സദ്ഗുരു : അടിസ്ഥാനപരമായി നിങ്ങൾ "ഞാൻ" എന്നും മനുഷ്യഘടനയെന്നും വിശേഷിപ്പിയ്ക്കുന്ന കാര്യം ഒരു പ്രത്യേക "സോഫ്റ്റ്വെയറിന്റെ" നിർമ്മിതിയാണ്. സോഫ്റ്റുവെയറെന്നാൽ ഓർമ്മയാണെന്ന് (memory) ഇന്നു നമു ക്കറിയാം. മനുഷ്യശരീരമോ പ്രപഞ്ചമോ ആകട്ടെ , അടിസ്ഥാനപരമയി അതു നിർമ്മിതമായിരിയ്ക്കുന്നത് ഭൂമി, ജലം, വായു, അഗ്നി, ആകാശം എന്നിങ്ങനെയുള്ള അഞ്ചു മൂലപദാർത്ഥങ്ങളെക്കൊണ്ടാണ്. ഈ അഞ്ചു പദാർത്ഥങ്ങൾക്കും അവയുടേതായ ഓർമ്മയുണ്ട്. അതുകൊണ്ടാണ് അവർ ഇന്നുകാണുന്ന രീതിയിൽ പ്രവർത്തിക്കുന്നത്.

മണ്ണായിരുന്ന അതേ വസ്തുതന്നെ ആഹാരമായിത്തീർന്നു. ആഹാരമായിരുന്ന അതേ കാര്യം ഒരു മനുഷ്യനായി തീർന്നു . ആഹാരമായിരുന്ന അതേ പദാർത്ഥം തന്നെ വീണ്ടും മണ്ണായി മാറുന്നു. എന്താണ് ശരിക്കും സംഭവിയ്ക്കുന്നത്? എങ്ങനെയാണ് മണ്ണ്, ഒരു പഴമോ പുഷ്പമോ മറ്റെന്തെങ്കിലുമോ ആയിത്തീരുന്നത്? അതിന്റെ വിത്തിൽ അന്തർലീനമായിരിക്കുന്ന ഓർമ്മയാണത് സാധ്യമാക്കുന്നത് . എങ്ങനെയാണ് ഒരാൾ തന്റെ പിതാവിനെയോ മാതാവിനെയോപോലെ ആയിരിക്കുന്നത്? അത് ആദ്യത്തെ ആ കോശം വഹിച്ചിരുന്ന ഓർമ്മമാത്രമാണ്. നിർമ്മാണവസ്തു ഒന്നുതന്നെയാണ് - അതേ അഞ്ചു മൂല പദാർത്ഥങ്ങൾ തന്നെ. എന്നാൽ അത് വഹിക്കുന്ന ഓർമ്മയാണ് മണ്ണിനെ ആഹാരവും ആഹാരത്തെ മനുഷ്യനായും മാറ്റുന്നത്. കേവലമൊരു ചിന്തയാലോ വികാരത്താലോ അല്ലെങ്കിൽ സ്വന്തം ഊർജ്ജത്തിന്മേലുള്ള നിശ്ചിത നിയന്ത്രണത്താലോ ഈ ഓർമ്മയെ നിങ്ങൾക്ക് വളരെയധികം മാറ്റത്തിനുവിധേയമാക്കാൻ കഴിയും. 

തീർത്ഥത്തിന്റെ ശാസ്ത്രം

വെറുമൊരു ചിന്തയോ വികാരമോകൊണ്ട് രാസവിന്യാസത്തിൽ വ്യതിയാനം വരുത്താതെതന്നെ ജലത്തിന്റെ തന്മാത്രാഘടനയിൽ മാറ്റംവരുത്താൻ കഴിയുമെന്ന് സ്ഥിതീകരിക്കുന്ന ശാസ്ത്രീയ തെളിവുകൾ ഇന്നുണ്ട്. ഒരു H2O തന്മാത്രയ്ക്ക് രാസവിന്യാസത്തിൽ വ്യത്യാസംവരാതെതന്നെ അതിൽ അന്തർലീനമായിരിക്കുന്ന ഓർമ്മയ്ക്കനുസരിച്ച് വിഷമോ അല്ലെങ്കിൽ ജീവാമൃതമോ ആകാൻ കഴിയും. 

വീണ്ടുവിചാരംകൂടാതെ ആരുടെയും കയ്യിൽ നിന്ന് ആഹാരമോ വെള്ളമോ വാങ്ങി കഴിക്കരുതെന്ന് മുത്തശ്ശിമാർ നമ്മളോടു പറഞ്ഞിട്ടുണ്ട്; നമ്മളോടു സ്നേഹവും കരുതലുമുള്ള ആളുകളിൽ നിന്നുമാത്രമേ നമ്മളിത് വാങ്ങാവൂ. ഇക്കാരണത്താലാണ് ഇന്ത്യയിലെ പരമ്പരാഗത ഭവനങ്ങളിൽ ആളുകൾ‍ നല്ലൊരു പിച്ചളപ്പാത്രം സൂക്ഷിയ്ക്കുന്നത്. എല്ലാ ദിവസവും കഴുകി പൂജകഴിച്ചതിനുശേഷം മാത്രമേ അവരതിൽ കുടിവെള്ളംനിറയ്ക്കൂ. ക്ഷേത്രങ്ങളിൽ അവർ നിങ്ങൾക്ക് ഒരു തുള്ളി വെള്ളമാണ് നൽകുക . ഒരു കോടീശ്വരൻ പോലും അതുലഭിക്കാൻ കൊതിക്കുന്നു. കാരണം മറ്റെവിടെ നിന്നും നിങ്ങൾക്കത് വാങ്ങാൻ കഴിയില്ല. അത് ദൈവീക ഓർമ്മകൾ നിലനിൽക്കുന്ന ജലമാണ്. അതിനെയാണ് തീർത്ഥമെന്ന് വിളിയ്ക്കുന്നത്. ആളുകൾ‍ അതു കുടിക്കാനാഗ്രഹിക്കുന്നു. കാരണം അതവരെ തങ്ങളിലുള്ള ദൈവീകതയെ ഓർമ്മപ്പെടുത്തുന്നു.

ഇതെല്ലാം അന്ധവിശ്വാസമാണെന്ന് നിങ്ങൾ കരുതി, പക്ഷേ ഇപ്പോൾ ശാസ്ത്രജ്ഞന്മാരും ഇതുതന്നെ പറയുന്നു. ഈയത്തിലോ പ്ലാസ്റ്റിക്കലോ നിർമിച്ച കുഴലുകളിലൂടെ ശക്തിയായി പമ്പുചെയ്യപ്പെടുന്ന ജലം നിരവധി തിരിവുകൾ പിന്നിട്ട് നിങ്ങളുടെ ഭവനത്തിലെത്തിച്ചേരുമ്പോൾ അതിന്റെ തന്മാത്രാഘടനയിൽ മാറ്റങ്ങൾ സംഭവിക്കുന്നതായി ശാസ്ത്രജ്ഞന്മാർ കണ്ടുപിടിച്ചിരിക്കുന്നു. ഈ വളവുകളും തിരിവുകളും കൊണ്ട് ജലത്തിന് വളരെയേറെ ദൂഷ്യങ്ങൾ സംഭവിക്കുന്നു. അതുകൊണ്ട് ജലത്തിന് അതിന്റേതായ ഓർമ്മശക്തിയുണ്ട്; നിങ്ങളുടെ ശരീരത്തിന്റെ - ഭൗതികാസ്തിത്വത്തിന്റെ - 72 ശതമാനവും ജലമാണ്. നിങ്ങൾ ഒരു ഉയരമുള്ള കുപ്പിയാണ്. ഒരു പാത്രത്തിലുള്ള ജലത്തെ നിങ്ങൾക്ക് സന്തോഷകരമാക്കാൻ കഴിയുന്നപക്ഷം നിങ്ങളുടെയുള്ളിലുള്ള ജലത്തിനേയും നിങ്ങൾക്ക് സന്തോഷകരമാക്കാൻ കഴിയില്ലേ?. ഇതാണ് യോഗയുടെ ശാസ്ത്രം. ഭൂതം എന്നാൽ മൂലകങ്ങൾ എന്നാണ് അർത്ഥമാക്കുന്നത്. അതുകൊണ്ട് ഭൂതശുദ്ധിയെന്നത് ശരീരവ്യവസ്ഥയിലുള്ള അഞ്ചു മൂലപദാർത്ഥങ്ങളുടെ ശുദ്ധീകരണമാണ്. ഭൂതശുദ്ധിയെന്നത് യോഗയുടെ ഏറ്റവും അടിസ്ഥാനവശമാണ്. നിങ്ങൾ ചെയ്യുന്ന യോഗയുടെ ഓരോ രൂപങ്ങളും ഭൂതശുദ്ധി സമ്പ്രദായങ്ങളിൽ നിന്നും ഉരുത്തിരിയുന്ന ഒരു സത്തുമാത്രമാണ്. .

ഇന്ത്യയിലെ ജലത്തിന്റെ ഗുരുതരാവസ്ഥ

ജലം നിങ്ങളുടെ അതിജീവനത്തിന് അത്യന്താപേക്ഷിതമാണ്. എന്നാൽ ഇന്ന് ഇന്ത്യ നേരിടുന്ന ജലപ്രതിസന്ധി ശരിക്കും ഗുരുതരമാണ്. ഇന്ത്യയിലിപ്പോൾ ആളൊന്നുക്കു ലഭ്യമാകുന്ന ജലത്തിന്റെ അളവ് 1947- ൽ ലഭ്യമായിരുന്നതിന്റെ 18 ശതമാനംമാത്രമാണ്. മൂന്നു ദിവസത്തിലൊരിയ്ക്കൽ മാത്രം ആളുകൾ കുളിക്കുന്ന അനേകം പട്ടണങ്ങൾ ഇന്ന് ഇന്ത്യയിലുണ്ട്. എന്തുതന്നെ സംഭവിച്ചാലും, ആഹാരം കഴിച്ചില്ലെങ്കിൽ പ്പോലും ആളുകൾ കുളിക്കുന്ന ശീലമുള്ള ഒരു സംസ്കാരമാണ് ഇന്ത്യയുടേത്. എന്നാൽ ഇപ്പോഴാകട്ടെ ആളുകൾ കുളി ഒഴിവാക്കുകയാണ്. ഇത് വികസനമല്ല, ക്ഷേമവുമല്ല. ഇടവിട്ടുള്ള ദിവസങ്ങളിൽ മാത്രം നമുക്കു വെള്ളം കുടിയ്ക്കേണ്ടതായ ഒരു സാഹചര്യം സംജാതമാകുന്നത് വളരെ ദീർഖദൂരമല്ല. ഒരു രാഷ്ട്രമെന്നനിലയിൽ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേയ്ക്കു ദശലക്ഷക്കണക്കിനു ലിറ്റർ ജലമെത്തിച്ച് ആളുകൾക്ക് കുടിവെള്ളമുറപ്പാക്കുന്നതിന് നമ്മൾ വേണ്ടത്ര സംഘടിതരല്ല. അതിനുള്ള വിഭവശേഷിയുമില്ല. ലക്ഷോപലക്ഷം ആളുകൾ കുടിവെള്ളമില്ലാത്തതുകൊണ്ടുമാത്രം മരണത്തിനു കീഴ്പ്പെട്ടേക്കാം. . 

ഏതാനും വർഷങ്ങൾക്കു മുൻപ് ഞാൻ ഹിമാലയത്തിൽ യാത്ര ചെയ്യുമ്പോൾ ഗംഗാനദിയുടെ തീരത്തു പണിതിട്ടുള്ള തെഹ്രി അണക്കെട്ടിലെത്തി. ജലനിരപ്പ് വളരെ താഴ്ന്നനിലയിലായതിനാൽ അതിൽ 21 ദിവസത്തേയ്ക്കുള്ള വെള്ളംമാത്രമാണ് അവശേഷിച്ചിരുന്നത് എന്നെന്നോട് പറയുകയുണ്ടായി . 21 ദിവസത്തിനുള്ളിൽ മഴ പെയ്തില്ലെങ്കിൽ ആ വർഷം ഗംഗയിൽ നീരൊഴുക്കുണ്ടാകുമായിരുന്നില്ല. ഗംഗാപ്രവാഹം നിലയ്ക്കുന്നപക്ഷം അത് ഇന്ത്യക്കാരുടെ ആത്മാവിൽ സൃഷ്ടിക്കുന്ന മുറിവ് നിങ്ങള്‍ക്ക് ഊഹാതീതമായിരിയ്ക്കും. ഗംഗ നമുക്ക് വെറുമൊരു നദിമാത്രമല്ല, ഗംഗാനദിയെ പരിരക്ഷിയ്ക്കുന്നതിൽ വളരെ സജീവമായി വ്യാപൃതരായിരിയ്ക്കുന്ന ചില ആത്മീയ സംഘങ്ങളുണ്ട്, അത് എങ്ങനെ കൈകാര്യം ചെയ്യപ്പെടുന്നു എന്നതിനെ സംബന്ധിച്ച് അവർ ഏറെ വ്യാകുലരാണ്. വൈകാരികമായി, ഇന്ത്യക്കാർക്ക് ഗംഗയെന്നത് വലിയ അനുപാതങ്ങളുടെ ഒരു പ്രതീകമാണ്. നഗരവാസികളായവർ ഇപ്രകാരം ചിന്തിയ്ക്കില്ലായിരിക്കാം. എന്നാൽ ഒരു സാധാരണ ഇന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം ഗംഗയെന്നത് ജീവിതത്തേക്കാൾ വലുതാണ്. അത് ഒരു നദിയല്ല, അതിലുമുപരിയായ എന്തോ ആണ്, ജീവിതത്തിന്റെതന്നെ പ്രതീകമാണ്. .

ഏതുവർഷവും ഇത് സംഭവിക്കാം, മഴപെയ്യുന്നത് രണ്ടോ മൂന്നോ ആഴ്ച താമസിയ്ക്കുകയാണെങ്കിൽ ഗംഗാനദി ഒഴുകാതാകും. നമ്മൾ ആ അവസ്ഥയിലാണ് എത്തി നിൽക്കുന്നത്. അതിനാൽ, കാര്യം ഇതാണ്: ഒന്നുകിൽ ജനസംഖ്യയെ ബോധപൂർവ്വം നിയന്ത്രിയ്ക്കുക, അല്ലെങ്കി ൽ പ്രകൃതിതന്നെ വളരെ ക്രൂരമായരീതിയിൽ ആ കൃത്യം നിർവ്വഹിക്കും. നമുക്കു തിരഞ്ഞെടുക്കാനാവുക ഇവയിലൊന്നു മാത്രമാണ്. നമ്മൾ ജനസംഖ്യ വർദ്ധിപ്പിക്കാതിരിക്കണമെന്നത് ഞാൻ മുന്നോട്ടുവയ്ക്കുന്ന ഒരു നയമല്ല. ഒന്നുകിൽ നമ്മളതു ബോധപൂർവം നിയന്ത്രിയ്ക്കേണ്ടിയിരിയ്ക്കുന്നു, അല്ലെങ്കിൽ വളരെ നിഷ്ഠൂരമായരീതിയിൽ പ്രകൃതി അതു ചെയ്യാൻ പോകുകയാണ്. നാം മനുഷ്യരാണെങ്കിൽ, നിശ്ചയമായും നമ്മൾ ഇത്‌ ബോധപൂർവ്വം നിർവ്വഹിക്കുകയും ഇതെല്ലാം നമുക്കു വന്നു ഭവിക്കുന്നതിന് ഇടനൽകാതിരിയ്ക്കുകയും വേണം.

Editor’s note: 242 കോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നതിനും കാവേരി സംരക്ഷിക്കുന്നതിനും കർഷകരെ സഹായിക്കാനുള്ള പ്രചാരണമാണ് കാവേരി കോളിംഗ്. ഇത് തടത്തിൽ വെള്ളം നിലനിർത്തുന്നത് വർദ്ധിപ്പിക്കും, അതേസമയം കർഷകരുടെ വരുമാനം അഞ്ചിരട്ടിയായി ഉയർത്തും. മരങ്ങൾ നട്ടുപിടിപ്പിക്കാൻ സംഭാവന ചെയ്യുക. സന്ദർശിക്കുക: CauveryCalling.Org call 80009 80009. #CauveryCalling