सद्गुरु

സ്ത്രീ-പുരുഷന്‍, ശിവന്‍-ശക്തി, യിന്‍-യാങ്ങ്, പേരെന്തുതന്നെയായാലും സാമാന്യജീവിതം രൂപപ്പെട്ടിട്ടുള്ളത് ദ്വൈതങ്ങളിലാണ്. ഇന്ദ്രീയാനുഭവങ്ങള്‍ക്കുമപ്പുറത്തേക്ക്, തികച്ചും അദ്വൈതമായ ഒരു തലത്തിലേക്ക് ധ്യാലിംഗത്തിന്‍റെ സഹായത്താല്‍ എങ്ങനെ പോകാമെന്ന് സദ്ഗുരു വിവരിച്ചു തരികയാണ്.

ചോദ്യം :- ഓരോ മനുഷ്യനേയും ജീവിതത്തിന്‍റെ പൂര്‍ണ്ണത അനുഭവിക്കാന്‍ ധ്യാനലിംഗം സഹായിക്കുന്നു എന്ന് അങ്ങ് പറയുകയുണ്ടായല്ലൊ. അതെങ്ങനെയാണെന്ന് വിശദീകരിച്ചു തരുമോ?

സദ്ഗുരു :- ധ്യാനലിംഗത്തിനു പുറകില്‍ അതിന്‍റേതായ ഒരു ശാസ്ത്രമുണ്ട്. അതിനെകുറിച്ച് സാമാന്യമായൊരു ബോധം ആദ്യം നേടേണ്ടതുണ്ട്. യോഗശാസ്ത്രമനുസരിച്ച്, നമ്മള്‍ ശിവനെന്നും ശക്തി എന്നും പറയുന്നത് ജീവിതത്തിലെ ദ്വന്ദങ്ങളെ കുറിച്ചാണ്. ലോകത്തെ ഇന്ദ്രീയാനുഭവങ്ങളില്‍ കൂടി അറിയുമ്പോള്‍ നിശ്ചയമായും അവിടെ രണ്ടു വ്യത്യസ്ത ഭാവങ്ങളുണ്ടാകും. ഈരണ്ടു ഭാവങ്ങളെയാണ് ശിവനായും ശക്തിയായും നമ്മള്‍ സങ്കലിപിക്കുന്നത്. അതുതന്നെയാണ് അര്‍ദ്ധനാരീശ്വര സങ്കല്പവും. യോഗശാസ്ത്രത്തില്‍ ഇത് ഇഡയും പിംഗളയുമാണ്. വിദൂര പൗരസ്ത്യദേശങ്ങളില്‍ ഇതുതന്നെ യിന്‍ എന്നും യാങ്ങ് എന്നുമുള്ള പേരുകളില്‍ അറിയപ്പെടുന്നു. സ്ത്രീ എന്നും പുരുഷനെന്നും അറിയപ്പെടുന്നതും ഇതുതന്നെ. മറ്റൊരു നിലക്കു പറഞ്ഞാല്‍ ഇത് നമ്മുടെ തന്നെ മനസ്സിലുള്ള ഉള്‍ക്കാഴ്ചയും യുക്തിചിന്തയുമാണ്. നിങ്ങളിലും നിങ്ങളുടെ ചുറ്റുമുള്ള പ്രപഞ്ചത്തിലും ഈ രണ്ടു ഭാവങ്ങള്‍ സദാ പ്രകടമാണ്.


ഈ ദ്വന്ദഭാവത്തെ ആധാരമാക്കിയാണ് പ്രപഞ്ചസൃഷ്ടി നടത്തപ്പെട്ടിട്ടുള്ളത്. ഇതു രണ്ടുമല്ലാതെ ഇന്നത്തെ നിലയില്‍ പ്രപഞ്ചത്തിന് നിലനില്ക്കാനാവില്ല.

ഈ ദ്വന്ദഭാവത്തെ ആധാരമാക്കിയാണ് പ്രപഞ്ചസൃഷ്ടി നടത്തപ്പെട്ടിട്ടുള്ളത്. ഇതു രണ്ടുമല്ലാതെ ഇന്നത്തെ നിലയില്‍ പ്രപഞ്ചത്തിന് നിലനില്ക്കാനാവില്ല. ആദിയില്‍ എല്ലാം ഒന്നായിരുന്നു. വ്യത്യസ്തമായ രണ്ടു ഭാവങ്ങളുണ്ടായിരുന്നില്ല. സൃഷ്ടി തുടങ്ങിയപ്പോഴാണ് ദ്വന്ദം പ്രകടമായത്. ഇന്ദ്രീയങ്ങള്‍ സൃഷ്ടിക്കപ്പെട്ടതുതന്നെ, ഈ ദ്വന്തഭാവം അനുഭവിപ്പിക്കുവാനും, മനസ്സിനെ അതിന്‍റെ പരിധിക്കുള്ളില്‍ ഒതുക്കി നിര്‍ത്താനും വേണ്ടിയാണ്. പഞ്ചേന്ദ്രിയങ്ങളിലൂടെയാണ് നിങ്ങള്‍ എല്ലാം അനുഭവിച്ചറിയുന്നത്. കണ്ടും, കേട്ടും, രുചിച്ചും, മണത്തും, തൊട്ടും പ്രപഞ്ചത്തിലെ ദ്വന്ദഭാവത്തെ നമ്മുടെ ബോധതലത്തിലേക്കെത്തിക്കുന്നതും, നിലനിര്‍ത്തുന്നതും നമ്മുടെ ഇന്ദ്രിയങ്ങളാണ്. ഇരുട്ട്-വെളിച്ചം, നന്മ-തിന്മ, സുഖം-ദുഃഖം അങ്ങനെ പലവിധത്തില്‍ ദ്വന്ദം നമ്മുടെ മുമ്പില്‍ പ്രകടമാകുന്നു. വ്യത്യസ്തമായ ഈ രണ്ട് ഭാവങ്ങളുമായി നിരന്തരം ഇടപഴകി അതു രണ്ടും നമ്മുടെ ബോധത്തില്‍ ആഴത്തില്‍ ഉറച്ചുപോകുന്നു.

ദ്വൈതങ്ങള്‍ : സുഖ-ദുഃഖങ്ങള്‍ക്കു കാരണം

ദ്വൈതങ്ങള്‍, അതില്‍ എന്താണ് തെറ്റ്? അതില്ല എങ്കില്‍ സൃഷ്ടിയില്ല. ഈ വൈരുദ്ധ്യങ്ങളാണ് യഥാര്‍ത്ഥത്തില്‍ സൃഷ്ടിക്കു കാരണമായിരിക്കുന്നത്. എന്നാല്‍ അതില്‍ അകപ്പെട്ടുപോകുന്നു എന്നതാണ് നമ്മുടെ പ്രശ്നം. അതില്‍ കുരുങ്ങിപ്പോയാല്‍ അതിനപ്പുറത്തുള്ളതിനെ കുറിച്ച് അറിയാന്‍ അവസരം കിട്ടുകയില്ല. അത് ജീവിതത്തിനുതന്നെ വലിയൊരു പരിമിതി സൃഷ്ടിക്കും. എല്ലാ ലൗകീകസുഖങ്ങള്‍ക്കും നിദാനം ഈ ദ്വന്ദഭാവമാണ്. വൈരുദ്ധ്യങ്ങള്‍ ഇല്ല എങ്കില്‍ സുഖം എന്ന അനുഭവവും സാദ്ധ്യമല്ല. അതേസമയം ലോകത്തിലെ ദുഃഖങ്ങള്‍ക്കൊക്കെയും കാരണമാകുന്നതും ഇതുതന്നെ. വൈരുദ്ധ്യങ്ങള്‍ നിലനില്ക്കുന്നതുകൊണ്ടാണ് മനുഷ്യന്‍ ദുരിതമനുഭവിക്കുന്നത്. സുഖ-ദുഃഖങ്ങളുടെ ചുഴിയില്‍ പെട്ടുപോയ മനുഷ്യന്‍ ജീവിതത്തിന്‍റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നില്ല. അതിന്‍റെ ദോഷങ്ങള്‍ മാത്രമേ അനുഭവിക്കുന്നുള്ളു. ജീവിത വൈരുദ്ധ്യങ്ങളെ വേണ്ടവിധം കൈകാര്യം ചെയ്യാന്‍ സാധിക്കുന്നില്ല. അതിനപ്പുറത്തേക്കു കടക്കാനും അവന് ആകുന്നില്ല.


വൈരുദ്ധ്യങ്ങള്‍ നിലനില്ക്കുന്നതു കൊണ്ടാണ് മനുഷ്യന്‍ ദുരിതമനുഭവിക്കുന്നത്. സുഖ-ദുഃഖങ്ങളുടെ ചുഴിയില്‍ പെട്ടുപോയ മനുഷ്യന്‍ ജീവിതത്തിന്‍റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നില്ല.

ഇന്ദ്രീയാനുഭവങ്ങളില്‍ കുരുങ്ങികിടക്കുന്ന മനുഷ്യന്‍, ദ്വൈതഭാവങ്ങളാല്‍ ബന്ധിതനാണ്. അത് സ്വാഭാവികമായി സംഭവിക്കുന്നതാണ്. ജ്ഞാനേന്ദ്രിയങ്ങള്‍ സ്വാതന്ത്ര്യത്തിലേക്കെത്താനുള്ള ഒരു വഴിയാണ്. ഉദാഹരണത്തിന് നിങ്ങള്‍ കണ്ണുകളിലൂടെ കാണുന്നു. അത് നിങ്ങളുടെ ഒരു സ്വാതന്ത്ര്യമാണ്. കണ്ണില്ലാ എങ്കില്‍ ബാഹ്യലോകത്തെ കണ്ടറിയാനാവില്ല. എന്നാല്‍ പലകാര്യങ്ങളിലും നിങ്ങളെ പരിമിതപ്പെടുത്തുന്നതും കണ്ണുകളാണ്. കണ്ണുകള്‍ ശരീരത്തിന്‍റെ ജനലുകളാണ്. ഈ ജനലില്‍ കൂടി നിങ്ങള്‍ പുറംലോകം കാണുന്നു. അതൊരു സാദ്ധ്യതയാണ്, അതേസമയം പരിമിതിയും. ആ പരിമിതി തട്ടിനീക്കാനായാല്‍ ബോദ്ധ്യമാവും, കാണുന്നത് കണ്ണുകളല്ല, സ്വയം താന്‍ തന്നെയാണ്. കണ്ണുകള്‍ പുറമേക്കു തുറന്നു കിടക്കുന്നു എന്നുമാത്രം. അതുകൊണ്ടാണ് പറഞ്ഞത് ഇന്ദ്രീയങ്ങള്‍ പുറംലോകത്തേക്കു തുറക്കുന്ന ചെറിയൊരു ജനല്‍ മാത്രമാണ്. അതേസമയം ആന്തരികമായി അത് വലിയൊരു തടസ്സവുമാണ്.

ജീവിതത്തെ അതേപടി അനുഭവിക്കൂ

പ്രപഞ്ചത്തിലെ ദൈതഭാവത്തെ അതിന്‍റെ പൂര്‍ണ്ണതയില്‍ സ്ഥിരീകരിക്കുക. അതാണ് ധ്യാനലിംഗത്തിന്‍റെ ശാസ്ത്രം. ഇഡയും-പിംഗളകളിലൂടെ, ഏഴു നാഡീചക്രങ്ങളിലൂടെ, അതു കൂടാതെയുള്ള ഒട്ടനവധി വൈവിധ്യമാര്‍ന്ന അനുഭവങ്ങളില്‍കൂടെയാണ് പ്രപഞ്ചം ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത്. പ്രപഞ്ചസൃഷ്ടിയില്‍ പലരൂപങ്ങളിലും തലങ്ങളിലുമുള്ള ജീവജാലങ്ങളുണ്ട്. ജീവിതത്തെ അനുഭവിക്കാന്‍ വ്യത്യസ്തമായ ഒട്ടനവധി മാര്‍ഗ്ഗങ്ങളുമുണ്ട്. അതിനു കാരണമായിരിക്കുന്നത് ഈ ദ്വന്ദാവസ്ഥ മാത്രമാണ്. അതിനോടൊപ്പമുണ്ട് ഏഴു നാഡീചക്രങ്ങളും. ജീവന്‍റെ ഏഴു തലങ്ങളും. ഈ ഏഴുതലങ്ങളിലും ധ്യാനലിംഗത്തിന്‍റെ പ്രഭാവം പ്രകടമാണ്. എന്നാല്‍ അതിന്‍റെ യഥാര്‍ത്ഥ ലക്ഷ്യം മനുഷ്യനെ ദ്വന്ദങ്ങളുടെ അതിര്‍വരമ്പുകള്‍ കടക്കാന്‍ പ്രാപ്തനാക്കുക എന്നതാണ്.

ഇത് ഇന്ദ്രീയാനുഭവങ്ങള്‍ക്ക് എതിരായിട്ടുള്ളതല്ല. അതിന് പരിമിതികള്‍ ഉണ്ട് എന്നു മനസ്സിലാക്കി അതിനപ്പുറത്തേക്കു കടക്കാനുള്ള ശ്രമമാണ്. ശിവ-ശക്തികളുടെ അല്ലെങ്കില്‍ ഇഡ-പിംഗളയുടെ സാക്ഷാത്കാരത്തിലൂടെ ഈ ദ്വന്ദഭാവത്തിനെ മറികടക്കാന്‍ നമുക്ക് സാധിക്കും. അതായത് സഹജാവബോധത്തേയും, യുക്തിബോധത്തേയും ഒരുപോലെ ആസ്വദിക്കാനാവും. ഉള്‍ക്കാഴ്ചയും യുക്തിയും മാത്രം പോരാ എന്ന് ബോദ്ധ്യമാവുമ്പോള്‍ അതിനപ്പുറത്തുള്ളതിലെത്തിച്ചേരാന്‍ മനസ്സ് സ്വാഭാവികമായും ശ്രമിക്കും. യോഗശാസ്ത്രത്തില്‍ പ്രതിഭ എന്ന പേരിലാണ് ആ തലം അറിയപ്പെടുന്നത്. ഇവിടെ നിങ്ങളുടെ ഉള്‍ക്കാഴ്ചക്കോ യുക്തിക്കോ പ്രസക്തിയില്ല. പ്രപഞ്ചം യഥാര്‍ത്ഥത്തില്‍ എങ്ങനെയാണൊ അതേപടി നിങ്ങള്‍ അതിനെ ഗ്രഹിക്കുന്നു. അത് നേരിട്ടുള്ള ഒരു ബോദ്ധ്യപ്പെടലാണ്. ഇന്ദ്രീയങ്ങള്‍ക്ക് അതില്‍ യാതൊരു പങ്കുമില്ല.