസക്തമാകുന്നുള്ളൂ. രണ്ടു പാര്‍ട്ട്‌ണര്‍മാരും മറ്റേയാളുടെ സൗഖ്യത്തെ പറ്റി എപ്പോഴും ചിന്തിക്കുന്നുണ്ടെങ്കില്‍, പാര്‍ട്ട്‌ണര്‍ഷിപ്‌ അര്‍ത്ഥവത്താകും. അത് നിങ്ങളെ കുറിച്ചു മാത്രമുള്ളതാണെങ്കില്‍, അത് കുടുബത്തെ കുറിച്ചാവട്ടെ, ജോലിയാവട്ടെ, ആത്മീയതയാവട്ടെ – എങ്ങനെ പോയാലും – അങ്ങനെയൊരു വ്യക്തിക്ക് പാര്‍ട്ട്‌ണര്‍ഷിപ്‌ പ്രസക്തമല്ല. നിങ്ങള്‍ ഒരുമിച്ചു നിന്നാല്‍ രണ്ടു പേര്‍ക്കും പ്രശ്നങ്ങള്‍ സൃഷ്ടിക്കും. 

നിങ്ങള്‍ കുടുംബത്തില്‍ നില്‍ക്കുന്നത് ബാധ്യത കൊണ്ടാകരുത്. സ്നേഹത്തിന്‍റെ ഒരു ബന്ധമുള്ളത് കൊണ്ടാകണം നിങ്ങള്‍ കുടുംബത്തില്‍ നില്‍ക്കേണ്ടത്.

നിങ്ങള്‍ കുടുംബത്തില്‍ നില്‍ക്കുന്നത് ബാധ്യത കൊണ്ടാകരുത്. സ്നേഹത്തിന്‍റെ ഒരു ബന്ധമുള്ളത് കൊണ്ടാകണം നിങ്ങള്‍ കുടുംബത്തില്‍ നില്‍ക്കേണ്ടത്. സ്നേഹത്തിന്‍റെ ഒരു ബന്ധമുണ്ടെങ്കില്‍, ആരും നിങ്ങളോട് എന്തു ചെയ്യണം, എന്തു ചെയ്യരുത് എന്നു പറയേണ്ട ആവശ്യമില്ല. എന്താണോ വേണ്ടത്, നിങ്ങളത് ചെയ്യും. 

കൂടുതല്‍ ലഭിക്കാനുള്ള അഭിലാഷം

ഒരു വ്യക്തിയോടോ ഒരു കൂട്ടം ആളുകളോടോ നിങ്ങള്‍ സ്നേഹത്തിന്‍റെ ഒരു ബന്ധമുണ്ടാക്കിയത് കൊണ്ട് നിങ്ങള്‍ ജീവിതത്തില്‍ കൂടുതലായി എന്തെങ്കിലും ആഗ്രഹിക്കേണ്ട എന്നര്‍ത്ഥമില്ല. നിങ്ങളെ തന്നെ സാധ്യമായതില്‍ വെച്ച് ഏറ്റവും നല്ല മനുഷ്യനായി മാറ്റുക എന്നതാണ് നിങ്ങള്‍ക്ക് ചുറ്റുമുള്ളവര്‍ക്ക് വേണ്ടി ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും നല്ല കാര്യം. നിങ്ങളത് ചെയ്യണം. നിങ്ങള്‍ കൂടുതല്‍ പരിണമിക്കുന്നതിന് അനുസരിച്ച്, നിങ്ങള്‍ക്ക് ചുറ്റുമുള്ള ആളുകള്‍ക്കായി നിങ്ങള്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യും. ആളുകള്‍ ഇത് മനസ്സിലാക്കിയില്ലെങ്കില്‍, നിങ്ങളോട് ഒരു ബന്ധമുണ്ടാവുക എന്നാല്‍ നിങ്ങളുടെ തലത്തില്‍ തന്നെ കുടുങ്ങി പോവുക എന്നാണവര്‍ ചിന്തിക്കുന്നതെങ്കില്‍ - അതേ പരിമിതികളും അതേ പ്രശ്നങ്ങളും അനുഭവിക്കണമെന്നും അതില്‍ നിന്നും സ്വാതന്ത്ര്യം തേടരുതെന്നുമാണ് നിങ്ങള്‍ ചിന്തിക്കുന്നതെങ്കില്‍ - അതൊരു കുടുംബമല്ല, അതൊരു മാഫിയയാണ്. പരസ്പരം എന്തെങ്കിലും ഊറ്റിയെടുക്കാമെന്നു കരുതുന്ന ഒരു മാഫിയയാണ് നിങ്ങള്‍ കൊണ്ടു നടക്കുന്നത്, അതൊരു കുടുംബമല്ല. ഒരു കുടുംബമെന്നാല്‍ പരസ്പരം ഏറ്റവും മികച്ചത് എങ്ങനെ പങ്കു വെയ്ക്കാം എന്നതാണ്.