सद्गुरु

രാവിലെ സൂര്യനെ നമിക്കുന്ന ക്രിയയാണ് സൂര്യനമസ്കാരം എന്ന് അറിയപ്പെടുന്നത്. പരമ്പരാഗതമായ ഈ അംഗവിന്യാസമുറ യോഗയില്‍ അനുവര്‍ത്തിച്ചു വരുന്നത് എന്തുകൊണ്ടാണ്?

ഈ ഗ്രഹത്തിന്‍റെ ജീവപ്രഭവമാണ് സൂര്യന്‍. നിങ്ങള്‍ ഭക്ഷിക്കുന്നതും കുടിക്കുന്നതും ശ്വസിക്കുന്നതുമായ എല്ലാറ്റിലും സൂര്യന്‍റെ ഒരംശമുണ്ട്. സൂര്യനെ നന്നായി മനസ്സിലാക്കാനും, ഉള്‍ക്കൊള്ളാനും, തന്‍റെതന്നെ ഭാഗമാക്കിത്തീര്‍ക്കാനും പഠിച്ചാല്‍ മാത്രമേ ഈ പ്രക്രിയയില്‍ നിന്നും നിങ്ങള്‍ക്ക് ശരിക്കും പ്രയോജനം ലഭിക്കുകയുള്ളു.

സൂര്യനമസ്കാരത്തെ, മുതുകിനെയും പേശികളെയും ബലപ്പെടുത്തുന്ന ഒരു അഭ്യാസമായാണ് ജനങ്ങള്‍ പൊതുവെ കരുതുന്നത്. അതു ശരിതന്നെ. സൂര്യനമസ്കാരം ഇതു ചെയ്യും. ഇതില്‍ക്കൂടുതലും ചെയ്യും. എന്നാല്‍ അതല്ല ലക്ഷ്യം. സൂര്യനമസ്കാരം നിങ്ങളുടെ ഉള്ളില്‍ ഒരു പുതിയമാനം ഉണ്ടാക്കുകയാണു ചെയ്യുന്നത്. നിങ്ങളുടെ ശാരീരികചക്രങ്ങള്‍ സൂര്യന്‍റെ ചക്രങ്ങളുമായി ചേരുംപടി ചേരുന്നു. അതായത് പന്ത്രണ്ടര വര്‍ഷങ്ങള്‍ ദൈര്‍ഘ്യമുള്ള സൂര്യചക്രങ്ങളുമായി നിങ്ങള്‍ സമാനുപാതത്തിലാകുന്നു. സൂര്യനമസ്കാരത്തില്‍ ഇത് ആകസ്മികമായി സംഭവിച്ചതല്ല. അതിലെ 12 നിലകള്‍ ബോധപൂര്‍വം അങ്ങനെ സംവിധാനം ചെയ്തിരിക്കുന്നതാണ്. നിങ്ങളുടെ ശാരീരിക വ്യവസ്ഥ ഒരു പ്രത്യേക തലത്തിലുള്ള ഊര്‍ജസ്വലതയിലും സ്വീകരണക്ഷമതയിലും തയ്യാറെടുപ്പിലുമാണെങ്കില്‍ നിങ്ങളുടെ ചക്രം സൗരചക്രവുമായി സമാനുപാതത്തിലാണെന്നു പറയാം. യുവത്വത്തിലുള്ള സ്ത്രീകള്‍ ഇപ്രകാരം ചാന്ദ്രചക്രവുമായി പൊരുത്തത്തിലാണ്. ഇത് വളരെ അസൗകര്യമായി പല സ്ത്രീകളും കരുതിയേക്കാം! എന്നാല്‍ അതൊരു വലിയ നേട്ടമാണ്. അതിനെ ശാപമായാണു പല സ്ത്രീകളും കരുതുന്നത്. സൗരചക്രവുമായും ചാന്ദ്രചക്രവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന അത്ഭുതകരമായ ഒരു സാധ്യത സ്ത്രീകള്‍ക്കുണ്ട് . മനുഷ്യവംശത്തെ വര്‍ദ്ധിപ്പിക്കുക എന്ന അധികദൗത്യവുമായി മുന്നോട്ടുപാകുന്നതിന് പ്രകൃതി അനുവദിച്ചിരിക്കുന്ന ആനുകൂല്യമാണിത്. സ്ത്രീകള്‍ക്ക് അതിനായി ചില വിശേഷഭാഗ്യങ്ങളുണ്ട് . മുന്‍കാലങ്ങളില്‍ ചാന്ദ്രചക്രവുമായി ഒത്തുപോകുന്ന സ്ത്രീകള്‍ക്ക് അതീവഗ്രഹണശേഷിയുണ്ടായിരുന്നു. മറ്റുള്ളവര്‍ക്ക് സ്വപ്നം കാണാന്‍ കഴിയാത്തത്ര വേഗത്തില്‍ വലിയ പ്രയത്നം കൂടാതെ കാര്യങ്ങള്‍ പഠിക്കാനും ഗ്രഹിക്കാനും അവര്‍ക്കു കഴിയുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇപ്പോഴത്തെ ആളുകള്‍ക്ക് ഈ ഗ്രഹണശേഷി എപ്രകാരം പ്രയോജനപ്പെടുത്തണമെന്നറിയില്ല. അവര്‍ ആ സമയത്തെ ശാപമായി കരുതുന്നു; ഒരുപക്ഷേ ഭ്രാന്തായും.


സൗരചക്രവുമായി സമതുലിതാവസ്ഥയില്‍ സ്ഥിതിചെയ്യുക എന്നത് സന്തുലിതാവസ്ഥയുടെയും ബോധാവസ്ഥയുടെയും മുഖ്യഭാഗമാണ്.

സൗരചക്രത്തിനു സമാനുപാതമായിരിക്കുമ്പോള്‍ സന്തുലിതാവസ്ഥയും സ്വീകാര്യതയും ഉണ്ടാവാന്‍ അതു സഹായിക്കും. ശരീരം ഒരു തടസ്സമല്ലാത്ത വിധം അങ്ങേയറ്റംവരെ പോകുന്നതിനുള്ള ഒരു മാര്‍ഗമാണിത്. ഭൗതികശരീരമെന്നത് ഉന്നതമായ സാധ്യതകളില്‍ എത്തിച്ചേരാനുള്ള അത്ഭുതകരമായ ഒരു ചവിട്ടുപടിയാണ്. എന്നാല്‍ അധികംപേര്‍ക്കും ശരീരമെന്നത് ഒരു റോഡ് തടസ്സമെന്നപോലെയാണ് അനുഭവപ്പെടുന്നത്. ശരീരത്തിന്‍റെ നിര്‍ബന്ധിത പരിമിതികള്‍ അവരെ മുന്നോട്ടുപോകാന്‍ അനുവദിക്കുന്നില്ല.

ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ചക്രമാണ് ആര്‍ത്തവചക്രം (ഒരു ചക്രദൈര്‍ഘ്യം 28 ദിവസമാണ്). സൗരചക്രത്തിന് 12 വര്‍ഷത്തിലധികം ദൈര്‍ഘ്യമുണ്ട് . ഇവയ്ക്കിടയില്‍ പലതരം ചക്രങ്ങള്‍ വേറെയുമുണ്ട് . ആവര്‍ത്തിച്ചുവരുന്നതുകൊണ്ടാണ് ചക്രം എന്നുപറയുന്നത്. ആവര്‍ത്തനമെന്നാല്‍ ഏതെങ്കിലും സമ്മര്‍ദം കൊണ്ട് ആ അവസ്ഥയിലേക്കു തിരികെയെത്തുക എന്നതാണ്. ബോധപൂര്‍വം അതിനെ നിയന്ത്രിക്കാവുന്നതല്ല. സാധന എന്നാല്‍ ഈ ചക്രങ്ങളെ സമ്മര്‍ദങ്ങളൊന്നുമില്ലാതെ നിയന്ത്രിച്ചുകൊണ്ടുപോകുന്നതിന് ബോധപൂര്‍വം അടിസ്ഥാനം ഉറപ്പിക്കുക എന്നതാണ്. ഈവിധത്തില്‍ സാധാരണഗതിയിലുള്ള പ്രക്രിയയായി മാറുന്നു.

ചാക്രികമായ ചലനങ്ങളുടെയോ വ്യൂഹങ്ങളുടെയോ ആവര്‍ത്തനസ്വഭാവത്തെ സംസാരമെന്നാണ് പാരമ്പര്യമായി പറഞ്ഞുവരുന്നത്. ജീവിതം നയിക്കുന്നതിന്, അത്യന്താപേക്ഷിതമായ സ്ഥിരത ലഭിക്കുന്നതിന് ഇതു സഹായിക്കുന്നു. ഇവയൊക്കെത്തന്നെ യാദൃച്ഛികമാണെങ്കില്‍ ജീവിതയന്ത്രത്തെ നേരെ നയിക്കുവാന്‍ കഴിയുകയില്ല. വ്യക്തിക്കായാലും സൗരയൂഥത്തിനായാലും ചാക്രികമായ പ്രകൃതിയില്‍ വേരുറച്ചിരിക്കുമ്പോള്‍ ജീവിതത്തിന് ഉറപ്പും സ്ഥിരതയും ലഭിക്കുന്നു. എന്നാല്‍ പരിണാമത്തിന്‍റെ പ്രക്രിയയില്‍ മനുഷ്യജീവി എത്തിച്ചേര്‍ന്നിരിക്കുന്ന അവസ്ഥയില്‍ എത്തിക്കഴിഞ്ഞാല്‍ സ്ഥിരതയെയും അതിക്രമിക്കുന്ന തരത്തിലുള്ള അവസ്ഥയിലെത്തും. ഭൗതികസ്ഥിരതയും ഉറപ്പും നല്‍കുന്ന ഈ ചാക്രികപ്രക്രിയയ്ക്കുള്ളില്‍ കഴിയണമോ ഈ ചക്രങ്ങളെ ഭൗതികനന്മകള്‍ക്കുപയോഗിക്കുകയും ചാക്രികപ്രവര്‍ത്തനത്തിനപ്പുറം കടക്കുകയും ചെയ്യണമോ എന്നത് വ്യക്തികള്‍ തീരുമാനിക്കേണ്‍ കാര്യമാണ്.


മനുഷ്യജീവിതത്തിലുണ്ടാകുന്ന സമ്മര്‍ദിത ചക്രങ്ങളെ മാറ്റി സ്വതന്ത്രനാകാന്‍ മനുഷ്യനെ ശക്തനാക്കുന്ന ഒരു പ്രധാന ഉപാധിയാണ് സൂര്യനമസ്കാരം.

നിങ്ങള്‍ക്കു നിര്‍ബന്ധപ്രേരണകളാല്‍ പ്രവര്‍ത്തിക്കുന്ന ആളാണെങ്കില്‍ സാഹചര്യങ്ങളും അനുഭവങ്ങളും ചിന്തകളും വികാരങ്ങളുമൊക്കെ ചാക്രികമാണെന്നു മനസ്സിലാക്കാം. അവ ആറുമാസത്തിലൊരിക്കലോ 18 മാസത്തില്‍ ഒരിക്കലോ 3 വര്‍ഷത്തില്‍ ഒരിക്കലോ 6 വര്‍ഷം കൂടുമ്പോഴോ നിങ്ങളിലേക്ക് എത്തിച്ചേരുന്നു. നിങ്ങള്‍ പിന്തിരിഞ്ഞുനോക്കിയാല്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെടും. അവ പന്ത്രണ്ടുവര്‍ഷത്തിലൊരിക്കലാണു വരുന്നതെങ്കില്‍ നിങ്ങളുടെ ശരീരവ്യവസ്ഥ നല്ല സന്തുലനത്തിലും സ്വീകരണക്ഷമതയിലും ആണെന്നറിയാം. ഈ അവസ്ഥ വന്നുചേരുന്നതിന് നിങ്ങളെ സഹായിക്കുന്ന ഒരു പ്രധാന പ്രക്രിയയാണ് സൂര്യനമസ്കാരം.

യായൊരു ഉപകരണവും ഉപയോഗിക്കേണ്‍ ആവശ്യമില്ലാത്ത സമഗ്രമായ ഒരു വ്യായാമമുറയാണ് സൂര്യനമസ്കാരം. ശരീരവ്യവസ്ഥയ്ക്കാവശ്യമായ വിവിധ വ്യായാമനിലകളുടെ സമ്പൂര്‍ണ മുറയാണിത്. എന്നാല്‍ എല്ലാറ്റിലുമുപരി മനുഷ്യജീവിതത്തിലുണ്ടാകുന്ന സമ്മര്‍ദിത ചക്രങ്ങളെ മാറ്റി സ്വതന്ത്രനാകാന്‍ മനുഷ്യനെ ശക്തനാക്കുന്ന ഒരു പ്രധാന ഉപാധിയാണ് സൂര്യനമസ്കാരം. ഇതുപയോഗിച്ച് ശാരീരികവ്യവസ്ഥയ്ക്കുമേല്‍ കുറേ ആധിപത്യവും സ്ഥിരതയും ലഭിച്ചുകഴിഞ്ഞാല്‍ കൂടുതല്‍ ശക്തിയുള്ളതും ആധ്യാത്മികമായി പ്രാധാന്യമുള്ളതുമായ സൂര്യക്രിയ ആരംഭിക്കാം.