सद्गुरु

ശിവന്‍ - അവന്‍ മാനുഷികമായ യുക്തികള്‍ക്കും നിര്‍വചനങ്ങള്‍ക്കും അപ്പുറത്തുള്ളവനാണ്‌. സ്ഥലകാലങ്ങളെ അതിക്രമിച്ചിട്ടുള്ളവനാണ്‌. അവന്‍ ആര്‍ക്കും നിഷേധിക്കാനാവാത്ത നിതാന്തമായ സാന്നിദ്ധ്യമാണ്‌, അഭാവവുമാണ്‌. ജീവിതത്തിന്റെ പരമമായ സാദ്ധ്യതയാണവന്‍

ആ ചരല്‍പ്പാതയുടെ അറ്റത്ത്‌ ടാക്‌സി ഒച്ചയോടെ ചെന്നുനിന്നു. കുണ്ടും കുഴിയും നിറഞ്ഞ വെട്ടുവഴിയിലൂടെയുള്ള യാത്ര. ഞാന്‍ കാറിന്റെ ഡോര്‍ തുറന്ന്‍ പുറത്തേക്കിറങ്ങി. ചുറ്റും കടുത്ത പച്ചനിറത്തിലുള്ള നിബിഡമായ വനം. പിന്നീട്‌ മനസ്സിലാക്കാന്‍ കഴിഞ്ഞു, ആ കാട്ടില്‍ നിറയെ പല തരത്തിലുള്ള പക്ഷിമൃഗാദികളുണ്ടെന്ന്‍, പുറത്തേക്കൊന്നിനേയും കാണുന്നില്ലെന്നു മാത്രം. ഞാന്‍ എന്റെ അച്ഛനമ്മമാരെ പിന്‍തുടര്‍ന്നു. ചെറിയ വെള്ളാരങ്കല്ലുകള്‍ പതിച്ച ഒരു കൊച്ചുമുറ്റം. അതു കടന്ന്‍ ഞങ്ങള്‍ ഓല മേഞ്ഞ ഒരു കുടിലിലെത്തി. കുടിലിനു ചുറ്റും കുറ്റിച്ചെടികള്‍ മുറ്റി വളര്‍ന്നു നിന്നിരുന്നു. ഊഷ്മളമായ സ്വാഗതം. കുറച്ചപ്പുറത്തുള്ള കാട്ടിനുള്ളിലേക്ക്‌ അവര്‍ ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. അവിടെ കരിങ്കല്ലില്‍ പണിത വലിയൊരു കെട്ടിടം. കൊത്തുപണികളോടുകൂടിയ കരിങ്കല്‍ തൂണുകള്‍ കടന്ന്‍ ഞാന്‍ ആ ക്ഷേത്ര സമുച്ചയത്തിലേക്ക് കടന്നു. വലിയ ഒരു താഴികക്കുടം, ഉള്ളില്‍ മങ്ങിയ വെളിച്ചമേ ഉണ്ടായിരുന്നുള്ളൂ.

കരിങ്കല്ലില്‍ പണിത വലിയൊരു കെട്ടിടം. കൊത്തുപണികളോടുകൂടിയ കരിങ്കല്‍ തൂണുകള്‍ കടന്ന്‍ ഞാന്‍ ആ ക്ഷേത്ര സമുച്ചയത്തിലേക്ക് കടന്നു. വലിയ ഒരു താഴികക്കുടം, ഉള്ളില്‍ മങ്ങിയ വെളിച്ചമേ ഉണ്ടായിരുന്നുള്ളൂ.

തല മുണ്ഡനം ചെയ്‌ത, കണ്ണടവെച്ച, വെളുത്ത വസ്‌ത്രങ്ങള്‍ ധരിച്ച ഒരു ബ്രഹ്മചാരിണി ഞങ്ങളെ സ്വീകരിച്ചു. അവര്‍ ഒരു സ്‌ത്രീയാണെന്നു മനസ്സിലായപ്പോള്‍ ഞാന്‍ അറിയാതെയൊന്നു ഞെട്ടി. നിശ്ശബ്‌ദത പാലിക്കണമെന്ന്‍ അവര്‍ ആംഗ്യം കാണിച്ചു. പിന്നീടാണെനിക്കു ബോദ്ധ്യമായത്‌ “സമ്പൂര്‍ണ നിശ്ശബ്‌ദത” എന്ന നിര്‍ദേശം അവര്‍ നല്‍കിയില്ലായിരുന്നെങ്കില്‍ ആ അപൂര്‍വാനുഭവം എനിക്കു നഷ്‌ടമായേനെ. ശബ്‌ദമൊന്നുമുണ്ടാക്കാതെ ഞങ്ങള്‍ ആ താഴികക്കുടത്തിനകത്തേക്കു കയറി, നിലത്തിരുന്നു. ഒത്ത നടുവില്‍ വലിയൊരു ലിംഗം, ഞാന്‍ കണ്ടിട്ടുള്ളതില്‍വെച്ച്‌ ഏറ്റവും വലുത്‌. മുറിയില്‍ ഇരുട്ടായിരുന്നു. ലിംഗത്തില്‍ ചാര്‍ത്തിയിരുന്ന നീണ്ട പൂമാലയൊഴിച്ചാല്‍ അവിടെ വേറൊന്നുംതന്നെ ഉണ്ടായിരുന്നില്ല.

‘ശിവനുമായി ഇതിന്‌ എന്തോ ബന്ധമുണ്ടല്ലോ’ എന്റെ മനസ്സ്‌ മന്ത്രിച്ചു. ആ തോന്നല്‍ എന്റെ ഉള്ളില്‍ ശക്തമായിരുന്നു. ഞങ്ങളുടേത്‌ ഒരു വൈഷ്‌ണവ കുടുബമായിരുന്നു. അതു കൊണ്ട് അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന ഇന്ത്യക്കാരിയായിട്ടും, ശിവക്ഷേത്രങ്ങള്‍ ഞാന്‍ അങ്ങനെ സന്ദര്‍ശിച്ചിട്ടില്ല. എന്നാല്‍ അമ്മയ്ക്കു നിര്‍ബന്ധം, തമിഴ് നാട്ടിലുള്ള ഈ സ്ഥലം സന്ദര്‍ശിക്കണമെന്ന്‍. അച്ഛനും ഞാനും എതിരു പറയാതെ കൂടെ പോരികയും ചെയ്‌തു. കോളേജു വിദ്യാര്‍ത്ഥിനിയായ ഞാന്‍, വേനലവധി ചിലവഴിക്കാനായി അച്ഛനമ്മമാരുടെകൂടെ അവരുടെ സ്വദേശത്തിലെത്തിയതായിരുന്നു. എവിടെ പോകാനും ഞാന്‍ തയ്യാറുമായിരുന്നു. പാഠ്യപുസ്‌തകത്തില്‍ നിന്നും അവധിയെടുത്ത്‌ ഒരുല്ലാസയാത്ര, അതില്‍ കൂടുതലായൊന്നും എന്റെ മനസ്സിലുണ്ടായിരുന്നില്ല. ഇങ്ങനെയൊരു സ്ഥലത്ത്‌ ഞാന്‍ എത്തിപ്പെടുമെന്നും, അതെന്റെ ജീവിതത്തെയാകെ മാറ്റിമറിക്കുമെന്നും ഞാന്‍ സ്വപ്‌നത്തില്‍പോലും നിരീച്ചിരുന്നില്ല.

കുറച്ചുനേരം ഇമ പൂട്ടാതെ ഞാന്‍ ആ ലിംഗത്തില്‍ത്തന്നെ നോക്കിയിരുന്നു. പിന്നെ, ദുസ്സഹമായൊരു നിശ്ശബ്‌ദത എന്നിലേക്ക്‌ ആഴ്‌ന്നിറങ്ങുന്നതുപോലെ. ഏതോ ഒരു ഇരുണ്ട ശൂന്യതയിലേക്ക്‌ ഞാന്‍ ക്രമേണ താഴ്‌ന്നിറങ്ങി. എന്റെ കണ്ണുകള്‍ അടഞ്ഞുപോയി. വല്ലാത്തൊരു നിശ്ചലത. എന്റെ ശരീരവും മനസ്സും എന്നെ വിട്ട്‌ അകലേക്കെങ്ങോ മാറിപ്പോയി. ഞാന്‍ അപരിചിതമായ വേറെ ഏതോ ലോകത്തിലായി. എന്റെതന്നെ ഉള്ളില്‍ അതുവരെ ഞാനറിഞ്ഞിട്ടില്ലാത്ത പുതിയൊരു ലോകം. ആദിമമായ അനന്തമായ ആ ശൂന്യതയുടെ നിറവില്‍, ഞാനെന്ന ബോധം ക്ഷണികമായ, നിസ്സാരമായ ഒരു ചെറുകുമിള മാത്രം. ആ അനുഭവത്തില്‍ ഞാന്‍ സ്വയം ഇല്ലാതായി. നിമിഷങ്ങള്‍ കടന്നുപോയി. എത്ര നേരം ഞാന്‍ അവിടെ അങ്ങനെ സ്വയം മറന്നിരുന്നു എന്നറിറിഞ്ഞുകൂട. അച്ഛന്‍ മെല്ലെ എന്നെ തൊട്ടുവിളിച്ചു. ഒരു മയക്കത്തില്‍ നിന്നും പൂര്‍ണമായും ഉണരാത്തതുപോലെ പകല്‍ വെളിച്ചത്തിലേക്ക്‌ ഞാന്‍ വീണ്ടും കാലെടുത്തുവെച്ചു. ഇത്രയും അസാധാരണമായൊരു സ്ഥലം – ഇല്ല, ഞാന്‍ മുമ്പെങ്ങും കണ്ടിട്ടില്ല, ഇത്രയും അസാധാരണമായൊരു അനുഭവം - ഞാനാദ്യമായി നുണച്ചറിയുകയായിരുന്നു. ഞാന്‍ മറ്റേതോ ലോകത്തില്‍ ചെന്നെത്തിയതുപോലെ. അതുവരേയായും ഞാന്‍ അറിഞ്ഞിട്ടില്ലാത്ത, കണ്ടിട്ടില്ലാത്ത അതിവിശാലമായൊരു ലോകം എന്റെ തന്നെ ഉള്‍ത്തടത്തില്‍ എനിക്കനുഭവിക്കാന്‍ കഴിഞ്ഞു. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു നിര്‍വൃതി, ഓര്‍ക്കാപ്പുറത്തുണ്ടായ ഒരനുഭവം. അതെന്റെ ജീവിതത്തിന്റെ ഗതി പാടെ മാറ്റിമറിച്ചു....

ക്ഷേത്രസന്ദര്‍ശനം ഒരിക്കലും എനിക്കത്ര താല്‍പര്യമുള്ള വിഷയമായിരുന്നില്ല. സത്യം പറഞ്ഞാല്‍, ക്ഷേത്രങ്ങളോട്‌ എനിക്കൊരുതരം അകല്‍ച്ചയായിരുന്നു എപ്പോഴും. അവിടത്തെ ഒച്ചയും ബഹളവും, ഓരോ തരത്തിലുള്ള ചടങ്ങുകളും, മന്ത്രോച്ചാരണവും, വൃത്തിയില്ലായ്മയുമൊക്കെ എന്നെ ഏറെ മടുപ്പിച്ചിരുന്നു. എന്നാല്‍ ഈ സ്ഥലം അങ്ങേയറ്റം ശാന്തമായിരുന്നു. പൂജയും മന്ത്രജപവുമൊന്നുമില്ല, നല്ല വൃത്തിയും വെടിപ്പും. ക്ഷേത്രങ്ങളെക്കുറിച്ച്‌ മനസ്സിലുണ്ടായിരുന്ന മുന്‍വിധികളൊക്കെ അതോടെ ഇല്ലാതായി. മാത്രമല്ല ശിവതത്വം മനസ്സിലാക്കാനുള്ള തീവ്രമായ ഒരു ജിജ്ഞാസ ഉള്ളിലുണരുകയും ചെയ്‌തു.

ആ ചിന്ത എന്നെ അലട്ടുവാന്‍ തുടങ്ങി. ശിവന്‍..... അതെന്താണ്‌? ശിവന്‍ ആരാണ്‌? ഒന്നു മാത്രം എനിക്കു മനസ്സിലായി. ജീവിതത്തില്‍ ഞാന്‍ വിലപ്പെട്ടതായി കരുതുന്ന എല്ലാത്തിനേയും അവന്‍ വലയം ചെയ്‌തിരിക്കുന്നു, അതുപോലെ തന്നെ, ഞാന്‍ വെറുക്കുന്ന സകലതിലും അവനുണ്ട്. ഞാന്‍ ശിവനെപ്പറ്റി വായിച്ചു മനസ്സിലാക്കാന്‍ ശ്രമിച്ചു.

പുരാതനകാലത്ത്‌ ജനങ്ങള്‍ ശിവനെ പ്രാര്‍ത്ഥിച്ചിരുന്നത്‌ രക്ഷയ്ക്കോ ഐശ്വര്യത്തിനോ വേണ്ടിയായിരുന്നില്ല, ശത്രുക്കളെ നശിപ്പിക്കാന്‍ വേണ്ടിയായിരുന്നു. അവരുടെ കാഴ്ചയില്‍, പ്രധാന ശത്രു ഇഹലോകജീവിതം തന്നെയായിരുന്നു

ഹിന്ദുമതത്തിലെ എണ്ണമറ്റ ദേവന്‍മാരില്‍ ഒരാളാണ്‌ ശിവന്‍. വിശ്വത്തെ സംഹരിക്കുകയാണ്‌ ശിവന്റെ ദൌത്യം. ഒരു കാലത്ത്‌ ഇന്ത്യയില്‍ ശിവക്ഷേത്രങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ, കാലാന്തരത്തിലാണ്‌ മറ്റു ദേവന്മാര്‍ക്കായും ക്ഷേത്രങ്ങള്‍ പണിയാന്‍ തുടങ്ങിയത്‌. പുരാതനകാലത്ത്‌ ജനങ്ങള്‍ ശിവനെ പ്രാര്‍ത്ഥിച്ചിരുന്നത്‌ രക്ഷയ്ക്കോ ഐശ്വര്യത്തിനോ വേണ്ടിയായിരുന്നില്ല, ശത്രുക്കളെ നശിപ്പിക്കാന്‍ വേണ്ടിയായിരുന്നു. അവരുടെ കാഴ്ചയില്‍, പ്രധാന ശത്രു ഇഹലോകജീവിതം തന്നെയായിരുന്നു. അതില്‍നിന്നും മോചിപ്പിച്ച്‌ പരമമായ മുക്തി നല്‍കാനാണ്‌ അവര്‍ ശിവനെ ആരാധിച്ചിരുന്നത്‌. ശിവനെ തമോമയനായാണ്‌ അവര്‍ കണ്ടത്‌, ഇരുണ്ട നിറമുള്ളവന്‍. അനന്തമായ, തമോമയമായ ശൂന്യതയില്‍ നിന്നാണല്ലോ സൃഷ്‌ടിയുടെ ആരംഭം. ശിവന്‍ നിസ്സംഗനായ യോഗിയാണ്‌, പ്രണയപരവശനായ ഭര്‍ത്താവാണ്‌, സ്വന്തം ദൂതഗണങ്ങള്‍ക്കു നടുവില്‍ മദ്യലഹരിയില്‍ ഉന്മത്തനായിരിക്കുന്നവനാണ്‌. ശിവന്‍റെ ആനന്ദ താണ്ഡവത്തില്‍ നിന്നാണ്‌ സര്‍വ സൃഷ്‌ടികളും ജാതമായിട്ടുള്ളത്‌. ശിവന്‍റെ ക്രോധാഗ്നിയില്‍പ്പെട്ട്‌ കാമദേവന്‍ ഭസ്‌മമായി. അപ്പോള്‍ പിന്നെ ശിവനെ എങ്ങനെയാണ്‌ നമ്മള്‍ കാണേണ്ടത്‌? നല്ലതായോ, ചീത്തയായോ? പലപ്പോഴും ശിവന്‍ സകല നന്മയുടേയും സാക്ഷാത്‌ സ്വരൂപമാണ്‌. ചിലപ്പോള്‍ വെറുപ്പും നിന്ദയും തോന്നിപ്പിക്കുന്ന ഭാവവും. ശിവന്റെ അരികിലേക്കു ചെല്ലാന്‍പോലും മനസ്സുമടിച്ചു നില്‍ക്കും. ഇതില്‍ നിന്നൊക്കെ ഞാന്‍ എന്താണ്‌ മനസ്സിലാക്കേണ്ടത്‌? ഒരേ സമയം എല്ലാ നന്മകളുടേയും, എല്ലാ തിന്മകളുടേയും മൂര്‍ത്തിമദ്‌ഭാവം, എന്നാണോ?

ശിവനെപ്പറ്റിയുള്ള എന്റെ മനോഭാവം അത്ര എളുപ്പത്തില്‍ പറഞ്ഞു ബോധിപ്പിക്കാനാവില്ല. പക്ഷെ എന്റെ സംശയങ്ങള്‍ വര്‍ദ്ധിച്ചതേയുള്ളൂ. ശിവന്‍ ഒരു ശക്തിയാണോ, അതോ ഈ പ്രപഞ്ചത്തിനുതന്നെ ആധാരമായിട്ടുള്ള ശക്തിവിശേഷമോ? ഇത്‌ രണ്ടുമായിരിക്കാം. ആദ്ധ്യാത്മികമായ അന്വേഷണത്തിന്റെ പാതയിലേക്ക്‌ ഞാന്‍ ആത്മാര്‍ത്ഥമായും തിരിഞ്ഞിട്ട് രണ്ടുവര്‍ഷമായി. ഞാന്‍ പതിവായി ധ്യാനവും പ്രാണായാമവും പരിശീലിക്കാന്‍ തുടങ്ങി. സത്യം അനുഭവിച്ചറിയുകതന്നെ വേണം, അതായിരുന്നു എന്റെ ലക്ഷ്യം. യോഗവിദ്യകള്‍ പലതും ഞാന്‍ പരീക്ഷിച്ചു, സ്ഥലകാലങ്ങള്‍ തീര്‍ത്തും നിശ്ചലമായ നിമിഷങ്ങള്‍ ഞാന്‍ അറിഞ്ഞു, പക്ഷെ അതെല്ലാം കുറച്ചു നേരത്തേക്കുമാത്രമായിരുന്നു. എന്നാലും ആ അനുഭൂതി എന്റെ അന്വേഷണത്തിന്റെ ചുവടുകള്‍ ദ്രുതഗതിയിലാക്കി. കൂടുതല്‍ തീവ്രതയോടെ ഞാന്‍ എന്റെ അന്വേഷണം തുടരുകയാണ്‌ ഇപ്പോഴും.

ആദ്യത്തെ സന്ദര്‍ശനത്തിനുശേഷം വീണ്ടും ഞാനവിടെ ചെന്നത്‌ നാലു കൊല്ലം കഴിഞ്ഞിട്ടാണ്‌. ആ ആദ്യാനുഭവം എന്റെ മനസ്സിന്റെ ഏതോ ഒരു കോണില്‍ വല്ലാതെ പതിഞ്ഞുകിടന്നിരുന്നു. വീണ്ടും അവിടെ പോകാതെ വയ്യ എന്നൊരവസ്ഥയിലായി. ഞാന്‍ തിരിച്ചു വന്നത്‌ എന്നെന്നേക്കുമായിട്ടായിരുന്നു. ഒരു മടക്കയാത്രക്ക്‌ എന്റെ മനസ്സ്‌ തയ്യാറായില്ല, അന്നത്തെ അനുഭവം ഇപ്പോഴും എന്റെ മനസ്സില്‍ തെളിഞ്ഞു കിടക്കുന്നു. ആ ലിംഗത്തിനരികിലിരുന്നു ഞാന്‍ ദിവസവും ധ്യാനിക്കുന്നു. ആ ധ്യാനാനുഭൂതി തരാത്തൊരു ദിവസംപോലും ഇന്നെന്റെ ജീവിതത്തിലില്ല. ഓരോ ദിവസവും ഞാന്‍ അവിടേക്കു കടന്നുചെല്ലുന്നു, മിഴികളടക്കുന്നു, ഇനി ഉണ്ടാകാന്‍ പോകുന്നതെന്താണെന്നെനിക്കറിയാം എന്നു ഞാന്‍ വിചാരിക്കുന്നു. എന്നിട്ടും പൊടുന്നനെ ഞാനറിയാതെ ആ അനുഭവം എന്നെ പാടെ കീഴ്‌പ്പെടുത്തുന്നു. എന്നേക്കാള്‍ അതി ബൃഹത്തായ മറ്റെന്തോ ഒന്നിന്റെ മുമ്പിലാണ്‌ ഞാന്‍ എന്ന പ്രതീതി, എല്ലാറ്റിനേയും തന്റെ കരവലയത്തിനുള്ളിലാക്കുന്ന ഒരു ശക്തിവിശേഷം. അവിടെ നാമങ്ങള്‍ക്കും പൂജക്രിയാദികള്‍ക്കും പ്രസക്തിയില്ല. ഞാന്‍ അറിയുന്ന ശിവന്‍ ഒരു ദൈവമൊ മനുഷ്യനോ അല്ല, യഥേഷ്‌ടം ആര്‍ക്കും വന്ദിക്കുകയോ നിന്ദിക്കുകയോ ചെയ്യാവുന്ന ഒരു സങ്കല്‍പവുമല്ല. അവന്‍ എല്ലാ അതിരുകള്‍ക്കും അതീതനാണ്‌. മാനുഷികമായ യുക്തികള്‍ക്കും നിര്‍വചനങ്ങള്‍ക്കും അപ്പുറത്തുള്ളവനാണ്‌. സ്ഥലകാലങ്ങളെ അതിക്രമിച്ചിട്ടുള്ളവനാണ്‌. അവന്‍ ആര്‍ക്കും നിഷേധിക്കാനാവാത്ത നിതാന്തമായ സാന്നിദ്ധ്യമാണ്‌, അഭാവവുമാണ്‌. ജീവിതത്തിന്റെ പരമമായ സാദ്ധ്യതയാണവന്‍, ഒരുനാള്‍ ഞാനും അവിടെ എത്തിച്ചേരുമെന്ന്‍ എനിക്ക്‌ ദൃഢമായ വിശ്വാസമുണ്ട്‌.

https://www.flickr.com/photos/mara_earthlight/3877957416/in/photostream/