सद्गुरु

നിങ്ങളുടെ അനുഭവത്തില്‍എല്ലാം ഒന്നായിത്തീര്‍ന്നിരിക്കുന്നു എന്നതാണ് യോഗ എന്ന പദത്തിനര്‍ത്ഥം. യോഗ എന്നാല്‍ ഐക്യം.

നാലുപേര്‍ വനത്തിലൂടെ സഞ്ചരിക്കുകയായിരുന്നു. ഒന്നാമന്‍ ജ്ഞാനയോഗി, രണ്ടാമന്‍ ഭക്തിയോഗി, മൂന്നാമന്‍ കര്‍മയോഗി, നാലാമത്തെ ആള്‍ ക്രിയായോഗി.
സാധാരണ ഗതിയില്‍ ഈ നാലുപേര്‍ക്കുംഒരിക്കലും ഒരുമിക്കാന്‍ കഴിയില്ല. ജ്ഞാനയോഗിക്കു മറ്റുള്ള യോഗമാര്‍ഗങ്ങളോടു പൂര്‍ണമായ അവജ്ഞയാണ്. അദ്ദേഹത്തിന്‍റേത്ബുദ്ധിയുടെ യോഗയാണ്. സ്വതേ ഒരു ബുദ്ധിമാനു മറ്റുള്ള എല്ലാവരോടും അവജ്ഞയായിരിക്കും. പ്രത്യേകിച്ച്, മുകളിലേക്കു നോക്കി എല്ലാ സമയവും ദൈവനാമങ്ങള്‍ ഉച്ചരിച്ചു നടക്കുന്നവരോട്. അവരെല്ലാം ഒരുകൂട്ടം വിഡ്ഢികളാണെന്നാണ് അദ്ദേഹത്തിന്‍റെ വിചാരം.

എന്നാല്‍ ഭക്തിയോഗി, അതായത് ഉപാസകന്‍ കരുതുന്നത് ഈ ജ്ഞാനയോഗയുംകര്‍മ്മയോഗയും ക്രിയായോഗയും എല്ലാംതന്നെ വെറുതെ സമയം പാഴാക്കിക്കളയലാണ് എന്നാണ്. അദ്ദേഹത്തിന്‍റെ ദൃഷ്ടിയില്‍ അവരെല്ലാം അനുകമ്പാര്‍ഹരാണ് കാരണം ദൈവം ഇവിടെയുള്ളപ്പോള്‍ അദ്ദേഹത്തിന്‍റെ കൈപിടിച്ചു നടക്കുക എന്നതു മാത്രമാണ് നിങ്ങള്‍ ചെയ്യേണ്ടത്. മനസ്സിനെ വിശകലനം ചെയ്യുന്ന തത്വശാസ്ത്രങ്ങളോ എല്ലു വളയ്ക്കുന്ന യോഗയോ ഒന്നുംതന്നെ ആവശ്യമില്ല. കാരണം ദൈവം ഇവിടെയുണ്ട് . എല്ലായിടത്തുമുണ്ട് . നിരന്തരം പ്രവൃത്തികളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന കര്‍മ്മയോഗിയാണ് അടുത്തത്. മറ്റുതരത്തിലുള്ള വിചിത്രങ്ങളായ തത്വശാസ്ത്രങ്ങള്‍ വെറും മടിയുടെ ലക്ഷണമാണ് എന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം. എല്ലാവരോടും കൂടുതല്‍ അവജ്ഞയുള്ളത് ക്രിയായോഗിക്കാണ്. അയാള്‍ എല്ലാവരെയും നോക്കി ചിരിക്കുന്നു. ഈ അസ്തിത്വംഎല്ലാംതന്നെ ഊര്‍ജ്ജമാണെന്ന് അവര്‍ക്ക് അറിയാഞ്ഞിട്ടാണോ? നിങ്ങള്‍ നിങ്ങളുടെ ഊര്‍ജത്തെ പരിവര്‍ത്തനം ചെയ്തില്ലെങ്കില്‍ ദൈവത്തെ തേടാനോ മറ്റെന്തെങ്കിലും നേടാനോ സാധ്യമല്ല. ഒന്നും സംഭവിക്കാനും പോകുന്നില്ല. പരിവര്‍ത്തനം ഒരിക്കലും ഉണ്ടാകുകയില്ല.

ശരീരം, മനസ്സ്, ഊര്‍ജം എന്നീ പരിമാണങ്ങള്‍ ഒത്തൊരുമിച്ചു നീങ്ങിയില്ലെങ്കില്‍ മനുഷ്യര്‍ വലിയ കുഴപ്പത്തിലാകും. ഇപ്പോള്‍ ഈ മൂന്നു തലങ്ങളും മിക്കവാറും ആളുകളില്‍ വിവിധ ദിശകളിലേക്കാണ് നീങ്ങുന്നത്.

സാധാരണഗതിയില്‍ ഈ നാലുപേര്‍ക്കും ഒരിക്കലും ഒരുമിച്ചു മുന്നോട്ടു പോകാന്‍ കഴിയില്ല. എന്നാല്‍ ഇന്ന് അവര്‍ ഒരുവനത്തിലൂടെ ഒരുമിച്ചു പോകുകയാണ്. പെട്ടെന്ന് ഒരു കൊടുങ്കാറ്റുവന്നു, അത് അതീവശക്തമായി, പേമാരിയും ആരംഭിച്ചു. ഒരു സുരക്ഷിതസ്ഥലമന്വേഷിച്ച് അവര്‍ ഓടി. ഭക്തിയോഗി അതായത് ഉപാസകനായ ആള്‍ പറഞ്ഞു, ഈ ദിശയില്‍ പോയാല്‍ അടുത്ത് ഒരു പ്രാചീന ക്ഷേത്രമുണ്ട് . നമുക്ക് അവിടെ പോകാം. അയാള്‍ ഉപാസകനായതുകൊണ്ട് ക്ഷേത്രങ്ങളുടെ സ്ഥാനങ്ങളൊക്കെ അയാള്‍ക്കു വ്യക്തമായി അറിയാം. അവരെല്ലാം ആ ദിശയില്‍ ഓടി. ആ പ്രാചീന ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. ക്ഷേത്രത്തിന്‍റെ ചുമരുകളൊക്കെ എന്നോ ഇടിഞ്ഞു തകര്‍ന്നുപോയിരുന്നു. നാലുതൂണുകളും മേല്പുരയും മാത്രമാണ് അവശേഷിക്കുന്നത്. അവര്‍ ക്ഷേത്രത്തിനുള്ളിലേക്ക് ഓടിക്കയറി. ദൈവത്തോടുള്ള ഭക്തികൊണ്ടല്ല, മഴയില്‍ നിന്നു രക്ഷപ്പെടാന്‍ വേണ്ടിമാത്രം. അവിടെ നടുക്കായി ഒരു വിഗ്രഹം പ്രതിഷ്ഠിച്ചിരുന്നു. അവര്‍ അതിനടുത്തേക്ക് ഓടിയണഞ്ഞു. നാലുവശത്തുനിന്നും മഴത്തുള്ളികള്‍ ഉള്ളിലേക്ക് അടിച്ചുകയറുകയാണ്. മാറാന്‍ മറ്റൊരിടവുമില്ല. അതിനാല്‍ അവര്‍ അടുത്തടുത്തുവന്നു. അവസാനം മറ്റൊരു മാര്‍ഗമില്ലാതെ അവര്‍ ആ വിഗ്രഹത്തില്‍ കെട്ടിപ്പിടിച്ചിരുന്നു. നാലുപേരും വിഗ്രഹത്തില്‍ കെട്ടിപ്പിടിച്ച ഉടനെ അവിടെ അഞ്ചാമതായി ഒരു വലിയ സാന്നിധ്യം അനുഭവപ്പെട്ടു. ദൈവം പെട്ടെന്ന് അവിടെ പ്രത്യക്ഷപ്പെട്ടു. നാലുപേരുടെയും മനസ്സില്‍ അപ്പോള്‍ പെട്ടെന്ന് ഒരു ചോദ്യം ഉദിച്ചു. ഇപ്പോള്‍ എന്തുകൊണ്ടാണ് ദൈവം പ്രത്യക്ഷമായത്?

എത്രയോ തത്വശാസ്ത്രങ്ങള്‍ ഞങ്ങള്‍ വ്യാഖ്യാനിച്ചു? എത്രയെത്ര പൂജകള്‍ ചെയ്തു. ജനസേവനം എത്രകാലം ചെയ്തു. നടുവൊടിക്കുന്ന അദ്ധ്യാത്മികഅഭ്യാസങ്ങള്‍ എന്തുമാത്രം ചെയ്തു. അപ്പോഴൊന്നും ദൈവം എത്തിയില്ല. ഇപ്പോള്‍ ഞങ്ങള്‍ മഴയില്‍നിന്നു രക്ഷപ്പെടാനായി ഇവിടെ ഓടിക്കയറിയപ്പോള്‍ അങ്ങ് ഞങ്ങളിലേക്കു തിരിഞ്ഞു. എന്താണു കാരണം? ദൈവം പറഞ്ഞു. ഒടുവില്‍ നിങ്ങള്‍ നാലുമൂഢന്മാരും ഒന്നുചേര്‍ന്നു!

ശരീരം, മനസ്സ്, ഊര്‍ജം എന്നീ പരിമാണങ്ങള്‍ ഒത്തൊരുമിച്ചു നീങ്ങിയില്ലെങ്കില്‍ മനുഷ്യര്‍ വലിയ കുഴപ്പത്തിലാകും. ഇപ്പോള്‍ ഈ മൂന്നു തലങ്ങളും മിക്കവാറും ആളുകളില്‍ വിവിധ ദിശകളിലേക്കാണ് നീങ്ങുന്നത്. നിങ്ങളുടെ മനസ്സ് ഒരുവിധത്തില്‍ ചിന്തിക്കുന്നു, അനുഭവിക്കുന്നു, ശരീരം മറ്റൊരു തരത്തില്‍ പോകുന്നു, ഊര്‍ജം ഇനിയൊരു വഴിക്കും. ഈ മൂന്നു പരിമാണങ്ങളെയും ഒരേവഴിക്കാക്കുന്നതിനുള്ള ശാസ്ത്രത്തെയാണ് നാം യോഗ എന്നു പറയുന്നത്.

യോഗ എന്നു പറയുന്നതുകൊണ്ട് നിങ്ങളില്‍ പലരും ധരിക്കുന്നത് ചില ദുഷ്കരങ്ങളായ ശാരീരികനിലകളെയാണ്. നാം ഇവിടെ പ്രതിപാദിക്കുന്നത് അതല്ല.

യോഗ എന്നു പറയുന്നതുകൊണ്ട് നിങ്ങളില്‍ പലരും ധരിക്കുന്നത് ചില ദുഷ്കരങ്ങളായ ശാരീരികനിലകളെയാണ്. നാം ഇവിടെ പ്രതിപാദിക്കുന്നത് അതല്ല. അതു പടിഞ്ഞാറുനിന്നും തിരിച്ചടിച്ചുവന്ന കൊളംബസ് യോഗയാണ്. ഒരു സമ്പൂര്‍ണസ്വരച്ചേര്‍ച്ചയില്‍ സ്ഥിതി ചെയ്യുക എന്നതാണ് യോഗ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. നിങ്ങള്‍ യോഗയിലായിരിക്കുമ്പോള്‍, നിങ്ങളുടെ ശരീരം, മനസ്സ്, ഊര്‍ജം, അസ്തിത്വം എല്ലാം സമ്പൂര്‍ണപൊരുത്തമുള്ളവയായിരിക്കും. നിങ്ങളുടെ ശരീരവും മനസ്സും വിശ്രാന്തിയിലും ഒരു പരിധിവരെ സന്തോഷത്തിലും ആയിരിക്കുമ്പോള്‍ പലവിധ വേദനകളില്‍നിന്നും ക്ലേശങ്ങളില്‍നിന്നും നിങ്ങള്‍ക്കു പെട്ടെന്നു മുക്തനാകാന്‍ കഴിയും. ക്ലേശകരമായ ഒരു തലവേദനയുമായി നിങ്ങള്‍ ആഫീസില്‍ ചെന്ന് ഇരുന്നുവെന്നു കരുതുക. തലവേദന ഒരു വലിയ രോഗമൊന്നുമല്ല. എങ്കിലും അതിന്‍റെ വിങ്ങല്‍ ജോലി ചെയ്യുന്നതിനുള്ള നിങ്ങളുടെ ഉത്സാഹത്തെ കെടുത്തും. ആ ദിവസം നിങ്ങളുടെ കഴിവുകള്‍ അത് അപഹരിക്കുകയും ചെയ്യും. എന്നാല്‍ യോഗ പരിശീലിക്കുകയാണെങ്കില്‍ നിങ്ങളുടെ ശരീരവും മനസ്സും അവയുടെ ഏറ്റവും മെച്ചപ്പെട്ട അവസ്ഥയില്‍ നിലനിര്‍ത്തുവാന്‍ നിങ്ങള്‍ക്കു കഴിയും. ശരീരത്തിന്‍റെ ആന്തരികാവസ്ഥകളെ അവ എങ്ങനെ വേണമോ അങ്ങനെ ആക്കുന്നതിനുള്ള സാങ്കേതികവിദ്യയെയാണ് യോഗ എന്നു പറയുന്നത്. നിങ്ങള്‍ നിങ്ങളെത്തന്നെ ഉള്ളില്‍ ഒരു പ്രത്യേകരീതിയില്‍ ചിട്ടപ്പെടുത്തി വച്ചിരിക്കുന്നു എന്നു കരുതുക. നിങ്ങളുടെ ഏറ്റവും നല്ല കഴിവുകള്‍ കൂടിയ അളവില്‍ അപ്പോള്‍ നിങ്ങളില്‍നിന്നും സ്വയമേവ പ്രവഹിക്കുവാന്‍ തുടങ്ങും. നിങ്ങള്‍ സന്തോഷവാനായിരിക്കുമ്പോള്‍ നിങ്ങളിലെ ഊര്‍ജങ്ങള്‍ നന്നായി പ്രവര്‍ത്തിക്കുകയും അളവറ്റ ഊര്‍ജം നിങ്ങളിലൂടെ പ്രവഹിക്കുകയും ചെയ്യും. എന്നതു ശ്രദ്ധിച്ചിട്ടുണ്ടോ. നിങ്ങള്‍ ഭക്ഷിച്ചില്ലെങ്കിലും ഉറങ്ങിയില്ലെങ്കിലും നിങ്ങള്‍ക്കു മുമ്പോട്ടു പോയിക്കൊണ്ടിരിക്കാം. അല്പം സുഖം മതി നിങ്ങളുടെ കഴിവുകളുടെയും ഊര്‍ജത്തിന്‍റെയും പരിമിതികളില്‍നിന്നു നിങ്ങളെ കരകയറ്റാന്‍. നേരേമറിച്ച് നിങ്ങള്‍ ഊര്‍ജങ്ങളെ ഉത്തേജിപ്പിക്കുകയാണെങ്കില്‍ നിങ്ങള്‍ക്കുതികച്ചും വ്യത്യസ്തമായ രീതിയില്‍അതിനെ പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിയും.

നിങ്ങളുടെ ശരീരവും മനസ്സും അവയുടെ ഏറ്റവും ഉന്നതതലത്തില്‍ പ്രവര്‍ത്തിക്കത്തക്കവിധം നിങ്ങളുടെ ആന്തരികഊര്‍ജത്തെ ഉത്തേജിപ്പിക്കുന്ന ശാസ്ത്രമാണ് യോഗ. നിങ്ങളെക്കുറിച്ച്, അതായത് നിങ്ങള്‍ ആരാണെന്നും മറ്റും,നിങ്ങള്‍ പലതും വിശ്വസിക്കുന്നുണ്ടാകാം. എന്നാല്‍ മൗലികമായി നോക്കുമ്പോള്‍ നിങ്ങള്‍ ജീവോര്‍ജത്തിന്‍റെ ഒരു പ്രത്യേക അളവുമാത്രമാണ്. ഈ മുഴുവന്‍ പ്രപഞ്ചവും ഊര്‍ജത്തിന്‍റെ പലവിധത്തിലുള്ള ബഹിര്‍സ്ഫുരണം മാത്രമാണെന്നാണ് ആധുനികശാസ്ത്രം പറയുന്നത്. അതായത് ഊര്‍ജത്തിന്‍റെ ഒരു പ്രത്യേകതരത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു അല്‍പ്പാംശം മാത്രമാണ് നിങ്ങള്‍ എന്ന് ശാസ്ത്രം പറയുന്നു. നിങ്ങള്‍ ഞാന്‍ എന്നു പറയുന്ന അതേ ഊര്‍ജം തന്നെയാണ് ഇവിടെ പാറയായി ഇരിക്കുന്നതും ചെളിയായി കിടക്കുന്നതും മരമായി നില്‍ക്കുന്നതും പട്ടിയായി കുരയ്ക്കുന്നതും. പ്രപഞ്ചം ഒരു വലിയ ജീവനാണ്. നിങ്ങളുടെ ജീവന്‍ അതില്‍നിന്നു വേറെയല്ല. ചുറ്റുമുള്ള ലോകമില്ലാതെ നിങ്ങള്‍ക്കു ജീവിക്കാന്‍ കഴിയുകയില്ല. കാരണം ഓരോനിമിഷത്തിലും ചുറ്റുപാടുമായി കൊടുക്കല്‍ വാങ്ങല്‍ നടന്നുകൊണ്ടിരിക്കുകയാണ്. നിങ്ങള്‍ തമ്മില്‍ അത്രയേറെ പരസ്പരബന്ധമുണ്ട് . നിങ്ങളുടെ ഉച്ഛ്വാസം മരങ്ങള്‍ വലിച്ചെടുക്കുന്നു. അവ പുറത്തു വിടുന്നത് നിങ്ങള്‍ ശ്വസിക്കുന്നു. ഇവിടത്തെ പ്രശ്നം നിങ്ങളുടെ ബുദ്ധിയെ നിങ്ങള്‍ വ്യക്തിത്വത്തിന് അടിയറവയ്ക്കുന്നു എന്നതാണ്. നൈസര്‍ഗികമായ നിലനില്‍പ്പിലുണ്ടാകുന്ന ഈ നഷ്ടമാണ് മനുഷ്യരുടെ ഇടയില്‍ ഉണ്ടാകുന്ന വലിയ ഭിന്നതകളുടെയും അസ്വസ്ഥതകളുടെയും രോഗങ്ങളുടെയും ഒക്കെ കാരണം.