ചോദ്യം: എന്‍റെ സമയത്തിന്‍റെയും, ഊർജ്ജത്തിന്‍റെയും വലിയൊരു ഭാഗം ഞാൻ ലൈംഗിക കാര്യങ്ങളെ കുറിച്ച് ചിന്തിക്കുവാൻ ഉപയോഗിക്കുന്നുണ്ട്. അത് ഒരു വൈകല്യമാണോ എന്ന് എനിക്ക് അറിയില്ല. പക്ഷെ എനിക്ക് തോന്നുന്നത് വളരെ അധികം ആളുകൾ ഇപ്രകാരം ചെയ്യുന്നുണ്ട് എന്നാണ്. പക്ഷെ എന്‍റെ മാതാപിതാക്കളും മറ്റു മുതിർന്നവരും അത് ഒരു നിഷിദ്ധമായ വിഷയമായാണ് കാണുന്നത്. അങ്ങേക്ക് ഇതിനെ പറ്റി എന്താണ് പറയുവാനുള്ളതെന്നു കേൾക്കുവാൻ എനിക്ക് ആകാംക്ഷയുണ്ട്.

സദ്ഗുരു: ഞാൻ ഒരു തമാശ പറയട്ടെ. ആറു വയസ്സായ ഒരു പെൺകുട്ടി ഒരു ദിവസം സ്‌കൂളിൽ നിന്ന് വന്നപ്പോൾ അമ്മയോട് ചോദിച്ചു. "'അമ്മേ, ഞാൻ എങ്ങിനെയാണ് ജനിച്ചത് ?" അന്തം വിട്ടു പോയ അമ്മ പറഞ്ഞു, " ഒരു കൊറ്റി നിന്നെ ഇട്ടു തന്നതാണ്." കുട്ടി അത് എഴുതി എടുത്തു.

കുട്ടി വീണ്ടും ചോദിച്ചു, "'അമ്മ എങ്ങിനെയാണ് ജനിച്ചത്?" 

"കൊറ്റി ഇട്ടു തന്നതാണ്." 

"അമ്മൂമ്മ എങ്ങിനെയാണ് ജനിച്ചത്?" 

"അതും കൊറ്റി ഇട്ടു തന്നതാണ്." 

കുട്ടി വളരെ ഗൗരവത്തിൽ പോയി ഇരുന്നു ഗൃഹപാഠ പുസ്തകത്തിൽ എന്തോ എഴുതുവാൻ തുടങ്ങി. പരുങ്ങലിലായ അമ്മ കുട്ടി എഴുന്നേറ്റു പോയതിനു ശേഷം പുസ്തകം തുറന്നു നോക്കി. അവൾ എഴുതിയിരുന്നത് കുടുംബ ചരിത്രത്തെ പറ്റിയായിരുന്നു. (ഫാമിലി ട്രീ ). കുട്ടി എഴുതിയിരുന്നത് ഇങ്ങിനെയാണ്‌ :"മൂന്നു തലമുറകളായിട്ടു എന്‍റെ വീട്ടിൽ ആരും സാധാരണ രീതിയിൽ ജനിച്ചിട്ടില്ല." 

ലൈംഗികത സ്വാഭാവികമാണ്; ലൈംഗിക ആസക്തി ഉണ്ടാക്കി എടുക്കുന്നതാണ്

അതു കൊണ്ട് അതിൽ അസ്വാഭാവികമായി ഒന്നുമില്ല. നിങ്ങളുടെ ബുദ്ധിയെ, ഹോർമോണുകൾ കീഴടക്കി എന്നു മാത്രം. അത് ഒരു വിധത്തിൽ നിർബന്ധിത പെരുമാറ്റമാണ്. നിങ്ങൾ ചെറിയ കുട്ടിയായിരുന്നപ്പോൾ ആരുടെയും പ്രത്യുത്പാദന അവയവങ്ങൾ നിങ്ങൾ ശ്രദ്ധിച്ചിരുന്നില്ല. പക്ഷെ നിങ്ങളുടെ ഹോർമോണുകൾ പ്രവർത്തിച്ചു തുടങ്ങിയപ്പോൾ മുതൽ നിങ്ങള്‍ക്ക് ആ അവയവങ്ങളെ വിട്ട് വേറെ ഒന്നിനെക്കുറിച്ചും ചിന്തിക്കുവാനില്ല. നിങ്ങളുടെ ബുദ്ധി മുഴുവനും ഈ ഹോർമോണുകൾ തട്ടി കൊണ്ട് പോയി. 

 

ലൈംഗികത സ്വാഭാവികമായ ഒരു വികാരമാണ് - അത് ശാരീരികമാണ്, ശരീരത്തിൽ അത് ഉണ്ടായിരിക്കും. എന്നാൽ ലൈംഗികാസക്തി നിങ്ങൾ ഉണ്ടാക്കി എടുക്കുന്നതാണ്. അത് മാനസികമാണ്. ഇത് ഇന്ന് പല തരത്തിൽ ലോകം മുഴുവൻ വ്യാപിക്കുകയാണ്; ലോകത്തെ അത് ഒരു രോഗമായി ബാധിക്കുകയാണ് എന്തെന്നാൽ ലൈംഗികത ശരീരത്തിൽ നിൽക്കുകയാണെങ്കിൽ പ്രശ്നമൊന്നും ഉണ്ടാകുന്നില്ല.- അത് വേണ്ടിടത്തു നിന്നു കൊള്ളും. എന്നാൽ ഇത് മനസ്സിൽ കയറികൂടിയാൽ അത് ഒരു വൈകൃതമാകും. അതിനു മനസ്സിൽ സ്ഥാനമുണ്ടാവരുത്. 

ലൈംഗികത സ്വാഭാവികമായ ഒരു വികാരമാണ് - അത് ശാരീരികമാണ്, ശരീരത്തിൽ അത് ഉണ്ടായിരിക്കും. എന്നാൽ ലൈംഗികാസക്തി നിങ്ങൾ ഉണ്ടാക്കി എടുക്കുന്നതാണ്. അത് മാനസികമാണ്.

കാമവികാരം മനുഷ്യ മനസ്സിൽ ഒരു വലിയ സ്ഥാനം പിടിച്ചടക്കിയിട്ടുണ്ടെങ്കിലും വാസ്തവത്തിൽ അത് വളരെ ചെറിയ ഒരു കാര്യമാണ്. ശരീരത്തിനപ്പുറം വളരെ കുറച്ചു പോലും കടന്നാൽ പിന്നെ സ്ത്രീ എന്നോ പുരുഷൻ എന്നോ ഉള്ള വ്യത്യാസമില്ല. ശാരീരികമായി മാത്രമാണ് ഒരാളെ പുരുഷൻ എന്നും വേറെ ഒരാളെ സ്ത്രീ എന്നും പറയുന്നത്. പ്രത്യുത്പാദനം നടത്തുവാനും വംശം നിലനിർത്തുവാനും വേണ്ടിയാണ് ഈ ശാരീരികമായ വ്യത്യാസം ഉള്ളത്. ആ വ്യത്യാസത്തെ സഹായിക്കാൻ മാനസികമായ ചെറിയ വ്യത്യാസവും ഉണ്ട്. ബാക്കി എല്ലാം ഒന്നു തന്നെയാണ് - രണ്ട് കണ്ണ്, മൂക്കു, വായ - എല്ലാം ഒന്ന് തന്നെയാണ് - പ്രത്യുത്പാദനത്തിനുള്ള അവയവങ്ങൾ മാത്രം വ്യത്യസ്തം.

ശരീരത്തിലെ ഈ ചെറിയ അവയവങ്ങളെ നമ്മൾ എന്തിനാണ് മനസ്സിൽ ഇത്ര പ്രാധാന്യം കൊടുത്ത് ഇരുത്തിയിട്ടുള്ളത്? ഏതെങ്കിലും ഒരു ഭാഗത്തിന് പ്രാധാന്യം കൊടുക്കണമെങ്കിൽ അത് തലച്ചോറിനാണ് കൊടുക്കേണ്ടത്; അല്ലാതെ പ്രത്യുത്പാദനത്തിനുള്ള അവയവങ്ങൾക്കല്ല. 

ലൈംഗികതയെ കുറിച്ചുള്ള തത്വശാസ്ത്രങ്ങള്‍

ലൈംഗികത ഇത്രയും വലുതാകാന്‍ കാരണം, എവിടെയോ, നാം നമ്മുടെ ശരീരത്തെ അംഗീകരിച്ചില്ല. നമ്മുടെ ശരീരത്തിലെ മറ്റു ഭാഗങ്ങളെ അംഗീകരിച്ചു, പക്ഷെ ഈയൊരു ഭാഗത്തെ അംഗീകരിച്ചില്ല. ലൈംഗിക അവയവങ്ങള്‍ നിങ്ങളുടെ കൈകളേയും, കാലുകളേയും, മറ്റെല്ലാത്തിനേയും പോലെ തന്നെയാണ്. പക്ഷെ നിങ്ങള്‍ എന്തോ ഉണ്ടാക്കിയെടുത്തു. ഇതു വലുതായി വലുതായി വന്നപ്പോള്‍, ഇത് ആളുകളുടെ മനസ്സില്‍ വളരെ വലിയൊരു കാര്യമായി. 

മോശപ്പെട്ടതെന്നു നിങ്ങള്‍ക്കു തോന്നുന്ന കാര്യങ്ങൾ മറന്നു കളയുവാൻ സാധ്യമല്ല. അവ നിങ്ങളെ പിന്തുടർന്നു കൊണ്ടിരിക്കും

ഈ വിചാരം നിങ്ങളുടെ മനസ്സിൽ കടന്നു കയറിയതിനു ഒരു കാരണമുണ്ട്; ആ വിചാരം തെറ്റാണെന്നു ആരോ നിങ്ങളോട് പറഞ്ഞു. അത് "മോശപ്പെട്ട വിചാരം": ആയതു കൊണ്ട് അതിനി നിങ്ങളുടെ മനസ്സിൽ നിന്നും പോകുകയില്ല. മോശപ്പെട്ടതെന്നു നിങ്ങള്‍ക്കു തോന്നുന്ന കാര്യങ്ങൾ മറന്നു കളയുവാൻ സാധ്യമല്ല. അവ നിങ്ങളെ പിന്തുടർന്നു കൊണ്ടിരിക്കും; അത് നിങ്ങള്‍ക്ക് തന്നെ കാണാവുന്നതാണ്. 

വളരെ സരളവും, പ്രാഥമികവുമായ ഒന്നിനെയാണ് നമ്മൾ തെറ്റും ശരിയുമായി മാറ്റിയത്. അതിനു ശേഷം ഈ തെറ്റിനെ മറിച്ചിടാൻ ഒരു തത്വശാസ്ത്രം തിരയുകയാണ്. എന്തെന്നാൽ നമുക്ക് അത് വിട്ടുകളയുവാൻ പറ്റുന്നില്ല. മനുഷ്യന്‍റെ ലൈംഗിക വികാരങ്ങളെ പിന്തുണക്കാൻ എത്രയോ തത്വശാസ്ത്രങ്ങൾ പ്രചരിക്കുന്നു. ലൈംഗിക വികാരം അനുഭവിക്കുവാൻ തത്വശാസ്ത്രം എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അത് ശരീര ശാസ്ത്രം മാത്രമാണ്. ഈ സങ്കീര്‍ണതയൊന്നും ആവശ്യമില്ല. അതിനെ സങ്കീര്‍ണമാക്കിയാൽ അത് അനാവശ്യമായി നിങ്ങളുടെ ജീവിതത്തിന്‍റെ പ്രധാനപ്പെട്ട ഭാഗമാകും.

ലൈംഗികതക്ക് നിങ്ങളുടെ ജീവിതത്തിൽ ഒരു നിശ്ചിതമായ പങ്ക് ഉണ്ട്. അതിനെ ആവശ്യത്തിലധികം വലുതാക്കിയാൽ നിങ്ങളുടെ മനസ്സ് വികലമാകും. അതിനെ ഇല്ലാതാക്കുവാൻ ശ്രമിച്ചാൽ നിങ്ങളുടെ മനസ്സ് അതിൽ കൂടുതൽ വികലമാകും.

അർത്ഥശൂന്യമായ വിചാരങ്ങൾ മൂലം നാം ഒരു വാസ്തവത്തെ കൂടുതൽ വലുതാക്കി കാണുവാനോ, ചെറുതാക്കി കാണുവാനോ ശ്രമിക്കും. ആധുനിക സമൂഹങ്ങളെ ശ്രദ്ധിച്ചാൽ ഒരു കാര്യം വ്യക്തമാകും; മനുഷ്യന്‍റെ ഊർജത്തിന്‍റെ തൊണ്ണൂറു ശതമാനം, ലൈംഗിക കാര്യങ്ങൾ അനുഭവിക്കുവാനോ, അതിനെ തടയുവാനോ ആണ് ഉപയോഗിക്കുന്നത്. ലൈംഗികതക്ക് നിങ്ങളുടെ ജീവിതത്തിൽ ഒരു നിശ്ചിതമായ പങ്ക് ഉണ്ട്. അതിനെ ആവശ്യത്തിലധികം വലുതാക്കിയാൽ നിങ്ങളുടെ മനസ്സ് വികലമാകും. അതിനെ ഇല്ലാതാക്കുവാൻ ശ്രമിച്ചാൽ നിങ്ങളുടെ മനസ്സ് അതിൽ കൂടുതൽ വികലമാകും. 

ശരീരവുമായി കൂടുതൽ താദാത്മ്യം പ്രാപിക്കുമ്പോഴാണ് ലൈംഗികത പ്രധാനമാകുന്നത്. ശരീരവുമായി അകൽച്ച പാലിച്ചാൽ ലൈംഗികത പിന്മാറും. ഒരാൾ ബുദ്ധിപരമായി കൂടുതൽ പ്രവർത്തിക്കുവാൻ തുടങ്ങുമ്പോൾ അയാളുടെ ലൈംഗിക ആവശ്യങ്ങൾ ചുരുങ്ങുന്നത് നിങ്ങൾ കണ്ടിട്ടുണ്ടായിരിക്കും. പക്ഷെ അധികം ആളുകൾക്കും ബുദ്ധിപരമായ ഔന്ന്യത്യങ്ങൾ അപരിചിതമാണ്; മനസ്സിന്‍റെ മാധുര്യവും അപ്രകാരം തന്നെ. വികാരങ്ങളുടെ മാധുര്യത്തെക്കുറിച്ച് അധികമൊന്നും അവർക്ക് അറിയുകയില്ല. ഊർജത്തിന്‍റെ മാധുര്യം തീർത്തും അജ്ഞാതമാണ്. അവർക്ക് ഒരു ഉന്നതമായ ആവേശം തോന്നുന്നത് ലൈംഗികമായ കാര്യങ്ങളിൽ മാത്രമാണ്. ശരീരത്തിന് ലഭിക്കാവുന്ന കുറച്ചു മാധുര്യം ലൈംഗികതയിൽ നിന്ന് മാത്രമാണ്; വിരസമായ സാധാരണ ജീവിതത്തിൽ നിന്നും ലഭിക്കുന്ന ഒരു ചെറിയ ഇടവേള. 

ലൈംഗികതയേക്കാള്‍ മനോഹരമായ ജീവിതത്തിന്‍റെ തലങ്ങള്‍

നിങ്ങൾ നിങ്ങളെ തന്നെയും മറ്റുള്ളവരെയും ശ്രദ്ധിക്കുകയാണെങ്കിൽ ഒരു കാര്യം വ്യക്തമാകും. ശാരീരിക അച്ചടക്കം ഇല്ലാത്ത ആളുകൾ ക്രമേണ സന്തോഷം തേടി നടക്കുന്നവരായി മാറും. അവരിൽ ആനന്ദം ഉണ്ടാകില്ല. നിങ്ങളിൽ എത്രത്തോളം ആനന്ദം ഉണ്ടോ അത്രത്തോളം കുറവ് സന്തോഷം തേടിയാൽ മതി. സന്തോഷമില്ലെങ്കിൽ നിങ്ങൾ അത്യന്തം പ്രവൃത്തിനിരതനായിരിക്കും; അതിൽ ഒന്ന് ലൈംഗിക പ്രവൃത്തിയായിരിക്കും. നമ്മളെയെല്ലാം ഈ ഭൂമിയിലേക്ക് കൊണ്ടു വന്ന ആ പ്രാഥമികമായ പ്രവൃത്തിയെക്കുറിച്ചല്ല ഞാൻ പറയുന്നത്. ഞാൻ അതിനെതിരായി അല്ല സംസാരിക്കുന്നത്. പക്ഷെ നിങ്ങൾ അതിനെക്കുറിച്ചുള്ള വിചാരം മനസ്സിൽ നിന്നും കളയണം. 

ശരീരവുമായി അകൽച്ച പാലിച്ചാൽ ലൈംഗികത പിന്മാറും.

ആളുകൾ പറയുന്നത് ഞാൻ ശ്രദ്ധിക്കുന്നുണ്ട് - എന്ത് ചെയ്യുമ്പോഴും അവർ പറയും "ലൈംഗിക ആസ്വാദനം കഴിഞ്ഞാൽ ഏറ്റവും നല്ല പണിയാണിത്" എന്ന്. ലൈംഗിക പ്രവൃത്തി ഏറ്റവും നല്ലതല്ല. അത് ലോകത്തിൽ ഏറ്റവും പ്രചാരമുള്ള പ്രവൃത്തിയാണ്; പക്ഷെ ഏറ്റവും ഉത്തമമായതല്ല. ജീവിതത്തിന്‍റെ മറ്റു തലങ്ങൾ അനുഭവിച്ചു തുടങ്ങിയാൽ നിങ്ങൾ ഒരു ചെറിയ കുട്ടിയെ പോലെയാകും - അന്ന് നിങ്ങള്‍ക്ക് ചില കാര്യങ്ങൾ വളരെ പ്രിയമായിരുന്നു. പക്ഷെ മുതിർന്നപ്പോൾ അവയെല്ലാം അനായാസേന ഉപേക്ഷിച്ചു. ലൈംഗിക ആവേശവും അതു പോലെ ഉപേക്ഷിക്കുവാൻ സാധിക്കണം. 

നിങ്ങളിലുള്ള ഊർജം കൂടുതൽ സ്ഥിരതയെ പ്രാപിക്കുകയും, സൂക്ഷ്മമാകുകയും ചെയ്യുമ്പോൾ നിങ്ങളുടെ ഇപ്പോഴത്തെ സ്ഥിതി തന്നെ അത്യന്തം സുന്ദരമാകും; അതിനാൽ മറ്റൊരു ശരീരവുമായി എന്തെങ്കിലും ബന്ധം വേണമെന്ന് തന്നെ തോന്നുകയില്ല. വെറുതെ ഇരിക്കുന്നതു തന്നെ ലൈംഗിക പ്രവൃത്തിയേക്കാൾ വൈകാരിക ഉന്നതി പ്രദാനം ചെയ്യും. ഇത് ഒരു സാധാരണ സത്യമാകുന്നതോട് കൂടി നിങ്ങൾ; എല്ലായ്‌പോഴും അതെ അവസ്ഥയിലാകും. ലൈംഗിക പ്രേരണകൾ നിങ്ങളുടെ ജീവിതത്തിൽ നിന്നും അപ്രത്യക്ഷമാകും. അത് നിങ്ങൾ കഴിവില്ലാത്തവനായതു കൊണ്ടല്ല, അത് തെറ്റാണെന്നോ, അസാന്മാര്‍ഗികമാണെന്നോ തോന്നുന്നതു കൊണ്ടല്ല, മറിച്ച് മറ്റൊരാളെ ചേർത്ത് പിടിക്കുന്നതും, എന്തെങ്കിലും ചെയ്യുന്നതും, അത് വളരെ വലിയ കാര്യമാണെന്ന് കരുതുന്നതും വെറും ബാലിശമാണെന്നു തോന്നുന്നതു കൊണ്ടാണ്. 

ലൈംഗികതയിൽ തെറ്റോ ശരിയോ ഇല്ല, എന്നാൽ അത് ജീവിതത്തിന്‍റെ ഒരു അടിസ്ഥാനപരമായ കാര്യം മാത്രമാണ്.

ലൈംഗികതയിൽ തെറ്റോ ശരിയോ ഇല്ല, എന്നാൽ അത് ജീവിതത്തിന്‍റെ ഒരു അടിസ്ഥാനപരമായ കാര്യം മാത്രമാണ്. അത് നിങ്ങളുടെ ശരീരത്തിൽ ഉണ്ടെങ്കിൽ അവിടെ നിൽക്കട്ടെ; പക്ഷെ അത് നിങ്ങളുടെ തലച്ചോറിലാണെങ്കിൽ അത് തീർച്ചയായും തെറ്റായ സ്ഥലമാണ്. അങ്ങിനെ തെറ്റായ സ്ഥലത്താണെങ്കിൽ നിങ്ങളുടെ ജീവിതം വലിയൊരു പ്രശ്നമായി മാറും.

Editor's Note: നിങ്ങളൊരു വിവാദമായ ചോദ്യത്തിന് ഉത്തരം തേടുകയാണോ?, അതോ സദാചാരത്തെ സംബന്ധിച്ച ഒരു ചോദ്യം നിങ്ങള്‍ അലട്ടുന്നുണ്ടോ?, അതോ മറ്റാരും ഉത്തരം തരാത്ത ചോദ്യങ്ങള്‍ ഉള്ളില്‍ ജ്വലിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ചോദ്യങ്ങള്‍ സദ്ഗുരുവിനോട് ചോദിക്കാം UnplugWithSadhguru.org.

Youth and Truth Banner Image