सद्गुरु

അങ്ങോട്ടും ഇങ്ങോട്ടും നേട്ടമുണ്ടാക്കുന്ന വിനിമയ പ്രക്രിയയാണ് പ്രേമമെന്ന സ്നേഹം. അത് ഒരുപരിധി കടന്നു കഴിഞ്ഞാല്‍, പ്രണയ ബദ്ധനായാല്‍ പോലും, നിങ്ങള്‍ മറ്റൊരാള്‍ക്ക് വിധേയമാവുകയാണ്, അതാണ് ഭക്തി. അപ്പോള്‍ സ്നേഹിക്കുന്നവരുടെ കാല്‍ക്കീഴിലെ ചവിട്ടുമെത്തയെന്നല്ല, അവരുടെ പാദങ്ങളിലെ മണല്‍തരിയാകാന്‍പോലും നിങ്ങള്‍ തയ്യാറായി എന്നിരിക്കും, അത് വിധേയത്വം..

സദ്ഗുരുവും പ്രശസ്ത ബോളിവുഡ് നടിയും, മിസ്‌ ഇന്ത്യയും ആയിരുന്ന ജൂഹി ചൗളയും തമ്മിലുള്ള സംഭാഷണത്തില്‍ നിന്ന് ചില ഏടുകള്‍.

ജൂഹി ചൗള: : സദ്ഗുരു, നിരുപാധികസ്നേഹത്തേയും, അമിത വിധേയത്വത്തേയും നമ്മള്‍ എങ്ങനെ വേര്‍തിരിച്ചറിയും?

സദ്ഗുരു : സ്നേഹത്തെ നമ്മള്‍ മനസ്സിലാക്കിയിരിക്കുന്നത് അങ്ങോട്ടും ഇങ്ങോട്ടും നേട്ടമുണ്ടാക്കുന്ന വിനിമയ പ്രക്രിയയായാണ്. “നീ എനിക്കതു തന്നാല്‍, ഞാന്‍ നിനക്കിതു തരും . നീ എനിക്കതു തന്നില്ലെങ്കില്‍ ഞാനിത് നിനക്ക് തരില്ല.” ഇത്തരത്തില്‍ ആരും വളച്ചുകെട്ടില്ലാതെ പറയണമെന്നില്ല, പക്ഷെ പ്രവര്‍ത്തിക്കും. മനുഷ്യരാശിക്ക് ഭൗതികവും, മാനസികവും, വൈകാരികവും, സാമ്പത്തികവും, സാമൂഹികവുമായ ഒട്ടേറെ ആവശ്യങ്ങളുണ്ട്. “നീ തരൂ, ഞാന്‍ തരാം,” എന്നിങ്ങനെ അംഗികരിക്കാനാവാത്ത ഭാഷയില്‍ സംസാരിക്കാതെ, വികാരത്തിന്‍റെ കപടസൗന്ദര്യത്തില്‍ പൊതിഞ്ഞ് പ്രേമമെന്ന വ്യജേന നാം പെരുമാറും.

രണ്ട് വ്യത്യസ്ത ജീവിതങ്ങളെ ഒന്നായി ലയിപ്പിച്ച് പരമമായ യോഗാവസ്ഥയിലേക്ക് എത്തും വിധം സ്നേഹത്തെ വളര്‍ത്തിക്കൊണ്ടുവരാന്‍ ഒട്ടുമിക്കപേര്‍ക്കും കഴിയാറില്ല .

ഭക്ഷണം കഴിക്കുമ്പോള്‍ ഇരുകൈകളും ഉപയോഗിച്ചാല്‍ അറപ്പുണ്ടാകില്ലെ? ആഹാരം കഴിക്കുന്നതിന് നമുക്ക് മാന്യമായ ഒരു വ്യവസ്ഥയുണ്ട്. അതുപോലെ തന്നെ ശാരീരികവും, വൈകാരികവും, സാമ്പത്തികവുമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് നമുക്ക് കുറേക്കൂടി സുന്ദരമായ രീതികളുണ്ട്. അത് തെറ്റാണെന്നോ, ശരിയാണെന്നോ ഞാന്‍ പറയുന്നില്ല – ജീവിതസത്യമാണത്. രണ്ടു വ്യക്തികള്‍ക്ക് ഒരുമിച്ച് കഴിയുന്നതിനും, അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും, കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നതിനും, അവരെ വളര്‍ത്തുന്നതിനും ഭൗതികതലത്തിലുള്ള സ്നേഹം ധാരാളമാണ്. അതെ സമയം, രണ്ട് വ്യത്യസ്ത ജീവിതങ്ങളെ ഒന്നായി ലയിപ്പിച്ച് പരമമായ യോഗാവസ്ഥയിലേക്ക് എത്തും വിധം സ്നേഹത്തെ വളര്‍ത്തിക്കൊണ്ടുവരാന്‍ ഒട്ടുമിക്കപേര്‍ക്കും കഴിയാറില്ല .

നിരുപാധിക സ്നേഹം – പരമമായ യോഗത്തിലേക്കുള്ള മാര്‍ഗ്ഗം

രണ്ടുപേര്‍ ഒന്നായിത്തീരുന്നതിന് ഒട്ടേറെ വ്യവസ്ഥകളുണ്ട്. ഭൗതികമായ ആവശ്യങ്ങള്‍ക്കായി സ്നേഹത്തെ ഉപയോഗിക്കാന്‍ മിക്കവര്‍ക്കും കഴിവുണ്ട്, എന്നാല്‍ അതിനപ്പുറത്തേക്കു പോകാന്‍ അവര്‍ തയ്യാറാകാറില്ല. രണ്ടുപേരും അതിനു തയ്യാറാകണം. പലപ്പോഴും ഒരാള്‍ തയ്യാറാകുമ്പോള്‍ മറ്റേ ആള്‍ അതിനു വഴങ്ങുകയില്ല; അല്ലെങ്കില്‍ ഒരാള്‍ തയ്യാറാകാനുള്ള ശ്രമമെങ്കിലും നടത്തുമ്പോള്‍, മറ്റേയാള്‍ അതിന് തീരെ വഴങ്ങുകയില്ല. ഇത് ഓര്‍മിപ്പിക്കുന്നത് ഉമ്മറത്തിടുന്ന ചവിട്ടിയെയാണ്, സര്‍വ്വസാധാരണമായി ചൂഷണം ചെയ്യപ്പെടുന്ന ഒരു വസ്തു. പരമമായ യോഗാവസ്ഥയിലേക്കുള്ള മാര്‍ഗ്ഗമായി സ്നേഹത്തെ പരിവര്‍ത്തനം ചെയ്യാന്‍ അഭിലഷിക്കുന്നവര്‍, അവര്‍ ചവിട്ടുമെത്തയെന്നല്ല, തുപ്പാനുപയോഗിക്കുന്ന കോളാമ്പിയായിത്തീര്‍ന്നാല്പോലും അതേക്കുറിച്ച് വേവലാതിപ്പെടുകയേ ഇല്ല.
ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഒരു സംസ്കാരമുണ്ട്, സ്വന്തം ഇഷ്ടപ്രകാരം സ്വയം അടിമകള്‍ എന്ന് വിളിക്കുന്നവര്‍ ഇവിടെ ഉണ്ടായിരുന്നു – തുളസീദാസ്, കൃഷ്ണദാസ് അങ്ങനെ നിരവധി ദാസന്മാരെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാകാം. 'ഞാനൊരു അടിമയാണ്' എന്നവര്‍ ഓരോരുത്തരും തുറന്നുപറയുന്നു. അവര്‍ വെറും ഒരു ചവിട്ടുമെത്തയാകുന്നതിനെ ഭയപ്പെടുന്നില്ല. മാത്രമല്ല, അങ്ങനെ ആയിത്തീരാന്‍ അവര്‍ ആഗ്രഹിക്കുകപോലും ചെയ്യുന്നു. ഭൗതികലക്ഷ്യങ്ങളോടെയല്ലാതെയുള്ള ഇത്തരം സ്നേഹമാണ് പരമമായ യോഗാവസ്ഥക്ക് വേണ്ടത്. പരമമായ യോഗത്തെ കാംക്ഷിക്കുന്നവര്‍ക്ക് സ്നേഹം എന്നത് വ്യത്യസ്തമായ ഒരനുഭൂതിയാണ്.

നിങ്ങളുടെ സ്നേഹം ഒരുപരിധി കടന്നു കഴിഞ്ഞാല്‍, പ്രണയ ബദ്ധനായാല്‍ പോലും, മറ്റൊരാള്‍ക്ക് വിധേയമാവുകയാണ് നിങ്ങള്‍.

ലൌകികമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആഗ്രഹിക്കുന്നവര്‍, ആര്‍ക്ക് എന്തുകിട്ടും എന്നതില്‍ക്കടന്ന്, “ഇതിനു പകരം അത്" എന്ന രീതിയില്‍ പ്രവൃത്തികളെ നിയന്ത്രിക്കും. എന്നാല്‍ പരമയോഗാവസ്ഥയെക്കുറിച്ച് ചിന്തിക്കുന്നവര്‍, ഇത്തരത്തില്‍ ലഘുവായി സംഗതികളെ സമീപിക്കുകയില്ല. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, നിങ്ങളുടെ സ്നേഹം ഒരുപരിധി കടന്നു കഴിഞ്ഞാല്‍, പ്രണയ ബദ്ധനായാല്‍ പോലും, മറ്റൊരാള്‍ക്ക് വിധേയമാവുകയാണ് നിങ്ങള്‍. ഇത്തരത്തിലുള്ള വിധേയത്വമില്ലെങ്കില്‍ അവിടെ സ്നേഹമില്ലതന്നെ. നിങ്ങള്‍ക്ക് വീഴ്ച ഉണ്ടാകണം. വീഴുമ്പോള്‍ ആരെങ്കിലും നിങ്ങളെ പിടിച്ചെഴുന്നേല്‍പ്പിച്ചെന്നു വരാം, നിങ്ങളെ മറികടന്നു പോയെന്നും വരാം.

ആ അനുഭവം പക്ഷെ മനോഹരമാണ്. നിങ്ങള്‍ പരിത്യജിക്കപ്പെട്ടു എന്ന ബോധമാണ് നിങ്ങളെ വീഴ്തിയത്. പ്രണയത്തില്‍ വീണുപോയി – “Falling in love” എന്ന ഇംഗ്ളീഷ് പ്രയോഗം കേട്ടിട്ടില്ലെ? അതു തികച്ചും അനുയോജ്യവും അര്‍ത്ഥവത്തായതുമാണ്. “Standing up in love” ഏന്നോ “Climbing in love” എന്നോ, “Flying in love” എന്നോ ആരും പ്രയോഗിക്കാറില്ല. കാരണം നിങ്ങളിലെ ’അഹം’ എന്ന ബോധം നിലംപതിക്കുമ്പോള്‍, സ്നേഹത്തിന്‍റെ അഗാധമായ അനുഭൂതി ഉള്ളില്‍ നിറയുന്നു. നിങ്ങള്‍ക്ക് അവര്‍ എന്തുനല്‍കി അല്ലെങ്കില്‍ അവര്‍ നിങ്ങള്‍ക്കുവേണ്ടി എന്തുചെയ്തു എന്നതിലല്ല പ്രേമത്തിന്‍റെ സൗന്ദര്യം കുടികൊള്ളുന്നത്. മരിക്കാന്‍ പോലും സന്നദ്ധമാകും വിധം നിങ്ങളൊരു വ്യക്തിയെ സ്നേഹിച്ചിരുന്നു എന്ന് ഏകാന്തതയില്‍ ഇരുന്നു ചിന്തിക്കുന്ന നിമിഷമുണ്ടെങ്കില്‍, അതാണ് ഏറ്റവും മഹത്തായ മുഹുര്‍ത്തം. വിലകൂടിയ ഒരു സമ്മാനം, അല്ലെങ്കില്‍ ഒരു വജ്രമോതിരം, അതുമല്ലെങ്കില്‍ സ്തുതിച്ചു പറയല്‍, ഇതെല്ലാം നിരര്‍ത്ഥകം – വെറും, പൊള്ളത്തരം. നിങ്ങള്‍ മരിക്കാന്‍ പോലും സന്നദ്ധമായി ഇരിക്കുന്ന ആ നിമിഷമുണ്ടല്ലൊ, അതാണ് വിലമതിക്കാനാവാത്ത നിമിഷം. സ്നേഹിക്കുന്നവരുടെ കാല്‍ക്കീഴിലെ ചവിട്ടുമെത്തയെന്നല്ല, അവരുടെ പാദങ്ങളിലെ മണല്‍തരിയാകാന്‍പോലും നിങ്ങള്‍ തയ്യാറായി എന്നിരിക്കും.

ഭക്തിയുടെ ലഹരി

നിങ്ങള്‍ അങ്ങനെയാവണം എന്നു ഞാന്‍ പറയുകയില്ല – പ്രേമം ഭക്തിയിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ അതാണ് സംഭവിക്കുക. പ്രണയത്തില്‍ വഴുതിവീഴുമ്പോള്‍ പലപ്പോഴും നിങ്ങള്‍ എളുപ്പത്തില്‍ പരുക്കേല്‍ക്കാവുന്ന വ്യക്തിയായി മാറിയേക്കാം, എങ്കിലും പ്രണയത്തില്‍ നിങ്ങള്‍ക്ക് നിങ്ങളെത്തന്നെ വീണ്ടെടുക്കാന്‍ കഴിയുമെന്ന ഒരു സത്യമുണ്ട്. ഭക്തനോ, വിശ്വാസിയോ ആയി മാറുമ്പോഴാകട്ടെ, യുക്തിബോധം നഷ്ടപ്പെടും. അതുകൊണ്ടുതന്നെ നിങ്ങള്‍ക്ക് നിങ്ങളെ വീണ്ടെടുക്കുവാനാവുകയുമില്ല.

നിങ്ങള്‍ ഏതെങ്കിലും മതത്തിലോ, സമൂഹത്തിന്‍റെ ഒരു തട്ടിലോ തളച്ചിടപ്പെട്ടിരിക്കുകയാണ്, അതുകൊണ്ടുതന്നെ നിങ്ങള്‍ക്കു ആത്മാര്‍ത്ഥ ഭക്തനാകാന്‍ കഴിയുകയില്ല. ഒരു വിശ്വാസി അവനവനെ ഒരിക്കലും എന്തിലെങ്കിലും തളച്ചിടാന്‍ അനുവദിക്കുകയില്ല, അയാള്‍ നയിക്കപ്പെടുകയാണ്. ആ പാതയിലേക്ക് കാല്‍ കുത്തും മുമ്പ്, അതിന് സജ്ജനാണോ എന്ന് സ്വയം പരിശോധിക്കേണ്ടതുണ്ട്. നിങ്ങളുടെ ലക്ഷ്യങ്ങള്‍ എന്താണ്? ജീവിതത്തെ ഹരിച്ചും ഗുണിച്ചും ഫലം കണ്ടെത്താനാണെങ്കില്‍, അളന്നുകുറിച്ച പ്രേമം നല്ലതുതന്നെ. എന്നാല്‍ ജീവിതമെന്ന പ്രക്രിയയില്‍ സ്വയം അലിഞ്ഞുചേരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ജീവിതത്തിന്‍റെ വിസ്ഫോടനമാകാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍, അതല്ല വേണ്ടത്. ലഭിക്കുന്നതിനെയും, ലഭിക്കാത്തതിനേയും കണക്കിലെടുക്കുന്നില്ലെങ്കില്‍, നിങ്ങള്‍ ഒരു ഭക്തനാകാന്‍ യോഗ്യനായിത്തീരുന്നു.

ഉപാസകന്‍ അഥവാ ഭക്തന്‍ ആയിരിക്കുന്ന അവസ്ഥയില്‍ നിങ്ങള്‍ ഒരു ചവിട്ടുമെത്തയാണോ, അതല്ല ആരുടെയെങ്കിലും ശിരസ്സിലെ കിരീടമാണോ എന്നൊന്നും ആലോചിക്കുകയില്ല.

ഒരു ഭക്തന്‍ മറ്റാരുടേയും അനുയായിയല്ല, ഭക്തി ഒരു ഗുണമാണ്. ഒരൊറ്റ ബിന്ദുവില്‍ എന്നവണ്ണം, നിരന്തരമായി ഒന്നില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഭക്തി. തന്‍റെ ചിന്ത, വികാരം ഇവയെല്ലാം ഒരൊറ്റദിശയിലേക്ക് ഏകാഗ്രമാക്കാന്‍ കഴിയുന്ന വ്യക്തിക്ക് സ്വഭാവികമായി ഒരു മഹത്വമുണ്ടാകും.. എന്തും സ്വംശീകരിക്കാനുള്ള കഴിവ് ആ വ്യക്തിക്കുണ്ടാകും. ഭക്തി എന്നത് ആരാധനാ മൂര്‍ത്തിയുമായി അലിഞ്ഞുചേരാനുള്ള നിങ്ങളുടെ ഇംഗിതമാണ്. ഉപാസകന്‍ അഥവാ ഭക്തന്‍ ആയിരിക്കുന്ന അവസ്ഥയില്‍ നിങ്ങള്‍ ഒരു ചവിട്ടുമെത്തയാണോ, അതല്ല ആരുടെയെങ്കിലും ശിരസ്സിലെ കിരീടമാണോ എന്നൊന്നും ആലോചിക്കുകയില്ല. നിങ്ങള്‍ എന്തായി തീരുന്നുവോ അതില്‍ സംതൃപ്തനായിരിക്കും. പാദമെന്നോ, ശിരസ്സെന്നോ ഭേദമില്ലാതെ, ആ ആളെ സ്പര്‍ശിക്കാന്‍ നിങ്ങള്‍ക്കാവും. അസ്തിത്വത്തിന്‍റെ വ്യത്യസ്തമായ ഒരവസ്ഥയാണത്. പ്രേമത്തെ ഭൗതികതലത്തില്‍ മാത്രം കാണുന്ന ഒരാള്‍ക്ക് ആ അവസ്ഥയില്‍ എത്തിച്ചേരാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.