सद्गुरु

സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും യോഗ്യമായ മാനസികാവസ്ഥ എങ്ങനെ സൃഷ്ടിക്കാം? സദ്ഗുരുവിന്‍റെ ഇന്നത്തെ ചിന്താവിഷയം ഇതാണ്.

സദ്ഗുരു: എന്തെല്ലാം വികാരങ്ങളാണ് ഒന്നിനുപുറകെ ഒന്നായി നമ്മുടെ മനസ്സില്‍ മുളപൊട്ടിക്കൊണ്ടിരിക്കുന്നത്. ഒരോന്നിന്‍റെ പുറകിലുമുണ്ട് അതിന്‍റേതായ ഒരു രാസപ്രക്രിയ. അതാകട്ടെ നിങ്ങളുടെ വികാരങ്ങള്‍ക്കനുസരിച്ച് നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. ദേഷ്യം, ദു:ഖം, സന്തോഷം, ആശ്വാസം ഉത്സാഹം, ശാന്തി  അങ്ങനെ വികാരങ്ങളുടെ മാറ്റത്തോടൊപ്പം രാസപ്രവര്‍ത്തനത്തിലും മാറ്റമുണ്ടാകുന്നു. ഓര്‍മ്മവെക്കേണ്ടുന്ന ഒരു കാര്യം  വികാരങ്ങള്‍ക്കനുസരിച്ച് കെമിസ്ട്രിയില്‍ മാറ്റം വരുന്നതുപോലെ, കെമിസ്ട്രിയില്‍ വരുന്ന മാറ്റം വികാരങ്ങളേയും ബാധിക്കുന്നുണ്ട്. എന്നുവെച്ചാല്‍ നമ്മുടെ അനുഭവങ്ങളും, വികാരങ്ങളും നമ്മുടെ ഉള്ളില്‍ നടക്കുന്ന രാസപ്രവര്‍ത്തനങ്ങളും തമ്മില്‍ തമ്മില്‍ ഇഴചേര്‍ന്നു കിടക്കുകയാണ്. നല്ല ഉണര്‍വും ഉത്സാഹവും തോന്നുമ്പോള്‍, രക്തപ്രവാഹത്തിന്‍റെ വേഗം കൂടും, ഹൃദയം കൂടുതല്‍ വേഗത്തില്‍ മിടിക്കും കൂടുതല്‍ വേഗത്തില്‍ രക്തം പമ്പുചെയ്യാന്‍ തുടങ്ങും. അതുപോലെ എന്തെങ്കിലും കാരണംകൊണ്ട് ഹൃദയം കൂടുതല്‍ രക്തം പമ്പു ചെയ്യുന്നുവെങ്കില്‍ നിങ്ങള്‍ ആവശ്യമില്ലാതെ ആവേശം കൊള്ളുകയും ചെയ്യും. ഈ തത്വം പരിഗണിച്ച് പ്രത്യേകതരം രാസ ഔഷധങ്ങള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്. മാനസികരോഗ ചികിത്സയില്‍ ഇതിന് വലിയ പങ്കുണ്ട്. ഒരാള്‍ വല്ലാതെ ഉത്തേജിതമായി  കാണപ്പെട്ടാല്‍ അയാളെ ശാന്തനാക്കാനുള്ള മരുന്നു കൊടുക്കുക പതിവാണ്. ട്രാന്‍ക്വിലൈസര്‍ (tranquilizer) എന്നാണ് ഇതിനെ പറയുന്നത്. അതോടെ അയാള്‍ ശാന്തനായിത്തീരുന്നതു കാണാം. ഏതോ രാസപ്രവര്‍ത്തനം വഴി ഈ മരുന്ന് അയാളുടെ മനസ്സിലുള്ള ക്ഷോഭങ്ങളെ അടക്കി അയാള്‍ക്ക് ശാന്തി  നല്‍കുന്നു. എല്ലാ മരുന്നുകളും ശരീരത്തിനകത്തു നടക്കുന്ന രാസപ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ളതാണ്. അനുഭവങ്ങള്‍ ഏതു തരത്തിലുള്ളതായാലും അതിന് പിന്‍താങ്ങായി ഒരു രാസപ്രക്രിയയുണ്ട് എന്നു തീര്‍ച്ച. അതുപോലെത്തന്നെ ഓരോ രാസപ്രവര്‍ത്തനത്തിനും അതിനോടു ചേര്‍ന്നു നില്‍ക്കുന്ന അനുഭവമുണ്ട്.

അനുഭവങ്ങള്‍ ഏതു തരത്തിലുള്ളതായാലും അതിന് പിന്‍താങ്ങായി ഒരു രാസപ്രക്രിയയുണ്ട് എന്നു തീര്‍ച്ച. അതുപോലെത്തന്നെ ഓരോ രാസപ്രവര്‍ത്തനത്തിനും അതിനോടു ചേര്‍ന്നു നില്‍ക്കുന്ന അനുഭവമുണ്ട്.

രാസപ്രവര്‍ത്തനത്തിലൂടെ കൃത്രിമമായി സ്നേഹം ഉത്പാദിപ്പിക്കാനാവുമൊ? മനുഷ്യന്‍ എന്ന നിലയില്‍ എന്‍റെ ഉള്ളിലുള്ള രാസഘടനക്കു മാറ്റം വരുത്തിയാല്‍ ഞാന്‍ സ്നേഹമായിത്തീരുമെന്നു വിചാരിക്കുന്നുണ്ടൊ? തീര്‍ച്ചയായും സാധിക്കും. ആദ്ധ്യാത്മിക സാധനകളിലൂടെയാണ് അത് സാദ്ധ്യമാവുക. ഭക്തിയോഗവും മറ്റു യോഗകളും (ഹട, ക്രിയ) തമ്മിലുള്ള കാര്യമായ വ്യത്യാസം അതാണ്. ക്രിയായോഗത്തിലൂടെയും ഹടയോഗത്തിലൂടെയും പ്രാണശക്തിക്കു മാറ്റം  വരുത്താന്‍ ശ്രമിക്കുന്നു. അതുവഴി ആന്തരികമായ രാസപ്രവര്‍ത്തനങ്ങളും മാറ്റത്തിന് വിധേയമാവുന്നു. പതുക്കെ പതുക്കെ നിങ്ങളുടെ ഉള്ളം കൂടുതല്‍ തെളിവുറ്റതാകുന്നു. അതിനനുസരിച്ച് നിങ്ങളുടെ അനുഭവങ്ങളും മാറുന്നു. ഭക്തിയോഗത്തിന്‍റെ ലക്ഷ്യം തന്നെ മനസ്സില്‍ പ്രേമം വളര്‍ത്തിക്കൊണ്ടുവരികയാണ്. അങ്ങനെ കുറെ കഴിയുമ്പോള്‍ നിങ്ങളുടെ രാസഘടന പൂര്‍ണമായും തന്നെ സ്നേഹമായിത്തീരും

പ്രാണായാമവും, ആസനങ്ങളും, ധ്യാനവും കൊണ്ട് ആന്തരികമായ രാസപ്രവര്‍ത്തനത്തില്‍ മാറ്റം വരുത്തുന്നു.

ശരീരത്തിനകത്തെ കെമിസ്ട്രി കുറ്റമറ്റതാകണം, എങ്കില്‍ മാത്രമേ മുന്നോട്ടുള്ള യാത്ര സുഗമമാകൂ. അതില്ലാത്തിടത്തോളം കാലം എല്ലാ ശ്രമങ്ങളും വിഫലമാവുകയേയുള്ളൂ. "എനിക്ക് സ്വൈരം വേണം, സ്വസ്ഥത വേണം" എന്നൊക്കെ എത്ര ആവര്‍ത്തി പറഞ്ഞാലും ഉള്ളിലെ രാസപ്രവര്‍ത്തനം ഉത്കണ്ഠയുടേതും ഉദ്വേഗത്തിന്‍റേതുമാണെങ്കില്‍ നിങ്ങള്‍ക്കു സൈര്യവും സ്വസ്ഥതയും ലഭിക്കുകയില്ല എന്നു തീര്‍ച്ച. പ്രാണായാമവും, ആസനങ്ങളും, ധ്യാനവും കൊണ്ട് ആന്തരികമായ രാസപ്രവര്‍ത്തനത്തില്‍ മാറ്റം വരുത്തുന്നു. അതിന്‍റെ സ്വാഭാവികമായ ഫലമാണ് മന:ശാന്തി. അതായത് ശരിയായ സാധനകള്‍ അനുഷ്ഠിച്ചുകൊണ്ട് ആശങ്ക ഉളവാക്കുന്ന കെമിസ്ട്രിയില്‍ മാറ്റം വരുത്തി അതിനെ സന്തോഷം ജനിപ്പിക്കുന്ന കെമിസ്ട്രിയാക്കിത്തീര്‍ക്കുന്നു. അങ്ങനെ നിങ്ങള്‍ സ്വാഭാവികമായും സന്തോഷവും ഉന്മേഷവും അനുഭവിക്കുന്നു. മറ്റൊരു രീതിയിലൂടേയും ഇതേ ലക്ഷ്യം നമുക്കു നേടാനാകും. ഉള്ളുതുറന്ന് സ്നേഹിക്കാന്‍ സാധിക്കുന്ന ഒരു വസ്തുവിനെ കണ്ടെത്തുക  അത് ഈശ്വരനാകാം, ഗുരുവാകാം, അല്ലെങ്കില്‍ മനസ്സിനെ അഗാധമായി സ്പര്‍ശിച്ച ഒരാശയമാകാം  അതിനെ പ്രതി അഗാധമായ പ്രേമം അല്ലെങ്കില്‍ പ്രതിബദ്ധത മനസ്സിലുണരട്ടെ. അതോടെ നിങ്ങളുടെ ഉളളിലെ കെമിസ്ട്രിക്ക് വലുതായ മാറ്റം വരും, നിങ്ങളുടെ സ്വഭാവത്തിനും.