सद्गुरु

പൌരാണികയോഗയെ അതിന്‍റെ ഏറ്റവും പവിത്രമായ രൂപത്തില്‍ തന്നെ തിരിച്ചുകൊണ്ടുവരുവാന്‍ ഈശ ശ്രമിച്ചുകൊണ്ടിരിക്കുന്നു സ്റ്റുഡിയോ യോഗയോ, പുസ്തക യോഗയോ, അതുപോലെതന്നെ, യോഗയുടെ അടിസ്ഥാന തത്വങ്ങളൊന്നും തന്നെ മനസ്സിലാക്കാതെ ഇന്ന് ലോകമെമ്പാടും പ്രചരിപ്പിക്കപ്പെടുന്ന അതിന്‍റെ വിവിധ തരങ്ങളിലുള്ള നൂതന ആവിഷ്കാരമൊന്നുമില്ലാതെ.

പൌരാണിക യോഗയെന്ന അത്യന്തം ശ്രദ്ധേയവും അതിപ്രബലവുമായ ഒരു ശാസ്ത്രത്തെ അതിന്‍റെ തനതായ ഭാവത്തില്‍തന്നെ ഉന്നതങ്ങളായ മാനങ്ങളില്‍ വളരെ കൃത്യതയോടും അതീവ സുക്ഷ്മതയോടും കൂടി എത്തിക്കുന്നതിനായി ഞങ്ങള്‍ ഞങ്ങളാലാവതും ശ്രമിച്ചിട്ടുണ്ട്. ഗുരുശിഷ്യ പാരമ്പര്യം ഇന്ത്യയില്‍ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ നിലനിന്നിട്ടുള്ളതും അഭിവൃദ്ധി പ്രാപിച്ചിട്ടുള്ളതുമാണ്. ഈ സംസ്കാരത്തില്‍ സുക്ഷ്മവും ശക്തവുമായ ജ്ഞാനം പ്രവഹിപ്പിക്കേണ്ടപ്പോള്‍ അത് എല്ലായ്പോഴും പരമമായ വിശ്വാസത്തിന്‍റെയും, സമര്‍പ്പണത്തിന്‍റെയും, ഗുരുവും ശിഷ്യനുമായുള്ള ദൃഡമായ ബന്ധത്തിന്‍റെയും അടിസ്ഥാനത്തിലാണ് രൂപകല്പന ചെയ്തിരുന്നത്. പരമ്പര എന്നുപറഞ്ഞാല്‍ ഭംഗമില്ലാത്ത പാരമ്പര്യം എന്നാണ് അര്‍ത്ഥം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, അത് പകര്‍ന്നു നല്‍കപ്പെടുന്ന ജ്ഞാനത്തിന്‍റെ മുറിഞ്ഞുപോകാത്ത വംശപരമ്പരയെ സുചിപ്പിക്കുന്നു.

ഗുരുശിഷ്യ പാരമ്പര്യം ഇന്ത്യയില്‍ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ നിലനിന്നിട്ടുള്ളതും അഭിവൃദ്ധി പ്രാപിച്ചിട്ടുള്ളതുമാണ്.

സദ്ഗുരു : "ഇന്ത്യയില്‍ മാത്രമാണ് ഇത്തരത്തിലുള്ള സമ്പ്രദായം നിലനിന്നിരുന്നത്. ഒരു വ്യക്തി ചിലത് സാക്ഷാല്‍ക്കരിക്കുകയും അതിനുശേഷം, ആത്മാര്‍ത്ഥമായി, സമര്‍പ്പണബുദ്ധിയോടെ, സ്വന്തം ജീവനുപരിയായി, ഈ സത്യത്തെ നിലനിര്‍ത്താന്‍ കഴിവുള്ള ഒരു വ്യക്തിത്വത്തെ കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. അങ്ങിനെ ഒരാളെ കണ്ടെത്തിയാല്‍, താന്‍ അറിഞ്ഞ സത്യത്തെ അയാളിലേക്ക് പകര്‍ന്നു കൊടുക്കുന്നു. പിന്നീട് ഈ വ്യക്തി അതുപോലെ മറ്റൊരാളെ കണ്ടെത്തുകയും അതിനെ അയാളിലേക്ക് സംക്രമിപ്പിക്കുകയും ചെയ്യുന്നു. ഈ ശൃംഖല സഹസ്രാബ്ദങ്ങളായി അവിഘ്നം തുടര്‍ന്നുകൊണ്ടേയിരുന്നു. ഇതിനെ ഗുരുശിഷ്യ പാരമ്പര്യം എന്നറിയപ്പെടുന്നു."

"അവര്‍ക്ക് അക്ഷരജ്ഞാനം ഉണ്ടായിരുന്നെങ്കിലും ആദ്ധ്യാത്മിക ദര്‍ശനങ്ങള്‍ ഒരിക്കലും എഴുതപ്പെട്ടിരുന്നില്ല, എന്തുകൊണ്ടെന്നാല്‍ ഒരിക്കല്‍ എഴുതപ്പെട്ടാല്‍ അനര്‍ഹരായ വ്യക്തികള്‍ അത് വായിക്കുകയും, ആ ജ്ഞാനം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്യും. അനുഭവജ്ഞാനത്തിന്‍റെ ഒരു പ്രത്യേക തലത്തിലെത്തിയവര്‍ മാത്രമേ അത് അറിയേണ്ടതുള്ളു; മറ്റുള്ളവര്‍ക്ക് അതിനുള്ള അര്‍ഹതയില്ല. അതുകൊണ്ടാണ് ഗുരുവചനങ്ങള്‍ മുഖാമുഖം മാത്രം കൈമാറ്റം ചെയ്യപ്പെട്ടിരുന്നത്. ഗുരുശിഷ്യ പാരമ്പര്യം തകരാന്‍ തുടങ്ങിയപ്പോഴാണ് അവര്‍ ആദ്ധ്യാത്മികദര്‍ശനങ്ങള്‍ രേഖപ്പെടുത്താന്‍ ആരംഭിച്ചത്. അതുവരെ അത് എഴുതപ്പെട്ടിരുന്നില്ല. ഒരിക്കല്‍ എഴുതപ്പെട്ടാല്‍ അത് ആദ്യം വായിക്കുന്നത് പണ്ഡിതന്മാരായിരിക്കും. പണ്ഡിതന്മാരുടെ കൈകളിലെത്തിപ്പെട്ടാല്‍ പിന്നെ അതിന്‍റെ അന്ത്യമാണ്. സത്യത്തിന്‍റെ കഥ കഴിഞ്ഞു."

ഒരിക്കല്‍ എഴുതപ്പെട്ടാല്‍ അത് ആദ്യം വായിക്കുന്നത് പണ്ഡിതന്മാരായിരിക്കും. പണ്ഡിതന്മാരുടെ കൈകളിലെത്തിപ്പെട്ടാല്‍ പിന്നെ അതിന്‍റെ അന്ത്യമാണ്. സത്യത്തിന്‍റെ കഥ കഴിഞ്ഞു.

പഞ്ചേന്ദ്രിയങ്ങള്‍ക്കതീതമായി, ആത്യന്തികമായ സ്വന്തം പ്രകൃതിയെ അറിയുന്നതിന് പ്രാപ്തമാക്കുന്ന ശാസ്ത്രമാണ് യോഗശാസ്ത്രം. ഇതിനായി ഒരുവന് വേണ്ടത്ര ഊര്‍ജത്തിന്‍റെ പിന്‍ബലം കൂടിയേ കഴിയൂ. സദ്ഗുരു വിശദമാക്കുന്നു,

“നിങ്ങളുടെ അനുഭവതലങ്ങളില്‍ ഇല്ലാത്ത ഒന്നിനെക്കുറിച്ച്, ബുദ്ധിയുടെ തലത്തില്‍ നിങ്ങളെ പഠിപ്പിക്കുവാന്‍ കഴിയുകയില്ല. നിങ്ങളെ അനുഭവത്തിന്‍റെതായ ഒരു പ്രത്യേക തലത്തിലെത്തിച്ചാല്‍ മാത്രമേ അതു നിങ്ങള്‍ക്ക് മനസ്സിലാക്കിത്തരുവാന്‍ കഴിയുകയുള്ളു. ഒരുവനെ അനുഭവത്തിന്‍റെ ഒരു തലത്തില്‍നിന്ന് മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകണമെങ്കില്‍ അയാള്‍ക്കുള്ളതിനെക്കാള്‍ കൂടുതല്‍ തീവ്രതയും ഊര്‍ജവും ഉള്ള ഒരു ഉപകരണത്തിന്‍റെ, അഥവാ ഉപായത്തിന്‍റെ ആവശ്യമുണ്ട്. നമ്മള്‍ ഗുരു എന്നുവിളിക്കുന്നത് ആ ഉപകരണത്തെയാണ്‌.”

“ഗുരു ഒരദ്ധ്യാപകനല്ല. ഗുരുശിഷ്യബന്ധം ഊര്‍ജ്ജനിലയുടെ അടിസ്ഥാനത്തിലാണ്. മറ്റാര്‍ക്കും കഴിയാത്ത ഒരു മാനത്തില്‍ അദ്ദേഹം നിങ്ങളെ സ്പര്‍ശിക്കുന്നു. മറ്റാര്‍ക്കും തന്നെ, നിങ്ങളുടെ ഭര്‍ത്താവിനോ, ഭാര്യക്കോ, കുഞ്ഞിനോ, മാതാപിതാക്കള്‍ക്കോ സ്പര്‍ശിക്കാന്‍ കഴിയാത്ത ഒരിടം നിങ്ങള്‍ക്കുണ്ട്. അവര്‍ക്ക് നിങ്ങളുടെ വികാരങ്ങളേയും മനസ്സിനേയും ശരീരത്തേയും മാത്രമെ സ്വാധീനിക്കുവാന്‍ കഴിയൂ. നിങ്ങള്‍ അവബോധത്തിന്‍റെ പരമോച്ചാവസ്ഥയില്‍ എത്തുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് വളരെയധികം ഊര്‍ജ്ജം ആവശ്യമുണ്ട്. നിങ്ങള്‍ക്കുള്ള ഊര്‍ജ്ജം മുഴുവനും, അതിലെത്രയോ അധികവും."

"ഗുരുശിഷ്യബന്ധം പരമവും പവിത്രവുമാണ്, എന്തുകൊണ്ടെന്നാല്‍ ഒരു ശിഷ്യന്‍റെ വളര്‍ച്ചയിലെ നിര്‍ണ്ണായകസന്ദര്‍ഭത്തില്‍ ഊര്‍ജ്ജതലത്തില്‍ ഒരു ചെറിയ ഉന്തല്‍ അവന് ആവശ്യമായി വരുന്നു. ആ ഉന്തല്‍ കൂടാതെ പരമോച്ചാവസ്ഥയില്‍ എത്തുവാന്‍ ആവശ്യമായ ഊര്‍ജ്ജം അവനുണ്ടായിരിക്കുകയില്ല. അവനേക്കാള്‍ ഉയര്‍ന്ന തലത്തിലുള്ള ഒരാള്‍ക്കുമാത്രമേ ഈ ഉന്തല്‍ നല്‍കുവാന്‍ കഴിയുകയുള്ളു, മറ്റാര്‍ക്കും കഴിയുകയില്ല."

Photo credit to:  https://upload.wikimedia.org/wikipedia/commons/0/01/Vivekananda_Baranagar_1887.jpg