सद्गुरु

ഭൌതിക ശരീരത്തിന് പൂര്‍ണ്ണമായ ഓര്‍മ്മശക്തിയുടെ ഘടനയുണ്ട്. ഭൌതിക ശരീരത്തെ നിങ്ങള്‍ക്ക് വായിച്ചു മനസ്സിലാക്കാന്‍ സാധിക്കും. ആ ഓര്‍മ്മശക്തിയുടെ ഘടന തുറന്നു നോക്കാന്‍ സഹായിക്കുന്ന ഒരു രീതി അഥവാ മാര്‍ഗമാണ് യോഗ

സദ്‌ഗുരു:- യോഗയ്ക്ക് ഇത്രയധികം പ്രചാരം സിദ്ധിച്ചിരിക്കുന്നത് എന്തുകൊണ്ടാണ് എന്നതിന് പലവിധ കാരണങ്ങളുണ്ട്. നിങ്ങളെ ഓരോരുത്തരെയും കുറിച്ചുള്ള അടിസ്ഥാന സത്യങ്ങളില്‍ ചിലത് യോഗയിലൂടെ മനസ്സിലാക്കാന്‍ കഴിയും എന്നതാണ് അതിളെ പ്രധാന കാരണം. ഇത് പറയുമ്പോള്‍ രസകരമായ ഒരു കഥ പറയാം. ഒരിക്കല്‍ ഒരു കിന്റര്‍ ഗാര്‍ഡന്‍ സ്കൂളില്‍ അദ്ധ്യാപിക ക്ലാസിലെ കുട്ടികളോട് ചോദിക്കുകയുണ്ടായി,

"ഞാന്‍ കാലുകള്‍ മേലോട്ടുയര്‍ത്തി തല കുത്തി നില്‍ക്കുമ്പോള്‍ എന്റെ മുഖം ചുവന്നു തുടുത്തു വരുന്നതിനുള്ള കാരണം രക്തം തലയിലേക്ക് കുതിച്ചൊഴുകുന്നത് കൊണ്ടാണ്. എന്നാല്‍ സാധാരണ പോലെ കാലുകള്‍ നിലത്തൂന്നി തല ഉയര്‍ത്തി നില്‍ക്കുമ്പോള്‍ മുഖം ചുവന്നു തുടുത്തു വരുന്നില്ല. കാരണം എന്തായിരിക്കും അങ്ങനെ സംഭവിക്കുവാന്‍?"

ഇതുകേട്ട ഒരു കുട്ടി എഴുന്നേറ്റു നിന്ന് പറഞ്ഞു, “കാലുകള്‍ പൊള്ളയല്ലാത്തതുകൊണ്ട്.”

നിങ്ങളുടെ ഓരോരുത്തരുടെയും ശരീരം ബാരോമീറ്റര്‍ പോലെയാണ്. അതിനെ സൂക്ഷ്മമായി നിരീക്ഷിക്കുവാന്‍ നിങ്ങള്‍ക്കാകുമെങ്കില്‍ നിങ്ങളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും അത് വഴി ഗ്രഹിക്കാന്‍ കഴിയും

നിങ്ങളുടെ ഓരോരുത്തരുടെയും ശരീരം ബാരോമീറ്റര്‍ പോലെയാണ്. അതിനെ സൂക്ഷ്മമായി നിരീക്ഷിക്കുവാന്‍ നിങ്ങള്‍ക്കാകുമെങ്കില്‍ നിങ്ങളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും അത് വഴി ഗ്രഹിക്കാന്‍ കഴിയും. അവനവനെക്കുറിച്ച് ഭാവനകളിലൂടെ സങ്കല്പിക്കുന്ന പോലെയല്ല യഥാര്‍ത്ഥ വസ്തുത. നിങ്ങളുടെ മനസ്സ് നിങ്ങളെക്കുറിച്ചുള്ള യഥാര്‍ത്ഥ വസ്തുത മറച്ചു വെച്ച് നിങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്, അല്ലെങ്കില്‍ വഞ്ചിക്കുകയാണ്. സത്യത്തില്‍, ശരീരത്തെ സംബന്ധിച്ച കാര്യങ്ങള്‍ നിങ്ങള്‍ക്കുതന്നെ മനസ്സിലാക്കാന്‍ പറ്റുമെങ്കില്‍, നിങ്ങളുടെ ശരീരത്തിന്റെ ഓരോ അവസ്ഥകളെയും നിങ്ങള്‍ക്ക് സ്വയം ഗ്രഹിക്കാന്‍ കഴിയും, വളരെ വ്യക്തമായി തന്നെ, ഭൂതം, ഭാവി, വര്‍ത്തമാന കാലങ്ങളിലെ നിജസ്ഥിതി പോലും. അതുകൊണ്ടാണ് അടിസ്ഥാനപരമായി യോഗ ശരീരത്തില്‍ നിന്നും ആരംഭിക്കുന്നത്.

ലോകത്തുള്ള ഏതു വിഷയമെടുത്താലും, കാലാകാലങ്ങളില്‍ ഫാഷന്‍ മാറുന്നതിനനുസരിച്ച് അവയുടെ സ്വഭാവത്തിന് മാറ്റം സംഭവിക്കുമ്പോഴും, യോഗയ്ക്ക് ഒരു തരത്തിലും മാറ്റം സംഭവിക്കുന്നില്ല. അത് സഹസ്രാബ്ദങ്ങളായി അതേ രീതിയില്‍ തുടരുകയാണ്, മാത്രമല്ല യോഗ കൂടുതല്‍ കരുത്താര്‍ജ്ജിച്ചു കൊണ്ടേയിരിക്കുന്നു. യോഗ തലമുറകളായി ഒരാളില്‍ നിന്ന്‍ ഇനിയൊരാളിലേക്ക് പകര്‍ന്നു നല്‍കിക്കോണ്ടിരിക്കുമ്പോഴും അതിനെന്തെങ്കിലുമൊക്കെ മാറ്റം വന്നു പുഷ്ടി പ്രാപിക്കാതെ, ആരംഭാവസ്ഥയില്‍ എങ്ങിനെയായിരുന്നോ അതുപോലെ ഇന്നും തുടരുന്നു. പ്രാകൃതാവസ്ഥയിലാണ് ഇപ്പോഴും എന്ന് ആധുനികര്‍ പറയുമായിരിക്കാം. പക്ഷെ അതല്ല ശരി. യോഗ കാലങ്ങളെ അതിജീവിച്ചു കൊണ്ടിരിക്കുകയാണ്. ഭരണാധിപന്മാരുടെയോ ഉദ്യോഗസ്ഥ വൃന്ദങ്ങളുടെയോ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക് അടിമപ്പെടാതെ പതിനയ്യായിരത്തിലധികം വര്‍ഷങ്ങളായി എല്ലാത്തിനെയും അതിജീവിച്ച ഒരേ ഒരു സിദ്ധാന്തം യോഗ മാത്രമാണ്.

മാനവരാശിയുടെ ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ ആരുടെയും കഴുത്തിനു നേരെ കത്തി വെച്ചുകൊണ്ട്, “നിങ്ങള്‍ യോഗ ചെയ്യണം" എന്ന് ഇതുവരെയും ആരും പറഞ്ഞിട്ടില്ല. കാലങ്ങളെ അതിജീവിച്ചുകൊണ്ട് ഇന്നും യോഗ നിലനില്‍ക്കാനുള്ള കാരണം, ക്ഷേമൈശ്വര്യങ്ങള്‍ക്കുതകും വിധം യോഗ പോലെ മറ്റൊരു സിദ്ധാന്തവും ലോകത്തിന്നേവരെ ഉണ്ടായിട്ടില്ല എന്നത് തന്നെയാണ്. കാലക്രമേണ ഭൌതികമായ പ്രവര്‍ത്തികള്‍ ലോകത്ത് കൂടുതല്‍ കൂടുതല്‍ ശക്തി പ്രാപിക്കുന്തോറും, യോഗ മനുഷ്യന്റെ ക്ഷേമത്തിനും, ആരോഗ്യത്തിനുമായിട്ടുള്ള ഒരു മാര്‍ഗ്ഗമായി തീരുകയും, കൂടുതല്‍ കൂടുതല്‍ ആളുകള്‍ യോഗയിലേക്ക് ആകര്‍ഷിക്കപ്പെടുകയും ചെയ്യും.

മുന്‍കാലങ്ങളെ അപേക്ഷിച്ച്, ലോകമൊട്ടുക്കുള്ള ജനം, യുവാക്കളായാലും വൃദ്ധരായാലും ശരി, അവര്‍ കൂടുതല്‍ പിരിമുറുക്കങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. സമൂഹത്തില്‍ ഒരു വലിയ ശതമാനം ഉല്‍ക്കണ്ഠ മൂലം മാനോരോഗത്തിന്റെ വക്കില്‍ നില്‍ക്കുന്നവരായി കാണപ്പെടുന്നു. ആന്തരീകമായി അവരനുഭവിക്കുന്ന പലവിധ കോളിളക്കങ്ങളില്‍ നിന്നും തല്‍ക്കാലശമനം ലഭിക്കാന്‍, അവര്‍ പല പല നേരമ്പോക്കുകളിലേക്കും തിരിയുന്നു, ഡിസ്ക്കോ ഡാന്‍സ്, സിനിമ, അന്യദേശങ്ങള്‍ കാണാനായുള്ള സഞ്ചാരം, ട്രെക്കിംഗ്, പാരച്യൂട്ട് ഗ്ലൈഡിംഗ്, അങ്ങനെ പട്ടിക നീണ്ടു നീണ്ടു പോകും. മേല്‍പ്പറഞ്ഞ വിദ്യകള്‍ കൊണ്ട് ചിലപ്പോള്‍ ചെറിയ ഫലം ഉണ്ടായെന്നു വരാം. എന്നാലവയൊന്നും ശാശ്വത പരിഹാരത്തിന് ഉതകുന്നവയല്ല. അതുകൊണ്ടാണ് പലരും ശാശ്വത പരിഹാരം തേടി യോഗയിലേക്ക് തിരിയുന്നത്.

ബുദ്ധിവൈഭവം കൂടുന്നതിനനുസരിച്ച് ജനം എല്ലാ പ്രശ്നങ്ങള്‍ക്കും യുക്തിസഹജമായ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്നു. അതിനായവര്‍ ശാസ്ത്രീയമായ പരിഹാരമാര്‍ഗങ്ങളെ ആശ്രയിക്കുന്നു

യോഗയ്ക്ക് വര്‍ദ്ധിച്ച തോതില്‍ ജനപ്രീതി നേടാനുള്ള പ്രധാന കാരണം വന്‍തോതിലുള്ള വിദ്യാഭ്യാസ പ്രസരണമാണ്. ഇന്ന് ഈ ഭൂമുഖത്തുള്ളവര്‍ക്ക് മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ബുദ്ധിവൈഭവം കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ബുദ്ധിവൈഭവം കൂടുന്നതിനനുസരിച്ച് ജനം എല്ലാ പ്രശ്നങ്ങള്‍ക്കും യുക്തിസഹജമായ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്നു. അതിനായവര്‍ ശാസ്ത്രീയമായ പരിഹാരമാര്‍ഗങ്ങളെ ആശ്രയിക്കുന്നു. അതുകൊണ്ട് ശാസ്ത്ര ജ്ഞാനത്തില്‍ നിന്ന് സാങ്കേതിക വിദ്യകള്‍ ജനിക്കുകയും ചെയ്യുന്നു. ഭൌതിക പ്രവര്‍ത്തികള്‍ ലോകത്ത് കൂടുതല്‍ ശക്തമാകുന്നതോടുകൂടി കൂടുതല്‍ ആളുകള്‍ യോഗയിലേക്ക് ആകൃഷ്ടരാകുന്നു. അങ്ങനെയാണ് യോഗ മാനവരാശിയുടെ ക്ഷേമൈശ്വര്യങ്ങള്‍ക്ക് പ്രചുര പ്രചാരമുള്ള സിദ്ധാന്തമായി പരിണമിക്കുന്നത്.

യോഗ കേവലം വ്യായാമ മുറയല്ല.

ഇന്ന് ലോകത്ത് പലയിടത്തും നടക്കുന്ന യോഗാഭ്യാസം കണ്ടാല്‍ ഒരു ചാപിള്ള പിറവിയെടുക്കുന്ന പോലെ എന്നേ ഉപമിക്കാനാവൂ. ഒരു ചാപിള്ള പിറക്കേണ്ട സാഹചര്യം ഉണ്ടാകുന്നതിനേക്കാള്‍ നല്ലത് ഗര്‍ഭം ധരിക്കാതിരിക്കലാണ്. യോഗ ചെയ്യേണ്ടത് വളരെ സൂക്ഷ്മതയോടും മൃദുവായും ആയിരിക്കണം. ശക്തി ചെലുത്തി പേശികളുടെ ക്ഷമത കൂട്ടാനുതകുന്ന വിധമായിരിക്കരുത്, കാരണം യോഗ എന്നത് കേവലം വ്യായാമ മുറയല്ല, അതിനു ചില വ്യത്യസ്തമായ പരിമാണങ്ങളുണ്ട്. യോഗ പാശ്ചാത്യ രാജ്യങ്ങളിലെത്തി, ഏതാണ്ട് ഇരുപതു കൊല്ലം കഴിഞ്ഞപ്പോഴേക്കും വൈദ്യ രംഗത്തെ ശാസ്ത്രജ്ഞന്മാര്‍ രംഗത്തുവന്ന് പലവിധ പഠനങ്ങള്‍ നടത്തുകയും യോഗ വഴി ശരീരത്തിന് പലവിധ ഗുണങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന് പ്രസ്താവിക്കുകയുമുണ്ടായി. അന്യ രാജ്യങ്ങളില്‍ മിക്കവരും യോഗ പഠിപ്പിക്കുന്നത് നിസ്സാര മട്ടിലും ചപലമായിട്ടും ആണ്, എന്നിരുന്നാല്‍ പോലും യോഗ കൊണ്ടനുഭവിക്കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ ലോകത്താകമാനം നല്ല ഫലം ഉളവാക്കുന്നു എന്ന കാര്യം ആര്‍ക്കും നിഷേധിക്കാനാവുകയില്ല. എന്നാല്‍ ഇന്നത്തെ രീതിയിലുള്ള തെറ്റായതും വികലമായതുമായ വിധത്തിലുള്ള യോഗപഠന രീതി വ്യാപകമാവുകയാണെങ്കില്‍, അടുത്ത പത്തിനഞ്ചു വര്‍ഷത്തിനുള്ളില്‍ ഈ ശാസ്ത്രീയ പഠനങ്ങള്‍ ഏതെല്ലാം തരത്തില്‍ മനുഷ്യരില്‍ ദോഷഫലങ്ങള്‍ ഉണ്ടാക്കുമെന്നുള്ളതിന് യാതൊരു നിശ്ചയവുമില്ല. അത് യോഗയുടെ അധ:പതനത്തിനു കാരണമായിത്തീരുകയും ചെയ്യും.

പ്രപഞ്ചം എങ്ങനെ ശൂന്യതയില്‍ നിന്ന് പരിണമിച്ച് ഇന്നീക്കാണുന്ന വിധം ഉണ്ടായി - അതുപോലും ഈ ശരീരത്തില്‍ തന്നെ എഴുതി വച്ചിട്ടുണ്ട്

ഭൌതിക ശരീരത്തിന് പൂര്‍ണ്ണമായ ഓര്‍മ്മശക്തിയുടെ ഘടനയുണ്ട്. ഭൌതിക ശരീരത്തെ നിങ്ങള്‍ക്ക് വായിച്ചു മനസ്സിലാക്കാന്‍ സാധിക്കും. പ്രപഞ്ചം എങ്ങനെ ശൂന്യതയില്‍ നിന്ന് പരിണമിച്ച് ഇന്നീക്കാണുന്ന വിധം ഉണ്ടായി - അതുപോലും ഈ ശരീരത്തില്‍ തന്നെ എഴുതി വച്ചിട്ടുണ്ട്. ആ ഓര്‍മ്മശക്തിയുടെ ഘടന തുറന്നു നോക്കാന്‍ സഹായിക്കുന്ന ഒരു രീതി അഥവാ മാര്‍ഗ്ഗമാണ് യോഗ. അതിന്റെ അടിസ്ഥാനത്തില്‍ ജീവിതത്തെ അനന്ത സാദ്ധ്യതയിലേക്ക് പുന:സംഘടിപ്പിക്കുവാന്‍ സാധിക്കും എന്നതിലേക്ക് യോഗപഠനം വെളിച്ചം വീശുന്നു.

https://upload.wikimedia.org/wikipedia/commons/1/13/Yoga,_double_exposure_by_Victor_Tondee.jpg