सद्गुरु

സദ്ഗുരു പറയുന്നു - അറിവ് വിവരങ്ങളുടെ ഒരു സഞ്ചയമാണ്. പക്ഷെ ഈ സഞ്ചയം ഒരു അനുഗ്രഹമാണോ അതോ ഒരു ശാപമാണോ? അറിവ് ഇല്ലെങ്കിൽ, നിങ്ങൾ ഓരോ ദിവസവും ചക്രം വീണ്ടും കണ്ടുപിടിക്കേണ്ടി വരും. എന്നാൽ ആവശ്യത്തിലധികം ഓര്‍മ്മകൾ ബുദ്ധിയാകുന്ന കത്തിയിൽ പിടിച്ചിരുന്നാൽ, അത് കൊണ്ട് ഒന്നിനെയും മുറിക്കുവാൻ സാധ്യമാകുകയില്ല.

ചോദ്യം : വിദ്യാഭ്യാസം ഏറ്റവും പ്രാധാന്യമുള്ളതാണ്. എന്നാൽ ചില സമയങ്ങളിൽ അങ്ങ് പറയുന്നു നിങ്ങൾ അറിവുകൾ ഉപേക്ഷിക്കണമെന്ന്. അറിവ് ഒരു അനുഗ്രഹമാണോ അതോ ഒരു ശാപമാണോ?

സദ്ഗുരു: അറിവ് എന്ന് നിങ്ങൾ പറയുന്നത് വിവരങ്ങളുടെ ഒരു സഞ്ചയമാണ്. നിങ്ങള്‍ക്ക് ഭക്ഷണം പാകം ചെയ്യുവാനും, ഒരു കാർ നിര്‍മ്മിക്കുവാനും, ഒരു കേമമായ കമ്പ്യൂട്ടർ ഉണ്ടാക്കുവാനും, ഒരു കെട്ടിടം പണിയുവാനും ഈ വിവരങ്ങളുടെ സഞ്ചയം ആവശ്യമാണ്.

അറിവ് എന്ന് നിങ്ങൾ പറയുന്നത് വിവരങ്ങളുടെ ഒരു സഞ്ചയമാണ്. നിങ്ങള്‍ക്ക് ഭക്ഷണം പാകം ചെയ്യുവാനും, ഒരു കാർ നിര്‍മ്മിക്കുവാനും, ഒരു കേമമായ കമ്പ്യൂട്ടർ ഉണ്ടാക്കുവാനും, ഒരു കെട്ടിടം പണിയുവാനും ഈ വിവരങ്ങളുടെ സഞ്ചയം ആവശ്യമാണ്.

പാചക പുസ്തകമായാലും, എഞ്ചിനീയറിംഗ് പുസ്തകമായാലും, വൈദ്യ ശാസ്ത്രത്തിന്‍റെ പുസ്തകമായാലും, അതെല്ലാം വിവരങ്ങളുടെ കൂട്ടം മാത്രമാണ്. ഇങ്ങിനെ കൂട്ടിവച്ചിരിക്കുന്ന വിവരങ്ങൾ പ്രയോജനപ്പെടുത്തിയില്ലെങ്കിൽ, നിങ്ങൾക്ക് ഓരോ ദിവസവും ചക്രം വീണ്ടും കണ്ടുപിടിക്കേണ്ടി വരും. ആയിരം വര്‍ഷങ്ങള്‍ക്കു മുൻപ് കണ്ടുപിടിക്കപ്പെട്ട ഒരു കാര്യം വീണ്ടും കണ്ടുപിടിക്കുവാൻ ഒരു വിഡ്ഢി മാത്രമേ ശ്രമിക്കുകയുള്ളു. ബുദ്ധിമാനായ ഒരുവൻ മുൻപ് കണ്ടുപിടിച്ചതിനെ ഉപയോഗിച്ച് പുതിയതെന്തെങ്കിലും നാളെക്കായി കണ്ടുപിടിക്കുവാൻ ശ്രമിക്കും.

ഒരിക്കൽ ഒരു സർവകലാശാല വിദ്യാർത്ഥി ഫുടബോൾ മാച്ച് കാണുവാൻ പോയി. കൈയിൽ ഒരു കുപ്പി സോഡയും ,പോപ്‌കോണും ഉണ്ടായിരുന്നു. ഒരു പ്രായമായ മനുഷ്യൻ അവിടെ ഇരുന്നിരുന്നു. അയാളുടെ അടുത്ത് ചെന്നിരുന്നിട്ട് അയാൾ പറഞ്ഞു. "നിങ്ങളെ പോലുള്ള വയസ്സന്മാർ, നിങ്ങളുടെ തലമുറയിൽ പെട്ടവർ, എങ്ങിനെ ജീവിച്ചു എന്ന് എനിക്ക് മനസ്സിലാകുന്നില്ല. നിങ്ങൾക്ക് വാസ്തവത്തിൽ ഒന്നും അറിയില്ലായിരുന്നു. ഞങ്ങളുടെ തലമുറയെ നോക്ക്. ഞങ്ങൾ കംപ്യൂട്ടറുകളോടൊപ്പമാണ് വളർന്നത്. ഞങ്ങൾ നാനോ ടെക്‌നോളജി വശമാക്കി. ഞങ്ങൾക്ക് ബഹിരാകാശ വാഹനങ്ങളുണ്ട്. ഇടിമിന്നലിന്‍റെ വേഗത്തിൽ ലോകത്തെവിടെയും ഉള്ളവരുമായി ഞങ്ങൾക്ക് സമ്പർക്കത്തിൽ ഏർപ്പെടാൻ സാധ്യമാണ്. നിങ്ങൾ വാസ്തവത്തിൽ ഒരു പഴഞ്ചൻ ജീവിതമാണ് ജീവിച്ചത്. അതുകൊണ്ട് നിങ്ങൾക്ക് ഞങ്ങളെപ്പോലുള്ള അത്യാധുനിക ആളുകളെ മനസ്സിലാക്കുവാൻ സാധ്യമല്ല. നിങ്ങൾ പഴഞ്ചന്മാരായത്, വളർന്നു വരുമ്പോൾ നിങ്ങൾക്ക് ഈ വസ്തുക്കളൊന്നും ഇല്ലാതിരുന്നതുകൊണ്ടാണ്”. പ്രായമായ ആ മനുഷ്യൻ ഇതെല്ലാം കേട്ടുകൊണ്ടിരുന്നു. എന്നിട്ട്, ചുറ്റുമുള്ളവരെല്ലാം കേൾക്കുന്ന വിധത്തിൽ പറഞ്ഞു. "ശരിയാണ് മകനെ. ഞങ്ങൾ വളർന്നുകൊണ്ടിരുന്ന സമയത്ത് ഇതൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഞങ്ങൾ ഇതെല്ലാം കണ്ടുപിടിച്ചു. എടാ, വിഡ്ഢി, നീ എന്താണ് അടുത്ത തലമുറയ്ക്ക് വേണ്ടി ചെയ്യുന്നത്?"

കൃത്യതയാണ് വേണ്ടത്, നിർണയമല്ല

മുൻപ് കണ്ടുപിടിച്ചതിനേയും, അറിയപ്പെട്ടിരുന്നതിനേയുമെല്ലാം നമ്മൾ ശേഖരിച്ച്, അറിവാക്കി വെക്കുന്നത് എല്ലാ ദിവസവും ചക്രം വീണ്ടും പിടിക്കേണ്ടിവരുന്നതിൽ നിന്നും രക്ഷപ്പെടാനാണ്. ഒരു വിഡ്ഢിയെപ്പോലെ ഒരേ കാര്യം വീണ്ടും വീണ്ടും ചെയ്തുകൊണ്ടിരിക്കേണ്ടതില്ല. അങ്ങിനെയാണെങ്കിൽ അറിവ് ഗുണകരമാണോ അല്ലയോ? നിങ്ങൾ തന്നെ നിശ്ചയിക്കൂ.

ജീവിതത്തെപ്പറ്റിയുള്ള അറിവ് എന്ന് ഞാൻ പറയുമ്പോൾ, ഞാൻ ഉദ്ദേശിക്കുന്നത് നിങ്ങളെയാണ്. നിങ്ങൾക്ക് ഈ ജീവിതത്തെപ്പറ്റിയുള്ള അറിവുകൾ കൂട്ടിവയ്ക്കുവാൻ സാധ്യമല്ല. എന്തെന്നാൽ ഇങ്ങനെ ശേഖരിച്ചുവെച്ച അറിവിൽ നിന്നും നിങ്ങൾ ജീവിതത്തെക്കുറിച്ചുള്ള ഒരു തീരുമാനത്തിൽ എത്തുകയാണെങ്കിൽ അത് മുൻവിധിയോടെയുള്ള അറിവായിരിക്കും. അത് നിങ്ങളെയൊന്നും അനുഭവിക്കുവാൻ അനുവദിക്കുകയില്ല .

ഒരിക്കൽ ഒരു കാര്യത്തെക്കുറിച്ചുള്ള അറിവ് ലഭിച്ചു കഴിഞ്ഞാൽ പിന്നെ അത് പുതിയതായി അനുഭവിക്കുവാൻ സാധിക്കുകയില്ല. അത് മുൻവിധിയോടെയുള്ള ഒരു തീരുമാനമായി കഴിഞ്ഞു. ശാരീരികമായോ ഭൗതികമായോ എന്തെങ്കിലും ചെയ്യണമെങ്കിൽ അറിവ് ആവശ്യമാണ്. പക്ഷെ ജീവിതം മുൻപോട്ടു കൊണ്ടുപോകുവാൻ നിങ്ങൾക്കാവശ്യം അറിവല്ല, കൃത്യതയാണ്.

അറിവുണ്ടാകുകയും എന്നാൽ അതുമായി താദാത്മ്യം പ്രാപിക്കാതിരിക്കുകയും ചെയ്യുക, അത് നിങ്ങളുടെ വീക്ഷണത്തെ തടസ്സപ്പെടുത്താതിരിക്കുക, എന്നിവയെല്ലാം അത്യധികം പ്രാധാന്യമുള്ളതാണ്.

അറിവിനെ ഉപേക്ഷിക്കുക എന്നുഞാൻ പറഞ്ഞപ്പോൾ, നാം ജീവിതത്തെകുറിച്ചാണ് പറഞ്ഞത്, ജീവിതത്തിന്‍റെ വിവിധ വിഭാഗങ്ങളെകുറിച്ചല്ല. വൈദ്യശാസ്ത്രമോ, എൻജിനീയറിങ്ങോ, സംഗീതമോ അഭ്യസിക്കുവാൻ അറിവ് അത്യാവശ്യമാണ്. എന്തെന്നാൽ ഇതിനെല്ലാം നിങ്ങളുടെ മാത്രമല്ല ഈ ലോകത്തിൽ ജീവിച്ച അനേകായിരം ആളുകളുടെയും, അനേകായിരം തലമുറകളുടെയും അറിവുകൾ കൂടി ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഇത് ഉപയോഗപെടുത്തിയില്ലെങ്കിൽ എല്ലാം പുതുതായി തുടങ്ങണം, അനുഭവിക്കണം. എന്നാൽ ഈ അറിവിനെ നിങ്ങളുടെ വീക്ഷണത്തിന്‍റെ കൃത്യതയിലേക്കു കടന്നു കയറുവാൻ അനുവദിച്ചാൽ നിങ്ങള്‍ക്ക് വസ്തുതകൾ അതിന്‍റെ ശരിയായ രൂപത്തിൽ കാണുവാൻ സാധിക്കുകയില്ല. പഴയ അറിവ് മുമ്പിലേക്ക് തള്ളിക്കയറുവാൻ ശ്രമിച്ചുകൊണ്ടിരിക്കും. അപ്പോൾ നൂതനമായതൊന്നും നിങ്ങൾക്കു ലഭിക്കുകയില്ല

കൃത്യമായ ഛേദനം

അറിവുണ്ടാകുകയും എന്നാൽ അതുമായി താദാത്മ്യം പ്രാപിക്കാതിരിക്കുകയും ചെയ്യുക, അത് നിങ്ങളുടെ വീക്ഷണത്തെ തടസ്സപ്പെടുത്താതിരിക്കുക, എന്നിവയെല്ലാം അത്യധികം പ്രാധാന്യമുള്ളതാണ്. വസ്തുക്കളെ അവയുടെ ശരിയായ രൂപത്തിൽ കാണുന്നതിന് നിങ്ങള്‍ക്ക് അറിവുകൾ ഇല്ലാതിരിക്കുകയാണ് വേണ്ടത്. പണ്ട് എന്തുണ്ടായിരുന്നു എന്നറിയുന്നതിനു അറിവ് വേണം. അതായത് അറിവ് നിങ്ങളുടെ ഓർമയിലാണ് ഉണ്ടാകേണ്ടത്. ശരിയായ കൃത്യത ഉണ്ടെങ്കിൽ, നിങ്ങളുടെ ഓർമയിൽ ഉള്ളതും, മൂർച്ചയേറിയ ബുദ്ധിയിൽ ഉള്ളതും തമ്മിൽ കൃത്യമായ വേർതിരിവ് ഉണ്ടെങ്കിൽ, പ്രശ്നമൊന്നും ഉണ്ടാകുകയില്ല. എന്നാൽ നിങ്ങളുടെ ഓർമ്മകൾ ബുദ്ധിയെ മുഴുവൻ മൂടി ഇരിക്കുകയാണെങ്കിൽ, ബുദ്ധിയുടെ മൂർച്ച കുറയും; ഒരു പ്രശ്നത്തെയും കീറി മുറിക്കുവാൻ സാധ്യമല്ലാതായിത്തീരും. ഈ അർത്ഥത്തിൽ ആണ് അറിവ് ഉപേക്ഷിക്കണം എന്ന് ഞാൻ പറഞ്ഞത്.

ബുദ്ധി ഒരു കത്തിപോലെയാണ്

മൂർച്ച കൂടുന്തോറും എന്തിനെയും മുറിക്കുവാൻ ഉള്ള ശക്തി നേടും. ആ കത്തിയിന്മേൽ അനേകം സാധനങ്ങൾ പറ്റിപിടിച്ചിരിക്കുന്നുണ്ടെങ്കിൽ, അതിനു മൂർച്ചയുണ്ടാകുമോ? അതിന് എന്തിനെയെങ്കിലും മുറിക്കുവാൻ സാധിക്കുമോ? അപ്പോൾ നിങ്ങൾക്ക് ഭൂതകാലത്തെ അവിടെത്തന്നെ നിർത്തിയിട്ട്, ഇപ്പോളുള്ളതിനെ മനസ്സിലാക്കുവാൻ സാധിച്ചാൽ, ആ അറിവ് പ്രശ്നങ്ങളൊന്നും ഉണ്ടാക്കുകയില്ല. പക്ഷെ നിങ്ങൾ കൃത്യത നേടിയില്ലെങ്കിൽ, കഴിഞ്ഞ കാലത്തു നേടിയതിനെ മാത്രം ആശ്രയിച്ചിരിക്കുകയാണെങ്കിൽ, നിങ്ങൾ അറിവുകളുടെ വെറും ഒരു കൂമ്പാരം മാത്രമാകും. അപ്പോള്‍ അറിവ് ഒരു ഭാരമാകും.

ഈ നിമിഷത്തിൽ ജീവിക്കുകയാണെങ്കില്‍, നമുക്ക് അതിനെക്കുറിച്ചുള്ള അറിവ് ഉണ്ടാവുകയില്ല; എന്തെന്നാൽ ഇത് ജീവിതമാണ്. നിങ്ങൾ അത് ഇപ്പോൾ കാണണം, അറിയണം. ബുദ്ധന് അത് മനസ്സിലാക്കാന്‍ സാധിച്ചു; കൃഷ്ണനും മനസ്സിലാക്കാന്‍ സാധിച്ചു; മറ്റു ചിലർക്ക് അവരുടെ അറിവ് പ്രധാനമല്ല എന്ന് മനസ്സിലായി. വേറൊരാളിൽ കൂടി നിങ്ങൾക്കത് അനുഭവിക്കുവാൻ സാധ്യമല്ല. അവരുടെ അനുഭവം നിങ്ങൾക്ക് ഉപയോഗിക്കാം. പക്ഷെ അവരുടെ അവബോധം നിങ്ങള്‍ക്ക് ഉപയോഗിക്കുവാൻ സാധ്യമല്ല. അത് നിങ്ങൾ സ്വയം നേടണം. അതല്ലാതെ വേറെ വഴിയില്ല. ഈ സാഹചര്യത്തിലാണ് ഞാൻ അറിവിന്‍റെ ഭാരം ഏറ്റി നടക്കരുത് എന്ന് പറയുന്നത്.