सद्गुरु

അമ്പേഷി: അങ്ങ് ഞങ്ങളെപ്പോലെ ജനിച്ചുവെങ്കിലും തികച്ചും വ്യത്യസ്തനും ഞങ്ങളെക്കാള്‍ വളരെ മുന്‍പിലുമാണ്. അങ്ങയുടെ കുട്ടിക്കാലത്തെപ്പറ്റി ഒന്നു വിശദീകരിക്കാമോ?

 

സദ്‌ഗുരു: ഞാന്‍ കുട്ടിയായിരുന്ന കാലത്തുപോലും കാര്യങ്ങള്‍ ഇതുപോലെയൊക്കെത്തന്നെയാണ് സംഭവിച്ചുകൊണ്ടിരുന്നത്. എന്‍റെ ജീവിതത്തില്‍ ഒരിക്കലും ഞാന്‍ ഒരു കുട്ടിയായിരുന്നില്ല. തിരിഞ്ഞു നോക്കുമ്പോള്‍ എനിക്കു ചുറ്റും സംഭവിച്ച കാര്യങ്ങള്‍ എല്ലാം ഇന്ന് ഞാന്‍ ഓര്‍ക്കുന്നു. എനിക്ക് മൂന്നുമാസം മുതല്‍ ആറുമാസം വരെ പ്രായമുണ്ടായിരുന്നപ്പോള്‍ സംഭവിച്ച കാര്യങ്ങളും അപ്പോഴുണ്ടായ സംഭാഷണങ്ങളുമെല്ലാം ഞാന്‍ വിവരിച്ചു കൊടുത്തപ്പോള്‍ എന്‍റെയമ്മ സ്തബ്ധയായിപ്പോയി. ഞാന്‍ കുഞ്ഞായിരുന്നപ്പോഴും ഇപ്പോഴത്തെ രീതിയില്‍ തന്നെയാണ് ചിന്തിച്ചിരുന്നത്. അതുകൊണ്ടായിരിക്കാം വീട്ടില്‍ ഒരാളും എന്നെ എടുക്കുകയോ ഉമ്മവെക്കുകയോ ചെയ്യാതിരുന്നതും. എന്‍റെ സാമീപ്യം തന്നെ അത്തരത്തിലായിരുന്നിരിക്കണം.

എന്നെ അവര്‍ സ്കൂളില്‍ ചേര്‍ത്തപ്പോള്‍, സ്കൂളിനെപ്പറ്റി പ്രത്യേകിച്ച് ഒരു വികാരവും എനിക്ക് തോന്നിയില്ല. അഞ്ചിലും ആറിലും പഠിക്കുമ്പോള്‍ത്തന്നെ സാഹസിക യാത്രകള്‍ക്കായിരുന്നു എനിക്ക് താല്‍പര്യം. ടിഫിന്‍ബോക്സും വാട്ടര്‍ബോട്ടിലും കയ്യിലുണ്ടെങ്കില്‍ എന്‍റെ സൈക്കിളില്‍ ഞാന്‍ അന്നത്തെ ദിവസത്തേക്ക് തയ്യാറെടുത്തു കഴിയും. പോകുന്നവഴിയില്‍ കാണുന്ന ഏതെങ്കിലും മരത്തിന്‍റെ ഏറ്റവും ഉയരത്തിലുള്ള കൊമ്പില്‍ കയറി പകല്‍ മുഴുവന്‍ അവിടെയിരിക്കും. അവിടിരുന്ന് ഭക്ഷണം കഴിക്കും, വെള്ളം കുടിക്കും. അങ്ങിനെ മരത്തിലിരിക്കുകയും കൊമ്പുകളില്‍ തൂങ്ങി ആടുകയും ചെയ്ത് കുറെ സമയം കഴിയുമ്പോള്‍ എനിക്ക് എന്തോ സംഭവിക്കുന്നതായി തോന്നും. വര്‍ണ്ണിക്കാനാവാത്ത സന്തോഷാതിരേകത്താല്‍ ഉന്മത്തനാവുമായിരുന്നു. അന്ന് അതെന്താണെന്ന് എനിക്കറിയില്ലായിരുന്നു.. ധ്യാനത്തിന്‍റെ രുചി അറിഞ്ഞതിനു ശേഷമാണ് അന്നെല്ലാം അറിയാതെ തന്നെ ഞാന്‍ ധ്യാനത്തിലേക്ക് പോവുകയായിരുന്നു എന്ന് മനസ്സിലായത്. അത് അവര്‍ണ്ണനീയമാണ്. അതിനോടുള്ള ഇഷ്ടം കാരണം എപ്പോള്‍ സ്കൂളില്‍ നിന്ന് രക്ഷപ്പെടാമോ അപ്പോഴെല്ലാം ഞാന്‍ അവിടേക്ക് പോകും. ആകെയുണ്ടായിരുന്ന ഒരു പ്രശ്നം ഞാന്‍ പത്താംതരത്തിലാകുന്നതു വരെ അവര്‍ എനിക്ക് ഒരു വാച്ച് വാങ്ങിത്തന്നില്ല എന്നതാണ്. അതിനാല്‍ സമയമറിയുന്നതിന് മാര്‍ഗമില്ലായിരുന്നു. സ്കൂളില്‍ നിന്ന് കൂട്ടികള്‍ പോകുന്ന സമയത്ത് ഞാനും സൈക്കിളെടുത്ത് വീട്ടിലേക്ക് പോകും. ഞാന്‍ ധ്യാനം ആദ്യമായി പരിശീലിപ്പിച്ച സമയത്ത് ആളുകളെക്കൊണ്ട് ആടി ആടി ധ്യാനത്തിലേക്ക് പോകുവാന്‍ ശീലിപ്പിച്ചിരുന്നു.

അങ്ങിനെ മരത്തിലിരിക്കുകയും കൊമ്പുകളില്‍ തൂങ്ങി ആടുകയും ചെയ്ത് കുറെ സമയം കഴിയുമ്പോള്‍ എനിക്കെന്തോ സംഭവിക്കുന്നതായി തോന്നും. വര്‍ണ്ണിക്കാനാവാത്ത സന്തോഷാതിരേകത്താല്‍ ഉന്മത്തനാവുമായിരുന്നു.

അങ്ങിനെ ഞാനും മറ്റുള്ളവരെപ്പോലെയായിരുന്നു എല്ലാ കാര്യങ്ങളും ചെയ്തിരുന്നത്. സ്കൂളില്‍ പോകുന്നതും പരീക്ഷകള്‍ ജയിക്കുന്നതുമൊന്നും എനിക്കൊരു പ്രശ്നമായിരുന്നില്ല. കഷ്ടിച്ച് അപ്പുറം കടക്കുമെന്നല്ലാതെ, പഠിക്കുന്നതില്‍ എനിക്ക് വലിയ താല്‍പ്പര്യമില്ലായിരുന്നു. ക്ലാസ്സില്‍ ഇരിക്കുന്നത് എനിക്ക് തീരെ ഇഷ്ടമില്ലാത്ത കാര്യമായിരുന്നു, എന്തെന്നാല്‍ അവരുടെ ജീവിതവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് അവര്‍ അവിടെ പറഞ്ഞുകൊണ്ടിരുന്നത്, ഒരു ജോലി ചെയ്തു തീര്‍ക്കുന്ന രീതിയിലായിരുന്നു അവര്‍ പെരുമാറിയതും. അതിനാല്‍ എനിക്ക് അത് ശ്രദ്ധിക്കാന്‍ താല്‍പ്പര്യമില്ലായിരുന്നു. അവര്‍ പറയുന്ന കാര്യങ്ങളെല്ലാം ഒരു പുസ്തകം വായിച്ച് മനസ്സിലാക്കാവുന്നതേയുള്ളൂ എന്നെനിക്കറിയാമായിരുന്നു. ഞാന്‍ കോളേജിലെത്തുന്നതുവരെ ഇത് തുടര്‍ന്നു. പഠിക്കുന്നതില്‍ ഒരു താല്‍പ്പര്യവും തോന്നാത്തതിനാല്‍ പ്രീ യൂണിവേഴ്സിറ്റി കോഴ്സ് പാസ്സായപ്പോള്‍, ഞാന്‍ കോളേജിലേക്കില്ല എന്നു പറഞ്ഞു. ഒരു പ്രമുഖ ഡോക്ടറായിരുന്ന എന്‍റെ പിതാവ് എന്നെ ഒരു ഡോക്ടര്‍ ആക്കാന്‍ ആഗ്രഹിച്ചിരുന്നു. ആ വര്‍ഷം ഞാന്‍ കോളേജില്‍ പോവില്ല എന്നും തനിയെ പഠിച്ചുകൊള്ളാമെന്നും പറഞ്ഞ് ഞാന്‍ അതിനെ എതിര്‍ത്തു.

ആ ഒരുകൊല്ലം കൊണ്ട് എല്ലാവരും എന്‍റെ ശത്രുക്കളായി. ആ വര്‍ഷത്തില്‍, കൂടുതല്‍ സമയവും ഞാന്‍ ഒരു ലൈബ്രറിയില്‍ ചിലവഴിച്ചു. എല്ലാദിവസവും രാവിലെ ലൈബ്രറി തുറക്കുന്നതിന് മുന്‍പുതന്നെ ഞാന്‍ അവിടെ എത്തും. എനിക്ക് വായിക്കാന്‍ തോന്നുന്ന ഏതെങ്കിലും പുസ്തകമെടുത്ത് വായിക്കും. ഇങ്ങിനെ ഒരുകൊല്ലക്കാലം ലൈബ്രറിയില്‍ ചിലവഴിച്ചു. അക്കാലത്ത് ഇംഗ്ലീഷ് സാഹിത്യം വായിക്കാന്‍ എനിക്ക് താല്‍പര്യം തോന്നി. അടുത്ത അദ്ധ്യയന വര്‍ഷത്തില്‍ കോളേജില്‍ ചേരുവാന്‍ അമ്മ എന്നെ പ്രേരിപ്പിച്ചു. എന്‍ജിനീയറിംഗ്, മെഡിസിന്‍ ഇവയില്‍ ഒന്ന് പഠിക്കുവാന്‍ എന്‍റെ മാതാപിതാക്കള്‍ പ്രേരിപ്പിച്ചുവെങ്കിലും ഞാന്‍ അതിനെ എതിര്‍ത്തു. കൊമേഴ്സ്, മാനേജ്മെന്‍റ് ഇവയില്‍ ഒന്ന് തിരഞ്ഞെടുക്കാന്‍ പറഞ്ഞപ്പോഴും ഞാന്‍ ഒഴിഞ്ഞുമാറി. എന്തെങ്കിലും പഠിക്കുമെങ്കില്‍ അത് ഇംഗ്ലീഷ് സാഹിത്യമായിരിക്കുമെന്ന് ഞാന്‍ തറപ്പിച്ചു പറഞ്ഞു. കവിതകള്‍ പഠിച്ചിട്ട് ഞാന്‍ എന്തു ചെയ്യുവാന്‍ പോകുന്നു എന്നവര്‍ ചോദിച്ചു. എന്നാല്‍ വിദ്യാഭ്യാസം കൊണ്ട് ഉപജീവനം നടത്തുക എന്‍റെ ലക്ഷ്യമായിരുന്നില്ല.

ഇംഗ്ലീഷ് സാഹിത്യത്തില്‍ ബി.എ.യ്ക്ക് ചേര്‍ന്ന് ഞാന്‍ കോളേജില്‍ പോയിത്തുടങ്ങി. ക്ലാസ്സില്‍ എല്ലാ ദിവസവും രാവിലെ ടീച്ചര്‍മാര്‍ വന്നാല്‍ ഉടന്‍ നോട്ട് പറഞ്ഞുതന്നു തുടങ്ങും. പറഞ്ഞു തരുന്ന നോട്ടുകള്‍ കുറിച്ചെടുക്കുകയല്ലാതെ ഞങ്ങള്‍ മറ്റൊന്നും ചെയ്തിരുന്നില്ല. ഒരു ദിവസം ഞാന്‍ എഴുന്നേറ്റ് നിന്ന് ടീച്ചറിനോട്, അവരുടെ നോട്ടുകള്‍ തന്നാല്‍ ഫോട്ടോകോപ്പിയെടുത്ത് എല്ലാവര്‍ക്കും നല്‍കാമെന്നും, അങ്ങിനെ ടീച്ചറിന്‍റേയും മറ്റുള്ളവരുടെയും ഊര്‍ജം ലാഭിക്കാമെന്നും പറഞ്ഞു. ഇത് ടീച്ചറിനെ പ്രകോപിപ്പിച്ചെങ്കിലും എന്‍റെ ചോദ്യത്തിന് മറുപടി ഉണ്ടായിരുന്നില്ല. ഒടുവില്‍ അവരെല്ലാംകൂടി എനിക്ക് മൂന്നുകൊല്ലത്തെ ഹാജര്‍ നല്‍കാം, അതിനായി ഞാന്‍ ക്ലാസ്സില്‍ വരേണ്ടതില്ല എന്ന തീരുമാനമെടുത്തു.

ഹാജറിനുവേണ്ടി ക്ലാസ്സില്‍ കയറേണ്ട പ്രശ്നം അതോടെ തീര്‍ന്നതിനാല്‍ ഞാന്‍ പൂന്തോട്ടത്തില്‍ പോയി അവിടെ ഇരുന്നു. എന്‍റെ സുഹൃത്തുക്കള്‍ അവരുടെ പ്രശ്നങ്ങളുമായി എന്‍റടുത്തുവന്നു. ഒരു കോടതിയിലെപ്പോലെ ആയിരുന്നു അവിടെ കാര്യങ്ങള്‍. ഇത് ഞാന്‍ ആഗ്രഹിച്ചതല്ല, അങ്ങനെ സംഭവിച്ചു എന്നു മാത്രം. ഞാനും എന്‍റെ സുഹൃത്തുക്കളും ചേര്‍ന്ന് യൂണിവേഴ്സിറ്റിക്കുള്ളില്‍ ആല്‍മരക്ലബ്ബ് എന്ന പേരില്‍ ഒരു ക്ലബ്ബിന് രൂപം നല്‍കി. വലിയ ഒരു ആല്‍മരത്തിന്‍റെ ചുവട്ടില്‍ ഞങ്ങള്‍ ഒത്തുകൂടുകയും പല കാര്യങ്ങളും ചര്‍ച്ച ചെയ്യുകയും ചെയ്തു. എത്രവേഗത്തില്‍ മോട്ടോര്‍ബൈക്ക് ഓടിക്കാമെന്നും ഈ ലോകത്തെ എങ്ങിനെ ജീവിക്കാന്‍ കുറെക്കൂടി യോഗ്യമാക്കാം എന്നുമൊക്കെ ഞങ്ങള്‍ ചര്‍ച്ച ചെയ്തു. ആരെല്ലാം മരത്തിന്‍റെ ചുവട്ടില്‍ വന്നിരുന്നുവോ അവരെല്ലാം അതില്‍ പങ്കുചേര്‍ന്നു, അല്ലാതെ പ്രത്യേകം സംഘടന ഒന്നുമില്ലായിരുന്നു. ഞങ്ങളുടെ മുദ്രാവാക്യം 'തമാശയ്ക്കുവേണ്ടി ചെയ്യുക' എന്നായിരുന്നു.

എത്രവേഗത്തില്‍ മോട്ടോര്‍ബൈക്ക് ഓടിക്കാമെന്നും ഈ ലോകത്തെ എങ്ങിനെ ജീവിക്കാന്‍ കുറെക്കൂടി യോഗ്യമാക്കാം എന്നുമൊക്കെ ഞങ്ങള്‍ ചര്‍ച്ച ചെയ്തു.

പ്രകൃതിയെ കണ്ടെത്താനുള്ള യാത്രകള്‍ ഞാന്‍ വളരെ ഇഷ്ടപ്പെട്ടിരുന്നു. അര്‍ദ്ധരാത്രിയില്‍ ഗോവയില്‍ പോകണമെന്നു തോന്നിയാല്‍ പത്തുമിനിട്ടിനുള്ളില്‍ ഞാന്‍ യാത്രയാവും. ഒരു സഞ്ചിയില്‍ അത്യാവശ്യ സാധനങ്ങളുമെടുത്ത്, എപ്പോഴും റെഡിയായിരിക്കുന്ന ബൈക്കില്‍ ഞാന്‍ യാത്രയാവും. ചിലപ്പോള്‍ ഏതെങ്കിലും കൂട്ടുകാര്‍ കൂടെക്കാണും. ഞങ്ങള്‍ ഇത്തരത്തില്‍ ധാരാളം സ്ഥലങ്ങളില്‍ യാത്ര പോയിട്ടുണ്ട്. ചില ആളുകള്‍ എപ്പോഴും പ്ലാന്‍ ചെയ്തുകൊണ്ടിരിക്കും, എന്നാല്‍ അവസാന നിമിഷം പ്രതീക്ഷിക്കാതെ ഏന്തെങ്കിലും സംഭവിക്കുകയും, പ്ലാന്‍ ചെയ്തതെല്ലാം വെറുതെയാവുകയും ചെയ്യും. ഏതെങ്കിലും സ്ഥലത്തു പോകുന്ന കാര്യമായാലും ആത്മീയതയിലേക്കുള്ള യാത്രയായാലും ഇക്കൂട്ടര്‍ ഒരിക്കലും ചെയ്യുകയുണ്ടാവില്ല. എപ്പോഴും ആദ്ധ്യാത്മികതയെക്കുറിച്ച് പറയുകയും ചിന്തിക്കുകയും ചെയ്യുന്നവര്‍ ഒരിക്കല്‍പോലും അതിലേക്ക് ഒരു ചുവട് വയ്ക്കുകയില്ല.

കോളേജിലെ കോഴ്സ് കഴിഞ്ഞപ്പോള്‍ അവസാന വര്‍ഷത്തെ പരീക്ഷയ്ക്ക് പതിനഞ്ച് പേപ്പറുകള്‍ ഞാന്‍ ഒന്നിച്ചെഴുതി. ഏതായാലും അവര്‍ എനിക്ക് യൂണിവേഴ്സിറ്റിയില്‍ രണ്ടാം റാങ്ക് തന്നു. എന്‍റെ പിതാവ് എന്നോട് ഉടന്‍ തന്നെ എം.എ.ക്ക് ചേരുവാന്‍ ആവശ്യപ്പെട്ടു. ഞാന്‍ അവരോടു പറഞ്ഞു, "പഠിത്തമൊക്കെ ഇത്രയും മതി. എം.എ.യുടെ സിലബസ്സിലുള്ള കാര്യങ്ങള്‍ ഞാന്‍ നേരത്തേ വായിച്ചു കഴിഞ്ഞു." സ്വന്തമായി കുറേ പണം സമ്പാദിക്കാന്‍ മാസ്റ്റേഴ്സ് ബിരുദമൊന്നും വേണ്ട എന്ന് ഞാന്‍ നിശ്ചയിച്ചു.

 

https://pixabay.com/p-1097625/?no_redirect