सद्गुरु

ശക്തമായ ഒരു ചിന്ത രൂപപ്പെടുത്തുകയും അതിനെ വിസ്മയം ചെയ്യുകയുമാണെങ്കില്‍ അതു തീര്‍ച്ചയായും വെളിവാക്കപ്പെടും.

നിങ്ങളുടെ മനസ്സ് അഞ്ചു വ്യത്യസ്ത അവസ്ഥകളില്‍ ഒന്നില്‍ ആയിരിക്കാം. അത് നിഷ്ക്രിയമായിരിക്കാം. അതായത് അത് പ്രവര്‍ത്തിച്ചുതുടങ്ങിയിട്ടില്ലായിരിക്കാം. പ്രവര്‍ത്തനം ഇനിയും ആരംഭിക്കേണ്ടിയിരിക്കുന്നു. ഊര്‍ജം ലഭിച്ചാല്‍ അത് പ്രവര്‍ത്തിച്ചുതുടങ്ങും. പക്ഷേ ചിന്തകള്‍ ചിന്നിച്ചിതറിയതുപോലെയായിരിക്കും പ്രവര്‍ത്തിക്കുക. അതിനെ വീണ്ടും ഊര്‍ജവത്കരിച്ചാല്‍ ചിന്നിച്ചിതറുകയില്ല. പകരം ഇരുപുറവും ആടിക്കൊണ്ടിരിക്കും. വീണ്ടും ഊര്‍ജം നല്‍കിയാല്‍ അത് ഏകാഗ്രമാകും. വീണ്ടും ഊര്‍ജം ലഭിക്കുന്നതോടെ അത് ബോധമായി മാറും. അത് ഒരു മാജിക്കാണ്. അപ്പുറത്തേക്കുള്ള അത്ഭുതകരമായ ഒരു സേതു.

നിഷ്ക്രിയമായ മനസ്സ് ഒരു പ്രശ്നമല്ല. ബുദ്ധി പ്രവര്‍ത്തിപ്പിക്കാത്ത വളരെ സരളമനസ്കനായ ഒരാളിനും തിളച്ചുമറിയാത്ത നിശ്ചലബുദ്ധിയുള്ള ആളിനും ഒരു പ്രശ്നവുമില്ല. അയാള്‍ നന്നായി ഭക്ഷിക്കുന്നു. നന്നായി ഉറങ്ങുന്നു. ചിന്തിക്കുവാന്‍ കഴിയുന്നവര്‍ക്കാണ് ഉറങ്ങാന്‍ കഴിയാത്തത്. ബുദ്ധിമാന്മാരെന്നു പറയപ്പെടുന്ന ആളുകളെക്കാള്‍ ശരീരം കൊണ്ടുള്ള എല്ലാ പ്രവൃത്തികളും സരളമനസ്കരായ ആളുകള്‍ക്കാണ് നന്നായി ചെയ്യുവാന്‍ കഴിയുന്നത്. അവര്‍ ശാന്തരാണ്. മനഃശല്യവും കുഴപ്പങ്ങളും ഉണ്ടാകണമെങ്കില്‍ അതിനും കുറെ ബുദ്ധി ആവശ്യമാണ്. നിഷ്ക്രിയമായ മനുഷ്യമനസ്സ് മനുഷ്യപ്രകൃതമുള്ളത് എന്നതിനെക്കാള്‍ ജന്തുപ്രകൃതമുള്ളത് എന്നുപറയുന്നതാണ് ശരി.

ഊര്‍ജം പമ്പുചെയ്യുമ്പോള്‍ മനസ്സ് പ്രവര്‍ത്തനക്ഷമമാകുന്നു. അതു ശിഥിലമായിരിക്കും. ചില ആളുകള്‍ അവരുടെ ആധ്യാത്മികപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമ്പോള്‍ മനസ്സ് ഒരു പുതിയ തലത്തില്‍ തിളച്ചുമറിയുന്നതായി അനുഭവപ്പെട്ടേക്കാം. ചുറ്റുപാട് അതു പ്രസരിപ്പിക്കുന്നതിനു പ്രാപ്തമല്ലെങ്കില്‍ അവര്‍ക്ക് അതു കൈകാര്യം ചെയ്യുവാന്‍ സാധിക്കുകയില്ല. മനസ്സിന്‍റെ ഈ തിളച്ചുമറിയല്‍ ഉണ്ടാകുന്നത് ശാരീരിക വ്യവസ്ഥയിലുണ്ടാകുന്ന പുതിയ ഊര്‍ജവിതാനങ്ങള്‍ മൂലമാണ്. ഇതു മനസ്സിലാക്കുകയും ആരെങ്കിലും വരുത്തുന്ന തടസ്സമായി വ്യാഖ്യാനിക്കുകയും ചെയ്തേക്കാം. പുതിയ എല്ലാ അനുഭവങ്ങളെയും ഭയപ്പെടുത്തുന്ന തരത്തിലുള്ള ഒരു പ്രേരണാവിഭ്രാന്തി ഇതുമൂലം ആളുകള്‍ക്കു ഉണ്ടാകാറുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അയാള്‍ നിഷ്ക്രിയതയില്‍ നിന്ന് ഒരു ഉയര്‍ന്ന തലത്തിലുള്ള ജീവതലത്തിലേക്കു നീങ്ങുകയാണ്.

ശിഥിലമായ മനസ്സുള്ളവര്‍ക്ക് ആധ്യാത്മിക പരിശീലനം ആരംഭിക്കുന്നതോടെ പുരോഗതിയുണ്ടാകും.

ശിഥിലമായ മനസ്സുള്ളവര്‍ക്ക് ആധ്യാത്മിക പരിശീലനം ആരംഭിക്കുന്നതോടെ പുരോഗതിയുണ്ടാകും. എന്നാല്‍ മനസ്സ് ആന്ദോളനം ചെയ്യാന്‍ ആരംഭിക്കുന്നു. ഒരു ദിവസം ഒരു വശത്തേക്കും മറ്റൊരു ദിവസം മറുവശത്തേക്കും ആടുന്നു. നിമിഷം പ്രതി വ്യത്യസ്തദിശകളിലേക്ക് പാഞ്ഞുകൊണ്ടിരുന്ന മനസ്സാണ് ഇപ്രകാരം മാറിയത്. മനസ്സ് ഇപ്പോള്‍ത്തന്നെ ആന്ദോളനം ചെയ്തുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണെങ്കില്‍ അതിനെ കൂടുതല്‍ ഊര്‍ജവത്കരിച്ചാല്‍ സാവധാനത്തില്‍ അത് ഏകാഗ്രമാകും. അതു വളരെ നല്ലത്. എന്നാല്‍ മനസ്സ് ബോധപൂര്‍വമായിരിക്കണം. ഏകാഗ്രമാകേണ്ടത് എന്നത് വളരെ പ്രധാനമാണ്. അത് നിങ്ങളുടെ കമ്പ്യൂട്ടറോ കാറോ സ്പേസ് വാഹനമോ അല്ല. മനുഷ്യമനസ്സാണ്. നിലവിലുള്ളതില്‍ വച്ച് ഏറ്റവും അത്ഭുതകരമായ ഉപകരണമാണത്. നിങ്ങള്‍ക്ക് അതിനെ ബോധപൂര്‍വം ഉപയോഗിക്കുവാന്‍ കഴിയുമെങ്കില്‍ മാത്രം ഒരാളിന്‍റെ വിജയം വളരെ എളുപ്പത്തില്‍ പ്രകൃത്യാതന്നെയുണ്ടാകുന്നു. മറ്റൊരാള്‍ക്ക് അത്യന്തം പരിശ്രമകരമാണ്. അതിനുകാരണം, ഒരാള്‍ക്ക് എന്താണോ ആവശ്യം അതിനെക്കുറിച്ചു ചിന്തിക്കുന്നു. മറ്റേയാള്‍ തനിക്കെതിരെ തന്നെ ചിന്തിക്കുന്നു എന്നതാണ്.

സുസ്ഥാപിതമായ അഥവാ സുസംഘടിതമായ മനസ്സ് കല്‍പ്പവൃക്ഷമാണെന്നാണ് പറയാറ്. അതായത് ആഗ്രഹിക്കുന്നതെന്തും തരാന്‍ കഴിവുള്ള മരം. അത്തരത്തിലുള്ള മനസ്സിനോട് എന്തു ചോദിച്ചാലും അത് യാഥാര്‍ത്ഥ്യമായിത്തീരും. നിങ്ങള്‍ ആകെ ചെയ്യേണ്ടത് മനസ്സ് കല്‍പ്പവൃക്ഷമായിത്തീരും വരെ അതിനെ വികസിപ്പിക്കുക എന്നതാണ്. അല്ലാതെ അതിനെ ഭ്രാന്താവസ്ഥയിലേക്കു വികസിപ്പിക്കുക എന്നതല്ല.

ഒരിക്കല്‍ നിങ്ങളുടെ മനസ്സ് സുംസഘടിതമായിക്കഴിഞ്ഞാല്‍ നിങ്ങളുടെ വികാരങ്ങളും സുസംഘടിതമായിത്തീരും. നിങ്ങളുടെ ചിന്തകളും വികാരങ്ങളും സുസംഘടിതമായാല്‍ നിങ്ങളിലെ ഊര്‍ജവും അതേ ദിശയില്‍ത്തന്നെ ചലിപ്പിക്കപ്പെടും. ഇവയൊക്കെ സുംസഘടിതമായാല്‍ നിങ്ങളുടെ ശരീരവും സുസംഘടിതമാകും.

ഇവയെല്ലാം ഒരേ ദിശയിലായാല്‍ നിങ്ങള്‍ക്കാവശ്യമുള്ളതെന്തും സൃഷ്ടിക്കാനോ പ്രകടിപ്പിക്കാനോ കഴിയും. ഈ നിലനില്‍പ്പ് അഥവാ അസ്തിത്വം പൂര്‍ണമായി ഊര്‍ജത്തിന്‍റെ പ്രതിധ്വനി അഥവാ കമ്പനമാണ് എന്നാണ് ആധുനികശാസ്ത്രവും പറയുന്നത്. അതുപോലെ നിങ്ങളിലെ ചിന്തകളും ഒരുതരം കമ്പനമാണ്. നിങ്ങള്‍ക്ക് ശക്തമായ ഒരു ചിന്ത ഉണ്ടാകുകയും അതിനെ പ്രസരിപ്പിക്കുകയും ചെയ്താല്‍ അത് സ്വയം പ്രകടമാകും. ഇങ്ങനെ സംഭവിക്കുന്നതിന് ചിന്തകളെ വിപരീതചിന്തകള്‍ സൃഷ്ടിച്ച് തടസ്സപ്പെടുത്തുകയോ ബലക്ഷയം വരുത്തുകയോ ചെയ്യാന്‍ പാടില്ല.

ഒരിക്കല്‍ നിങ്ങളുടെ മനസ്സ് സുംസഘടിതമായിക്കഴിഞ്ഞാല്‍ നിങ്ങളുടെ വികാരങ്ങളും സുസംഘടിതമായിത്തീരും. നിങ്ങളുടെ ചിന്തകളും വികാരങ്ങളും സുസംഘടിതമായാല്‍ നിങ്ങളിലെ ഊര്‍ജവും അതേ ദിശയില്‍ത്തന്നെ ചലിപ്പിക്കപ്പെടും.

സാധാരണ ജനങ്ങള്‍ വിശ്വാസത്തെ വിപരീത ചിന്തകള്‍ ഒഴിവാക്കാനുള്ള ഒരു മാര്‍ഗമായി ഉപയോഗപ്പെടുത്താറുണ്ട്. ചിന്തിക്കുന്ന ഒരു മനുഷ്യജീവിയായിക്കഴിഞ്ഞാല്‍ നിങ്ങളുടെ വിശ്വാസം അത്ര ആഴത്തിലുള്ളതാകാനിടയില്ല. നിങ്ങള്‍ക്ക് എത്രമാത്രം വിശ്വാസമുണ്ട് എന്ന് നിങ്ങള്‍ കരുതുന്നത് ഒരു പ്രശ്നമല്ല. എവിടെയെങ്കിലും സംശയങ്ങള്‍ എപ്പോഴും മുളച്ചുവരാം. അപ്പോള്‍ ദൈവം അവിടെ നേരിട്ടെത്തിയാലും നിങ്ങള്‍ അദ്ദേഹത്തിന് സ്വയം സമര്‍പ്പിക്കുകയില്ല. ആ തരത്തിലാണ് മനസ്സ് നിര്‍മിക്കപ്പെട്ടിരിക്കുന്നത്. അത് ദൈവം തന്നെയാണോ അല്ലയോ എന്നു കണ്ടുപിടിക്കുന്നതിന് ഒരു അന്വേഷണം വേണമെന്ന് നിങ്ങള്‍ ആവശ്യപ്പെടും. ഇത്തരം മനസ്സോടെ നിങ്ങളുടെ സമയം വിശ്വാസത്തിനുവേണ്ടി പാഴാക്കേണ്ടതില്ല.

പകരം മറ്റൊരു വഴിയുണ്ട്. അതാണ് പ്രതിജ്ഞാബദ്ധത. നിങ്ങള്‍ക്ക് ആവശ്യമുള്ളതെന്തോ അതു സൃഷ്ടിക്കുന്നതിനുവേണ്ടി സ്വയം തീരുമാനിക്കുകയാണെങ്കില്‍ അപ്പോഴും തടസ്സങ്ങളൊന്നുമുണ്ടാകാത്ത വിധത്തില്‍ നിങ്ങളുടെ ചിന്തകള്‍ സുസംഘടിതമാക്കപ്പെടും. നിങ്ങള്‍ ആവശ്യപ്പെടുന്നിടത്തേക്കു ചിന്ത സ്വതന്ത്രമായി ഒഴുകും. അങ്ങനെ സംഭവിച്ചാല്‍ അത് തുടര്‍ന്ന് പ്രകടമാകുന്നതായിരിക്കും.