सद्गुरु

ഏതെങ്കിലും ഒരു ആസനത്തിലിരുന്ന് ശരിയായ വിധത്തില്‍ നിങ്ങള്‍ ശ്വാസോച്ഛാസം നടത്തുന്നു. നിങ്ങളുടെ മനസ്സ് അതോടൊപ്പം പലപല ഭാവങ്ങള്‍ കൈകൊള്ളും. യോഗയുടെ അടിസ്ഥാന തത്വങ്ങളില്‍ ഒന്നാണ് അന്വേഷണം. ഹഠയോഗ, യോഗയുടെ പര്യവസാനമല്ല, അത് ഒരു മുന്നൊരുക്കമാണ്.

വേണ്ടത്ര തയ്യാറെടുപ്പുകളില്ലാതെ ഏറ്റവും ഉയരങ്ങളിലേക്കെത്താന്‍ ശ്രമിച്ചാല്‍, മിക്കവാറും തകര്‍ന്നു താഴെ വീഴാനാണ് സാദ്ധ്യത. ധ്യാനത്തിനു മുന്നോടിയായി തന്‍റേതായ രീതിയില്‍ ശാരീരികമായ ചില തയ്യാറെടുപ്പുകള്‍ ആര്‍ക്കായാലും ആവശ്യമാണ്. അതില്ല എങ്കില്‍ ധ്യാനം സമ്പന്നമാവുകയില്ല. എണ്‍പതു ശതമാനം പേരിലും ഇതാണ് കണ്ടുവരുന്നത്. ഒരാള്‍ ഇരിക്കുന്നതും അനങ്ങുന്നതുമൊക്കെ കണ്ടാല്‍ത്തന്നെ അറിയാം, അവര്‍ക്ക് ധ്യാനത്തില്‍ മനസ്സിരുത്താന്‍ കഴിയുകയില്ല എന്ന്. എത്രതന്നെ ശ്രമിച്ചാലും അവര്‍ക്കത് സാധിക്കുകയുമില്ല. ചില തയ്യാറെടുപ്പുകള്‍ കൂടിയേ തീരൂ. കാരണം ശരീരവും, മനസ്സും രണ്ടു വിഭിന്ന വസ്തുക്കളല്ല. അതുപോലെത്തന്നെ സ്വന്തം തലച്ചോറും നിങ്ങളില്‍ നിന്നും അന്യമായ ഒരു വസ്തുവല്ല. ചെറുവിരലിന്‍റെ തുമ്പില്‍ സംഭവിക്കുന്നതും തലച്ചോറില്‍ പ്രതിസ്പന്ദനവുമുണ്ടാക്കുന്നു. അതേപോലെ തലച്ചോറില്‍ സംഭവിക്കുന്നതിന്‍റെ പ്രതിസ്പന്ദനം വിരല്‍ത്തുമ്പിലും അനുഭവപ്പെടുന്നു.

തലച്ചോറ് എന്നു നമ്മള്‍ പറയുന്നത് തനതായ ഒരു വസ്തുവല്ല. ശവശരീരങ്ങള്‍ കീറിമുറിച്ച് പരിശോധിച്ചിട്ടാണ് ഡോക്ടര്‍മാര്‍ ശരീരത്തെ കുറിച്ചുള്ള വിവരങ്ങള്‍ മനസ്സിലാക്കുന്നത്. ഒരു ശവശരീരത്തില്‍നിന്നും വിവിധ അവയവങ്ങള്‍ മുറിച്ചുമാറ്റി വെവ്വേറെ വെച്ചാല്‍ അവയൊക്കെയും വ്യത്യസ്തമാണ്, എന്നാല്‍ ശരീരത്തിനകത്ത് അവയെല്ലാം ഒന്നാണ്. അതിസൂക്ഷ്മമായ ഒരു ഉപകരണംകൊണ്ടു മാത്രമേ അവയെ വേര്‍തിരിച്ചെടുക്കാനാവു. ഇതെല്ലാം പരിഗണിച്ചുകൊണ്ടാണ് യോഗവിദ്യ വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്.

സ്വയം ചെറുവിരലിന്‍റെ തുമ്പില്‍ സംഭവിക്കുന്നതും തലച്ചോറില്‍ പ്രതിസ്പന്ദനവുമുണ്ടാക്കുന്നു. അതേപോലെ തലച്ചോറില്‍ സംഭവിക്കുന്നതിന്‍റെ പ്രതിസ്പന്ദനം വിരല്‍ത്തുമ്പിലും അനുഭവപ്പെടുന്നു.

ഒരു പരീക്ഷണം എന്ന നിലയ്ക്ക് അവനവന് ആഗ്രഹമുള്ള എന്തിനേയെങ്കിലും അകറ്റി നിര്‍ത്താന്‍ ശ്രമിച്ചു നോക്കൂ. അതിശയം തോന്നും, അതുതന്നെ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നതായി കാണാം. എന്തെങ്കിലും പ്രത്യേകിച്ച് സംഭവിക്കണം എന്നുണ്ടെങ്കില്‍, അത് സംഭവിക്കാതിരിക്കാന്‍ ശ്രമിക്കണം. അപ്പോള്‍ അത് നിശ്ചയമായും സംഭവിക്കും. അത് മനസ്സിന്‍റെ ഒരു സവിശേഷതയാണ്. ഒന്നാമത്തെ ഗിയറിലിടുമ്പോള്‍ അത് തിരിഞ്ഞ് പുറകിലത്തെ ഗിയറിലേക്കു പോകുന്നു. ഇതല്ല ശരിയായ വഴി എന്ന് ഓര്‍മ്മ വേണം. ഒരു പരീക്ഷണം എന്ന നിലയില്‍ മാത്രമേ ശ്രമിച്ചു നോക്കാവു. വേണ്ട എന്നുറപ്പിക്കുന്നതാണ് മിക്കവാറും ജീവിതത്തില്‍ സംഭവിക്കുക.

സാധനകള്‍ക്ക് ഫലമുണ്ടാവും

നാളെ മുതല്‍ ദിവസവും അതിരാവിലെ എഴുന്നേല്‍ക്കണം, തണുത്ത വെള്ളത്തില്‍ കുളിച്ച് 5.30ന് സാധനകള്‍ അനുഷ്ഠിക്കണം. ഇങ്ങനെ കുറച്ചു ദിവസം മുടങ്ങാതെ ചെയ്തു നോക്കൂ. മുമ്പ്, "വലിയ പ്രയാസമാണല്ലോ" എന്ന് തോന്നിയിരുന്ന പല സംഗതികളും നിങ്ങളുടെ ജീവിതത്തില്‍നിന്നും ഒഴിഞ്ഞുപോകുന്നതായി ക്രമേണ അനുഭവപ്പെടും. എല്ലാ ദിവസവും മുടങ്ങാതെ ഒരു മണിക്കൂര്‍ ഹഠയോഗ ചെയ്യൂ. തീര്‍ച്ചയായും നിങ്ങള്‍ക്കതിന്‍റെ പ്രയോജനം ലഭിക്കും. എന്നാല്‍ ഹഠയോഗയെ കുറിച്ച് ആഴത്തില്‍ മനസ്സിലാക്കണമെന്നുണ്ടെങ്കില്‍ അത് പെട്ടെന്ന് സാധിക്കുന്നതല്ല. അതിനുവേണ്ടത്ര താല്‍പര്യവും സമയവും ക്ഷമയും കൈമുതലായിട്ടുണ്ടാകണം. അതിന്‍റെ ഗുണഭോക്താവാകാന്‍ കാര്യമായി കാത്തിരിക്കേണ്ടതില്ല. ഓരോ ആസനത്തിന്‍റെ രീതി, ലക്ഷ്യം, അതുകൊണ്ട് ശരീരത്തിനും മനസ്സിനും ബുദ്ധിക്കും എന്തെല്ലാം മാറ്റങ്ങള്‍ സംഭവിക്കുന്നു എന്നെല്ലാം വിശദമായി പഠിക്കാന്‍ ഒരായുഷ്ക്കാലം മുഴുവന്‍ ചിലവഴിക്കേണ്ടിവരും.

കേവലം പ്രയോജനം മാത്രമാണ് ലക്ഷ്യമെങ്കില്‍ അതിന്‍റെ സാങ്കേതികവശങ്ങള്‍ നന്നായി മനസ്സിലാക്കിയാല്‍ മതി. എന്നാല്‍ ഹഠയോഗത്തിന്‍റെ ശാസ്ത്രവും അടിസ്ഥാന തത്വങ്ങളും മനസ്സിലാക്കാന്‍ കുറച്ചധികം കാലം അദ്ധ്വാനിക്കേണ്ടിവരും.

കേവലം പ്രയോജനം മാത്രമാണ് ലക്ഷ്യമെങ്കില്‍ അതിന്‍റെ സാങ്കേതികവശങ്ങള്‍ നന്നായി മനസ്സിലാക്കിയാല്‍ മതി. എന്നാല്‍ ഹഠയോഗത്തിന്‍റെ ശാസ്ത്രവും അടിസ്ഥാന തത്വങ്ങളും മനസ്സിലാക്കാന്‍ കുറച്ചധികം കാലം അദ്ധ്വാനിക്കേണ്ടിവരും. എന്നെ സംബന്ധിച്ചാണെങ്കില്‍ ഇതെല്ലാം മനസ്സിലാക്കാന്‍ മൂന്നു ജന്മം തന്നെ വേണ്ടിവന്നു. നിങ്ങള്‍ എന്നേക്കാള്‍ ബുദ്ധിയുള്ളവരാണെന്നാണ് എനിക്കു തോന്നുന്നത്. ഇതു പഠിക്കാനായി നിങ്ങള്‍ എന്‍റെ അടുത്തു വന്നിരിക്കുന്നു. എന്‍റെ കര്‍ശനമായ രീതികളുമായി സഹകരിക്കുന്നു. എന്‍റെ ഭാഗത്തുനിന്ന് വിശേഷിച്ച് പ്രശംസയോ, പ്രോത്സാഹനമൊ, വാഗ്ദാനങ്ങളൊ, അത്ഭുതങ്ങളൊ ഒന്നുമില്ല. എന്നിട്ടും ആരും വിട്ടുപോകുന്നില്ല. തീര്‍ച്ചയായും നിങ്ങള്‍ എന്നേക്കാള്‍ സമര്‍ത്ഥരാണ്.....നിങ്ങള്‍ക്കത് പഠിച്ചെടുക്കാന്‍ ഈ ജന്മം തന്നെ ധാരാളം.