അതിര്‍ത്തിക്കപ്പുറത്തേക്കൊരു വാതില്‍

doorway

सद्गुरु

ഇവിടെ സദ്ഗുരു പറയുന്നത് രണ്ടു വ്യക്തികളുടെ കഥയാണ്. ജീവന്‍റെ ഉള്ളറയിലേക്കുള്ള വാതില്‍ തുറന്നു കിട്ടിയിട്ടുള്ളവരുടെ കഥകള്‍.

“ഇന്ത്യയില്‍ വളരെ ശക്തമായ രീതിയില്‍ ജനങ്ങള്‍ ദേവതമാരെ പ്രയോജനപ്പെടുത്തുന്നുണ്ട്. ഇവിടെ ധാരാളം ദേവീ ഉപാസകരുണ്ട്. ദേവീയുടെ മുമ്പിലിരിക്കുന്നതോടെ അവര്‍ക്ക് അസാമാന്യമായ ഉള്‍ക്കാഴ്ച ലഭിക്കുന്നു. ജീവിതത്തിന്‍റെ സമസ്ത മേഖലകളേയും കുറിച്ച് അവര്‍ക്ക് അഗാധമായി അറിയാന്‍ സാധിക്കുന്നു” കുട്ടിക്കാലത്ത് താന്‍ കാണാനിടയായ ഒരു ദേവ്യോപാസകനെ കുറിച്ചാണ് സദ്ഗുരു ഇവിടെ വിശദീകരിക്കുന്നത്. അസാധാരണ പ്രതിഭയായിരുന്ന ഗണിതശാസ്ത്രജ്ഞന്‍ രാമാനുജനെ കുറിച്ചും സദ്ഗുരു ഇവിടെ പ്രതിപാദിക്കുന്നു. ഒപ്പം അദ്ദേഹം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ഈശയെ നമുക്കും നമ്മുടേതായ വാതിലാക്കിമാറ്റാമെന്ന്. അപ്പുറത്തേക്കു കടക്കാനുള്ള വാതില്‍.

ഇന്ത്യയില്‍ ദേവ്യോപാസകര്‍ക്ക് അതിതീവ്രമായ ഉള്‍ക്കാഴ്ചയുണ്ട്. ജീവന്‍റെ ഏതുതലത്തിലേക്കും അവര്‍ക്കു ചെന്നെത്താനാവും എന്നാല്‍ ഈ സിദ്ധിയെല്ലാം ദേവിയുടെ സമക്ഷത്തില്‍ മാത്രമായിരിക്കും. അവിടെനിന്നും എഴുന്നേറ്റു മാറുന്നതോടെ അവര്‍ സാധാരണക്കാരായിത്തീരുന്നു. നേരത്തെ പറഞ്ഞതിനെ കുറിച്ചൊന്നും നേരിയ ഓര്‍മ്മപോലുമുണ്ടാകില്ല. എനിക്കേതാണ്ട് ഒമ്പതു വയസ്സായിരുന്നപ്പോഴത്തെ ഒരു സംഭവം ഓര്‍മ്മവരുന്നു. അന്ന് ഞങ്ങള്‍ ആന്ധ്രാപ്രദേശിലെ ഗുണ്ടക്കലില്‍ ആയിരുന്നു. ഞാന്‍ രണ്ടുകൊല്ലം അവിടെയാണ് പഠിച്ചത്. ഞങ്ങളുടെ തെരുവില്‍ ഒരു സ്ത്രീ താമസിച്ചിരുന്നു. വല്ലാതെ ജടകെട്ടിയ മുടിയായിരുന്നു അവര്‍ക്ക്. അവര്‍ക്ക് സ്വന്തമായി ചെറിയൊരു അമ്പലവുമുണ്ടായിരുന്നു. അന്നവര്‍ക്ക് എണ്‍പതിലേറെ പ്രായമുണ്ടായിരുന്നു. ഒരു കിളിയേപോലെ ദുര്‍ബലമായ മെലിഞ്ഞ ശരീരം. എനിക്ക് നല്ല ഓര്‍മ്മയുണ്ട്. അമ്മൂമ്മയോടൊപ്പമാണ് ഞാന്‍ അവിടേക്കു പോയത്. അമ്മൂമ്മക്കുമുണ്ടായിരുന്നു ചില സിദ്ധികള്‍. അവര്‍ക്ക് തന്‍റെ ഗുരുവില്‍ നിന്നും ഒരു മന്ത്രം ലഭിച്ചിരുന്നു. പലര്‍ക്കും അമ്മൂമ്മ മന്ത്രദീക്ഷ നല്കിയിരുന്നു. പല കുടുംബക്കാരും അവരെ തങ്ങളുടെ “ഗുരുമാ” യായി ആദരിച്ചിരുന്നു. വളരെ പരിചയമുള്ള ചിലര്‍ അവരെ “മൈസൂര്‍ അമ്മ” എന്നും വിളിച്ചിരുന്നു. കാരണം, സ്വന്തം ജീവിതത്തില്‍ കുറെ കാലം അവര്‍ മൈസൂരിലാണ് താമസിച്ചിരുന്നത്. എന്നാല്‍ അവര്‍ പരക്കെ അറിയപ്പെട്ടിരുന്നത് ആ പേരിലായിരുന്നില്ല.

ഇന്ത്യയില്‍ ദേവ്യോപാസകര്‍ക്ക് അതിതീവ്രമായ ഉള്‍ക്കാഴ്ചയുണ്ട്. ജീവന്‍റെ ഏതുതലത്തിലേക്കും അവര്‍ക്കു ചെന്നെത്താനാവും എന്നാല്‍ ഈ സിദ്ധിയെല്ലാം ദേവിയുടെ സമക്ഷത്തില്‍ മാത്രമായിരിക്കും.

അമ്മൂമ്മയും ഞാനും ആ കൊച്ചു ക്ഷേത്രത്തിനകത്തു ചെന്നിരുന്നു. ഇഷ്ടികയും കല്ലും കൊണ്ടുണ്ടാക്കിയ നന്നേ ചെറിയൊരമ്പലം. ക്ഷേത്രം സൂക്ഷിപ്പുകാരിയായ ആ സ്ത്രീ ദേവിയുടെ വിഗ്രഹത്തിനുമുമ്പില്‍ ചെന്നിരുന്നു. ക്ഷണത്തില്‍ സമാധിയില്‍ ലയിച്ചു. അവര്‍ പലജാതി ശബ്ദങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങി, ഹാവു…..ഹാവു…… തുടര്‍ന്ന് അവര്‍ അമ്മൂമ്മയെ വിളിച്ചു. “മൈസൂര്‍ അമ്മാ….മൈസൂര്‍ അമ്മാ…..ഞങ്ങള്‍ അമ്പരന്നു. അങ്ങനെയാരും അമ്മൂമ്മയെ ആ പേരെടുത്ത് വിളിക്കാറില്ല. മാത്രമല്ല അമ്മൂമ്മയെ പറ്റി അവര്‍ പലതും പറയാനും തുടങ്ങി. അമ്മൂമ്മക്കു പരിഭ്രമമായി. അതെല്ലാം കുട്ടിയായ ഞാനും കേള്‍ക്കുകയാണല്ലോ. അല്ലെങ്കിലേ അമ്മൂമ്മയെ സംബന്ധിച്ചിടത്തോളം ഞാനൊരു കുഴപ്പക്കാരനാണ്. അവര്‍ ഇടയില്‍ കയറി പറയാന്‍ ശ്രമിച്ചു. “അല്ല. അല്ല….. അതങ്ങനെയൊന്നുമായിരുന്നില്ല.” എന്നാല്‍ അതു ശ്രദ്ധിക്കാതെ അവര്‍ തനിക്കു പറയാനുള്ളതെല്ലാം പറഞ്ഞുകൊണ്ടിരുന്നു. “ആയി…….ആയി…..” എന്‍റെ അമ്മൂമ്മയുടെ ജീവിതത്തിലെ വിഷമിപ്പിക്കുന്ന പല സത്യങ്ങളും അന്ന് അവര്‍ വിളിച്ചു പറഞ്ഞു.

രാമാനുജന്‍ തമിഴ്നാട്ടുകാരനായിരുന്നു. അതിബുദ്ധിമാനായൊരു ഗണിതശാസ്ത്രജ്ഞന്‍, ഔപചാരിക വിദ്യാഭ്യാസം കാര്യമായി ഉണ്ടായിരുന്നില്ല. സ്വയം പഠിച്ചുണ്ടാക്കിയതായിരുന്നു ഏറേയും. അദ്ദേഹം കേംബ്രിഡ്ജില്‍ ചെന്ന്, വിവിധ ഗണിത ശാസ്ത്രജ്ഞരോടൊപ്പം ഗവേഷണങ്ങള്‍ നടത്തി. ഞാന്‍ ഗണിതമെന്നു പറയുമ്പോള്‍, സ്കൂളില്‍ പഠിപ്പിക്കുന്ന കണക്ക് എന്ന വിഷയമാണെന്നു ധരിക്കരുത്. അതുമാത്രമല്ല ഗണിതം. പ്രപഞ്ചസൃഷ്ടിയെങ്ങനെ ഗണിതമായി മാറ്റാം. ലോകത്തിലെ മറ്റു മഹാശാസ്ത്രജ്ഞന്‍മാര്‍ക്ക് രാമാനുജത്തിന്‍റെ ഗണിതത്തിന്‍റെ പൊരുള്‍ മനസ്സിലാക്കാന്‍ വര്‍ഷങ്ങളോളം ശ്രമിക്കേണ്ടിവന്നു. അദ്ദേഹം പല നിയമങ്ങളും സൃഷ്ടിച്ചു. എല്ലാം “നാമഗിരി” നിര്‍ദ്ദേശിച്ചതാണെന്നു പറഞ്ഞു. “നാമഗിരി” യായിരുന്നു അദ്ദേഹത്തിന്‍റെ ഇഷ്ടദേവത. ആരാധനാമൂര്‍ത്തി. ആദ്യം വിദേശത്തേക്കുപോകാന്‍ രാമാനുജന്‍ തയ്യാറല്ലായിരുന്നു. പിന്നീട് മകന് വിദേശയാത്രക്കുള്ള അനുവാദം “നാമഗിരി” അദ്ദേഹത്തിന്‍റെ അമ്മയിലൂടെ നല്കുകയാണുണ്ടായത്. അതൊരു സ്വപ്നദര്‍ശനമായിരുന്നു. അങ്ങനെയാണ് അദ്ദേഹം ഇംഗ്ലണ്ടിലേക്കു യാത്രയായത്.

രാമാനുജന്‍ “ദേവി എനിക്കു തന്നു” എന്നു പറയുമ്പോള്‍ അദ്ദേഹത്തിന് ദേവി ആ വാതില്‍ത്തന്നെയാണ്.

1920 ല്‍ അദ്ദേഹം മരണശയ്യയിലായിരുന്നു. അദ്ദേഹം തന്‍റെ മാര്‍ഗ്ഗദര്‍ശിയായിരുന്ന ജി.എച്ച് ഹാര്‍ഡിക്ക് ഒരു കത്തെഴുതി. ഇതിനുമുമ്പ് കേട്ടിട്ടില്ലാത്ത ഗണിത സംബന്ധമായ പല പുതിയ വസ്തുതകളുടേയും രൂപരേഖകള്‍ അതില്‍ പ്രതിപാദിച്ചിരുന്നു. രാമാനുജന്‍ തന്നെ പറഞ്ഞത്: “ഞാന്‍ ഉറങ്ങിക്കിടക്കവേ എനിക്ക് വിചിത്രമായ ഒരനുഭവമുണ്ടായി. ഒഴുകുന്ന രക്തം, ചുകന്ന ഒരു തിരശീലയായി കണ്‍മുന്നില്‍. പൊടുന്നനെ ഒരു കൈ ആ തിരശ്ശീലയില്‍ ചിലത് എഴുതാന്‍ തുടങ്ങി. ഞാന്‍ അതീവ ശ്രദ്ധയോടെ നോക്കിയിരുന്നു. ആ കൈ നിരവധി “എലിപ്റ്റിക്കല്‍ ഇന്‍റഗ്രലുകള്‍” (elliptical integral) ആ തിരശീലയിലെഴുതി. അതെല്ലാം എന്‍റെ മനസ്സില്‍ പതിഞ്ഞു. ഉറക്കമുണര്‍ന്ന ഉടനെ ഞാനെല്ലാം നോട്ടുപുസ്തകത്തില്‍ കുറിച്ചുവെച്ചു”.

കഴിഞ്ഞ തൊണ്ണൂറു കൊല്ലങ്ങളായി, അന്ന് രാമാനുജന്‍ കുറിച്ചുവെച്ച തിയറങ്ങള്‍ എന്താണെന്ന് ആര്‍ക്കും ഒരു രൂപവുമുണ്ടായിരുന്നില്ല. എന്നാലും അവര്‍ക്കറിയാമായിരുന്നു. അത് അതീവ പ്രാധാന്യമുള്ള മഹത്തായ എന്തോ ഒന്നായിരിക്കണം എന്ന്. 2010 ലാണ് അവര്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചത്. ആ സിദ്ധാന്തങ്ങളില്‍ സൂചിപ്പിച്ചിരിക്കുന്നത് തമോഗര്‍ത്തങ്ങളുടെ പ്രകൃതത്തെക്കുറിച്ചുള്ള വിവരങ്ങളാണ് എന്ന്. 90 കൊല്ലം മുമ്പ് തമോഗര്‍ത്തങ്ങളെകുറിച്ച് ആരും ഒന്നും പറഞ്ഞിരുന്നില്ല. അങ്ങനെയൊരു വാക്കേ നിലവിലുണ്ടായിരുന്നില്ല. എന്നിട്ടും രാമാനുജന്‍ തന്‍റെ മരണശയ്യയില്‍ കിടന്നുകൊണ്ട് അതിനെ കുറിച്ച് ഗണിത ശാസ്ത്രപരമായ വ്യക്തമായ സൂചനകള്‍ നല്‍കി. മാത്രമല്ല എല്ലാം എന്‍റെ “ദേവി” പറഞ്ഞുതരുന്നതാണ് എന്ന് തുറന്നു പറയുകയും ചെയ്തു. രാമാനുജന്‍ “ദേവി എനിക്കു തന്നു” എന്നു പറയുമ്പോള്‍ അദ്ദേഹത്തിന് ദേവി ആ വാതില്‍ത്തന്നെയാണ്.

ഈശായോഗയും അങ്ങനെയുള്ള ഒരു പ്രവേശന കവാടമാണ്. ഈശയിലേക്കുവരുന്ന ഓരോരുത്തരും ആ വാതില്‍ അല്പമൊന്ന് തുറന്ന് അത്ഭുതം കൂറുന്നു. ഉടനെ അതടച്ചുവെക്കുകയും ചെയ്യുന്നു. നിങ്ങളുടെ ചുറ്റുമുള്ള എല്ലാവരുടെ കാര്യത്തിലും ഇങ്ങനെ സംഭവിക്കുന്നതു കാണാം. നിങ്ങളുടെ സ്വന്തം കാര്യവും അങ്ങനെത്തന്നെ. തുറക്കുന്നു. അത്ഭുതം കൂറുന്നു. ഉടനെ അടച്ചുവെക്കുന്നു. നല്ലൊരു കാഴ്ച കാണാന്‍ സാധിച്ചു. അതുകൊണ്ടായില്ല. നിങ്ങള്‍ അതപ്പോഴും തുറന്നുവെക്കണം. അതിലാണ് ശ്രദ്ധവേണ്ടത്.
ബന്ധപ്പെട്ട പോസ്റ്റുകള്‍


Type in below box in English and press ConvertLeave a Reply

Your email address will not be published. Required fields are marked *