ഈശ ക്ലാസ്സിക്കല്‍ യോഗയെ അതിന്‍റെ പരിശുദ്ധമായ രൂപത്തില്‍ തിരിച്ചു കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. സ്റ്റുഡിയോ യോഗയല്ല, പുസ്തക യോഗയല്ല, അടിസ്ഥാന തത്വങ്ങളെ മനസ്സിലാക്കാതെ ലോകത്തു മുഴുവന്‍ ഇന്നു കണ്ടു വരുന്ന പുതിയ തരം യോഗയുമല്ല. ഒരു അത്ഭുതകരമായ ശാസ്ത്രമായ, ശരിയായ ക്ലാസിക്കല്‍ യോഗ. ഉയര്‍ന്ന തലങ്ങളിലേയ്ക്കെത്തുവാന്‍ വേണ്ടി, കൃത്യതയോടെയും, ശ്രദ്ധയോടെയും ഈ സാധനാക്രമത്തില്‍ സമന്വയിപ്പിച്ചിരിയ്ക്കുന്നു.

ഇക്കാലത്ത് നമ്മള്‍ അംഗമര്‍ദ്ദനസമ്പ്രദായത്തെ നോക്കിക്കാണുന്നത്, ശരീരത്തെയും ഊര്‍ജ്ജവ്യവസ്ഥയെയും ശക്തിപ്പെടുത്തുന്ന അതുല്യമായ ഒരു ഒരു സാധനാക്രമമെന്ന നിലയ്ക്കാണ്.

സദാഗുരു; അംഗമര്‍ദ്ദനം അതുല്യമായ ഒരു യോഗ രീതിയാണ്‌. ഇത് ഇന്നത്തെ കാലത്ത് നമുക്ക് നഷ്ടപ്പെട്ടു പോയിരിക്കുന്നു. ക്ലാസ്സിക്കല്‍ യോഗയില്‍ പരമ്പരാഗതമായി അംഗമര്‍ദ്ദനമെന്ന സാധനാക്രമം സജീവമായി  നിലനിന്നിരുന്നു. അത് യോഗാസനങ്ങള്‍ പോലെയല്ല. പരിശീലനത്തിന് ഉപകരണങ്ങളൊന്നുമാവശ്യമില്ലാത്ത വളരെ തീവ്രതയാര്‍ന്ന ഒരു വ്യായാമപദ്ധതിയാണിത്. കേവലം ശരീരം മാത്രമുപയോഗിച്ച് തികച്ചും വേറൊരു തലത്തിലുള്ള ശാരീരികാരോഗ്യവും കരുത്തും സൃഷ്ടിച്ചെടുക്കുകയാണ് ഇതിലൂടെ നമ്മള്‍ ചെയ്യുന്നത്.

അംഗമര്‍ദ്ദ നസമ്പ്രദായത്തില്‍, ഒരു നിശ്ചിത കാലയളവിനുള്ളില്‍, ശരീരപേശികളുടെ വഴക്കം വര്‍ദ്ധിപ്പിയ്ക്കുന്നതിനായി സ്വന്തം ശരീരഭാരവും ചലനശക്തിയും ഉപയോഗപ്പെടുത്തുകയാണു നമ്മള്‍ ചെയ്യുന്നത്. നമ്മള്‍ ഇപ്പോഴിതു പരിശിലിയ്ക്കുന്ന രീതി കണക്കിലെടുത്താല്‍, ഇതിന്‍റെ പരിശീലനത്തിന് ദിവസേന കേവലം ഇരുപത്തിയഞ്ചു മിനിറ്റുമാത്രം മതിയാകും. എന്നാല്‍ ആരോഗ്യവും സ്വാസ്ഥ്യവും കൈവരുത്തുന്ന കാര്യത്തില്‍ ഇത് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിയ്ക്കും. ആശ്ചര്യകരവും ഏറെ തികവാര്‍ന്നതുമായ ഒരു പരിശീലന സമ്പ്രദായമാണിത്.  ഇതു ചെയ്യുന്നതിന് ആകെക്കൂടി ആവശ്യമുള്ളത്, കേവലം ആറടി നീളവും അത്രതന്നെ വീതിയോടുകൂടിയതുമായ ഒരു ഇടം മാത്രമാണ്. ആവശ്യമുള്ളത് നമ്മുടെ ശരീരം മാത്രം. അതു കൊണ്ട്, എവിടെ വച്ചും നിങ്ങള്‍ക്കിതു ചെയ്യാം. ശരീരവ്യായാമത്തിന് ഭാരം ഉയര്‍ത്തുന്ന ഏതൊരു വ്യായാമപദ്ധതിയുടെയും ഗുണഫലങ്ങള്‍ അതേ അളവില്‍ ഈ സമ്പ്രദായവും പ്രദാനം ചെയ്യും. അനാവശ്യമായ ഒരുതരത്തിലുള്ള ആയാസവും ഇത് ശരീരത്തിനുളവാക്കുകയുമില്ല.

നമ്മള്‍ ഇപ്പോഴിതു പരിശിലിയ്ക്കുന്ന രീതി കണക്കിലെടുത്താല്‍, ഇതിന്‍റെ പരിശീലനത്തിന് ദിവസേന കേവലം ഇരുപത്തിയഞ്ചു മിനിറ്റുമാത്രം മതിയാകും. എന്നാല്‍ ആരോഗ്യവും സ്വാസ്ഥ്യവും കൈവരുത്തുന്ന കാര്യത്തില്‍ ഇത് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിയ്ക്കും.

ഒരു വ്യായാമ രീതിയെന്ന നിലയ്ക്കും അംഗമര്‍ദ്ദനം പ്രയോജനകരമായിരിയ്ക്കും. ശരീരപേശികള്‍ ബലപ്പെടുന്നതും ശരീരത്തിലെ കൊഴുപ്പിന്‍റെ തോതു കുറയുന്നതും ഇതിന്‍റെ പാര്‍ശ്വഫലങ്ങള്‍ മാത്രം. നമ്മള്‍ പരിശീലിയ്ക്കുന്ന സാധനാക്രമം അംഗമര്‍ദ്ദനമോ മറ്റെന്തെങ്കിലുമോ ആകട്ടെ, ശരീരത്തിന്‍റെ ഊര്‍ജ്ജവ്യവസ്ഥയെ ഒരു നിശ്ചിത വിതാനത്തിലേയ്ക്കും സമഗ്രതയിലേയ്ക്കുമെത്തിയ്ക്കാനാണു നമ്മള്‍ ശ്രമിയ്ക്കുന്നത്. ശരീരത്തെ തികവോടെ പ്രവര്‍ത്തിയ്ക്കുന്ന ഒരു സംവിധാനമാക്കി മാറ്റുകയെന്നതണു കാര്യം. കാരണം, അതു പൂര്‍ണ്ണ മികവോടെ പ്രവര്‍ത്തിയ്ക്കുന്ന ഒരു ഘട്ടമെത്തിയാല്‍ മാത്രമേ അതിനെ സംവേദനത്തിന്‍റെ ഉയര്‍ന്ന തലങ്ങളിലേയ്ക്ക് എത്തിയ്ക്കാന്‍ കഴിയൂ. പകുതി മാത്രം പ്രവര്‍ത്തനക്ഷമതയുള്ള ഒരു ശരീരത്തെയോ ജീവിയെയോ സംവേദനത്തിന്‍റെ പൂര്‍ണ്ണതയിലേയ്ക്കുയര്‍ത്താന്‍ കഴിയില്ല.

''അംഗമര്‍ദ്ദനം'' എന്നതു കൊണ്ടുദ്ദേശിയ്ക്കുന്നത്, നിങ്ങള്‍ക്ക് സ്വന്തം കൈകാലുകളിന്മേല്‍ അഥവാ ശരീരഭാഗങ്ങളിളിന്മേല്‍ നിയന്ത്രണം കൊണ്ടു വരികയെന്നാണ്. ഈ ലോകത്ത്  നമ്മള്‍ ചെയ്യാനാഗ്രഹിയ്ക്കുന്ന പ്രവൃത്തി എന്തു തന്നെയായാലും, പ്രസ്തുത പ്രവൃത്തി നമ്മള്‍ എത്രത്തോളം മികവോടെ നിര്‍വ്വഹിയ്ക്കുമെന്നതിനെ നിര്‍ണ്ണയിക്കുന്നത്, സ്വന്തം കെകാലുകളിന്മേല്‍ നമുക്കുള്ള  നിയന്ത്രണശേഷിയുടെ തോതായിരിയ്ക്കും. ഒരു സ്‌പോര്‍ട്‌സ് ടീമിലോ മറ്റോ അംഗമാകുന്ന പ്രവൃത്തിയെപ്പറ്റിയല്ല ഞാന്‍ പറഞ്ഞുവരുന്നത്. നമ്മള്‍ അതിജീവനത്തിനായി ചെയ്യുന്ന പ്രവൃത്തിയെയും ആത്മസാക്ഷാത്കാരത്തിനായി ചെയ്യുന്ന പ്രവൃത്തിയെയും ഞാന്‍ വേറെവേറയാണു കാണുന്നു. നിങ്ങളുടെയും, പ്രത്യേകിച്ച് മറ്റുള്ളവരുടെയും, ആത്മസാക്ഷാത്കാരത്തിനായി എന്തെങ്കിലും ചെയ്യാന്‍ നിങ്ങളാഗ്രഹിയ്ക്കുന്നപക്ഷം, സ്വന്തം ശരീരത്തില്‍ നിങ്ങള്‍ക്ക് നിയന്ത്രണമുണ്ടായിരിയ്ക്കണം. കൈകാലുകളിന്മേലുള്ള നിയന്ത്രണമെന്നതു കൊണ്ടുദ്ദേശിയ്ക്കുന്നത്, നിങ്ങള്‍ അനിവാര്യമായും ഒരു അരോഗ ദൃഢഗാത്രനായിരിയ്ക്കണമെന്നോ, നിങ്ങള്‍ക്കു മലകയറാന്‍ കഴിവുണ്ടായിരിയ്ക്കണമെന്നോ അല്ല. അങ്ങനെയും സംഭവിയ്ക്കാം. എന്നാല്‍, അടിസ്ഥാനപരമായി ഇതുകൊണ്ടര്‍ത്ഥമാക്കുന്നത്, ശരീരത്തിന്‍റെ ഊര്‍ജ്ജഘടനയെ  ശക്തിപ്പെടുത്തുകയെന്നാണ്.

<p>

വേണ്ടത്ര സൂക്ഷ്മതയോടെ നിരീക്ഷിച്ചാല്‍, ഒരാളുടെ ഊര്‍ജ്ജശരീരം നല്ല പോലെ വ്യായാമമുള്ളതാണോയെന്ന് നമുക്കു സ്പഷ്ടമായി അറിയാന്‍ കഴിയും.
</p>

ഒരു ഉപമ പറയുകയാണെങ്കില്‍, ഒരാള്‍ നടന്നുപോകുമ്പോള്‍ അയാളുടെ ശരീരെ നല്ലപോലെ വ്യായാമമുള്ളതാണോയെന്നറിയാന്‍, അയാളുടെ നടപ്പിന്‍റെ രീതി നിരീക്ഷിച്ചാല്‍ മാത്രം മതിയാകും. അതുപോലെ, ഒരാളുടെ മുഖത്തേയ്ക്കു നോക്കിയാല്‍, അയാളുടെ മനസ്സിന് നല്ല പോലെ വ്യായാമമുണ്ടോ എന്നറിയാന്‍ കഴിയും. അതു പോലെ തന്നെ, വേണ്ടത്ര സൂക്ഷ്മതയോടെ നിരീക്ഷിച്ചാല്‍, ഒരാളുടെ ഊര്‍ജ്ജശരീരം നല്ല പോലെ വ്യായാമമുള്ളതാണോയെന്ന് നമുക്കു സ്പഷ്ടമായി അറിയാന്‍ കഴിയും. അയാള്‍ക്ക് എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്നതും എന്തെല്ലാം കഴിയില്ലായെന്നതും ഇതിനെയാശ്രയിച്ചി‌രിയ്ക്കുന്നു. പൂര്‍ണ്ണനിയന്ത്രണം കൈവരിക്കുക എന്നതിനര്‍ത്ഥം നിങ്ങളുടെ ഊര്‍ജ്ജങ്ങള്‍ ഉത്തേജിതമായെന്നാണ്. നിങ്ങളിവിടെ വെറുതെയിരുന്നാല്‍ മതി. ശരീരം കാര്യങ്ങള്‍ ചെയ്തുകൊള്ളും. നിങ്ങള്‍ യാതൊന്നും പ്രവര്‍ത്തിയ്‌ക്കേണ്ടതില്ല. ഈശ്വരകൃപ ഒരാളിലേയ്ക്കു വരണമെങ്കില്‍, അയാള്‍ക്ക് അതിനുയോജിച്ച ഒരു ശരീരമുണ്ടായിരിയ്ക്കണം. അപ്രകാരമുള്ള ഒരു ശരീരമില്ലാതിരിയ്‌ക്കെ, ഉന്നതങ്ങളില്‍ നിന്നും കൃപ അമിതമായി അയാളിലേയ്‌ക്കൊഴുകിയാല്‍, അയാളുടെ ശരീരം കത്തിപ്പോകുകയായിരിയ്ക്കും ഫലം. പലയാളുകള്‍ക്കും വലിയ വലിയ ആത്മീയാനുഭവങ്ങള്‍ വേണം. എന്നാല്‍ ഇത്തരമനുഭവങ്ങളെ ഉള്‍ക്കൊള്ളത്തക്ക വിധത്തില്‍ തങ്ങളുടെ ശരീരത്തെ ബലവത്താക്കാന്‍ അവര്‍ തയ്യാറല്ല. യോഗയില്‍, ഒരാത്മീയാനുഭവത്തെ നമ്മള്‍ അങ്ങോട്ടു തേടിച്ചെല്ലുകയല്ല, മറിച്ച്, അത്തരമൊരനുഭവത്തെ സ്വീകരിച്ചുള്‍ക്കൊള്ളാന്‍ നമ്മള്‍ സ്വയം തയ്യാറാക്കുകയാണു ചെയ്യുന്നത്. നിങ്ങളുടെ ആത്മീയസാധനകള്‍ കേവലം അധരവ്യായാമത്തില്‍ ഒതുങ്ങാതിരിയ്ക്കണമെങ്കില്‍, സ്വന്തം ശരീരഭാഗങ്ങളില്‍ നിങ്ങള്‍ക്കു കുറച്ചൊക്കെ നിയന്ത്രണമുണ്ടായിരിയ്ക്കണം.