सद्गुरु

മരണവുമായി ബന്ധപ്പെട്ട് നമ്മുടെ നാട്ടില്‍ പലവിധ കര്‍മ്മങ്ങളുണ്ട്. ചിലത് വളരെ ഗൗരവപൂര്‍വം നടത്തുന്നു, എന്നാല്‍ ചിലത് ഏറെ പരിഹാസ്യവുമാണ്.

ഓരോരോ ഘട്ടത്തിലും കൃത്യമായി എന്തെല്ലാം ചെയ്യണമെന്ന് പ്രതിപാദിക്കുന്ന ഒരു ശാസ്ത്രം തന്നെ നമുക്കുണ്ട്. ഒരാള്‍ മരിച്ചാല്‍ സാധാരണയായി ആദ്യം ചെയ്യുന്നത് ശവശരീരത്തിന്‍റെ കാലിലെ പെരുവിരലുകള്‍ തമ്മില്‍ കൂട്ടികെട്ടുകയാണ്. ഇത് വളരെ പ്രധാനപ്പെട്ട ഒരു സംഗതിയാണ്.

ഇത് മൂലാധാരത്തെ നന്നായി ഇറുക്കിവെക്കുന്നു. ശരീരത്തില്‍നിന്നും വിട്ടുപോയ ജീവന്‍ വീണ്ടും അതിലേക്ക് കടന്നുവരാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. "ഞാന്‍ ജീവിച്ചിരിക്കുന്ന ഈ ശരീരം യഥാര്‍ത്ഥത്തില്‍ ഞാനല്ല" എന്ന ബോധത്തോടുകൂടിയല്ല ഒരാള്‍ ജീവന്‍ വെടിയുന്നതെങ്കില്‍ ഏതെങ്കിലും ദ്വാരങ്ങളില്‍കൂടി അത് വീണ്ടും അതേ ശരീരത്തില്‍ കയറി പറ്റാന്‍ ശ്രമം നടത്തും. ജീവന്‍റെ ഉത്ഭവം മൂലാധാരത്തില്‍ നിന്നാണ്. ശരീരത്തിലെ ചൂട് അവസാനമായി വിട്ടുപോകുന്നതും, അതേ സ്ഥലത്തുനിന്നാണ്. അതായത് മൂലാധാരമാണ് മരണശേഷം അവസാനമായി തണുക്കുന്നത്.


ജീവന്‍റെ ഉത്ഭവം മൂലാധാരത്തില്‍ നിന്നാണ്. ശരീരത്തിലെ ചൂട് അവസാനമായി വിട്ടുപോകുന്നതും, അതേ സ്ഥലത്തുനിന്നാണ്. അതായത് മൂലാധാരമാണ് മരണശേഷം അവസാനമായി തണുക്കുന്നത്.

മരണം സംഭവിച്ചുകഴിഞ്ഞാല്‍ ഒന്നര മണിക്കൂറിനുള്ളില്‍ ശവം ദഹിപ്പിക്കണം എന്നാണ് പഴയ ആചാരം. ഏറിവന്നാല്‍ നാലുമണിക്കൂര്‍വരെ വെക്കാം. ജീവന്‍ തരം കിട്ടിയാല്‍ വീണ്ടും ആ ശരീരത്തില്‍ പ്രവേശിക്കും എന്നതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. ജീവിച്ചിരിക്കുന്നവരും ശ്രദ്ധിക്കേണ്ട ഒരു സംഗതിയാണിത്. ഏറ്റവും പ്രിയപ്പെട്ടവരുടെ മരണം സംഭവിക്കുമ്പോള്‍ മനസ്സ് പല കളികളും കളിക്കും. "ഈശ്വരനു തെറ്റുപറ്റി. അതിപ്പോള്‍ത്തന്നെ തിരുത്തും" അല്ലെങ്കില്‍ "എന്തെങ്കിലും അത്ഭുതം സംഭവിക്കും, മരിച്ചയാള്‍ വീണ്ടും ജീവിക്കും" അങ്ങനെ പോകും അവരുടെ സങ്കല്‍പങ്ങള്‍. ഇതെല്ലാം യുക്തിക്കു ചേര്‍ന്നതല്ല എന്നിറിയാഞ്ഞിട്ടല്ല മരിച്ച വ്യക്തിയോടുള്ള സ്നേഹാധിക്യം അങ്ങനെയെല്ലാം തോന്നിപ്പിക്കുന്നതാണ്. ഒരു പ്രത്യേക ചാലിലേക്ക് വികാരങ്ങളെ തിരിച്ചു വിടുന്നു. അതുപോലെത്തന്നെ ശരീരം വിട്ടുപോയ ജീവനും വിചാരിക്കുന്നു, തനിക്ക് വീണ്ടും ആ ശരീരത്തിലേക്ക് പ്രവേശിക്കാന്‍ സാധിക്കുമെന്ന്.

ഇതുമാതിരിയുള്ള മിഥ്യസങ്കല്‍പങ്ങള്‍ക്ക് അറുതി വരുത്തണമെങ്കില്‍ കഴിയുന്നതും വേഗം ശവശരീരം ദഹിപ്പിക്കുകതന്നെ വേണം മരണാനന്തരം ഒന്നൊരമണിക്കൂറിനുള്ളില്‍, അല്ലെങ്കില്‍ നാലുമണിക്കൂറിനുള്ളിലെങ്കിലും. പഴയകാലത്ത്, വിശേഷിച്ചും കൃഷിപ്രധാനമായ സമൂഹങ്ങളില്‍ ശവം മണ്ണില്‍ മറവുചെയ്യുകയാണ് പതിവ്. ഈ ശരീരം മണ്ണാണ്, മരണശേഷം അത് മണ്ണിലേക്ക് തിരിച്ചേല്‍പ്പിക്കപ്പെടേണ്ടതാണ്. പൂര്‍വികരുടെ മൃതദേഹം മണ്ണിന് വളക്കൂറേകി പുതിയ തലമുറകള്‍ക്ക് അന്നം പ്രദാനം ചെയ്യുന്നു. ഇന്നത്തെ തലമുറ കടകളില്‍ നിന്നാണ് ഭക്ഷണപദാര്‍ത്ഥങ്ങള്‍ വാങ്ങുന്നത്. മണ്ണിന്‍റെ പ്രാധാന്യം അവര്‍ക്കറിയില്ല. ശവം മണ്ണില്‍ മറവുചെയ്യല്‍ ഏതാണ്ടില്ലാതായിരിക്കുന്നു. മൃതദേഹങ്ങള്‍ സ്വന്തം പറമ്പുകളിലും പാടങ്ങളിലും മറവുചെയ്തിരുന്ന കാലങ്ങളില്‍, കുഴിയില്‍ ധാരാളമായി മഞ്ഞളും ഉപ്പും നിറക്കുമായിരുന്നു. ശവശരീരം വേഗത്തില്‍ ജീര്‍ണിച്ച് മണ്ണില്‍ ലയിക്കാന്‍ ഇത് സഹായിക്കുന്നു. ദഹിപ്പിക്കല്‍ നല്ല കാര്യമാണ്, എല്ലാം പെട്ടെന്ന് അവസാനിക്കുന്നു. മരണം നടന്ന വീട്ടില്‍ എല്ലാവരും അലമുറയിട്ടു കരയുന്നതു കാണാം, എന്നാല്‍ ശവദാഹം കഴിയുന്നതോടെ ഏല്ലാവരും ശാന്തരാവുകയും ചെയ്യുന്നു. മരണമെന്ന യാഥാര്‍ത്ഥ്യം അവരുടെ മനസ്സില്‍ പതിഞ്ഞു കഴിഞ്ഞു എന്നാണതിനര്‍ത്ഥം. ഇത് മനസ്സിലാക്കുന്നത് ജീവിച്ചിരിക്കുന്നവര്‍ മാത്രമല്ല. ശരീരത്തില്‍ നിന്നും വിട്ടുപോകേണ്ടിവന്ന ജീവനും കൂടിയാണ്. ഇനി ആ ശരീരത്തിലേക്കു കയറിപ്പറ്റാന്‍ തനിക്കു സാദ്ധ്യമല്ല എന്ന് അതിന് ബോദ്ധ്യപ്പെടുന്നു.


ആചാരങ്ങളും അനുഷ്ഠാനങ്ങളും യഥാവിധി നടത്തുന്നത് നല്ലതാണ്. വിട്ടുപോയ ജീവന്‍റെ മനസ്സിലേക്ക് നമ്മള്‍ ഒരു തുള്ളി സ്നേഹജലം പകരുകയാണ്.

ആചാരങ്ങളും അനുഷ്ഠാനങ്ങളും യഥാവിധി നടത്തുന്നത് നല്ലതാണ്. വിട്ടുപോയ ജീവന്‍റെ മനസ്സിലേക്ക് നമ്മള്‍ ഒരു തുള്ളി സ്നേഹജലം പകരുകയാണ്. ഓരോരോ കര്‍മ്മങ്ങളിലൂടെ ഇവിടെ നമ്മള്‍ ചെയ്യുന്ന ഏറ്റവും ചെറിയ കാര്യവും അവര്‍ക്കവരുടെ ലോകത്തില്‍ വലുതായ സുഖവും സന്തോഷവും നല്‍കുന്നു. അതനുഭവിക്കാന്‍ സാധിച്ചാല്‍ അവര്‍ക്ക് സ്വര്‍ഗമായി. എന്നാല്‍ ചെയ്യുന്നതെന്തായാലും അത് പൂര്‍ണ മനസ്സോടെയാവണം, കേവലം നാട്യമാവരുത്.