सद्गुरु

എങ്ങനെയാണ് ഭയം ഉണ്ടായത്? ഒരു പുതിയ സംരംഭത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഉള്ളതും നഷ്ടപ്പെടുമോ എന്ന ആശങ്ക പലരിലും ഉണരും. അപ്പോള്‍,ഇനി പുതിയ പരീക്ഷണങ്ങള്‍ ഒന്നും വേണ്ട എന്നു വയ്ക്കാനാണ് പലരും ആഗ്രഹിക്കുന്നത്.

അഞ്ചുകുരങ്ങന്മാരെ ഒരുകൂട്ടിനുള്ളിലാക്കി. കൂടിന്‍റെ കതകു പൂട്ടിയിരുന്നില്ല. ഇതു ശ്രദ്ധിച്ച ഒരു കുരങ്ങന്‍ സാക്ഷമാറ്റാന്‍ ശ്രമിച്ചപ്പോള്‍ മറ്റു നാലുകുരങ്ങന്മാരുടെ ശരീരത്തില്‍ ചൂടുവെള്ളം വീശിയൊഴിച്ചു.
കുരങ്ങുകള്‍ക്ക് ഭയമായി. കതകുതുറക്കാന്‍ ശ്രമിച്ചതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന് കരുതിയ കുരങ്ങന്മാര്‍ പുറത്തേക്കിറങ്ങാന്‍ തുനിഞ്ഞ കുരങ്ങനെ അകത്തേക്കു വലിച്ചിട്ട് ആക്രമിച്ചു.

അഞ്ചു കുരങ്ങന്മാരില്‍ ഒന്നിനെ പുറത്തേക്കെടുത്ത് മറ്റൊന്നിനെ കൂട്ടിലിട്ടു. ആ കുരങ്ങനും കതകിനടുത്തു ചെന്നു. ഇത്തവണ ചൂടുവെള്ളം വീഴുന്നതിനുമുന്‍പുതന്നെ മറ്റു നാലുപേരും ചേര്‍ന്ന് അഞ്ചാമനെ ആക്രമിക്കാന്‍ തുടങ്ങി. ഇത്തരത്തില്‍ കുരങ്ങുകള്‍ മാറ്റപ്പെട്ടുകൊണ്ടിരുന്നു അവസാനത്തെ കുരങ്ങും മാറി. അകത്തിരുന്ന അഞ്ചുകുരങ്ങന്മാരും വെള്ളം വീണ് പൊള്ളല്‍ അനുഭവിക്കാത്തവരായിരുന്നു. പക്ഷേ കാരണം അറിയാതെ തന്നെ കതകിനടുത്തു പോകുന്നവനെ ആക്രമിക്കണം എന്ന ഒരു തോന്നല്‍ അവരുടെ ഉള്ളില്‍ ശക്തമായിരുന്നു.
മനുഷ്യവര്‍ഗ്ഗത്തിനും ഇതേ അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.

ആദിമനുഷ്യന് സ്വന്തം ജീവനെക്കുറിച്ചുണ്ടായിരുന്ന ആശങ്ക തലമുറകള്‍ കടന്ന് ഇന്നത്തെ മനുഷ്യനില്‍ വരെ എത്തിനില്‍ക്കുന്നു. പലരും ഈ ഭയാശങ്കകള്‍ ഇല്ലാതെ വരുമ്പോള്‍ ഈശ്വരനെ വണങ്ങുന്നത് നിറുത്തിക്കളയും. പലരുടേയും ഭയം അമ്പലങ്ങളില്‍ വിളക്കുകളായി എരിഞ്ഞുകൊണ്ടിരിക്കുന്നതു കാണുമ്പോള്‍ ആശ്ചര്യം തോന്നും.

എങ്ങനെയാണ് ഭയം ഉണ്ടായത്? ഒരു പുതിയ സംരംഭത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഉള്ളതും നഷ്ടപ്പെടുമോ എന്ന ആശങ്ക പലരിലും ഉണരും. അപ്പോള്‍,ഇനി പുതിയ പരീക്ഷണങ്ങള്‍ ഒന്നും വേണ്ട എന്നു വയ്ക്കാനാണ് പലരും ആഗ്രഹിക്കുന്നത്.

മാറ്റങ്ങളില്ലാത്ത, ആവര്‍ത്തനവിരസങ്ങളായ, അനുഭവങ്ങള്‍ മാത്രം ജീവിതത്തിലുണ്ടാകുമ്പോള്‍ മുരടിപ്പും മന്ദതയും മനസ്സിനെ കീഴ്പ്പെടുത്തും. അതിനാല്‍ മാറ്റങ്ങള്‍ സംഭവിക്കുന്നതുകണ്ട് വിരണ്ടുപോകരുത്.
ഈ ഭയമെന്ന വികാരത്തെ വിരട്ടിയോടിക്കാന്‍ സാധ്യമല്ല. നിങ്ങളൊരു വാളെടുത്തു വീശിയാല്‍ അതിനര്‍ത്ഥം നിങ്ങള്‍ ധീരനായി എന്നല്ല. ഭയം നിങ്ങളെ വിട്ട് പോയി എന്നും അല്ല.
എന്തിനാണു നിങ്ങള്‍ ധീരനാണ് എന്നു സ്ഥാപിക്കാന്‍ പാടുപെടുന്നത്? ഒരാളിനെക്കുറിച്ച് ശത്രുവെന്ന ചിന്ത ഉദിക്കുമ്പോള്‍ തന്നെ ഭയവും ഒപ്പം പിറന്നുവീഴും. ആ ഭയം കൊണ്ടാണ് താനൊരു വീരനാണ് എന്നു ബോധിപ്പിക്കാന്‍ ശ്രമിക്കുന്നത്.

ആയുധമേന്തി വേഷം കെട്ടി ഭയം വന്നാല്‍; അതാണ് യഥാര്‍ത്ഥ ധീരത എന്നു തെറ്റിദ്ധരിക്കാമോ?
സ്വന്തം സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്കയില്‍ നിന്നാണ് ഭയമുണ്ടായത്. ബാക്കിയുള്ള എല്ലാ വികാരങ്ങളും ഈ ഒരു വികാരത്തില്‍നിന്നും മുളച്ചുവളര്‍ന്നവയാണ്.
ഈ ഭയം ഇല്ലാതെയാവാന്‍ വഴിയെന്ത്? ദിനോസറെന്ന ഭീകരജീവിയെ സൃഷ്ടിച്ചിട്ട് അതിന്‍റെ പിടിയില്‍ നിന്നും രക്ഷനേടാന്‍ മാര്‍ഗ്ഗം അന്വേഷിക്കുന്നവന്‍റെ അവസ്ഥയിലാണ് നിങ്ങള്‍ ഇപ്പോള്‍.

ഭയത്തെ അമര്‍ത്തിവയ്ക്കല്‍ എന്താണ്?

അതിന്‍റെ മേല്‍ കയറി ഇരിക്കുമോ? അങ്ങനെ ഭയത്തെ അനങ്ങാന്‍ അനുവദിക്കാതെ അതിന്‍റെ പുറത്ത് അമര്‍ന്നിരുന്നാല്‍ എന്തായിരിക്കും ഫലം? അതുമായി ആജീവനാന്ത ഉടമ്പടി ഉണ്ടാക്കിയ ആളാവും നിങ്ങള്‍. അതിന്‍റെ പുറത്തുനിന്ന് എപ്പോള്‍ അനങ്ങുന്നുവോ അപ്പോള്‍ അതും പെട്ടെന്ന് പുറത്തു ചാടാന്‍ പരിശ്രമിക്കും. നിങ്ങള്‍ എഴുന്നേറ്റുനിന്നാലോ, അത് ആകാശം മുട്ടെ വളര്‍ന്നു പത്തിവിടര്‍ത്തി ആടും.

ഒരു തമാശ ഇപ്പോള്‍ ഓര്‍മ്മവരുന്നു.

ചെന്നൈ നഗരം ചുറ്റിക്കാണാന്‍ എത്തിയ ഒരമേരിക്കന്‍ വനിത ഓട്ടോറിക്ഷകളില്‍ ആകൃഷ്ടയായി. ഒരു ഓട്ടോയില്‍ കയറിയിരുന്ന് താന്‍ പോകേണ്ട സ്ഥലത്തെക്കുറിച്ചു പറഞ്ഞു. ഓട്ടോ അതിവേഗത്തില്‍ പാഞ്ഞു. ചെന്നൈ നഗരത്തിലെ തിരക്കേറിയ വീഥികളിലൂടെ, ആ ഓട്ടോ ചീറിപായവേ ഭയന്നുപോയ അവര്‍ നിലവിളിച്ചു. വേഗം കുറയ്ക്കാന്‍ പറഞ്ഞുവെങ്കിലും ആട്ടോയുടെ വേഗത കുറഞ്ഞില്ല. പല വാഹനങ്ങളുമായി കൂട്ടിയിടിക്കേണ്ട സമയങ്ങളില്‍ തലനാരിഴയ്ക്ക് രക്ഷപ്പട്ട ആ വാഹനം നിറുത്താതെ ഓടിക്കൊണ്ടിരുന്നു. ഒടുവില്‍ ഒരു വളവില്‍ എത്തി. ആ ഇടുങ്ങിയ വഴിയില്‍ രണ്ടു ലോറികള്‍ മുന്‍പും പിറകുമായി വഴി നിറഞ്ഞു വരുന്ന കാഴ്ച കണ്ട് അവര്‍ ഭയന്നു വിറച്ചു. ഓട്ടോ നിറുത്താന്‍ പറഞ്ഞു പൊട്ടിക്കരഞ്ഞു.
ഒട്ടും വേഗം കുറയ്ക്കാതെ ആ ലോറികള്‍ക്കിടയിലൂടെ വണ്ടി ഓടിച്ച ഡ്രൈവര്‍ അവസാനം അവര്‍ പറഞ്ഞ സ്ഥലത്തു വണ്ടിനിറുത്തി.

ആ വനിത ഭയന്നു നടുങ്ങുന്നുണ്ടായിരുന്നു. "ലോറികള്‍ക്കിടയിലൂടെ എങ്ങനെയാണ് താന്‍ ഇത്ര ധൈര്യമായി വണ്ടി ഓടിച്ചത്" എന്നു ചോദിച്ചു. "ധൈര്യമോ, ഇതുപോലെയുള്ള ആപല്‍ഘട്ടങ്ങള്‍ വരുമ്പോള്‍ ഭയപ്പെടരുത് എന്നുകരുതി ഞാന്‍ കണ്ണടച്ചു കളയും" ഓട്ടോക്കാരന്‍ മറുപടി പറഞ്ഞു.

ഒട്ടകപക്ഷിയെപ്പോലെ കണ്ണടയ്ക്കുന്ന ഈ രീതി പലപ്പോഴും ഫലപ്രദമാകണമെന്നില്ല.
ഭയം എന്നാല്‍ അടുത്തനിമിഷത്തെക്കുറിച്ചുള്ള ചിന്തയല്ലേ? ഈ അടുത്ത നിമിഷവും നിങ്ങളുടെ ഭാവനാസൃഷ്ടിയല്ലേ. അതു നിങ്ങളുടെ അനുഭവത്തില്‍ വന്നില്ലല്ലോ. അങ്ങനെ വരുമ്പോള്‍ ഭീതിയും, ഭയവും, എല്ലാം തന്നെ സങ്കല്‍പ്പമല്ലേ. ഈ നിമിഷത്തെക്കുറിച്ചുമാത്രം ജാഗരൂകനായിരുന്നാല്‍ ആവശ്യമില്ലാത്ത ഭാവനകളും സങ്കല്‍പ്പങ്ങളും നിങ്ങളെ വിരട്ടുമോ?

ഹിറ്റ്ലറിന്‍റെ നാസി തടങ്കല്‍ പാളയത്തില്‍നിന്നും പല പ്രാവശ്യം രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടു തടവുപുള്ളികള്‍ ഒടുവില്‍ പിടിക്കപ്പെട്ടു. ഒരുവന്‍ ഭയന്ന് വിറച്ച് കിടക്കാനും ഇരിക്കാനുമാകാത്ത അവസ്ഥയിലായിരുന്നു. അപരനോ വളരെ സമാധാനത്തോടെ ഇരുന്നു.
"നിനക്ക് ഭയമില്ലേ." കൂട്ടുകാരന്‍ ചോദിച്ചു.

"പിടിക്കപ്പെടുന്നതുവരെ ഭയമായിരുന്നു. ഇനി പേടിക്കാനെന്തുണ്ട്. ഇനി നിശ്വസിക്കാനുള്ള സമയമാണ്" എന്ന്, വളരെ സ്വസ്ഥനായി അയാള്‍ പറഞ്ഞു.

ഭയം അമര്‍ത്തപ്പെടേണ്ട വികാരമല്ല. അത് അര്‍ത്ഥമില്ലാത്ത ഭാവനാസൃഷ്ടിയാണ് എന്ന തിരിച്ചറിവാണ് വേണ്ടത്.
സന്തോഷലബ്ധിക്ക് ആപത്തുകളില്‍ രസിക്കേണ്ട സന്ദര്‍ഭം എന്‍റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്.
മൈസൂറിനടുത്തുള്ള ശ്രീരംഗപട്ടണത്തിനു പടിഞ്ഞാറുഭാഗത്ത് രങ്കന്‍തിട്ട് എന്ന ഒരു പക്ഷിസങ്കേതമുണ്ട്. അവിടെ ഒരു നദി പതിനഞ്ച് / ഇരുപതടി വീതിയില്‍ പാറകളോടുചേര്‍ന്ന് ഒഴുകുന്നുണ്ട്. പാറകളുടെ മുകള്‍ ഭാഗത്ത്‌, പലപ്പോഴും മുതലകള്‍ വന്നുകിടക്കും. വലിയ സാഹസികത നടിക്കുന്നവരോട് ആ നദിതീരത്തു വരാന്‍ പറയും. അങ്ങനെ വരുന്നവര്‍ മുതലകളെ കണ്ട് പേടിക്കും. പലരുടേയും അടിവസ്ത്രങ്ങള്‍ ഭയം കൊണ്ടു നനയാറുണ്ട്. "മുതലയല്ലേ. എളുപ്പത്തില്‍ കൈകാര്യം ചെയ്യാം. അത് വാ പൊളിക്കുമ്പോള്‍ കണ്ണില്‍ വിരലുകൊണ്ട് കുത്തിയാല്‍ മതി. അവ വിരണ്ട് ഓടിപ്പോകും" എന്നെല്ലാം വാചകമടിച്ചു വീമ്പിളക്കിയവരോട് ആ നദിയില്‍ നീന്താന്‍ ആവശ്യപ്പെട്ടപ്പോള്‍ പേടിച്ചരണ്ടു.

പക്ഷേ അവിടെ ഞാനും എന്‍റെ സുഹൃത്തുക്കളും വെള്ളത്തില്‍ ചാടി നീന്തി അക്കരയ്ക്കുപോകും. വെള്ളത്തിലേക്ക് എടുത്തുചാടുന്ന ശബ്ദം കേട്ട് മുതലകള്‍ വെള്ളത്തിലേക്ക് പാറയില്‍നിന്ന് ഊര്‍ന്നുവരുമ്പോഴേക്കും വേഗത്തില്‍ നീന്തി അക്കരയെത്തി ഓടിപ്പോവും.
ഈ പരിപാടിയിലുള്ള ആപത്ത് നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിഞ്ഞോ? മുതലകള്‍ പാറയില്‍ത്തന്നെ കിടക്കണമെന്നില്ല. വെള്ളത്തിനടിയില്‍ അവ കാണപ്പെടാം. അങ്ങനെയെങ്കില്‍ ഞങ്ങള്‍ അതിന്‍റെ ഭക്ഷണമായിത്തീരും. ഇതൊക്കെ അറിയാമെങ്കിലും ഈ ആപല്‍ക്കരമായ കളി എനിക്ക് ഇഷ്ടമായിരുന്നു. അതില്‍നിന്നു ലഭിച്ച അതുല്യമായ ഊര്‍ജ്ജവും ഉത്സാഹവും മറ്റെവിടെനിന്നു കിട്ടാന്‍? എന്തുചെയ്യാം? ഇത്തരം സാഹസികതൃഷ്ണ എനിക്കു വളരെയധികമുണ്ട്.

അതേ സമയം പൊങ്ങച്ചത്തിനുവേണ്ടി അപകടങ്ങളില്‍ ചെന്നുപെടുന്നവനുമല്ല. സത്യത്തില്‍ അശ്രദ്ധയോടെ ഇരിക്കുന്നവന് എവിടെയും അപകടം സംഭവിക്കാം.

വീട്ടില്‍ വെറുതെ ഇരിക്കുന്നവനേക്കാള്‍ അപകടസാധ്യത കളികളില്‍ ഏര്‍പ്പെടുന്നവര്‍ക്കാണ്. ഫുട്ബോള്‍, ക്രിക്കറ്റ് തുടങ്ങിയവ കളിക്കുമ്പോള്‍ കളിക്കാര്‍ക്ക് മുറിവേല്‍ക്കാനുള്ളസാധ്യത ഏറെയാണ്. എന്നുകരുതി കളിക്കാതെ ഇരിക്കാന്‍ പറ്റുമോ?

വളരെതിരക്കുള്ള റോഡുകളില്‍ കൂടി നല്ല വേഗത്തില്‍ വാഹനമോടിക്കാന്‍ എന്നെക്കൊണ്ടുകഴിയും. അതിനുള്ള കാരണം ഞാന്‍ കൃത്യമായി പ്ലാന്‍ ചെയ്തുവണ്ടിയോടിക്കുന്നതുതന്നെ. അതിവേഗതയില്‍ ആപത്തില്ലാതെ കാറോടിക്കാന്‍ കഴിയുന്നതുകൊണ്ട് കണക്കു കൂട്ടിയതിനേക്കാള്‍ കുറഞ്ഞ സമയമേ എന്‍റെ യാത്രകള്‍ക്കുവേണ്ടിവരുന്നുള്ളൂ.

തീവ്രമായ ആഗ്രഹമുണ്ടെങ്കില്‍, അതു നടക്കുമോ, അതു ലഭിക്കുമോ, എന്നുള്ള മണ്ടന്‍ ഭയചിന്തകള്‍ എന്തിന്?