ചോദ്യം: നമസ്‌ക്കാരം സദ്ഗുരു. ഇവിടെ വരുന്നതുവരെ ഞാന്‍ പരിശീലിച്ചിരുന്നത് ചി-ഗോങ്ങ് (Qigong) എന്ന ശ്വസന ധ്യാനരീതിയായിരുന്നു. അതില്‍ ഓരോ ശ്വാസമെടുത്തു കഴിഞ്ഞാലും മണിപൂരകത്തിനു ചുറ്റിലുമായി ഊര്‍ജ്ജത്തെ നിയന്ത്രിക്കാന്‍ പറയുമായിരുന്നു. എന്നാല്‍ ഇവിടെ ഗുരുജിയുടെ ശാംഭവി മഹാമുദ്ര' ധ്യാനരീതി പഠിച്ചു തുടങ്ങിയപ്പോള്‍ ഇവ രണ്ടും, കൂടി കലര്‍ന്നിരിക്കുകയാണ്. എന്താണൊരു പരിഹാരം.

സദ്ഗുരു:-ഒരു പുരാതന വിവാദത്തെ പൊടിതട്ടി പുറത്തെടുത്തിരിക്കുകയാണ് താങ്കള്‍! ബുദ്ധമതത്തില്‍ ഇതുപോലെ രണ്ടു വിഭാഗക്കാര്‍ ഉണ്ടായിരുന്നു. ഉദരത്തെ നിയന്ത്രിച്ച് നെഞ്ചിലൂടെ ശ്വസിക്കുന്ന രീതിയിലായിരുന്നു ആദ്യത്തെ വിഭാഗക്കാര്‍. എന്നാല്‍ ഉദരത്തിലേക്ക് ശ്വാസമെടുക്കുന്ന രീതിയായിരുന്നു ഇതരവിഭാഗത്തിന്. പഴയകാല ബുദ്ധപ്രതിമകളിലും ഈ വ്യത്യാസം പ്രകടമായിക്കാണാം. ഭാരത പ്രദേശങ്ങളിലെ പ്രതിമകളില്‍ വയറിനെ ഉള്‍വലിച്ച്, ഒരു കായികാഭ്യാസിയുടെ ശരീര പ്രകൃതത്തിലാവും ബുദ്ധനെ കാണുക! എന്നാല്‍ അങ്ങ് ദൂരെ കിഴക്കേ ഏഷ്യന്‍ രാജ്യങ്ങളില്‍ കുടവയറുള്ള മൊട്ട തലയനായ ബുദ്ധനെ കാണാം. ബുദ്ധമതത്തിലെ ഇരുവിഭാഗക്കാരുടേയും ശ്വസനരീതിയിലെ വ്യത്യാസങ്ങളാണത് കാണിക്കുന്നത്. അതിനും അതിന്‍റേതായ ചില കാരണങ്ങള്‍ ഉണ്ടാവാം.

ബുദ്ധന്‍ പഠിപ്പിച്ച വഴികള്‍ അടിസ്ഥാനപരമായി സന്യാസിമാര്‍ക്ക് വേണ്ടിയുള്ളതായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇന്ന് സന്യാസിമാരല്ലാത്തവരും അത്തരം വിഷയങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങള്‍ എഴുതുന്നു.

ഗൗതമബുദ്ധനെപ്പറ്റി അത്ര സ്വീകാര്യമല്ലാത്ത ഒരു സത്യം പറയാം, ഒരര്‍ത്ഥത്തില്‍ ബുദ്ധന്‍ മനുഷ്യവംശത്തെ തന്നെ ഭൂമുഖത്ത് നിന്ന് എടുത്ത് മാറ്റാനാണ് ആഗ്രഹിച്ചത് എന്ന് പറയുമ്പോള്‍ മനുഷ്യരെ ഒന്നടങ്കം ചുട്ടുചാമ്പലാക്കണം എന്നല്ല അര്‍ത്ഥം. അവരെ ഒന്നാകെ സന്യാസികളാക്കി മാറ്റണം എന്നായിരുന്നു. എങ്കില്‍ ആ ഒരു തലമുറയോടെ മനുഷ്യവംശത്തിന്‍റെ തുടര്‍ക്കഥ അവസാനിക്കുമായിരുന്നു! പക്ഷേ ബുദ്ധന് ഒരു കാര്യം അറിയാമായിരുന്നു. ശരീരമുള്ളവരേക്കാള്‍ അശരീരികളെ നിര്‍വ്വാണത്തിലെത്തിക്കാനായിരുന്നു കൂടുതല്‍ എളുപ്പമെന്ന്. മനുഷ്യരെ മൊത്തം കാഷായ വേഷം ഉടുപ്പിച്ചാലും, അതില്‍ ചിലര്‍ആത്മ മോചനം നേടും. ശേഷിച്ചവര്‍ ശരീരം കണ്ടെത്താനാവാതെ അലയും. അങ്ങനെ ശരീരം കിട്ടാതെ അലയുന്ന ആത്മാക്കളെയാണ് ബുദ്ധന്‍ ഭൂമുഖത്ത് നിന്ന് എടുത്തുമാറ്റാന്‍ ആഗ്രഹിച്ചത്. ഏതാണ്ട് 40,000 സന്യാസിമാരെ തന്‍റെ കാലയളവില്‍ ബുദ്ധന്‍ സൃഷ്ടിച്ചു. പക്ഷേ ലോകമെന്നാല്‍ കേവലം 40,000 പേരല്ല. ശേഷിച്ചവര്‍ പുനരുല്‍പ്പാദനത്തില്‍ ഏര്‍പ്പെട്ടു. ബുദ്ധന്‍റെ സങ്കല്‍പ്പം സാക്ഷാത്കരിക്കപ്പെട്ടില്ല.

ധ്യാനരീതികള്‍ ആര്‍ക്കു വേണ്ടി?

ബുദ്ധന്‍ പഠിപ്പിച്ച വഴികള്‍ അടിസ്ഥാനപരമായി സന്യാസിമാര്‍ക്ക് വേണ്ടിയുള്ളതായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇന്ന് സന്യാസിമാരല്ലാത്തവരും അത്തരം വിഷയങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങള്‍ എഴുതുന്നു. യാതൊരു അടിസ്ഥാനവുമില്ലാതെ ധ്യാനപരിശീലനങ്ങള്‍ നടത്തുന്നു. വാസ്തവത്തില്‍ അതെല്ലാം വൈരാഗ്യമാര്‍ഗ്ഗത്തില്‍ പോകുന്നവര്‍ക്കു വേണ്ടിയുള്ളവയാണ്. ഇവിടെ, ഇഷായോഗകേന്ദ്രത്തില്‍ വന്നു നോക്കൂ, ഇവിടെയും അതിന്‍റേതായ ചില വേറിട്ട ധ്യാനപരിശീലനങ്ങളുണ്ട്. വൈരാഗിയായ സന്യാസി ചെയ്യുന്നത് ഒരു ഗൃഹനാഥന് ചെയ്യാന്‍ സാധിച്ചെന്നു വരില്ല. ജീവിതത്തിന്‍റെ വിവിധ ഘട്ടങ്ങള്‍ക്കും ആന്തരികമായ വികാസത്തിനും അനുസരിച്ച്, വ്യത്യസ്തമായ പരിശീലനങ്ങള്‍ നല്‍കി വരുന്നു.

വയറിനെ നിയന്ത്രിച്ചു കൊണ്ടുള്ള ശ്വസനവും, വയറിന്‍റെ സഹായത്തോടേയുള്ള ശ്വസനവും രണ്ടും നിങ്ങള്‍ക്ക് ആവശ്യമില്ല. നിങ്ങള്‍ കേവലം ശ്വാസമെടുക്കുക മാത്രം ചെയ്യുക. അത് അനിഷ്ടമുള്ള അവയവങ്ങളിലേക്ക് പൊയ്‌ക്കോട്ടെ. ഒരിക്കലും ശ്വാസത്തെ ബലമായി അങ്ങോട്ടും ഇങ്ങോട്ടും വഴിതിരിച്ചു വിടേണ്ട കാര്യമില്ല. അന്ധമായി ഒരടി മുന്നോട്ട് വെച്ചശേഷം പിന്നെന്തു വേണം എന്നറിയാത്ത മട്ടിലാണ് അത്. സാഗരത്തെക്കുറിച്ച് ഒന്നുമറിയാതെ അതിലേക്ക് ഒരു നൗക ഇറക്കിവിടുന്നത് പോലെയാണത്. സമുദ്രത്തിലേക്ക് ഇറങ്ങാന്‍ പറ്റിയ വഴിയല്ല, അത്. ആഴിയിലേക്ക് ഇറങ്ങാന്‍ അതിന്‍റെ ആഴങ്ങളെ കുറിച്ച് അിറയണം. അല്ലെങ്കില്‍ ഒരു കുളത്തില്‍ നീന്താനിറങ്ങുന്നതാണു ഭേദം.

അതുപോലെ ശ്വസനം വളരെ സ്വാഭാവികമായിരിക്കുന്നതാണു നല്ലത്. അതിനെ വയറ്റിലോ നെഞ്ചിലോ ഒക്കെ പിടിച്ച് വയ്‌ക്കേണ്ട കാര്യമില്ല. അത്തരം ശ്വസന രീതികളൊക്കെ സന്യാസത്തിന്‍റെ വിവിധ വിഭാഗക്കാരുടെ സൃഷ്ടിയാണ്.

ആത്മസാക്ഷാത്കാരത്തിന്‍റെ വ്യത്യസ്ത തലങ്ങളിലെത്താന്‍ വേണ്ടിയാണിതൊക്കെ. എന്നാല്‍ അതിനനുസരിച്ച് സ്വന്തം ജീവിതത്തെ ക്രമീകരിക്കാത്ത പക്ഷം അവ നിങ്ങളുടെ സ്വാഭാവിക ജീവിതത്തിന്‍റെ സ്വഭാവത്തെ തന്നെ മാറ്റിക്കളയും. ഒരു സമ്പ്രദായ പ്രകാരമുള്ള ശ്വസന രീതി ശീലിക്കുകയും മറ്റൊന്ന് ശീലിക്കാതിരിക്കുകയും ചെയ്യുന്നത് ജീവിത സ്വാസ്ഥ്യത്തിന് ദോഷമേ ചെയ്യൂ. അതു കൊണ്ട് മനുഷ്യ സഹജമായ സ്വാഭാവിക ശ്വസനം തന്നെയാണ് നല്ലത്. യാന്ത്രികമായി ക്രമപ്പെടുത്തിയ ശ്വസന രീതികളെയൊക്കെ മറന്നേക്കൂ. നമ്മള്‍ ശ്വാസമെടുത്താല്‍, ശരീരത്തിനകത്ത്, എവിടേക്ക് പോവണമെന്ന്, പ്രാണവായുവിനറിയാം. വായു അതിന്‍റെ വഴിക്ക് പോയ്‌ക്കോട്ടെ!