സദ്ഗുരു:പരമായ ചൈതന്യം, അതാണ് പ്രാണന്‍, നമ്മുടെ ശരീരത്തിന്‍റെ മുഴുവന്‍ പ്രവര്‍ത്തനത്തേയും നിര്‍ണയിക്കുന്നതും, നിയന്ത്രിക്കുന്നതും പ്രാണോര്‍ജ്ജമാണ്. മനസ്സ്, ബുദ്ധി, ശരീരം തുടങ്ങീ എല്ലാം തന്നെ അതിന്‍റെ അധീനതയിലാണ്. പ്രാണന്‍ ബോധശക്തിയാണ്. ഓരോ മനുഷ്യനിലും, ഉള്‍ചേര്‍ന്നിട്ടുള്ള കര്‍മ്മവാസനകളെ പ്രാണന്‍ വ്യര്‍ത്ഥമായി മനസ്സിലാക്കുന്നു. അതുകൊണ്ട് ഓരോ മനുഷ്യനിലും അതിന്‍റെ പ്രവര്‍ത്തനം തനതായ രീതിയിലായിരിക്കും. എന്നുവെച്ചാല്‍ ഓരോരുത്തരിലും ഓരോ മട്ടിലായിരിക്കും പ്രാണന്‍ പ്രവര്‍ത്തിക്കുക. വൈദ്യുതി ഒരു ശക്തിയാണെങ്കിലും അതിന് ബോധമൊ ഓര്‍മ്മയൊ ഇല്ല. അതിന് ബള്‍ബുകള്‍ കത്തിക്കാം. ക്യാമറ പ്രവര്‍ത്തിക്കാം. അതുപോലെയുള്ള ഒട്ടനവധി കാര്യങ്ങള്‍ നിര്‍വഹിക്കാം. അതെല്ലാം അതുചെയ്യുന്നത് സവിശേഷമായ എന്തെങ്കിലും അറിവുള്ളതുകൊണ്ടുമാത്രമാണ്. ആര്‍ക്കറിയാം, ഭാവിയില്‍ മനുഷ്യന്‍ ബുദ്ധിശക്തിയുള്ള വൈദ്യുതിയേയും ഉല്പാദിപ്പിച്ചുവെന്നുവരാം! വിദ്യുച്ഛക്തിയില്‍ ചില ഓര്‍മ്മകള്‍ കൂടി പതിപ്പിച്ചു വെക്കാനായാല്‍ അതിന്‍റെ പ്രവര്‍ത്തനം തികച്ചും മറ്റൊരു വിധത്തിലാകും.

പഞ്ചവായു

അടിസ്ഥാനപരമായി അഞ്ചുവിധത്തിലാണ് പ്രാണന്‍ ശരീരത്തില്‍ പ്രകടമാവുന്നത്. പ്രാണവായു, സമാനവായു, ഉദാനവായു, അപാനവായു, വ്യാനവായു, ശരീരത്തിലെ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളോരോന്നും. നിര്‍വ്വഹിക്കുന്നത് ഈ വായുക്കളാണ്. ശക്തിചലനക്രിയ മുതലായ യോഗസാധനകളിലൂടെ നമുക്ക് ഈ പഞ്ചവായുക്കളെ നിയന്ത്രിക്കാന്‍ സാധിക്കുന്നതാണ്. അതിനു സാധിച്ചാല്‍ മിക്കവാറും എല്ലാം ആധി വ്യാധികളില്‍ നിന്നും നമുക്ക് മോചനം ലഭിക്കും. പ്രത്യേകിച്ചും മാനസികമായ പ്രയാസങ്ങളില്‍ നിന്ന്. ഇതാണ് ഇന്നത്തെ ലോകത്തിന് ഏറ്റവും ആവശ്യമായിട്ടുള്ളത്.

ശക്തിചലനക്രിയ മുതലായ യോഗസാധനകളിലൂടെ നമുക്ക് ഈ പഞ്ചവായുക്കളെ നിയന്ത്രിക്കാന്‍ സാധിക്കുന്നതാണ്. അതിനു സാധിച്ചാല്‍ മിക്കവാറും എല്ലാം ആധി വ്യാധികളില്‍ നിന്നും നമുക്ക് മോചനം ലഭിക്കും.

നമ്മള്‍ കാലതാമസം കൂടാതെ ആ ദിശയിലേക്ക് ശ്രദ്ധതിരിക്കണം, അല്ലെങ്കില്‍ മാനസികമായി അസ്വസ്ഥതകളും, രോഗങ്ങളും അനുഭവിക്കുന്നവരുടെ എണ്ണം ലോകത്തില്‍ ക്രമാതീതമായി ഉയരുമെന്ന കാര്യം തീര്‍ച്ച. ജീവിതശൈലിയിലും സമൂഹ്യ സാഹചര്യങ്ങളിലും വന്നുപെട്ടിരിക്കുന്ന മാറ്റങ്ങള്‍ തന്നെയാണ് ഇതിനു പ്രധാന കാരണം. നിത്യജീവിതത്തിലെ...... പല വശങ്ങളോടും നമ്മള്‍ തികഞ്ഞ അനാസ്ഥകാണിക്കുന്നു. അതിന്‍റെ വിലയാണ് നമ്മള്‍ മാനസിക പ്രശ്‌നങ്ങളായി കൊടുത്തുവരുന്നത്. പ്രാണനെ നിയന്ത്രിക്കാന്‍ പഠിച്ചുകഴിഞ്ഞാല്‍, ബാഹ്യമായ സാഹചര്യങ്ങള്‍ എന്തുതന്നെയായാലും മനസ്സിന്‍റെ സമനിലതെറ്റുകയില്ല ഇന്നത്തെ ചുറ്റുപാടില്‍ വളരെയധികം പേര്‍ മനസ്സിന്‍റെ സ്ഥിരത നിലനിര്‍ത്താനാവാതെ ക്ലേശമനുഭവിക്കുന്നവരാണ്.... അധികമാരും അത് ഒരു രോഗമായി കണ്ട് ചികിത്സ തേടുന്നില്ലായിരിക്കാം. എന്നാലും അത് ഗുരുതരമായ ഒരു ആരോഗ്യ പ്രശ്‌നം തന്നെയാണ്.

പ്രാണന്‍, സ്ഥിരത, ആരോഗ്യം

സങ്കല്‍പ്പിക്കൂ....നിങ്ങളുടെ കൈ അതിന്‍റെ ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്നു. കണ്ണില്‍ കുത്തുന്നു. അവിടവിടെ മാന്തുന്നു, നുള്ളുന്നു.. തല്ലുന്നു.. തീര്‍ച്ചയായും അതൊരു രോഗമാണ് ധാരാളം പേരുടെ മനസ്സും ചെയ്യുന്നത് അതുതന്നെയാണ്. മനസ്സിന്‍റെ പ്രവര്‍ത്തനം ഉള്ളില്‍നിന്നാണെന്നു മാത്രം. ഉള്ളില്‍ നിന്നും കുത്തുന്നു, തള്ളുന്നു. ഭയപ്പെടുത്തുന്നു, കരയിപ്പിക്കുന്നു, ദേഷ്യപ്പെടുത്തുന്നു.... അങ്ങനെ പലവിധത്തില്‍ മനസ്സ് മനുഷ്യനെ വിഷമിപ്പിക്കുന്നു. അതിന്‍റെ അര്‍ത്ഥം ആ മനസ്സിന് രോഗം ബാധിച്ചിരിക്കുന്നു എന്നുതന്നെയാണ്. എന്നാലും അതിനെ രോഗമായി സമൂഹം അംഗീകരിച്ചിട്ടില്ല. ഓരോ വ്യക്തിയും തന്‍റെ ജീവിതത്തില്‍ അനുഭവിക്കുന്ന ക്ലേശങ്ങളൊക്കെയും മനസ്സിന്‍റെ സൃഷ്ടികളാണ്. ഈ രോഗത്തിന്‍റെ ഉറവിടം വലിയൊരു അളവില്‍ നമ്മുടെ സാമൂഹ്യ സാഹചര്യങ്ങളാണ്. സാങ്കേതികമേഖലയുടെ വളര്‍ച്ചയടക്കം മറ്റു പല സംഗതികളും അതിനു കാരണമാണ്. ഈ പ്രവണത, നാള്‍ തോറും കൂടിവരുന്നു എന്നു പറയാതെ വയ്യ.

പ്രാണശക്തിയെ പൂര്‍ണ്ണമായും സ്വന്തം അധീനത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ പിന്നെ ഒന്നിനെക്കുറിച്ചും ആശങ്കപ്പെടേണ്ടതായി വരില്ല. മനസ്സിന്‍റെ സമനിലക്ക് കോട്ടം സംഭവിക്കുകയില്ല. മാനസിക രോഗങ്ങളും കുറെയധികം അകറ്റിനിര്‍ത്താനും ഇതുകൊണ്ടു സാധിക്കും. എന്നാലും ചില രോഗസാദ്ധ്യതകള്‍ അപ്പോഴും അവശേഷിക്കും. അതിനുള്ള കാരണങ്ങള്‍ പലതാകാം. ചില അണുബാധകള്‍, ശരീരത്തിന് ഹാനികരമായ രാസപദാര്‍ത്ഥങ്ങള്‍ അകത്തു ചെല്ലുന്നത്.... നമ്മുടെ സാധാരണ ഭക്ഷണത്തിലും ശ്വസിക്കുന്ന വായുവിലും തന്നെ ദോഷകരമമായ ധാരാളം വിഷാംശങ്ങള്‍ കലര്‍ന്നിട്ടുണ്ട്. വെള്ളം, വായു, ആഹാരം.... ഇതെല്ലാം എത്ര തന്നെ ശ്രദ്ധിച്ചാലും മുഴുവനും നമ്മുടെ നിയന്ത്രണത്തില്‍ കൊണ്ടു വരാനാവില്ല. ഇതെല്ലാം ഒരാളെ എത്രത്തോളം ബാധിക്കുന്നു എന്നത് ഓരോ വ്യക്തിയുടേയും ശരീരഘടനയെ ആശ്രയിച്ചിരിക്കും.

ബാഹ്യമായ സാഹചര്യങ്ങളെ കണക്കിലെടുത്ത് ആരുടേയും മാനസികാരോഗ്യത്തിന്‍റെ കാര്യം ഉറപ്പുവരുത്താനാവില്ല. എന്നാല്‍ പ്രാണശക്തിയെ നിയന്ത്രിച്ചുകൊണ്ട് മനസ്സിന്‍റെ സമനില പാലിക്കാന്‍ കഴിയുമെന്ന കാര്യം നൂറുശതമാനവും ഉറപ്പിച്ചു പറയാനാകും.

ബാഹ്യമായ സാഹചര്യങ്ങളെ കണക്കിലെടുത്ത് ആരുടേയും മാനസികാരോഗ്യത്തിന്‍റെ കാര്യം ഉറപ്പുവരുത്താനാവില്ല. എന്നാല്‍ പ്രാണശക്തിയെ നിയന്ത്രിച്ചുകൊണ്ട് മനസ്സിന്‍റെ സമനില പാലിക്കാന്‍ കഴിയുമെന്ന കാര്യം നൂറുശതമാനവും ഉറപ്പിച്ചു പറയാനാകും. മനസ്സ് നല്ല ആരോഗ്യമുള്ള അവസ്ഥയിലാണെങ്കില്‍ സാമാന്യ പ്രശ്‌നങ്ങളൊന്നും അതിനെ കാര്യമായി ഉലക്കുകയില്ല. ശരീരത്തിന് സാധാരണയായി ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളൊന്നും അതിന്‍റെ നിലയില്‍ പ്രശ്‌നമല്ല. എന്നാല്‍ അതിനെ പ്രതിയുള്ള മനസ്സിന്‍റെ പ്രതികരണങ്ങളാണ് വിഷയം ഗുരുതരമാക്കുന്നത്.

നിങ്ങളുടെ ഉള്ളില്‍ പ്രാണന്‍ പ്രവര്‍ത്തിക്കുന്ന വിധം, ബാഹ്യ പ്രകൃതിയുമായി ബന്ധപ്പെടുന്ന രീതി, ഒരു നവജാതശിശുവിന്‍റെ ഉള്ളിലേക്ക് പ്രാണന്‍ പ്രവേശിക്കുന്ന മാര്‍ഗം, മരണശേഷം പ്രാണന്‍ ശരീരത്തെ ഉപേക്ഷിച്ചുപോകുന്ന വഴി..... ഇതെല്ലാം നിരീക്ഷിച്ചാല്‍ മനസ്സിലാകും, പ്രാണന് അതിന്‍റേതായ ഒരു ബോധശക്തി ഉണ്ട് എന്ന്.

ശക്തി ചലനക്രിയ

നമ്മുടെ ശരീരത്തില്‍ പ്രാണശക്തി അഞ്ചു വിധത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അതു വ്യക്തമായി മനസ്സിലാക്കണമെങ്കില്‍ സാമാന്യത്തിലധികമായ ശ്രദ്ധയും, ബോധവും ആവശ്യമാണ് ശക്തി ചലനക്രിയ അതിശയകരമായ ഒരു സാധനയാണ്. അതീവ ശ്രദ്ധയോടെ വേണം അതനുഷ്ഠിക്കാന്‍. 40 മുതല്‍ 60 മിനിറ്റുവരെ നീണ്ടുപോകുന്ന സാധനാസമയം അതിലുടനീളം ശ്രദ്ധ ഏകാഗ്രമായിരിക്കണം. മനസ്സിരുത്തി ശ്വാസം പൂര്‍ണ്ണമായും ഉള്ളിലേക്കെടുക്കുക തന്നെ മിക്കവര്‍ക്കും പ്രയാസമുള്ള കാര്യമാണ്. പകുതിക്കു വെച്ചു തന്നെ ശ്രദ്ധ വഴി തിരിഞ്ഞു പോകുന്നു. ചിലര്‍ക്ക് എണ്ണം സൂക്ഷിക്കാനാണ് ബുദ്ധിമുട്ട്. മറ്റു ചിലര്‍ ചെയ്യേണ്ട കാര്യം തന്നെ മറക്കുന്നു. മറ്റു ചിന്തകളില്‍ മുഴുകുന്നു. വളരെ നാളത്തെ പരിശ്രമം കൊണ്ടു മാത്രമേ ശ്വാസത്തില്‍ പൂര്‍ണ്ണമായും മനസ്സ് ക്രന്ദ്രീകരിക്കാനാവൂ. അതിനു മാസങ്ങളോ വര്‍ഷങ്ങളോ വേണ്ടി വരും.

ശക്തിചലനക്രിയ എപ്പോഴും ഏതാനും പേരെ ഒരുമിച്ചിരുത്തി, ശൂന്യ ധ്യാനത്തിന്‍റെ കൂടെയാണ് പഠിപ്പിക്കുന്നത്. ശൂന്യ ധ്യാനത്തിലൂടെ ലക്ഷ്യമാക്കുന്നത്.... നിങ്ങളെ പ്രത്യേകമായൊരു മാനസികാവസ്ഥയിലേക്കെത്തിക്കാനാണ്. ഒരിടത്ത് സ്വസ്ഥമായിരുന്ന് കണ്ണടക്കുന്നതോടെ ഈ ലോകം നിങ്ങളില്‍നി ന്നും പാടെ അന്യമായി തീരുന്ന അനുഭവം എപ്പോഴായാലും, ഈ ഒരാനന്ദം നിങ്ങളെല്ലാവരും നിശ്ചയമായും അനുഭവിച്ചറിയേണ്ടതാണ്. അതിനു സാധിച്ചാല്‍ മാത്രമേ, ഏതെങ്കിലും ഒരു വിഷയത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ഏറെ നേരം ഇരിക്കാനാവൂ. നിര്‍ബന്ധപൂര്‍വം ശ്രദ്ധ ചെലുത്താന്‍ ശ്രമിക്കുന്നതു കൊണ്ട് ഫലമുണ്ടാവില്ല.

ഒരിടത്ത് സ്വസ്ഥമായിരുന്ന് കണ്ണടക്കുന്നതോടെ ഈ ലോകം നിങ്ങളില്‍നി ന്നും പാടെ അന്യമായി തീരുന്ന അനുഭവം എപ്പോഴായാലും, ഈ ഒരാനന്ദം നിങ്ങളെല്ലാവരും നിശ്ചയമായും അനുഭവിച്ചറിയേണ്ടതാണ്.

കണ്ണടച്ചു കഴിഞ്ഞാല്‍, നിങ്ങളുടെ ശ്വാസവും ഹൃദയമിടിപ്പും പ്രാണന്‍റെ പ്രവര്‍ത്തനവും, തുടങ്ങീ അവനവന്‍റെ ആന്തരികമായ ശാരീരിക ചലനങ്ങളല്ലാതെ ഒന്നും തന്നെ നിങ്ങളുടെ ബോധത്തിലുണ്ടാവാന്‍ പാടില്ല. ശരീരത്തിനകത്തു നടക്കുന്ന കാര്യങ്ങള്‍ മാത്രമേ നിങ്ങളറിയുന്നുള്ളൂ.... പുറത്തുനടക്കുന്നതൊന്നും നിങ്ങളെ സംബന്ധിച്ചിടത്തോളം കേവലം സങ്കല്‍പങ്ങള്‍ മാത്രം. പുറത്തുള്ള ആരെയെങ്കിലും നോക്കുമ്പോഴും ഞങ്ങളെ ഒരു വ്യക്തിയായി നിങ്ങള്‍ കാണുന്നില്ല... തലച്ചോറില്‍ പതിഞ്ഞ അയാളുടെ പ്രതിബിംബമായി മാത്രം ദൃശ്യമാവുന്നു.

ഏകാഗ്രത......അതാണ് താക്കോല്‍

ശൂന്യം മുതലായ സാധനകളെല്ലാം ഏകാഗ്രത പരിശീലിപ്പിക്കാന്‍ വേണ്ടിയുള്ളതാണ്. നിങ്ങള്‍ എത്രത്തോളം അതില്‍ മുന്നോട്ടു പോകുന്നു എന്നത് തീര്‍ത്തും വേറൊരു വിഷയമാണ്. പ്രത്യേകിച്ചും ഇന്നത്തെ ലോകത്തില്‍ അതിനേറെ പ്രാധാന്യമുണ്ട്. നമ്മുടെ ചുറ്റുപാടും സംഭവിച്ചുകൊണ്ടിരിക്കുന്നതിനെ കുറിച്ച് എനിക്കെതിര്‍പ്പൊന്നുമില്ല. എന്നാലും ഒരു കാര്യം പറയാം. ഇന്ന് എല്ലാ കാര്യങ്ങളിലും പൊള്ളത്തരമാണ് പ്രവണത. ആഴമുള്ളതിനൊന്നും സ്ഥാനമില്ലാത്ത അവസ്ഥ. എല്ലാം പെട്ടെന്ന് അടര്‍ത്തി മാറ്റാവുന്ന സ്ഥിതി. അങ്ങനെയൊരു മനോഭാവമാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ ജീവിതത്തെ കുറിച്ചുള്ള ഗഹനമായൊരു പഠനത്തിലേക്ക് നിങ്ങളുടെ ശ്രദ്ധക്ക് ഇറങ്ങിച്ചെല്ലാനാവില്ല. എല്ലാവര്‍ക്കും പറ്റുന്ന ഒരു കാര്യമല്ല ഇത് എന്ന് അതിനര്‍ത്ഥമില്ല. തീര്‍ച്ചയായും സാധിക്കും. പക്ഷെ അതാശ്രയിച്ചിരിക്കുന്നത് നിങ്ങള്‍ ഇതിന് എത്രത്തോളം പ്രധാന്യം നല്‍കുന്നു എന്നതിലാണ്. ജീവിതത്തില്‍ അതു കഴിഞ്ഞേ മറ്റെന്തുമുള്ളൂ എന്ന് നിങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ അതിനനുസരിച്ച് മറ്റുള്ളതെല്ലാം നിങ്ങളെ സഹായിക്കാനായി എത്തിക്കൊള്ളും.

അതല്ല നിങ്ങളുടെ താല്‍പര്യങ്ങള്‍ മറ്റു വഴികളിലേക്കാണ് തിരിയുന്നതെങ്കില്‍, പലയിടത്തും നിങ്ങള്‍ കറങ്ങും. എന്നാലും എത്തേണ്ടിടത്ത് നിങ്ങള്‍ എത്തുകയില്ല. ജീവിതത്തിന്‍റെ യാഥാര്‍ത്ഥ്യം എന്താണെന്ന് നിങ്ങള്‍ക്കു മനസ്സിലാക്കാന്‍ സാധിക്കുകയില്ല. സമൂഹത്തില്‍ നിങ്ങള്‍ ലക്ഷ്യം നേടിയെന്നു വരാം. ഭൗതികമായി ചിന്തിക്കുമ്പോള്‍ നിങ്ങള്‍ ശ്മശാനത്തിലേക്ക് ക്രമേണ നടന്നു നീങ്ങുന്നു എന്നു മാത്രമേ പറയാനാവൂ. ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കുകയാണെങ്കില്‍ ആ വഴിയിലൂടെ നീളം കുറച്ചു കൂട്ടാന്‍ സാധിച്ചെന്നു വരാം. എന്നാല്‍ മനസ്സിനെ സംബന്ധിച്ചിടത്തോളം അതിന്‍റെ ചുറ്റിത്തിരിയല്‍ തുടര്‍ന്നുകൊണ്ടിരിക്കും. ജീവിതത്തിന്‍റെ മൗലിക സ്വഭാവത്തില്‍ ശ്രദ്ധ ഊന്നിയാല്‍ മാത്രമേ നിങ്ങള്‍ക്ക് യഥാര്‍ത്ഥ ലക്ഷ്യം പ്രാപിക്കാനാവൂ. നമ്മുടെ ഉള്ളിലുള്ള ജീവചൈതന്യം, യഥാര്‍ത്ഥത്തിലുള്ളത് അതുമാത്രമാണ്. ബാക്കിയുള്ളതെല്ലാം അതിന്‍റെ പലവിധത്തിലുള്ള പ്രതിഫലനങ്ങള്‍ മാത്രമാണ്. യാഥാര്‍ത്ഥ്യത്തെ വിസ്മരിച്ച് പ്രതിഫലനങ്ങളില്‍ അള്ളിപ്പിടിച്ചു നില്‍ക്കുകയാണ് നമ്മളിപ്പോള്‍ ചെയ്യുന്നത്.

ശാംഭവി ക്രിയ സൃഷ്ടിയുടെ സ്രോതസ്സിനെ അടുത്തറിയാനുള്ള ഒരു ഉപാധിയാണ്. അതാകട്ടെ പ്രാണനുമപ്പുറത്ത് സ്ഥിതി ചെയ്യുന്നതുമാണ്.

ശക്തി ചലനക്രിയയിലൂടെ ക്രമേണ മാറ്റം സംഭവിക്കുന്നു. സ്വന്തം പ്രാണനേയും അതിന്‍റെ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളേയും കൈയ്യിലൊതുക്കുക ക്ലേശമേറിയ ഒരു പ്രക്രിയയാണ്. ദീര്‍ഘകാലത്തെ നിരന്തരമായ പ്രയത്‌നത്തിന്‍റെ ഫലമായി മാത്രമേ ആ സിദ്ധി കൈവരൂ. അതു മുടങ്ങാതെ മുറ പോലെ അനുഷ്ഠിക്കുകയാണെങ്കില്‍ ജീവിതത്തിന്‍റെ അടിസ്ഥാനതത്വത്തെ സുശക്തമാക്കാന്‍ നിങ്ങള്‍ക്കു സാധിക്കും.

ശാംഭവി: പ്രാണനുമപ്പുറത്ത്

എല്ലാറ്റിനും ആധാരമായിട്ടുള്ള ആ മഹതത്വത്തെ തൊട്ടറിയാനുള്ള കഴിവാണ് ശാംഭവി മഹാമുദ്ര പ്രദാനം ചെയ്യുന്നത് അതു നിങ്ങള്‍ക്ക് തനിയെ നേടാന്‍ കഴിയുന്ന ഒന്നല്ല. അതിനുള്ള അന്തരീക്ഷം സൃഷ്ടിച്ചെടുക്കാനേ നിങ്ങള്‍ക്കാവൂ. ശാംഭവിയെ ''അവള്‍'' എന്നാണ് നമ്മളെപ്പോഴും പരാമര്‍ശിക്കുന്നത്. ശ്രദ്ധയും ഭക്തിയുമുണ്ടെങ്കിലേ അവള്‍ പ്രസാദിക്കൂ. സൃഷ്ടിയുടെ ഉറവിടമായി ബന്ധപ്പെടാം. കൂടുതലൊന്നും ചെയ്യാനില്ല. ശാംഭവിയില്‍ പ്രാണായാമത്തിന്‍റെ ഘടകങ്ങളുണ്ട്. അതു കൊണ്ടു വളരെയധികം പ്രയോജനങ്ങളുണ്ട്. ശാംഭവി ക്രിയ സൃഷ്ടിയുടെ സ്രോതസ്സിനെ അടുത്തറിയാനുള്ള ഒരു ഉപാധിയാണ്. അതാകട്ടെ പ്രാണനുമപ്പുറത്ത് സ്ഥിതി ചെയ്യുന്നതുമാണ്. ചിലപ്പോള്‍ ആദ്യദിവസം തന്നെ നിങ്ങള്‍ക്ക് അനുഭവം ഉണ്ടായെന്നു വരാം. ആറുമാസം. ആറുമാസം തുടര്‍ച്ചയായി അനുഷ്ഠിച്ചാലും ഫലമൊന്നും ലഭിച്ചില്ലെന്നു വരാം. എന്നാല്‍ വിടാതെ പിടിച്ചു നിന്നാല്‍ നിശ്ചയമായും നിങ്ങള്‍ ആ തലത്തെ തൊട്ടറിയും.....ആ നിമിഷം നിങ്ങളെ സംബന്ധിച്ചിടത്തോളം സര്‍വ്വതും മാറുകയും ചെയ്യും.