सद्गुरु

ഏറ്റവും ലളിതമായ യോഗ, എപ്പോഴും എവിടേയും അഭ്യസിക്കാവുന്നത്; അഭ്യസിക്കേണ്ടത്...
തിരമാലകളില്‍ ആടിയുലഞ്ഞ്‌ സമുദ്രത്തില്‍ ഒഴുകി നടക്കുന്ന ഒരു പൊങ്ങുതടിപോലെ ഈ ഭൌതികലോകത്തിന്‍റെ കളിപ്പാട്ടമായി ജന്മജന്മാന്തരങ്ങള്‍ കാത്തിരിക്കാതെതന്നെ യോഗ ഒരു മനുഷ്യനെ സമ്പൂര്‍ണനാക്കുന്നു. അതാണ്‌ യോഗശാസ്‌ത്രം കൊണ്ടുള്ള പ്രയോജനം.... സ്വാമി വിവേകാനന്ദന്‍

സദ്ഗുരു : നമസ്കാരം ആണ്‌ യോഗയുടെ ആദ്യരൂപം, കാരണം യോഗ എന്ന വാക്കിനര്‍ത്ഥം ഐക്യമെന്നാണ്‌. വിവേചനത്തിന്‍റെ ആദ്യതലം, സംഘര്‍ഷത്തിന്‍റെ ആദ്യതലം സംഭവിക്കുന്നത്‌ നിങ്ങളുടെ ഇഡയും പിംഗളയും തമ്മിലാണ്‌, നിങ്ങളുടെ സ്‌ത്രൈണതയും, പൌരുഷവും തമ്മിലാണ്‌, സൂര്യനും ചന്ദ്രനും തമ്മിലാണ്‌, യിന്നും യാങ്ങും തമ്മിലാണ്‌. ഇവ തമ്മിലെപ്പോഴും സംഘര്‍ഷമുണ്ട്‌. ഇത്‌ ഒരായിരം രീതിയില്‍ നിങ്ങളുടെ ജീവിതത്തില്‍ പ്രകടമാകും. അടിസ്ഥാനപരമായി ഇഡയും പിംഗളയും തമ്മില്‍ ഒരു യോജിപ്പുമില്ല.

അതിനാല്‍ യോഗയുടെ ഏറ്റവും ലളിതമായ രീതി നമസ്‌കാര യോഗയാണ്‌. നിങ്ങളുടെ കൈകളെ ചേര്‍ത്തുവച്ച്‌ ലോകത്തെ ഒന്നിപ്പിക്കൂ. നിങ്ങള്‍ ഈ രണ്ടു കൈപ്പത്തികള്‍ ചേര്‍ത്തുവച്ചാല്‍, നിങ്ങള്‍ക്ക്‌ ഈ ലോകത്തെ ഒന്നിപ്പിക്കാനുള്ള അവസരം ലഭിക്കുന്നു.

രീതി :

എല്ലാ ദിവസവും തൊഴുതുകൊണ്ട് അര്‍ത്ഥവത്തായ എന്തിനെയെങ്കിലും നോക്കൂ, സൂര്യനാകട്ടെ, ചന്ദ്രനാകട്ടെ, മേഘമാകട്ടെ, ശൂന്യമായ ആകാശമാകട്ടെ, ഇഷ്ടദേവത, മരം, പാറ, നിങ്ങളുടെ ഭര്‍ത്താവ്‌, ഭാര്യ, കുട്ടി, അമ്മ, അച്ഛന്‍ എന്തുമാകട്ടെ – കൈകള്‍ ചേര്‍ത്തുവച്ച്‌, നിങ്ങള്‍ക്ക്‌ അര്‍ത്ഥവത്തായ എന്തിനെയെങ്കിലും, നിങ്ങള്‍ക്ക്‌ ഉളവാക്കാന്‍ കഴിയുന്ന ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള വികാരത്തോടെ നോക്കുക. ഒരു മരത്തെ ഇപ്രകാരം മൂന്നോ അഞ്ചോ മിനിട്ടുകള്‍ വെറുതെ നോക്കുക. നിങ്ങളുടെ ജീവിതം പരിണമിക്കപ്പെടും.

കൈകള്‍ ചേര്‍ത്തുവച്ച്‌, നിങ്ങള്‍ക്ക്‌ അര്‍ത്ഥവത്തായ എന്തിനെയെങ്കിലും, നിങ്ങള്‍ക്ക്‌ ഉളവാക്കാന്‍ കഴിയുന്ന ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള വികാരത്തോടെ നോക്കുക.

നമസ്‌കാര യോഗയിലൂടെ പരിണാമം:

അല്‍പം കൂടെ വിപുലമായ പ്രക്രിയയായ യോഗ നമസ്‌കാരം - യോഗ നമസ്‌കാരത്തിനായി നിലത്തേക്കിറങ്ങി ചമ്രംപടഞ്ഞിരിക്കുക. നിങ്ങളുടെ മുറിയില്‍ ആരുണ്ടായാലും കുഴപ്പമില്ല, പുറമേ മരത്തിനു ചോട്ടിലിരിക്കാം, ടെറസിലിരിക്കാം, രാത്രിയും പകലും ചെയ്യാം, എവിടെ വേണമെങ്കിലും, എപ്പോള്‍ വേണമെങ്കിലും ഈ ക്രിയ ചെയ്യാം. വേണ്ടത്ര സമയം കൈപ്പത്തി രണ്ടും ചേര്‍ത്തുപിടിക്കുകയാണെങ്കില്‍ നിങ്ങളുടെ ശരീരത്തില്‍ അടിസ്ഥാനപരമായ ഒരു പരിണാമം സംഭവിക്കും.

ഉപ - യോഗ :

ഉപ-യോഗ എന്നതിന്നര്‍ത്ഥം സബ്‌ യോഗയെന്നാണ്‌. ഒരവസരവും പാഴാക്കരുത്‌. ഒരു പശുവിനെയോ, ആനയേയോ, ഉറുമ്പിനെയോ എന്തിനെ കണ്ടാലും... കൈപ്പത്തി രണ്ടും ചേര്‍ത്തുപിടിച്ചു തൊഴുന്നു. എന്തുമാകട്ടെ! ആ അവസരം പാഴാക്കരുത്‌. നിങ്ങള്‍ക്ക്‌ എല്ലാ ജീവജാലങ്ങളുമായും ഐക്യം വേണമെന്ന ഒരു ഓര്‍മ്മപ്പെടുത്തലാണത്, – നിങ്ങള്‍ക്കുള്ളിലുള്ള ഐക്യം, പുറമേയുള്ള ഐക്യം. ഈ ലോകത്തിലൂടെ മനോഹരമായി കടന്നു പോകണമെങ്കില്‍ പുറമെയും ഉള്ളിലും ഐക്യം വേണം. ഒരു മരം ആടുമ്പോള്‍, മേഘം നീങ്ങുമ്പോള്‍, സൂര്യനും, ചന്ദ്രനും, നക്ഷത്രങ്ങളും ഒക്കെ ഉദിച്ചുയരുമ്പോള്‍, നിങ്ങളുടെ അടുത്തേക്ക്‌ ആരെങ്കിലും വരുമ്പോള്‍, ആരെങ്കിലും ദൂരേക്കു പോകുമ്പോള്‍, എല്ലാത്തിനെയും എളിമയോടെ തൊഴുന്നു.

ഒരവസരവും നഷ്‌ടമാക്കരുത്‌! കാരണം ഈ ലോകത്തിലൂടെ ആഹ്ലാദഭരിതരായി, ഐക്യമത്യത്തോടെ മുന്നിലോട്ടു നീങ്ങാനുള്ള നൈപുണ്യം നിങ്ങളുടെ ശരീരം എത്രത്തോളം യോജിപ്പോടുകൂടി പ്രവര്‍ത്തിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ഇതാണ്‌ യോഗയുടെ ഏറ്റവും ലളിതമായ രീതി –- നമസ്‌കാര യോഗ.

ഓരോ പ്രതിസന്ധിയിലും എന്തു സംഭവിച്ചുവെന്നത്‌ കാര്യമാക്കേണ്ട – നല്ലത്‌ സംഭവിച്ചാലും, നന്നല്ലാത്തത്‌ സംഭവിച്ചാലും ഉള്ളില്‍ ഐക്യം കൊണ്ടുവരിക. ഈ ഐക്യം നിങ്ങളുടെ ഉള്ളിലുണ്ടെങ്കില്‍, നിങ്ങള്‍ക്കു ചുറ്റും എന്തൊക്കെ അനര്‍ത്ഥം സംഭവിച്ചാലും, ഈ ലോകത്തിലൂടെയുള്ള നിങ്ങളുടെ യാത്ര തീര്‍ച്ചയായും സന്തോഷപ്രദമായിത്തീരും, ഫലവത്തതായിത്തീരും. നമുക്കു ചുറ്റും ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍ - അവ എപ്പോഴും നമ്മുടെ നിയന്ത്രണത്തിലാവണമെന്നില്ല. നാം ഈ ലോകത്തിലൂടെ മനോഹരതയോടെ കടന്നുപോകുമോ ഇല്ലയോ എന്ന്‍ തീരുമാനിക്കുന്നത്‌ നമ്മുടെ ഉള്ളാണ്, നമ്മുടെ ചിന്തകളാണ്, അവ സ്നേഹം നിറഞ്ഞതാവണം, നന്മ നിറഞ്ഞതാവാണം.

ഏത്‌ സംസ്‌കാരത്തിലായാലും, എപ്പോഴാണോ ഒരുവന്‍ അയാള്‍ക്ക്‌ ചുറ്റുമുള്ളവയുമായി പൂര്‍ണ്ണമായും ഏകതാളത്തിലാകുന്നത്‌, അവന്‍ എവിടെയായാലും, ഏതവസ്ഥയിലായാലും, അറിയാതെതന്നെ താഴ്മയോടും വിനയത്തോടും കൂടി അവന്റെ തല കുനിഞ്ഞിരിക്കും, അവന്‍ നമസ്കരിച്ചിരിക്കും, മനസ്സ് കൊണ്ടെങ്കിലും... അതവനെ പഠിപ്പിക്കേണ്ടതില്ല, മുതിര്‍ന്നവരില്‍ നിന്നവന്‍ കണ്ടു മനസ്സിലാക്കിയിട്ടുണ്ടാവും. ഈ സംസ്‌കാരത്തില്‍ ജീവിക്കുന്ന അവന്റെ രക്തത്തില്‍ അതൊരു ശാസ്‌ത്രമായി ഇഴുകിച്ചേര്‍ന്നിരിക്കുന്നു, സ്വാഭാവികമായിത്തന്നെ അതു സംഭവിക്കുന്നു.

ഞാന്‍ ഈയിടെ അപ്പോളോ റോക്കറ്റ് പറന്നുയരുന്ന വീഡിയോ കണ്ടു. അത്‌ സംഭവിക്കുമ്പോള്‍, ഗ്ലാസിനു പുറകില്‍ നില്‍ക്കുകയായിരുന്ന ഒട്ടനവധി ആള്‍ക്കാര്‍, വെറുതെ നോക്കിനിന്നവര്‍... തല കുമ്പിടുന്നു, കൈപ്പത്തികള്‍ ചേര്‍ക്കുന്നു!

അവര്‍ ഒരു റോക്കറ്റ്‌ പറന്നുയരുന്നത്‌ കാണുകയായിരുന്നു. ഇത്‌ വളരെ അസാമാന്യമായ കാഴ്‌ചയായതിനാല്‍ മുഴുവന്‍ പേരും, സ്വാഭാവികമായും നന്ദിയോടെ തൊഴുന്നു. അവര്‍ പ്രത്യേകിച്ചൊരു ദൈവത്തെക്കുറിച്ചും ചിന്തിക്കുകയല്ല. എന്തെങ്കിലുമായി ഏകതാളത്തിലാകുമ്പോള്‍, ഉടനെ നിങ്ങള്‍ കൈകൂപ്പി, തല കുമ്പിട്ടു തൊഴുന്നു. ഇത് മറിച്ചും പറയാം, അതായത്, ജീവിതത്തിനെ എളിമയോടും, നന്ദിയോടും കൂടി നേരിടുകയാണെങ്കില്‍, നിങ്ങള്‍ ഏകതാളത്തിലാകുന്നു. ഈ ലളിതമായ യോഗയാണ്‌ ഈ ലോകത്തിലേക്ക്‌ കൊണ്ടുവരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നത്‌.

ജീവിതത്തിനെ എളിമയോടും, നന്ദിയോടും കൂടി നേരിടുകയാണെങ്കില്‍, നിങ്ങള്‍ ഏകതാളത്തിലാകുന്നു. ഈ ലളിതമായ യോഗയാണ്‌ ഈ ലോകത്തിലേക്ക്‌ കൊണ്ടുവരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നത്‌.

കൈകള്‍ ചേര്‍ത്തുവച്ച്‌ ലോകത്തില്‍ ഐക്യം കൊണ്ടുവരൂ, കാരണം യോഗയെന്നാല്‍ ഐക്യമാണ്‌. യോഗയുടെ അര്‍ത്ഥം സര്‍ക്കസെന്നല്ല.