सद्गुरु

പിറന്നു വീണപ്പോള്‍ നിങ്ങളുടെ ശരീരം എത്രയുണ്ടായിരുന്നു? ഇപ്പോള്‍ എത്രയുണ്ട്? ഇടക്കാലത്ത് ഇതു വളര്‍ന്ന് വികസിക്കാന്‍ എന്തുചെയ്തു? ഭക്ഷണം കൊടുത്തു. ഈ ഭക്ഷണം എവിടെനിന്നുണ്ടായി? ഈ മണ്ണില്‍നിന്നല്ലേ? നിങ്ങള്‍ കഴിച്ച ഓരോ ധാന്യവും ഇലയും പൂവും കായും എല്ലാം ഈ മണ്ണില്‍നിന്നും, വെള്ളത്തില്‍നിന്നും വളര്‍ന്നുവന്നതല്ലേ?

മാംസാഹാരിയാണെങ്കില്‍ നിങ്ങള്‍ തിന്നുതീര്‍ത്ത ആടുംകോഴിയും പോലും ഈ മണ്ണിലുള്ളതു തിന്നാണ് വളര്‍ന്നത്. എന്നിട്ട് അവ നിങ്ങളുടെ വിശപ്പിനു ഭക്ഷണമായി. എങ്ങനെ നോക്കിയാലും ഈ മണ്ണുകൊണ്ടാണ് നിങ്ങളുടെ ശരീരം രൂപപ്പെടുത്തിയിരിക്കുന്നത് ഈ മണ്ണുകൊണ്ടാണ്. നിങ്ങളുടെ ശരീരത്തില്‍ കയറുന്തോറും അതിനെ ഞാന്‍ എന്നു പറഞ്ഞ് നിങ്ങള്‍ സ്വീകരിച്ചു.

ഒരു കപ്പില്‍ വെള്ളമുണ്ട്. അതും നിങ്ങളും ഒന്നാണോ? അല്ല എന്നായിരിക്കും മറുപടി. ആ വെള്ളം കുടിച്ചു തീര്‍ക്കൂ. അത് നിങ്ങളുടെ ശരീരത്തില്‍ ലയിച്ചാല്‍ പിന്നെ എന്തു പറയും. വെള്ളം എന്‍റേത് എന്നല്ലേ അപ്പോള്‍ പറയാനാവൂ.

അതായത് നിങ്ങളുടെ വൈകാരികപരിധിയ്ക്കുള്ളില്‍ വരുന്നതിനെ നിങ്ങളുടേത് എന്നു പറയും. പുറമേയിരിക്കുന്നതുവരെ അതുവേറെ, നിങ്ങള്‍ വേറെ.

ബാഹ്യമായ വെള്ളവും, മണ്ണും, കാറ്റും ചൂടും കൊണ്ടുതന്നെയാണ് നിങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് എന്ന് അറിയുന്നുണ്ടോ?. അവ നിങ്ങളുടെ ശരീരത്തിന്‍റെ തന്നെ അംശമാവുമ്പോള്‍ അവയെ വേറിട്ടു കാണാനാവാതെ ഞാന്‍ എന്ന് സ്വയം അടയാളപ്പെടുത്തുന്നു.

ബാഹ്യമായ വെള്ളവും, മണ്ണും, കാറ്റും ചൂടും കൊണ്ടുതന്നെയാണ് നിങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് എന്ന് അറിയുന്നുണ്ടോ?. അവ നിങ്ങളുടെ ശരീരത്തിന്‍റെ തന്നെ അംശമാവുമ്പോള്‍ അവയെ വേറിട്ടു കാണാനാവാതെ ഞാന്‍ എന്ന് സ്വയം അടയാളപ്പെടുത്തുന്നു.

നിങ്ങളുടെ മുന്‍ഗാമികള്‍ എവിടെപ്പോയി? ദഹിപ്പിക്കപ്പെട്ടിരുന്നാലും, അടക്കംചെയ്യപ്പെട്ടിരുന്നാലും ഈ മണ്ണിലാണ് അവര്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നത്. അവരുടെ മുകളിലാണ് ദിവസവും നിങ്ങള്‍ നടക്കുന്നത്. നിങ്ങളും വേറെ എവിടെയും പോകാന്‍ പോകുന്നില്ല. ഈ മണ്ണില്‍തന്നെ; നിങ്ങളുടെ ആധാരവസ്തുവായ ഇതിലേക്കുതന്നെ നിങ്ങളും മടങ്ങും. കുറച്ചുമണ്ണ് നിങ്ങളുടെ രൂപത്തില്‍ ശ്വസിച്ചു കൊണ്ടിരിക്കുന്നു. കുറച്ചു മണ്ണ് നിങ്ങളുടെ തോട്ടത്തിലെ മരമായി വളര്‍ന്നുയര്‍ന്നു നില്‍ക്കുന്നു. വേറെ കുറെ മണ്ണ് നിങ്ങള്‍ ഇരിക്കുന്ന കസേരയുടെ രൂപം പൂണ്ടിരിക്കുന്നു.
ഈ മണ്ണാണ് കറങ്ങിക്കറങ്ങി മാവായി, വേപ്പായി, പുല്ലായി, പൂവായി, മണ്‍പുഴുവായി, മനുഷ്യനായി പലപല വ്യത്യസ്തരൂപം ധരിക്കുന്നത്.

ഒരു കുടത്തില്‍ എടുത്തുവച്ചാലും കപ്പില്‍ എടുത്തുവച്ചാലും അതിനെ ജലം എന്നുതന്നെയല്ലേ വിളിക്കാനാവൂ. ശേഖരിച്ചു വച്ച പാത്രം ഏതായാലും എല്ലാ വസ്തുക്കളിലും നിറഞ്ഞിരിക്കുന്നത് ഈ മൂലധാതുവായ മണ്ണുതന്നെയല്ലേ. ഈ വെള്ളവും, കാറ്റും താപവും അല്ലേ? അങ്ങനെയാവുമ്പോള്‍ ഇവയിലെല്ലാം നിങ്ങളുടെ സാന്നിദ്ധ്യം ഉണ്ട്: അല്ലേ?

ഇനി മറ്റൊരു വസ്തുത കാണുക. നിങ്ങള്‍ ഒരു ബലൂണ്‍ ഊതിവീര്‍പ്പിക്കുന്നു. അതില്‍നിറഞ്ഞിരിക്കുന്നത് നിങ്ങളുടെ നിശ്വാസവായുവാണ്. ബലൂണ്‍ പൊട്ടി അതിലെ വായു പുറമേയുള്ള വായുവുമായി കലരുന്നു.അപ്പോള്‍ അതിന്‍റെയര്‍ത്ഥം നിങ്ങളിലെ ഒരംശം വായുവില്‍ ലയിച്ചു എന്നല്ലേ?

ചുരുക്കിപ്പറഞ്ഞാല്‍ ഈ പ്രപഞ്ചത്തിന്‍റെ ഒരു ഭാഗമാണ് നിങ്ങള്‍ എന്നു പറയുന്നതുപോലെ, പ്രപഞ്ചവും നിങ്ങളുടെ ഒരംശം തന്നെ. ഈ പരമാര്‍ത്ഥം മനസ്സിലാക്കാന്‍ കഴിയുന്നുണ്ടോ?

വെറും ബുദ്ധികൊണ്ട് ഈ സത്യം അറിഞ്ഞാല്‍ "ഹോ, എന്തൊരല്‍ഭുതം' എന്ന് ആശ്ചര്യപ്പെടാം. അത്രമാത്രം. എന്നാല്‍ നിങ്ങളുടെ ഉള്ളുണര്‍വില്‍ ഈ വസ്തുത നിറവായ് വിരിഞ്ഞാല്‍ ഒരു വ്യതിയാന വിസ്ഫോടനം തന്നെ ഉള്ളില്‍ സംഭവിക്കും.

ചുരുക്കിപ്പറഞ്ഞാല്‍ ഈ പ്രപഞ്ചത്തിന്‍റെ ഒരു ഭാഗമാണ് നിങ്ങള്‍ എന്നു പറയുന്നതുപോലെ, പ്രപഞ്ചവും നിങ്ങളുടെ ഒരംശം തന്നെ.

ഇതാണ് യഥാര്‍ത്ഥത്തിലുള്ള ആത്മീയത.

അല്ലാതെ ആത്മീയതയെന്നാല്‍ ക്ഷേത്രങ്ങളില്‍ പോയി തേങ്ങയുടക്കുന്നതും, മെഴുകുതിരി കത്തിക്കുന്നതും നിസ്ക്കരിക്കുന്നതും ഒന്നുമല്ല.

ഇതു മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ ഈശ്വരന്‍റെ കനിവിനു കാത്തിരിക്കാതെ സ്വന്തം സ്വര്‍ഗ്ഗം നിങ്ങള്‍ക്കുതന്നെ നിര്‍മ്മിക്കാം. ഒരു യോഗി മരണാസന്നനായി കിടക്കുകയായിരുന്നു. തന്‍റെ ശിഷ്യന്മാരോട് താന്‍ സ്വര്‍ഗ്ഗത്തിലേക്കു പോകാന്‍ തീരുമാനിച്ചിരിക്കുകയാണ് എന്നു പറഞ്ഞു. "ഗുരുവേ താങ്കള്‍ക്കു വേണ്ടി ഈശ്വരന്‍ നിശ്ചയിച്ചിരിക്കുന്നത് സ്വര്‍ഗ്ഗമാണോ, നരകമാണോ എന്ന് എങ്ങനെ അറിയാം?" എന്ന് ഒരു ശിഷ്യന്‍ ചോദിച്ചു.

"ഈശ്വരന്‍ എന്തു നിശ്ചയിച്ചിരിക്കുന്നു എന്ന് എനിക്കറിയില്ല. പക്ഷേ എന്‍റെ മനസ്സിലുള്ളത് എനിക്കറിയാം. നരകം എന്ന് മറ്റുള്ളവര്‍ വിചാരിക്കുന്ന സ്ഥലത്തേക്ക് എന്നെ അയച്ചാലും അവിടം സ്വര്‍ഗ്ഗമാക്കി മാറ്റി ആഹ്ലാദിക്കാന്‍ എനിക്കറിയാം" ഗുരു പറഞ്ഞു.

സത്യമാണ്. നിങ്ങളുടെ ഉള്ളുണര്‍വുകളുടെ അനുഭവംകൊണ്ടാണ് സ്വര്‍ഗ്ഗവും നരകവും ഉണ്ടാകുന്നത്. അല്ലാതെ ബാഹ്യമായ ചുറ്റുപാടുകള്‍ സൃഷ്ടിക്കുന്നതല്ല.

നിങ്ങളും മറ്റൊരാളും ഒന്നുതന്നെ എന്ന ഭാവം ഉണരുമ്പോള്‍ പിന്നെ ആരെ നോക്കിനിങ്ങള്‍ അസൂയപ്പെടും? ആരോടു വഴക്കടിക്കും? ആരോടു മത്സരിക്കും? ആരോടു ശത്രുത കാട്ടും? ഈ അനുഭവം ഉണ്ടായിക്കഴിഞ്ഞാല്‍ ബാഹ്യമായ ചുറ്റുപാടുകള്‍ എങ്ങനെയിരുന്നാലും മനസ്സുകൊണ്ട് നിങ്ങള്‍ക്ക് എപ്പോഴും സ്വര്‍ഗ്ഗംതന്നെ.