सद्गुरु

അവബോധമെന്നാല്‍ നിങ്ങള്‍ ചെയ്യുന്നതൊന്നുമല്ല. അവബോധമെന്നാല്‍ ജീവിച്ചിരിക്കലാണ്. അവബോധമെന്നാല്‍ നിങ്ങള്‍ തന്നെയാണ്.

അവബോധമെന്നാല്‍ എന്താണ്? പലരും പലതരത്തിലാണ് ഈ വാക്കിന് അര്‍ത്ഥം പറയുന്നത്. അവബോധമെന്നത് മാനസികമായ ജാഗ്രതയാണെന്നു തെറ്റിദ്ധരിക്കരുത്. ഈ ലോകത്ത് കഴിഞ്ഞുകൂടാനുള്ള കഴിവിനെ വര്‍ധിപ്പിക്കുന്നതാണ് മാനസികമായ ജാഗ്രത. ശ്വാനന്‍റെ ജാഗ്രതപോലെയാണത്. അവബോധമെന്നു പറയുന്നത് നിങ്ങള്‍ ചെയ്യുന്ന ഒന്നല്ല. ഒരു അവസ്ഥയും പ്രവൃത്തിയും തമ്മിലുള്ള വ്യത്യാസമുണ്ട് അവബോധവും ജാഗ്രതയും തമ്മില്‍. അവബോധം നിങ്ങള്‍ തന്നെയാണ്. നിലനില്‍ക്കല്‍ അത്രതന്നെ.

അവബോധത്തിന്‍റെ വിവിധ തലങ്ങള്‍ മാത്രമാണ് ഉറക്കം, ജാഗ്രത, മരണം എന്നിവ. നിങ്ങള്‍ ഉറക്കം തൂങ്ങിയിരിക്കുന്നു എന്നിരിക്കട്ടെ. ആരെങ്കിലും കൈകൊണ്ടു തട്ടിയാല്‍ മതി ലോകം മുഴുവനും തിരികെവരും. അതൊരു ചെറിയ കാര്യമല്ല. ആ നിമിഷം തന്നെ നിങ്ങള്‍ നിലനില്‍പ്പിനെ പൂര്‍ണമായി പുനര്‍സൃഷ്ടിച്ചുകഴിയും. അല്ലേ? നിങ്ങളുടെ അനുഭവത്തില്‍ ഇല്ലാതിരുന്ന ലോകം പൊന്തിവരുന്നു. ഏഴുദിവസം കൊണ്ടല്ല, ഒരുനിമിഷത്തിനകം തന്നെ.

ഈ അസ്തിത്വം ഇവിടെ നിലനില്‍ക്കുന്നുണ്ടോ ഇല്ലയോ എന്ന് നിങ്ങള്‍ക്ക് എങ്ങനെ അറിയാം? നിങ്ങളുടെ അനുഭവത്തിലൂടെ മാത്രം. അല്ലാതെ തെളിവൊന്നുമില്ല. ഈ നിലനില്‍പ്പിനെ സൃഷ്ടിക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നതിന് ബോധത്തിനു കഴിയും. അവബോധം ഇല്ലെങ്കില്‍ നിലനില്‍പ്പ് ഇല്ലേയില്ല. അതാണ് അവബോധത്തിന്‍റെ മാന്ത്രികത മായാജാലം. നിങ്ങളുടെ അവബോധത്തെ വിവിധ ചാനലുകളിലൂടെ നയിക്കാം. അതു കൂടുതല്‍ക്കൂടുതല്‍ മുന്നേറുമ്പോള്‍ നിലനില്‍പ്പിന്‍റെ പുതിയ പുതിയ മാനങ്ങള്‍ നിങ്ങളുടെ അനുഭവത്തില്‍ തുറന്നുകിട്ടും. ഒരുത്തരും അവരുടെ ഭ്രാന്തമായ സ്വപ്നങ്ങളില്‍പ്പോലും സങ്കല്പിച്ചിട്ടില്ലാത്ത തരത്തിലുള്ള ലോകങ്ങള്‍ ജീവിതയാഥാര്‍ത്ഥ്യമായി നിങ്ങള്‍ക്ക് അനുഭവപ്പെടും.

അവബോധമെന്നാല്‍ ഒരു ഉള്‍ക്കൊള്ളല്‍ പ്രക്രിയയാണ്. ഈ നിലനില്‍പ്പിനെ പൂര്‍ണമായും പുല്‍കിക്കൊണ്ടിരിക്കലാണ്.

ഉറങ്ങിക്കിടക്കുന്ന ഒരു മനുഷ്യനെ ഉണര്‍ത്താതെ അയാളോട് ലോകം നിലനില്‍ക്കുന്നുണ്ടോ എന്നു നിങ്ങള്‍ ചോദിച്ചുവെന്നിരിക്കട്ടെ. ഇല്ല എന്നായിരിക്കും ഉത്തരം. അയാള്‍ക്ക ബോധം ഇല്ലാത്തതുകൊണ്ട് അയാളെ സംബന്ധിച്ചിടത്തോളം ലോകം നിലനില്‍ക്കുന്നേയില്ല. എന്നാല്‍ ഉറക്കത്തില്‍പ്പോലും ബോധം പൂര്‍ണമായി ഇല്ലാതാകുന്നില്ല. ഉറങ്ങുന്ന മനുഷ്യനും മരിച്ച മനുഷ്യനും തമ്മിലുള്ള ഒരു വ്യത്യാസം ബോധം ഉണ്ടോ ഇല്ലയോ എന്നതാണ്.

അതുപോലെ ഉണര്‍ന്നിരിക്കുന്ന മനുഷ്യനും അവബോധം നേടിയ മനുഷ്യനും തമ്മിലും വ്യത്യാസമുണ്ട് . അവബോധമുള്ള മനുഷ്യന്‍ ഉറങ്ങുമ്പോള്‍ അദ്ദേഹത്തിന്‍റെ ഒരു ഭാഗം ഉറങ്ങുന്നില്ല എന്ന കാര്യം അദ്ദേഹത്തിനറിയാം. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ശരീരം വിശ്രമിക്കുന്നുണ്ട് . എന്നാല്‍ ബോധത്തിന്‍റെ ഒരംശം സദാ ജാഗ്രതയോടെ ഇരിക്കുന്നു. ഇതിനുകാരണം, ബോധത്തെ മറ്റൊരു തലത്തിലേക്കു തിരിച്ചുവിട്ടിരിക്കുന്നു എന്നതാണ്.

അവബോധമെന്നാല്‍ ഒരു ഉള്‍ക്കൊള്ളല്‍ പ്രക്രിയയാണ്. ഈ നിലനില്‍പ്പിനെ പൂര്‍ണമായും പുല്‍കിക്കൊണ്ടിരിക്കലാണ്. നിങ്ങള്‍ക്ക് അതു സാധ്യമല്ല. എന്നാല്‍ അതു സംഭവിക്കുന്നതിന് അനുകൂലമായ അവസ്ഥകള്‍ സംജാതമാക്കാന്‍ കഴിയും. അവബോധമുള്ളവനായിത്തീരുവാന്‍ ശ്രമിക്കരുത്. അതു സംഭവിക്കുകയില്ല. ശരീരത്തെയും മനസ്സിനെയും ഊര്‍ജത്തെയും ശരിയായി ക്രമീകരിക്കുകയും പോഷിപ്പിക്കുകയും ചെയ്താല്‍ അവബോധം വിടരും. നിങ്ങള്‍ ഇപ്പോള്‍ ഉള്ളതിനെക്കാള്‍ കൂടുതല്‍ ജീവസ്സുള്ളവനായിത്തീരും.