सद्गुरु

നിങ്ങള്‍ക്ക്, വളരെ മഹത്തായ സാമ്രാജ്യം ലഭിച്ചാലും പൂര്‍ണ്ണതൃപ്തി ലഭിക്കാത്തതുപോലെ ഉള്ളില്‍ ഒരു നിരാശ ഉണ്ടാകുന്നതു നിങ്ങള്‍ അനുഭവിച്ചിട്ടുണ്ടോ? എന്തു ലഭിച്ചാലും ശരി, ഇനിയും...ഇനിയും എന്ന് എന്തെങ്കിലും ഒരാഗ്രഹം അഗ്നിപോലെ നിങ്ങളുടെ ഉള്ളില്‍ എരിഞ്ഞുകൊണ്ടിരിക്കുന്നതു നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? എന്തുകൊണ്ടാണങ്ങനെ?

അളന്നു നോക്കാന്‍ പറ്റുന്ന എന്തു തന്നെ തന്നാലും നിങ്ങള്‍ക്കു തൃപ്തി വരാന്‍ പോകുന്നില്ല. യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ അസ്വസ്ഥത, കിട്ടുന്നതെല്ലാം കൈവശപ്പെടുത്തിക്കൊള്ളണം എന്നതില്‍ നിന്നുണ്ടായതല്ല പിന്നെയോ? അതിര്‍ത്തിയില്ലാത്ത പ്രപഞ്ചത്തിന്‍റെ അംഗമായ നിങ്ങള്‍, സ്വയം അതിരുകള്‍ക്കുള്ളില്‍ അടങ്ങി നില്‍ക്കാന്‍ ശ്രമിക്കുന്നതിന്‍റെ ഫലമാണിത്.

വികസിച്ചു വികസിച്ച് അതിരുകളറ്റതിനോടു കലരാന്‍ ശ്രമിക്കുന്നതുകൊണ്ട് വേറെ എന്തു കിട്ടിയാലും നിങ്ങള്‍ അതൃപ്തനായിരിക്കുന്നു. ഈ അടിസ്ഥാനത്തെ ശ്രദ്ധയോടെ മനസ്സിലാക്കിയാല്‍ ദു:ഖിക്കേണ്ടി വരികയേയില്ല. ഈ പ്രപഞ്ചവും നിങ്ങളും ഒന്നുതന്നെ എന്ന് അനുഭവപൂര്‍ണ്ണമായി മനസ്സിലാക്കുമ്പോള്‍ ആഗ്രഹം പെട്ടെന്നു തന്നെ ആശങ്കകള്‍ ഉപേക്ഷിക്കും. പിന്നീട്, ആഗ്രഹം എന്നത് പുറമേ നിന്നും വരുന്ന ഒരു നിര്‍ബന്ധമാകാതെ ആത്മാര്‍ത്ഥമായ ഒരു ആഗ്രഹമായി ശേഷിക്കും. ആഗ്രഹം നിങ്ങളെ നിയന്ത്രിക്കുകയില്ല. നിങ്ങള്‍ ആഗ്രഹത്തെ നിയന്ത്രിക്കും. എങ്ങനെ?

വികസിച്ചു വികസിച്ച് അതിരുകളറ്റതിനോടു കലരാന്‍ ശ്രമിക്കുന്നതുകൊണ്ട് വേറെ എന്തു കിട്ടിയാലും നിങ്ങള്‍ അതൃപ്തനായിരിക്കുന്നു. ഈ അടിസ്ഥാനത്തെ ശ്രദ്ധയോടെ മനസ്സിലാക്കിയാല്‍ ദു:ഖിക്കേണ്ടി വരികയേയില്ല.

ക്രിക്കറ്റ് കളിക്കണം എന്നു തീരുമാനിച്ചുവോ? അതിനുവേണ്ടി പൂര്‍ണ്ണമായും നിങ്ങള്‍ ആഗ്രഹിക്കുക. വ്യാപാരത്തില്‍ വിജയിക്കണോ, അതിനുവേണ്ട ആഗ്രഹത്തെ പ്രയോജനപ്പെടുത്തൂ. എന്തു പ്രവൃത്തി ചെയ്താലും അതു ചെയ്യുന്ന സമയത്ത് നിങ്ങളുടെ ജീവിതം തന്നെയും അതാണ് എന്നതുപോലെ പൂര്‍ണ്ണമായ താല്‍പ്പര്യത്തോടെ പ്രവര്‍ത്തിക്കുക. അതാത് ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം അത് ഉപേക്ഷിച്ചുകളയുക.

വണ്ടിയുടെ മുന്നില്‍ കുതിരകളെ കെട്ടിയാല്‍ വണ്ടി പ്രശ്നങ്ങളില്ലാതെ മുന്നോട്ടു നീങ്ങും. മറിച്ച് വണ്ടിയെ കുതിരയുടെ മുന്നില്‍ വച്ചു കെട്ടിയാലോ? കുതിരയുടെ കഴിവും വ്യര്‍ത്ഥമാകും. വണ്ടിയും മറിഞ്ഞു വീണു പോകും. സന്തോഷവും ആഗ്രഹവും ഒക്കെ കുതിരയും വണ്ടിയും പോലെതന്നെയാണ്. ആശ കാരണം സന്തോഷം ലഭിക്കും എന്നു വിചാരിക്കാതെ നിങ്ങള്‍ സന്തോഷത്തിന്‍റെ വെളിപാടായി ആശയെ പ്രയോജനപ്പെടുത്തി നോക്കുക.

ഒരിക്കല്‍ ശങ്കരന്‍പിള്ളയ്ക്ക് കഠിനമായ ഹൃദയവേദന വന്നു. "രാവിലെ വരെ ഇങ്ങനെയിരുന്നാല്‍ വലിയ കാര്യം" എന്നു ഡോക്ടര്‍ പറഞ്ഞു. ശങ്കരന്‍പിള്ളയുടെ ഭാര്യ കുറേനേരം കരഞ്ഞു. തന്‍റെ ഭര്‍ത്താവിന് കാരറ്റ് കൊണ്ടുണ്ടാക്കുന്ന ഹല്‍വ ഇഷ്ടമാണെന്ന് അവര്‍ക്ക് ഓര്‍മ്മ വന്നു. അടുത്ത ദിവസം ഇതിനൊന്നും സമയം കിട്ടില്ല. അയാളുടെ ഫോട്ടോയുടെ മുന്‍വശത്ത് നിവേദിക്കാന്‍ വേണ്ടി രാത്രി തന്നെ അതു തയ്യാറാക്കി അവര്‍ ഫ്രിഡ്ജില്‍ വച്ചു. പിന്നീട് കരഞ്ഞുകരഞ്ഞ് ക്ഷീണിച്ചു കിടന്ന് ഉറങ്ങിപ്പോയി.

ആഗ്രഹസഫലീകരണത്തിനായി പ്രവര്‍ത്തിക്കുമ്പോള്‍ ആനന്ദം അനുഭവിക്കാതെ അതിന്‍റെ അവസാനം മാത്രമേ ആനന്ദം ലഭിക്കൂ എന്നു കാത്തിരിക്കുന്നത് ജീവനോടെ ഇരിക്കുമ്പോള്‍ ഭക്ഷിക്കാന്‍ സമ്മതിക്കാതെ മരണാനന്തരം നിവേദ്യത്തിനായി സൂക്ഷിക്കുന്നതുപോലെ തന്നെയാണ്.

ശങ്കരന്‍പിള്ളയ്ക്ക് രാത്രി ഉണര്‍വുണ്ടായി. ഫ്രിഡ്ജ് തുറന്നു നോക്കിയപ്പോള്‍ കാരറ്റ് ഹല്‍വ കണ്ടു. അയാള്‍ക്കു വായില്‍ വെള്ളമൂറി. ശങ്കരന്‍പിള്ള കൊതിയോടുകൂടി ഹല്‍വ ഒരു സ്പൂണില്‍ എടുത്തു. പെട്ടെന്ന് അയാളുടെ കൈയില്‍ ഒരടി വീണു. തിരിഞ്ഞു നോക്കുമ്പോള്‍ ഭാര്യ ദേഷ്യത്തോടെ നില്‍ക്കുകയാണ്. "നിങ്ങള്‍ക്കു നിവേദിക്കാന്‍വേണ്ടി വച്ചിരുന്നത് നിങ്ങള്‍ ഇപ്പോള്‍ത്തന്നെ എടുത്തു കഴിച്ചാല്‍ എന്താണര്‍ത്ഥം?" എന്ന് അവര്‍ ദേഷ്യപ്പെട്ടു ചോദിച്ചു.

ആഗ്രഹസഫലീകരണത്തിനായി പ്രവര്‍ത്തിക്കുമ്പോള്‍ ആനന്ദം അനുഭവിക്കാതെ അതിന്‍റെ അവസാനം മാത്രമേ ആനന്ദം ലഭിക്കൂ എന്നു കാത്തിരിക്കുന്നത് ജീവനോടെ ഇരിക്കുമ്പോള്‍ ഭക്ഷിക്കാന്‍ സമ്മതിക്കാതെ മരണാനന്തരം നിവേദ്യത്തിനായി സൂക്ഷിക്കുന്നതുപോലെ തന്നെയാണ്. ഫലത്തിനായി ആഗ്രഹിക്കുന്നത് ഉപേക്ഷിച്ചിട്ട് പ്രവര്‍ത്തിക്കാന്‍ വേണ്ടി ആഗ്രഹിക്കുക, ആനന്ദത്തിന്‍റെ വെളിപാടായി ആശ വളര്‍ത്തുക, ദു:ഖം എന്ന വാക്കിന് അവിടെ സ്ഥലമില്ലാതാകും. നിങ്ങളുടെ സന്തോഷം എന്നത്, പിന്നീട് ജയമാണോ, പരാജയമാണോ എന്ന ഫലത്തിനായി കാത്തിരിക്കില്ല.