സദ്ഗുരു: ജീവിതത്തിന് പല സവിശേഷതകളുണ്ട്. ജനനവും, ബാല്യവും, യൗവ്വനവും, വാര്‍ദ്ധക്യവുമുണ്ട്. ബന്ധങ്ങളുടെ സ്‌നേഹവും, അലിവും, മാധുര്യവും, കയ്പും, വിജയത്തിന്‍റെ ആനന്ദവും സാഫല്യവും വേദനയും സുഖവുമുണ്ട്. നിങ്ങള്‍ സ്വന്തം മനസ്സിനെ സംവേദനത്തിന്‍റെ യുക്തമായ ഒരു തലത്തില്‍ നിര്‍ത്തുകയാണെങ്കില്‍ ഇക്കാര്യങ്ങളെല്ലാം നിങ്ങള്‍ക്ക് ഗ്രഹിക്കാന്‍ കഴിയും. എന്നാല്‍ ജീവിതത്തിന്‍റെ ഏറ്റവും നിര്‍ണ്ണായക സവിശേഷതയായ മരണം ഏതൊരു മനസ്സിന്‍റേയും ഗ്രഹണശേഷിക്ക് അതീതമാണ്. നിങ്ങള്‍ എത്ര ബുദ്ധിമാനോ സമര്‍ത്ഥനോ ആയാലും അതിനു മാറ്റമില്ല. നമ്മള്‍ മരണം ഉള്ളവരായതു കൊണ്ടു മാത്രമാണ് ജീവിതം തനതു രീതിയില്‍ കളിമട്ടില്‍ സംഭവിക്കുന്നത്. നമ്മള്‍ അമരത്വമുള്ളവരായിരുന്നെങ്കില്‍ നമുക്ക് ബാല്യമോ, യൗവ്വനമോ വാര്‍ധക്യമോ ഉണ്ടാകുമായിരുന്നില്ല. ജനനം എന്നൊന്ന് ഉണ്ടോ എന്ന് നമുക്ക് ചോദ്യം ചെയ്യാന്‍ പോലും കഴിയും.

 

മരണമെന്നത് ജീവിതത്തിന്‍റെ ആധാര രേഖയാണ്. മരണത്തെ മനസ്സിലാക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്കൊരിക്കലും ജീവിതത്തെ മനസ്സിലാവില്ല, ജീവിതത്തെ കൈകാര്യം ചെയ്യാനുമാവില്ല, കാരണം ജീവിതവും മരണവും, ശ്വാസവും നിശ്വാസവും പോലെയാണ്.

മരണമെന്നത് ജീവിതത്തിന്‍റെ ആധാര രേഖയാണ്. മരണത്തെ മനസ്സിലാക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്കൊരിക്കലും ജീവിതത്തെ മനസ്സിലാവില്ല, ജീവിതത്തെ കൈകാര്യം ചെയ്യാനുമാവില്ല, കാരണം ജീവിതവും മരണവും, ശ്വാസവും നിശ്വാസവും പോലെയാണ്. വേര്‍പെടുത്താന്‍ കഴിയാത്ത വിധം ഒരുമിച്ച് നിലകൊള്ളുന്നു. നിങ്ങളുടേയോ പ്രിയപ്പെട്ട ഒരാളുടേയോ കൂടെയല്ലാതെ ജീവിക്കാന്‍ കഴിയില്ലെന്ന് നിങ്ങള്‍ കരുതുന്ന ഒരു വ്യക്തിയുടേയോ മരണത്തെ അഭിമുഖീകരിക്കുമ്പോള്‍ മാത്രമാണ് ആത്മീയ അന്വേഷണ പ്രക്രിയക്ക് തുടക്കമാവുന്നത്. മരണം സമീപസ്ഥമാകുകയോ സംഭവിക്കുകയോ ചെയ്യുമ്പോഴാണ് ''എന്താണിതെല്ലാം? ഇതിനപ്പുറം എന്തു സംഭവിക്കും?'' എന്നെല്ലാമുള്ള ചോദ്യങ്ങള്‍ ഭൂരിഭാഗമാളുകളുടെയും ഉള്ളിലുയരുന്നത്. ജീവിതമെന്ന അനുഭവം വളരെ യഥാര്‍ത്ഥമാണെന്ന തോന്നലുള്ളിടത്തോളം കാലം, എല്ലാം പെട്ടെന്ന് അവസാനിക്കുമെന്ന് നിങ്ങള്‍ക്കു വിശ്വസിക്കാന്‍ കഴിയില്ല. എന്നാല്‍ ഒരിക്കല്‍ മരണം അടുത്തെത്തിയാല്‍ നിശ്ചയമായും അതിനുമപ്പുറം എന്തോ ഉണ്ടെന്ന് മുന്‍കൂര്‍ വിചാരം മനസ്സിനുണ്ടാകും, എന്നാല്‍ അത് എത്ര ചിന്തിച്ചാലും വാസ്തവത്തില്‍ അതിനു അറിയാന്‍ കഴിയില്ല. കാരണം മനസ്സുപ്രവര്‍ത്തിക്കുന്നത് അത് തിനോടകം ശേഖരിച്ചിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണ്. മനസ്സിന് മരണത്തിനു മേല്‍ പിടിത്തമില്ല. കാരണം അതിന് ആധികാരികമായ അറിവുകളില്ല, കേട്ടറിവുകള്‍ മാത്രമാണുള്ളത്.

മരണശേഷം നിങ്ങള്‍ ചെന്ന് ദൈവത്തിന്‍റെ മടിയിലിരിയ്ക്കുമെന്ന കേട്ടു കേള്‍വി നിങ്ങള്‍ക്കു പരിചിതമാണ്. അങ്ങനെയെങ്കില്‍ നിങ്ങള്‍ ഇന്നു  തന്നെ മരിയ്‌ക്കേണ്ടതാണ്. അത്തരമൊരു സവിശേഷാവകാശം നിങ്ങള്‍ക്കു നല്‍കപ്പെടുകയാണെങ്കില്‍, നിങ്ങളതു നീട്ടിവെക്കുന്നതില്‍ ഒരര്‍ത്ഥവും കാണുന്നില്ല. സ്വര്‍ഗ്ഗത്തേയും നരകത്തേയും കുറിച്ചുള്ള കേട്ടറിവുകള്‍ നിങ്ങള്‍ക്കുണ്ടായിരിക്കും. മാലാഖമാരേയും മറ്റും കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാവും. എന്നാല്‍ സ്ഥിരീകരിക്കപ്പെട്ട അറിവുകള്‍ ഉണ്ടായിരിക്കില്ല. മരണത്തിനപ്പുറം എന്തു സംഭവിക്കും എന്നതിനെക്കുറിച്ച് ചിന്തിച്ച് നിങ്ങള്‍ സമയം കളയേണ്ടതില്ല. കാരണം അതു മനസ്സിന്‍റെ മണ്ഡലമല്ല.

ഇന്ത്യന്‍ ഭാഷകളില്‍ പ്രജ്ഞയെന്ന് വിളിക്കുന്ന ഒരേ ഒരു മാര്‍ഗ്ഗത്തിലൂടെ മാത്രമേ ഈ അറിവ് കൈവരൂ. ഇതിനെ ഇംഗ്ലീഷില്‍ അവബോധം എന്നു പറയും. എന്നാല്‍ ഈ വാക്കിനെ അതിന്‍റെ സാധാരണ അര്‍ത്ഥത്തില്‍ എടുക്കേണ്ടതില്ല. നിങ്ങള്‍ അവബോധമുള്ളവനാണെങ്കില്‍ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാതെ തന്നെ അവയെ അറിയാന്‍ നിങ്ങള്‍ക്കൊരു മാര്‍ഗ്ഗമുണ്ട്. ഇതിന് അവയെക്കുറിച്ചുളള വിവരങ്ങളുടെ ആവശ്യമില്ല. ചുറ്റുമുള്ള ജീവിതങ്ങളെ നിങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുക. എല്ലാ ജീവികളും വളരെയധികം കാര്യങ്ങള്‍ അക്കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാതെ തന്നെ അറിയുന്നുവെന്ന് അപ്പോള്‍ നിങ്ങള്‍ക്ക് തന്നെ മനസ്സിലാവും. വാസ്തവത്തില്‍ നിങ്ങള്‍ക്ക് ശ്വസനത്തെക്കുറിച്ച് ചിന്തിക്കേണ്ടി വരികയാണെങ്കില്‍ അത് എങ്ങിനെ നടക്കുന്നു എന്നു പോലും നിങ്ങള്‍ക്കു മനസ്സിലാവില്ല. അത് അങ്ങനെ സംഭവിക്കുകയാണ്. അത് നിങ്ങളുടെ ബുദ്ധിയല്ല, സൃഷ്ടാവിന്‍റെ ബുദ്ധിയാണ്. നമ്മുടെ ശരീരം പോലുള്ള സങ്കീര്‍ണ്ണമായ ഒരു യന്ത്രത്തെ നമ്മുടെ നിയന്ത്രണത്തില്‍ വിടുകയാണെങ്കില്‍ അത് നമ്മള്‍ക്ക് വിനാകരമായിരിക്കും.

വളരെയധികം കാര്യങ്ങള്‍ സംഭവിക്കുന്നത് നമ്മുടെ സഹായമോ, ധാരണയോ ചിന്തകളോ കൂടാതെയാണ്. പ്രജ്ഞ ചിന്തക്കപ്പുറമാണ്. സൃഷ്ടിയുടെ സാക്ഷത്തായ ഉറവിടം പ്രജ്ഞയാണ്.

 

വളരെയധികം കാര്യങ്ങള്‍ സംഭവിക്കുന്നത് നമ്മുടെ സഹായമോ, ധാരണയോ ചിന്തകളോ കൂടാതെയാണ്. പ്രജ്ഞ ചിന്തക്കപ്പുറമാണ്. സൃഷ്ടിയുടെ സാക്ഷത്തായ ഉറവിടം പ്രജ്ഞയാണ്. അതിലേക്ക് പ്രവേശനം ലഭിക്കുകയാണെങ്കില്‍, ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള അതിര് എന്ന് കരുതുന്ന സംഗതിയെ നമുക്ക് മുറിച്ച് കടക്കാന്‍ കഴിയും. വാസ്തവത്തില്‍ അതിര് എന്നൊന്നില്ല. ഈ നിമിഷത്തില്‍ തന്നെ നിങ്ങള്‍ ജനിക്കുകയും മരിക്കുകയും ചെയ്യുന്നു. സാമൂഹികമായ തലത്തില്‍, ആളുകളുടെ പരിമിതമായ അനുഭവത്തിലും വീക്ഷണത്തിലും, ഒരുവന്‍ ഇന്നിവിടെ ഉണ്ടായിരിക്കുകയും നാളെ മരിക്കുകയും ചെയ്യുന്നുണ്ടാവും. എന്നാല്‍ ജീവിതത്തെ സംബന്ധിച്ചിടത്തോളം അസ്തിത്വപരമായ പ്രക്രിയയെ സംബന്ധിച്ചിടത്തോളം, ജീവിക്കലും മരിക്കലുമില്ല. എല്ലാം ലീലയാണ്. ഒരു തരം കളി.

എല്ലാം ദൈവത്തിന്‍റെ ഒരു കളിയാണെന്ന് പറയുമ്പോള്‍ അതിനര്‍ത്ഥം ദൈവം എന്നത് ജീവിതം പന്താടുന്ന, പീഡിപ്പിക്കുന്നതില്‍ രസം കണ്ടെത്തുന്ന ഒരു ദുഷ്ടശക്തിയാണെന്നല്ലേ. അസ്തിത്വപരമായി നിങ്ങള്‍ക്ക് ബാല്യകാലത്തേയും യൗവ്വനത്തേയും മധ്യപ്രായത്തേയും വാര്‍ദ്ധക്യത്തേയും പരസ്പരം വേര്‍പെടുത്താന്‍ കഴിയില്ല. എല്ലാം കൂടിക്കലര്‍ന്ന മട്ടിലാണുള്ളത്. നിങ്ങള്‍ വ്യക്തിയെന്ന് വിളിക്കുന്നതിനേയും സാര്‍വ്വലൗകികമായതെന്നു വിളിക്കുന്നതിനേയും അന്യോന്യം വേര്‍പെടുത്താന്‍ കഴിയില്ല. നിങ്ങള്‍ പരമാണു എന്നു വിളിക്കുന്നതിനേയും പ്രാപഞ്ചികമെന്ന് വിളിക്കുന്നതിനേയും അന്യോന്യം വേര്‍പെടുത്താനാവില്ല. ആ അര്‍ത്ഥത്തില്‍ ഇതെല്ലാം കളിയാണ്.

എന്നാല്‍ ഒരിക്കല്‍ ഒരു കാര്യത്തിനും മറ്റൊരു കാര്യത്തിനും ഇടയില്‍ അതിര്‍ വരമ്പ് തീര്‍ക്കുകയാണെങ്കില്‍ പിന്നീട് കളിയുണ്ടാവില്ല. നിങ്ങള്‍ ഇവിടെയിരിക്കുമ്പോള്‍ നിങ്ങള്‍ക്കും ഈ മരത്തിനുമിടയില്‍ ശ്വാസം കേളിയാടുകയാണ്. നിങ്ങള്‍ക്കതിനെ, ഞാന്‍ എന്‍റെ ശ്വസനം ചെയ്യുന്നു. അത് അതിന്‍റെ ശ്വസനം ചെയ്യട്ടെ എന്ന മട്ടില്‍ വേര്‍തിരിക്കാനാകില്ല. ഇതു തന്നെ ഞാന്‍ എന്‍റെ കാര്യം ചെയ്യുന്നു. നീ നിന്‍റെ കാര്യം ചെയ്യ്. എന്ന രീതിയില്‍ പല വീടുകളിലും സംഭവിക്കുന്നുണ്ട്. എന്നാല്‍ കളിയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വരാന്‍ ശ്രമിക്കുന്ന നിമിഷം, ജീവിതം നിങ്ങളുടെ കയ്യില്‍ നിന്നും വഴുതിപ്പോകുന്നു.

                ജീവിതത്തിന്‍റേയും മരണത്തിന്‍റേയും സ്വഭാവമറിയുന്നതിനുള്ള അഗ്രഹമാണ് ആളുകളെക്കൊണ്ട് എല്ലാ കാര്യങ്ങളും ചെയ്യിക്കുന്നത്. എന്നാല്‍ തത്സംബന്ധമായ പരീക്ഷണങ്ങളിലേര്‍പ്പെടുന്നതു വഴിയോ ചിന്തിക്കുന്നതിലൂടേയോ നിങ്ങള്‍ക്കതു പിടികിട്ടുകയില്ല. അനുഭവത്തിലൂടെ മാത്രമേ നിങ്ങള്‍ക്കതറിയാന്‍ കഴിയൂ. ആളുകളെന്നോട് മരണത്തെക്കുറിച്ചും മരണാനന്തരം എന്തു സംഭവിക്കുന്നുവെന്നതിനെ പറ്റിയുമുള്ള കാര്യങ്ങള്‍ ചോദിക്കാറുണ്ട്. അപ്പോഴെല്ലാം, സ്വാനുഭവത്തിലൂടെ അക്കാര്യമറിയലാണ് ഏറ്റവും നല്ലതെന്നാണ് ഞാനവരെ ഓര്‍മിപ്പിക്കുക. അവര്‍ മരിക്കണമെന്നല്ല പറയുന്നത്. ഞാനുദ്ദേശിക്കുന്നത്, തന്‍റെയുള്ളിലുള്ള ജീവനെ നിങ്ങള്‍ അനുഭവിച്ചറിയണമെന്നാണ്. ശരീരത്തെ മാത്രമാണ് നിങ്ങള്‍ അനുഭവത്തിലൂടെ അറിയുന്നതെങ്കില്‍, ഞാന്‍ എന്തൊക്കെപ്പറഞ്ഞാലും, നിങ്ങള്‍ തെറ്റായ നിഗമനങ്ങളിലെത്തും. സ്വന്തം ജീവിതാനുഭവങ്ങള്‍ നിങ്ങളുടെ ശാരീരികവും മാനസികവുമായ ഘടനകളിലേക്കു പരിമിതപ്പെടുകയാണെങ്കില്‍, ഈയൊരു തലത്തിലേക്ക് നിങ്ങള്‍ക്ക് പ്രവേശിക്കാന്‍ കഴിയില്ല. മരണവും അതിനപ്പുറവുമുള്ള കാര്യങ്ങള്‍ സ്വര്‍ഗ്ഗത്തിലോ നരകത്തിലോ എവിടെയെങ്കിലും ഒളിഞ്ഞിരിക്കുന്ന ഒരു രഹസ്യമല്ല. അത് ഇവിടെത്തന്നെയാണ്. ഇപ്പോള്‍ത്തന്നെയാണ്. ഭൂരിഭാഗമാളുകളും ഇക്കാര്യത്തില്‍ ഒരിക്കലും ശ്രദ്ധ നല്‍കുന്നില്ലെന്നേയുള്ളൂ. അവര്‍ മറ്റു കാര്യങ്ങളുമായി വളരെ തിരക്കിലാണ്.

അവര്‍ക്ക് ജീവിതത്തേക്കാള്‍ വലുതാണ് തങ്ങളുടെ തൊഴില്‍. ജീവിതത്തേക്കാള്‍ വലുതാണ് തങ്ങളുടെ പ്രണയം. ജീവിതത്തേക്കാള്‍ പ്രധാനമാണ് അയലത്തുകാരനുമായുള്ള ഒരു നിസ്സാര പ്രശ്‌നം. ജീവിതത്തേക്കാള്‍ മുഖ്യമാണ് തങ്ങള്‍ ധരിക്കുന്ന വസ്ത്രങ്ങള്‍. ഇതെല്ലാം കേവലം ഉദാഹരണങ്ങള്‍ മാത്രം. ജീവിതത്തെക്കുറിച്ച് നിങ്ങള്‍ക്ക് തെറ്റായ കാഴ്ചപ്പാടുകളുള്ളതിനാല്‍ അതു നിങ്ങള്‍ക്ക് പിടി തരാതെ വഴുതി മാറുകയാണ്. എന്നാല്‍ വാസ്തവത്തില്‍ ജീവിതമല്ല വഴുതി മാറുന്നത്. അതില്‍ നിന്നും നിങ്ങള്‍ ഉപായത്തില്‍ ഒഴിഞ്ഞ് മാറുകയാണ്. ജീവിതം നിങ്ങളെ ഒഴിവാക്കുകയല്ല, നിങ്ങള്‍ പല മാര്‍ഗ്ഗേണ അതിനെ ഒഴിവാക്കുകയാണ്.

                ജീവിതത്തിലെ കയ്പും, വേദനയും നിറഞ്ഞ അനുഭവങ്ങള്‍ക്ക് ഒരിക്കലും ഒരു തരത്തിലും ജീവിതം കാരണമാകുന്നില്ല. സ്വന്തം മനസ്സും ശരീരവും കൈകാര്യം ചെയ്യുന്നതിനുളള നിങ്ങളുടെ കഴിവുകേടാണ് അതിനു കാരണം. നിങ്ങളുടെ വേദനയ്‌ക്കോ സഹനത്തിനോ ഒരിക്കലും ജീവിതം കാരണമാകുന്നില്ല. കേവലം ശരീരവും മനസ്സുമാണ് അതിനു നിദാനം. സ്വന്തം മനോഘടനയും ശരീര ഘടനയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നിങ്ങള്‍ക്കറിഞ്ഞു കൂടാ. രണ്ട് അത്ഭുതകരമായ ഉപകരണങ്ങള്‍ നിങ്ങള്‍ക്ക് നല്‍കിയിരിക്കുകയാണ്. എന്നാല്‍ നിങ്ങളവയെ താറുമാറാക്കുന്നു. എല്ലാ വേദനയും സഹനവും നിങ്ങളില്‍ നിന്നുമാണ് വന്നിരിക്കുന്നത്. ജീവിതത്തില്‍ നിന്നുമല്ല.

                പ്രജ്ഞയെന്നത് ജീവിതത്തിലേയ്ക്കും അതിന്‍റെ സ്വഭാവത്തിലേക്കും ഉറവിടത്തിലേക്കും പ്രവേശനം നല്‍കുന്ന, ഉള്‍ക്കാഴ്ചയുടേതായ ഒരു തലമാണ്. ഇവയൊന്നും വേറെ വേറെ കാര്യങ്ങളല്ല. നമ്മള്‍ ജീവിതത്തിനു കല്‍പ്പിക്കുന്ന വിവിധ നാമധേയങ്ങള്‍ മാത്രം. വാസ്തവത്തില്‍, ഉറവിടവുമില്ല, ആവിര്‍ഭാവവുമില്ല. എല്ലാം ഒന്നു തന്നെ. ജീവിതവുമില്ല, മരണവുമില്ല. ഇത് ജീവിതവുമല്ല, മരണവുമല്ല. അവയുടെയെല്ലാം ഒരു കളിമാത്രം. നിങ്ങള്‍ക്കു ജീവിതത്തില്‍ കേളിയാടുകയും ഒരു ദിനം ആ കളി അവസാനിപ്പിക്കുകയും ചെയ്യാം. ജീവിതത്തിന്‍റെ കളിയും, അവസാനിപ്പിയ്ക്കലും വീണ്ടും വീണ്ടും തുടരുന്നു. എന്നാല്‍ അടിസ്ഥാനപരമായ ജീവിതം ഒരു പ്രത്യേക പ്രവൃത്തിയോ, പ്രത്യേകിച്ചെന്തെങ്കിലും സംഭവിയ്ക്കലോ അല്ല. അത് സ്വതവേയുള്ള ഒരു പ്രതിഭാസമാണ്. അത് സൃഷ്ടിയുടെ പശ്ചാത്തലവമാണ്. അത് സൃഷ്ടിയുടെ ഉറവിടമാണ്.