सद्गुरु

ഉപവാസം നിങ്ങളെ സ്വയം പീഡിപ്പിക്കുന്നതിനുള്ളതല്ല. വളരെ എളുപ്പം ഒരു പീഡന അറയായി മാറാന്‍ കഴിയുന്ന നിങ്ങളുടെ ശരീരത്തെ അതില്‍നിന്നും തടയാന്‍ വേണ്ടിയുള്ളതാണ്.

ശരീരത്തിന്‍റെ പ്രകൃത്യാലുള്ള ചാക്രികത നിരീക്ഷിച്ചാല്‍ മണ്ഡലക്കാലം എന്നൊന്നുണ്ടെന്നു മനസ്സിലാകും. നാല്പതു നാല്പത്തെട്ടു ദിവസം ചേര്‍ന്ന ഒരു ചക്രമാണ് മണ്ഡലം. ശരീരവ്യവസ്ഥ ഓരോ മണ്ഡലമായാണ് കടന്നുപോകുന്നത്. ഓരോ ചക്രത്തിലും മൂന്നുദിവസം നിങ്ങള്‍ക്ക് ആഹാരം ആവശ്യമില്ല. നിങ്ങളുടെ ശരീരം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ച് ബോധവാനാണെങ്കില്‍ ഒരു പ്രത്യേക ദിവസം ആഹാരം ആവശ്യമില്ലെന്ന കാര്യം നിങ്ങള്‍ക്കു ബോധ്യമാകും. വലിയ പ്രയാസമൊന്നുമില്ലാതെ ആ ദിവസം നിങ്ങള്‍ക്ക് ആഹാരം കഴിക്കാതിരിക്കാം. പട്ടിക്കും പൂച്ചയ്ക്കും പോലും ഈ അവബോധം ഉണ്ട്. ഒരു പ്രത്യേക ദിവസം അവ ആഹാരം കഴിക്കില്ല.

ശാരീരികവ്യവസ്ഥ ആഹാരം വേണ്ട എന്നു പറയുന്ന ദിവസം ശുചീകരണ ദിനമാണ്. മിക്കവാറും ആളുകള്‍ക്ക് ഏതു ദിവസമാണ് ആഹാരം ഉപേക്ഷിക്കേണ്ടത് എന്ന് അറിയാത്തതുകൊണ്ട് ഏകാദശി ദിവസം അതിനായി നിശ്ചയിക്കപ്പെട്ടു. ചാന്ദ്രഖണ്ഡത്തിലെ പതിനൊന്നാമത്തെ ദിവസമാണ് ഏകാദശി. അതു പതിന്നാലു ദിവസത്തില്‍ ഒരിക്കല്‍ ഉണ്ടാകുന്നു. അത് ഉപവാസത്തിനുള്ള ദിനമാണ്. ചില ആളുകള്‍ക്ക് അവരുടെ ജോലിയുടെ സ്വഭാവം കൊണ്ടും വേണ്ടത്ര സാധന ചെയ്യാത്തതുകൊണ്ടും ആഹാരമില്ലാതെ കഴിയാന്‍ സാധ്യമല്ല, അങ്ങനെയുള്ളവര്‍ക്ക് പഴങ്ങള്‍ മാത്രം കഴിക്കാം.

നിങ്ങളുടെ ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നിങ്ങള്‍ ബോധവാനാണെങ്കില്‍ ഒരു പ്രത്യേകദിവസത്തില്‍ ശരീരത്തിന് ഭക്ഷണം ആവശ്യമില്ല എന്ന് നിങ്ങള്‍ക്ക് അറിയാനാകും.

നിങ്ങളുടെ ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നിങ്ങള്‍ ബോധവാനാണെങ്കില്‍ ഒരു പ്രത്യേകദിവസത്തില്‍ ശരീരത്തിന് ഭക്ഷണം ആവശ്യമില്ല എന്ന് നിങ്ങള്‍ക്ക് അറിയാനാകും.

നിങ്ങളുടെ ശരീരവും മനസ്സും വേണ്ടത്ര പാകപ്പെടുത്താതെയാണ് നിങ്ങള്‍ ഉപവാസത്തിനു നിര്‍ബന്ധം പിടിക്കുന്നതെങ്കില്‍ നിങ്ങള്‍ ആരോഗ്യത്തിനു ഹാനിവരുത്തും. എന്നാല്‍ നിങ്ങളുടെ ശരീരം വേണ്ടത്ര പരിശീലനം നേടിക്കഴിഞ്ഞാല്‍ ഉപവാസംകൊണ്ട് വളരെയേറെ ഗുണം ചെയ്യും.

പതിവായി ചായയും കാപ്പിയും കുടിച്ചുകൊണ്ടിരിക്കുന്ന ആളാണെങ്കില്‍ ഉപവാസം വളരെ പ്രയാസകരമായി തോന്നിയേക്കാം. അതിനാല്‍ ഉപവാസം എടുക്കുന്നതിനുമുമ്പ് അനുയോജ്യമായ ഭക്ഷണം മാത്രം കഴിച്ച് ശരീരത്തെ അതിനു പ്രാപ്തമാക്കുക. എല്ലാവരും ഉപവസിക്കുന്നത് തീര്‍ച്ചയായും നല്ലതല്ല. എന്നാല്‍ ശരിയായി മനസ്സിലാക്കിയതിനുശേഷമാണെങ്കില്‍ ഉപവാസം കൊണ്ട് വളരെയേറെ ഗുണങ്ങള്‍ ഉണ്ടുതാനും.

എന്‍റെ അമ്മയ്ക്ക് ഒരു പതിവുണ്ടായിരുന്നു. എല്ലാ ദിവസവും രാവിലെ ആഹാരം കഴിക്കുന്നതിനുമുമ്പ് ഒരുപിടി ആഹാരം കൈയിലെടുക്കും. എന്നിട്ട് ഉറുമ്പുകള്‍ ഉള്ള സ്ഥലം കണ്ടുപിടിച്ച് അവയ്ക്ക് ആ ആഹാരം നല്‍കും. അതിനുശേഷമേ അമ്മ ആഹാരം കഴിക്കുമായിരുന്നുള്ളൂ. പല കുടുംബങ്ങളിലും ഉള്ള സ്ത്രീജനങ്ങള്‍ ഇപ്രകാരം ചെയ്യുന്നത് പതിവാക്കിയിരുന്നു. നമുക്കു കാണാവുന്ന ഏറ്റവും ചെറിയ ജീവികളിലൊന്നാണല്ലോ ഉറുമ്പ്. ഏറ്റവും പ്രാധാന്യം കുറഞ്ഞ ജീവി. അതിനാല്‍ നിങ്ങള്‍ ആദ്യമായി ഉറുമ്പിനെ തീറ്റുക. നിങ്ങള്‍ കഴിക്കുന്നതുപോലെ തന്നെ ഭക്ഷണം കഴിക്കാന്‍ അവയ്ക്കും അവകാശമുണ്ട് . ഈ ഗ്രഹം നിങ്ങളുടേതെന്നപോലെ തന്നെ അവയുടേതുമാണ്. നിങ്ങളെപ്പോലെതന്നെ ഈ ഗ്രഹത്തില്‍ ഓരോ ജന്തുവിനും ജീവിക്കുവാന്‍ അവകാശമുണ്ട് . ഈ അവബോധം മാനസികമായും ശാരീരികമായും വികസിക്കുന്നതിന് സഹായകരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കും.

നിങ്ങള്‍ ശരീരമാണെന്ന ബോധം ക്രമേണ കുറയുമ്പോള്‍ മറ്റുമാനങ്ങളില്‍ നിങ്ങള്‍ ആരാണെന്ന ബോധം വര്‍ധിച്ചുവരും.

ഇതുപോലെയുള്ള ലളിതമായ ഒരു പ്രവൃത്തി നിങ്ങളുടെ ശരീരവുമായുള്ള ബന്ധം കുറയ്ക്കും. അത് നിങ്ങള്‍ ശരീരമല്ല എന്ന ഒരു അവബോധം ക്രമേണയുണ്ടാക്കും. നിങ്ങള്‍ ശരീരമാണെന്ന ബോധം ക്രമേണ കുറയുമ്പോള്‍ മറ്റുമാനങ്ങളില്‍ നിങ്ങള്‍ ആരാണെന്ന ബോധം വര്‍ധിച്ചുവരും. വളരെ വിശന്നിരിക്കുമ്പോള്‍ നിങ്ങളുടെ ശരീരത്തിന് ആകെ ആവശ്യമുള്ളത് ആഹാരമാണ്. രണ്ടു മിനിറ്റ് കാത്തിരിക്കൂ. അതുകൊണ്ട് വളരെയേറെ വ്യത്യാസം ഉണ്ടാകുന്നു എന്നു നിങ്ങള്‍ക്കു കാണാം. വളരെ വിശന്നിരിക്കുമ്പോള്‍ നിങ്ങള്‍ ശരീരമാണ്. കുറച്ച് ഇടനല്‍കിയാല്‍ നിങ്ങള്‍ ശരീരം മാത്രമല്ല എന്നു മനസ്സിലാകും. ഗൗതമബുദ്ധന്‍ കുറെക്കൂടി കടന്നാണ് പറഞ്ഞിരിക്കുന്നത്. നിങ്ങള്‍ക്ക് ആഹാരം വളരെ അത്യാവശ്യമെന്നു തോന്നുമ്പോള്‍ ആ ആഹാരം മറ്റാര്‍ക്കെങ്കിലും ദാനം നല്‍കിയാല്‍ നിങ്ങള്‍ കൂടുതല്‍ ബലവാനാകും. ഞാന്‍ അത്രയേറെ പറയുന്നില്ല. ഏതാനും മിനിറ്റുകള്‍ കാത്തിരിക്കൂ എന്നുമാത്രമേ പറയുന്നുള്ളൂ. അത് തീര്‍ച്ചയായും നിങ്ങളെ ബലവാനാക്കും. ആഹാരം കഴിക്കണമെന്ന് നിങ്ങള്‍ക്ക് വളരെയേറെ നിര്‍ബന്ധം തോന്നുമ്പോള്‍ ഒരു നേരത്തെ ആഹാരം ബോധപൂര്‍വ്വം ഒഴിവാക്കുന്നതാണ് നല്ലത്. നിങ്ങളോടുതന്നെ ഇങ്ങനെ പറയുക. ഇന്ന് എനിക്ക് വളരെയേറെ വിശപ്പുണ്ട്. എനിക്കു താല്പര്യമുള്ള എല്ലാ വിഭവങ്ങളും പാചകം ചെയ്തിട്ടുണ്ട്. ഇന്നാണ് എന്‍റെ ആഹാരം ഞാന്‍ ഉപേക്ഷിക്കുന്നത്. ഇതു നിങ്ങളെ പീഡിപ്പിക്കാന്‍ വേണ്ടിയല്ല. നിങ്ങളുടെ ശരീരം ഒരു പീഡന അറയായി പെട്ടെന്നു മാറി നിങ്ങളെ പീഡിപ്പിക്കുന്നതില്‍ നിന്നും സ്വതന്ത്രനാകാനാണ്.

ഏതു തരത്തിലുള്ള ആഹാരമാണ് നിങ്ങള്‍ കഴിക്കുന്നത്? നിങ്ങള്‍ എത്രമാത്രം കഴിക്കും? എങ്ങനെയാണ് നിങ്ങള്‍ ഭക്ഷിക്കുന്നത്? നിര്‍ബന്ധിതമായി ഭക്ഷണം കഴിക്കുക എന്നതില്‍ നിന്നും മാറ്റി ബോധപൂര്‍വം ഉള്ള ഒരു പ്രക്രിയയായി ഭക്ഷണം കഴിക്കുന്നതിനെ മാറ്റുക- അതാണ് ഉപവാസത്തിന്‍റെ അന്തഃസത്ത.