ചോദ്യം: ഉള്ളില്‍ ഉയരുന്ന അസൂയയില്‍ നിന്ന് എനിക്കെങ്ങനെയാണൊരു മോചനം ലഭിക്കുക?

സദ്ഗുരു: നിങ്ങള്‍ എന്താണോ, അതില്‍ തൃപ്തനല്ലെങ്കില്‍ നിങ്ങളേക്കാള്‍ കൂടുതലുണ്ടെന്നു നിങ്ങള്‍ക്ക് തോന്നുന്ന ഒരാളെ കാണുന്ന നിമിഷം നിങ്ങള്‍ക്ക് അസൂയ തോന്നും. അസൂയ അതിന്‍റെ കളി തുടങ്ങും ! നിങ്ങള്‍ സന്തോഷവാനായിരിക്കുമ്പോള്‍ അസൂയ ഉണ്ടാവാറുണ്ടോ? ഇല്ല. വിഷാദം അനുഭവപ്പെടുമ്പോഴാണ് ഒരാള്‍ക്ക് അസൂയ തോന്നുന്നത്. സാരമില്ല, അസൂയയുടെ ശല്യമോര്‍ത്ത് ആശങ്കപ്പെടേണ്ട. ജീവിതത്തിലെ ഓരോ നിമിഷവും ആനന്ദത്തിന്‍റെ തിരതല്ലലാണെങ്കില്‍, പിന്നെവിടെയാണ് അസൂയയ്ക്ക് കയറിപ്പറ്റാന്‍ ഇടമുണ്ടാവുക? അതു കൊണ്ട് അസൂയയോട് പട പൊരുതാന്‍ നില്‍ക്കാതെ , ജീവിതത്തെ, അതിന്‍റെ ആനന്ദത്തെ, പൂര്‍ണ്ണതയിലെത്തിക്കുവാന്‍ ശ്രമിക്കുന്നതാവും ശ്രേഷ്ടം.

അസൂയ മനുഷ്യ പ്രകൃതമല്ല

നമ്മള്‍ എന്തെങ്കിലും പരിത്യജിച്ചു കൊണ്ട് മാത്രം സ്വാതന്ത്രം സാധ്യമാവില്ല, കാരണം പരിത്യജിക്കാനായിട്ട് എന്താണ് നമ്മുടേതായിട്ടുള്ളത്? സത്യത്തില്‍, ഈ നിമിഷം നിങ്ങളില്‍ അസൂയയില്ല. അസൂയ മനുഷ്യന്‍റെ പ്രകൃതവുമല്ല. തരം കിട്ടുമ്പോഴൊക്കെ നമ്മുടെ മനസ്സു തന്നെയാണ് അതുണ്ടാക്കുന്നത്. നമ്മള്‍ ആഗ്രഹിച്ചതു കൊണ്ടാണ് മനസ്സ് അസൂയയെ സൃഷ്ടിച്ചത്. അതിലാണ് നിങ്ങള്‍ ആനന്ദിക്കുന്നതെന്ന് സാരം. ക്രോധം, ഭയം, അസൂയ ഇത്യാദി ദോഷങ്ങളില്‍ ആനന്ദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അങ്ങനെയാവാം, യാതൊരു വിരോധവുമില്ല. അതിലാണ് സന്തോഷം കിട്ടുന്നതെങ്കില്‍ ആയിക്കോളൂ. പക്ഷേ അതൊന്നും മനുഷ്യനെ സംബന്ധിച്ച് ശരിയായ സന്തോഷത്തിന്‍റെ വഴികളല്ല. പിന്നെന്തിനാണ് നിങ്ങള്‍ അതിനെ സൃഷ്ടിക്കുന്നത്? നിങ്ങള്‍ക്ക് നിങ്ങളെക്കുറിച്ച്, നിങ്ങളുടെ ആന്തരികമായ ശേഷികളെക്കുറിച്ച് ശരിയായ അവബോധമില്ലാത്തതിന്‍റെ ഫലമാണത്.

അസൂയ, വെറുപ്പ് ഇത്യാദി മനോമാലിന്യങ്ങളില്‍ നിന്ന് മോചനം നേടുവാന്‍, ആദ്യം നിങ്ങളുടെ മനസ്സിന്‍റെ ബന്ധനം ഏതു വിഷയത്തിലാണ്, അത് എന്തിനെയാണ് മടിയിലിട്ട് താലോലിക്കുന്നത് എന്ന് അന്വേഷിച്ചറിയുക.

അതു കൊണ്ട് അസൂയ, വെറുപ്പ് ഇത്യാദി മനോമാലിന്യങ്ങളില്‍ നിന്ന് മോചനം നേടുവാന്‍, ആദ്യം നിങ്ങളുടെ മനസ്സിന്‍റെ ബന്ധനം ഏതു വിഷയത്തിലാണ്, അത് എന്തിനെയാണ് മടിയിലിട്ട് താലോലിക്കുന്നത് എന്ന് അന്വേഷിച്ചറിയുക. അതിനെ കണ്ടെത്തുന്ന നിമിഷം നിങ്ങള്‍ നിങ്ങളുടെ ശരിയായ ഉണ്‍മയെ, ആത്മസത്തയെ കണ്ടെത്തുന്നു. സകല ആദ്ധ്യാത്മിക പ്രക്രിയകളുടേയും ഉദ്ദേശ്യം തന്നെ നിങ്ങളെ താദാത്മ്യം പ്രാപിക്കുന്നതില്‍ നിന്നും മുക്തമാക്കുക എന്നതാണ്. അങ്ങനെ ചെയ്താല്‍ അസ്തിത്വവുമായി നിങ്ങള്‍ സംഘര്‍ഷത്തിലാവില്ല. പിന്നെ എല്ലാം വളരെ സ്വാഭാവികമായി അനുഭവിക്കുക മാത്രമാണ് നാം ചെയ്യുന്നത്. നന്മ, തിന്മ, ഈശ്വരന്‍, പിശാച് എന്നൊക്കെയുള്ള വേര്‍തിരിവുകള്‍ പിന്നെയുണ്ടാവില്ല.

ചെളിയില്‍ നിന്ന് സുഗന്ധം ഉണ്ടാകട്ടെ

നമ്മുടെ തന്നെ മനസ്സിലെ തിന്മകളെ നല്ലൊരു വളമാക്കി മാറ്റിയാല്‍ അതില്‍ നിന്ന് മനോഹരമായ പൂക്കള്‍ വിരിയിക്കാന്‍ സാധിക്കും . എന്താണീ 'തിന്‍മകള്‍' എന്നാണെങ്കില്‍, ഒരാള്‍ തെറ്റിദ്ധാരണകളുടെ ഫലമായി കടുത്ത അസൂയാലുവാണെന്ന് വിചാരിക്കുക. അല്ലെങ്കില്‍ ക്രോധം, ഭയം ഇങ്ങനെ എന്തങ്കിലും വികാരത്തിന് അടിമയാണെന്നു കരുതൂ. അതു തന്നെയാണ് ഏറ്റവും വലിയ തിന്‍മ. അതില്‍പരം വലിയ ദുരന്തവും വേറെയില്ല.

ജൈവപച്ചക്കറികളെ കുറിച്ചാണല്ലോ ഇന്ന് എല്ലാവരുടെയും സംസാരം . സത്യത്തില്‍ എന്താണ് അതിന്‍റെ അര്‍ത്ഥം! ഒരു സഞ്ചിയില്‍ ലഭിക്കുന്ന വളങ്ങള്‍ക്കു പകരം പശുവിന്‍റെ ചാണകമോ മറ്റ് ജൈവമാലിന്യങ്ങളോ ഇട്ടു വളര്‍ത്തിയ പച്ചക്കറികളാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എന്നല്ലേ! അപ്പോള്‍ മാലിന്യങ്ങളില്‍ നിന്നാണ് സുന്ദരമായ പൂക്കളും പഴങ്ങളും പച്ചക്കറികളും വിളയുന്നതെന്ന് അറിയാതെ തന്നെ ഒരു ബോധം നമ്മിലെവിടെയോ ഉണ്ട്. മനസ്സിന്‍റെ കാര്യവും അങ്ങനെ തന്നെ. മനോ മാലിന്യങ്ങള്‍ തന്നെയാണ് മനശുദ്ധിക്കുള്ള ഏറ്റവും നല്ല വളം!

മണ്ണിനാവശ്യം മാലിന്യങ്ങളാണ്. സുഗന്ധമാര്‍ന്ന പുഷ്പങ്ങളല്ല. ദുര്‍ഗന്ധമാര്‍ന്ന മാലിന്യത്തെയാണ് മണ്ണ് വളമാക്കി മാറ്റുന്നത്.

ജീവിതത്തിന്‍റെ പൊരുളും ഇതു തന്നെ. ആദ്ധ്യാത്മികമായും മനശാസ്ത്രപരമായും പ്രതീകാത്മകമായും നമ്മള്‍ തിരിച്ചറിയേണ്ട ഒരു സത്യവും അതാണ് . പൂന്തോപ്പില്‍ സുന്ദരമായ പൂക്കള്‍ വിടരാനായി, കുറേ പൂക്കള്‍ മണ്ണില്‍ വളമായി ഇട്ടു കൊടുക്കുക എന്ന ലളിത യുക്തിയാവും മനസ്സ് നമ്മോടു പറയുക. എന്നാല്‍ 'ജീവിതം' എന്ന അസ്ഥിത്വത്തിന്‍റെ പ്രവര്‍ത്തനം അങ്ങനെയല്ല. കാരണം നിലനില്‍പ് എന്നത് യുക്തിപരമല്ല. മണ്ണിനാവശ്യം മാലിന്യങ്ങളാണ്. സുഗന്ധമാര്‍ന്ന പുഷ്പങ്ങളല്ല. ദുര്‍ഗന്ധമാര്‍ന്ന മാലിന്യത്തെയാണ് മണ്ണ് വളമാക്കി മാറ്റുന്നത്. അതാണ് മണ്ണ് ആവശ്യപ്പെടുന്നത്. ചെടിയുടെ വേരില്‍ അതിട്ട് കൊടുത്താല്‍ സുരഭിലമായ മലരുകള്‍ മണ്ണിലെ വളത്തില്‍ നിന്ന് വലിച്ചടുത്ത് ചെടികള്‍ തിരിച്ച് നല്‍കുന്നു . ജീവന്‍റെ പ്രവര്‍ത്തന രീതി അങ്ങനെയാണ്.

സ്വന്തം പ്രകൃതവുമായി താളലയത്തിലാവുക

നമുക്കുള്ളിലെ ഭീകരജീവികളായ ക്രോധം, അസൂയ മുന്‍വിധികള്‍, എന്നിവ എത്ര മാത്രം തീവ്രതയോടെയാണ് സംഭവിക്കുന്നതെന്ന് നിരീക്ഷിക്കുക. അതേ തീവ്രതയോടെയാണ് സംഭവിക്കുന്നതെന്ന് നിരീക്ഷിക്കുക .അതേ തീവ്രതയോടെ നിങ്ങള്‍ ധ്യാനിക്കുകയാണെങ്കില്‍, അത് എത്രമാത്രം മനോഹരമായിരിക്കും? അതിന്‍റെ ഫലവും വളരെ സുന്ദരമായിരിക്കും.

മനുഷ്യജീവിതത്തെ ഒരു ഭീകര യാത്രയാക്കി മാറ്റുന്ന എല്ലാവികാരങ്ങളും സഞ്ചരിക്കുന്നത് തീവ്രതയെന്ന അടിസ്ഥാനപരമായ തേരില്‍ തന്നെയാണ്. ആ വികാരങ്ങള്‍ ദുര്‍ബ്ബലമായിരുന്നെങ്കില്‍ സാരമില്ലായിരുന്നു. നേരെ മറിച്ച് അത് ഉള്ളില്‍ ജ്വലിക്കുന്നുവെങ്കില്‍, അത് അത്രത്തോളം ശക്തമായ വികാരാഗ്നിയാണെന്ന് മനസ്സിലാക്കാം. അവ എല്ലായ്പ്പോഴും നിങ്ങളുടെയുള്ളില്‍ തീവ്രമായി ജ്വലിച്ചു കൊണ്ടിരിക്കും.

എല്ലാ അനുഭവങ്ങളുടെയും ഉറവിടം നമുക്കുള്ളില്‍ തന്നെയാണ്. അനുഭവങ്ങളുടെ ഉറവിടം ഉള്ളില്‍ തന്നെയായതിനാല്‍, ഇവിടെ എത്രമാത്രം സ്വാസ്ഥ്യത്തോടെ ജീവിക്കണമെന്ന തീരുമാനവും നമ്മുടെ കൈകളിലാണ്.

എന്നാല്‍ ആദ്ധ്യാത്മികതയുടെ ഒരംശം നമുക്കുള്ളില്‍ എവിടെയോ കനല്‍മൂടി കിടപ്പുണ്ട്. അതിനെ കണ്ടെത്തി ജ്വലിപ്പിക്കുന്ന വിദ്യ പഠിച്ചെടുക്കുന്നതെങ്ങനെ എന്നതാണു ചോദ്യം. മനസ്സിലെ മാലിന്യങ്ങളെ കണ്ടെത്തി ആത്മബോധമെന്ന ചെടിയുടെ ചുവട്ടില്‍ വളമായി ഇട്ടു കൊടുത്താല്‍ മതി, നേരെ മറിച്ച്, സ്വന്തം മുഖത്ത് ആ ചളി വാരിത്തേച്ചാലോ? അസഹ്യമായ നാറ്റമായിരിക്കും. പ്രകൃതി സഹജമായ ഈ അവബോധം ഇല്ലെങ്കില്‍, നമ്മള്‍ ചെടിയുടെ വേരില്‍ മാലിന്യങ്ങള്‍ക്കു പകരം സുഗന്ധമാര്‍ന്ന പൂക്കള്‍ ചൊരിയും. ആ ചെടി തന്നെ നശിക്കും . ചുരുക്കത്തില്‍ ഒരു ചെടിയുടെ വളര്‍ച്ചയ്ക്കാവശ്യം സുഗന്ധമല്ല. ദുര്‍ഗന്ധമാണെന്നു സാരം. സമസ്ത ലോകത്തിന്‍റേയും പ്രവര്‍ത്തനം അങ്ങനെയാണ്, നമ്മുടെയൊക്കെ മനോലോകവും പ്രവര്‍ത്തിക്കേണ്ടത് അങ്ങനെയാണ്.

പുകയല്ല, അഗ്നിയെ അണയ്ക്കുക

വികാരങ്ങളുടെ ഉറവിടത്തെ കണ്ടെത്താതെ അതിന്‍റെ ഉപോത്പന്നങ്ങളായ വികാരങ്ങളും വച്ചു കളിച്ചിട്ട് വലിയ നേട്ടമില്ല. ആന്തരികമായി ഒരുവന്‍ തന്നില്‍ തന്നെ തൃപ്തതനല്ലാത്തതു കൊണ്ടാണ്, അവന് സ്വന്തം ജീവിതം മതിയാവാതെ വരുന്നത്. ആന്തരികമായ ആനന്ദം അനുഭവപ്പെടാത്തവര്‍ ഒക്കെത്തന്നെ രോഗാവസ്ഥയിലാണ്. സാമൂഹ്യ അംഗീകാരമുള്ള ജീവിതമായിരിക്കാം നിങ്ങളുടേത്- ഭൂരിപക്ഷം ജനങ്ങളും നിങ്ങളുടെ കൂടെ ഉണ്ടാവാം - എന്നിട്ടും ജീവിതത്തിന്‍റെ കാഴ്ചപ്പാടില്‍ നിങ്ങള്‍ രോഗാവസ്ഥയിലാണ്. തന്നിലേക്ക് ഇറങ്ങിച്ചെല്ലാനായി ആരും തന്നെ ആത്മാര്‍ത്ഥമായ ശ്രമം നടത്തുന്നില്ല. എല്ലാ അനുഭവങ്ങളുടെയും ഉറവിടം നമുക്കുള്ളില്‍ തന്നെയാണ്. അനുഭവങ്ങളുടെ ഉറവിടം ഉള്ളില്‍ തന്നെയായതിനാല്‍, ഇവിടെ എത്രമാത്രം സ്വാസ്ഥ്യത്തോടെ ജീവിക്കണമെന്ന തീരുമാനവും നമ്മുടെ കൈകളിലാണ്. അതിനാദ്യം വേണ്ടത് മനസ്സിനെ ആന്തരിക തലത്തിലേക്കു തന്നെ തിരിച്ചു വിട്ട്, നമ്മുടെ ശരിയായ പ്രകൃതത്തെ തിരിച്ചറിയുകയാണ്.

അത് സ്വമേധയാ സംഭവിക്കുന്നില്ലെങ്കില്‍, നിങ്ങളുടെ സ്വാസ്ഥം യാദൃശ്ചികം മാത്രമാണ്. അങ്ങനെ യാദൃശ്ചികമായി വന്നു ചേരുന്ന സ്വസ്ഥതയുടെ പിറകെ അസൂയയും , വെറുപ്പും, അനശ്ചിതത്വവുമൊക്കെ കാണും. അഗ്നി ജ്വലിപ്പിക്കുമ്പോള്‍ അതില്‍ നിന്നും പുക ഉയരുന്നതു പോലെയാണത്. പുകയോട് എതിരിടാന്‍ പോയിട്ട് ഫലമില്ല. അഗ്നിയോട് തന്നെയാണ് പട പൊരുതേണ്ടത്.