सद्गुरु

ഹഠയോഗ പരിശീലിക്കുവാന്‍ തുടങ്ങുമ്പോള്‍, ശാരീരികമായ പരിമിതികള്‍ വലിയൊരു തടസ്സമായി തോന്നിയേക്കാം. അല്ലെങ്കിലും മനുഷ്യന്‍റെ മുന്നോട്ടുള്ള യാത്രകള്‍ ഏതുവഴിക്കായാലും അതില്‍ തടസ്സം സൃഷ്ടിക്കുന്നത് അവന്‍റെ ശരീരവും, മനസ്സുമാണ്.

സദ്‌ഗുരു : ആസനം എന്നാല്‍ ശരീരത്തിന്‍റെ പ്രത്യേകരീതിയിലുള്ള ഒരു നിലയാണെന്നു പറയാം. നിലകള്‍ പലതരത്തിലും തലത്തിലുമാകാം. എന്നാല്‍ ഈ കൂട്ടത്തില്‍ ഏതാനും ചിലതിനെ "യോഗാസനങ്ങള്‍" എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. യോഗ എന്നാല്‍ നിങ്ങളെ ബോധത്തിന്‍റെ കൂടുതല്‍ ഉയര്‍ന്ന ഒരു തലത്തിലേക്ക് എത്തിക്കുവാന്‍ സാധിക്കുന്ന ഒന്ന് എന്ന് മനസ്സിലാക്കണം. അത് ജീവിതത്തിനെ കുറിച്ച് സവിശേഷമായൊരു കാഴ്ചപ്പാട് പ്രദാനം ചെയ്യുന്നു.

സന്തോഷം തോന്നുമ്പോഴത്തെ ഇരിപ്പും സങ്കടം തോന്നുമ്പോഴത്തെ ഇരുപ്പും ഒരേ മട്ടിലല്ല. ദേഷ്യപ്പെടുമ്പോള്‍ വേറൊരു നില, ശാന്തി അനുഭവിക്കുമ്പോള്‍ ഇനിയൊരു നില

ആസനങ്ങളും വികാരങ്ങളും

ശ്രദ്ധിച്ചാല്‍ മനസ്സിലാവും – നിത്യജീവിതത്തില്‍ പലവിധ വിഷമങ്ങളും സമ്മര്‍ദ്ദങ്ങളും നമ്മള്‍ നേരിടുന്നു, പലതരത്തിലുള്ള മാനസികാവസ്ഥകളിലൂടെ കടന്നു പോകുന്നു. അതിനനുസരിച്ച് നമ്മുടെ നില്‍പിലും, നടപ്പിലും, ഇരിപ്പിലും, കിടപ്പിലുമൊക്കെ മാറ്റം വരുന്നുണ്ട്. സന്തോഷം തോന്നുമ്പോഴത്തെ ഇരിപ്പും സങ്കടം തോന്നുമ്പോഴത്തെ ഇരുപ്പും ഒരേ മട്ടിലല്ല. ദേഷ്യപ്പെടുമ്പോള്‍ വേറൊരു നില, ശാന്തി അനുഭവിക്കുമ്പോള്‍ ഇനിയൊരു നില. ഒരാള്‍ നില്‍ക്കുന്നതും ഇരിക്കുന്നതുമൊക്കെ സൂക്ഷിച്ചു നോക്കിയാല്‍ മനസ്സിലാവും, അയാളുടെ അപ്പോഴത്തെ മാനസികാവസ്ഥ എന്താണെന്ന്. ഇതിനെ അടിസ്ഥാനമാക്കിയിട്ടാണ് ആസനങ്ങള്‍ രൂപപ്പെടുത്തിയിട്ടുള്ളത്. കൃത്യമായ ഒരു നിലയിലേക്ക് ശരീരത്തെ കൊണ്ടുവരാനായാല്‍ അവനവന്‍റെ ബോധത്തെ ഉയര്‍ന്ന ഒരു തലത്തിലേക്കെത്തിക്കാന്‍ ഏതൊരാള്‍ക്കുമാകും. ഒരു പ്രത്യേക നില അവലംബിച്ചുകൊണ്ട് സ്വന്തം വികാര വിചാരങ്ങളെയും കാഴ്ചപ്പാടിനേയും, അനുഭവങ്ങളേയും കൂടുതല്‍ ആഴത്തില്‍ അറിയാനും സ്വാധീനിക്കാനുമാവും.

യോഗാസനങ്ങള്‍ വെറും ഒരു വ്യായാമമല്ല. നമ്മുടെ ശരീരത്തില്‍ സ്വാഭാവികമായുള്ള ഊര്‍ജ്ജത്തെ പ്രത്യേകമായൊരു ഉദ്ദേശ്യത്തോടുകൂടി ഒരു ദിശയിലേക്കു തിരിച്ചുവിടുന്നു. അതിനുള്ള സൂക്ഷ്മമായ ഒരു പ്രക്രിയയാണ് യോഗാസനം. വളരെ നിഷ്ഠയോടും ബോധത്തോടും കൂടി ചെയ്യേണ്ടുന്ന ഒരു പ്രവൃത്തിയാണ് യോഗ. പലതലത്തിലായാണ് അത് ചെയ്യേണ്ടത്. കായികമായ ഒരു അഭ്യാസം എന്ന നിലയില്‍ യോഗ ചെയ്യാം. കൂടുതല്‍ ഗൗരവത്തോടെ, ബോധപൂര്‍വ്വം ശ്വാസവും, മറ്റു ശാരീരിക പ്രവര്‍ത്തനങ്ങളും നിയന്ത്രിച്ചുകൊണ്ടും യോഗ ചെയ്യാം. ഓരോ നാഡീസ്പന്ദനത്തേയും നിരീക്ഷിച്ചുകൊണ്ട് അനുയോജ്യമായ മന്ത്രോച്ചാരണത്തോടുകൂടിയും യോഗ അഭ്യസിക്കാം. ശരീരത്തിലെ ഒരവയവം പോലും ചലിപ്പിക്കാതേയും യോഗ ചെയ്യാവുന്നതാണ്.

ആസനങ്ങളുടെ ശാസ്ത്രം.

"ആസനങ്ങളുടെ ശാസ്ത്രത്തെ ഹടയോഗ എന്നാണ് പറയുന്നത് "ഹ" എന്നാല്‍ സൂര്യനാണ് "ട" എന്നാല്‍ ചന്ദ്രനും. യോഗാഭ്യാസത്തില്‍ ആദ്യമായി ചെയ്യുന്നത്, ഓരോ വ്യക്തിയിലും സഹജമായുള്ള സ്ത്രീപുരുഷ ഭാവങ്ങളെ സമനിലയില്‍ കൊണ്ടു വരികയാണ്. ഇത് സാധിക്കാതെ ബോധത്തെ ഉയര്‍ത്തുക സാദ്ധ്യമല്ല. ശിവനെ അര്‍ദ്ധനാരീശ്വരന്‍ എന്നാണല്ലോ പറയുന്നത്. അതായത് പകുതിഭാഗം സ്ത്രീയും പകുതി ഭാഗം പുരുഷനായുമുള്ളവന്‍ അവിടന്ന് പുരുഷനാണ്, പൗരിഷത്തിന്‍റെ മൂന്നുരൂപമാണ്. അതേസമയം അവിടന്ന് സ്ത്രീയുമാണ്. ഈ രണ്ടു ഭാവങ്ങളും ഏറ്റ കുറച്ചിലുകളോടെ എല്ലാവരിലുമുണ്ട്. അവയെ സമശക്തിയില്‍ നിര്‍ത്തിയാല്‍ മാത്രമെ ഉയരങ്ങളിലേക്കു കയറിപ്പറ്റാനാവു: മനുഷ്യന് അവന്‍റെ പൂര്‍ണ്ണത കൈവരിക്കാനാവൂ. അതുകൊണ്ടാണ് യോഗാഭ്യാസത്തിലെ ആദ്യത്തെ പടി ഹടയോഗയാണെന്നു പറഞ്ഞത്, എന്നുവെച്ചാല്‍ നമ്മളില്‍ അന്തര്‍ലീനമായിരിക്കുന്ന സൗരചന്ദ്ര ശക്തികളെ സമനിലയിലാക്കുക.

യോഗശാസ്ത്രത്തില്‍ അടിസ്ഥാനപരമായി 84 ആസണങ്ങളുണ്ട് ഇവയിലൂടെ ക്രമേണ ഒരു വ്യക്തിക്ക് സ്വന്തം ബോധത്തെ ഉണര്‍ത്താനും ഉയര്‍ത്താനും സാധിക്കുന്നതാണ്. 84 ആസനങ്ങള്‍ എന്നു പറയുമ്പോള്‍ വ്യത്യസ്തമായ 84 നിലകള്‍ എന്നു വിചാരിക്കരുത്, യഥാര്‍ത്ഥത്തില്‍ ഈ 84 ഉം 84 രീതികളാണ്, സാഫല്ല്യം നേടാനുള്ള വഴികള്‍. ഈ യോഗാസനങ്ങളില്‍ ഏതെങ്കിലും ഒന്നിലെങ്കിലും നൈപുണ്യം നേടാനായാല്‍, ജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെല്ലാം അറിയാനാകുമെന്ന് തീര്‍ച്ച.

കുറച്ചുനേരം നിവര്‍ന്നിരുന്ന് ധ്യാനിക്കാന്‍ തുടങ്ങുമ്പോഴേക്കും കാലുകള്‍ പിറുപറുക്കാന്‍ തുടങ്ങും. "കഴയ്ക്കുന്നു, നീട്ടിവെക്കൂ". "അതിരാവിലെ എഴുന്നേറ്റ് വ്യായാമം ചെയ്യു"ന്നതിനാണ് നിര്‍ദ്ദേശം, പക്ഷെ ശരീരം പ്രതിഷേധിക്കുന്നു. "വേണ്ട കുറച്ചുകൂടി ഉറങ്ങണം." അനങ്ങാതെ ഇരിക്കേണ്ട സമയത്ത് കാലും കൈയ്യും നീട്ടണമെന്നു തോന്നും. കാലും കൈയ്യും നീട്ടി, നടു നിവര്‍ത്തി നില്‍ക്കേണ്ട നേരത്ത് എവിടെയെങ്കിലും ചാരിയിരിക്കണമെന്ന് ശരീരം ആവശ്യപ്പെടും. ഇതുപോലെ പലപല ആവശ്യങ്ങളുമായി ശരീരം നിങ്ങളെ നിരന്തരം ശല്യപ്പെടുത്തിക്കൊണ്ടിരിക്കും.

മനുഷ്യന്‍റെ മുന്നോട്ടുള്ള യാത്രകള്‍ ഏതുവഴിക്കായാലും അതില്‍ തടസ്സം സൃഷ്ടിക്കുന്നത് അവന്‍റെ ശരീരവും, മനസ്സുമാണ്

യോഗാസനങ്ങള്‍ ശരീരത്തിന് ആരോഗ്യവും സന്തോഷവും മാനസികമായ നിറവും പ്രദാനം ചെയ്യുന്നു. ഹഠയോഗ പരിശീലിക്കുവാന്‍ തുടങ്ങുമ്പോള്‍, ശാരീരികമായ പരിമിതികള്‍ വലിയൊരു തടസ്സമായി തോന്നിയേക്കാം. അല്ലെങ്കിലും മനുഷ്യന്‍റെ മുന്നോട്ടുള്ള യാത്രകള്‍ ഏതുവഴിക്കായാലും അതില്‍ തടസ്സം സൃഷ്ടിക്കുന്നത് അവന്‍റെ ശരീരവും, മനസ്സുമാണ്. മേലോട്ടു കയറാനുള്ള ചവിട്ടുപടികള്‍തന്നെ അവിടെ വിലങ്ങുതടികളായി മാറുന്നു. അതിനു കാരണം, നമ്മള്‍ അതിന്‍റെ സാദ്ധ്യതകളെ വേണ്ടതുപോലെ മനസ്സിലാക്കിയിട്ടില്ല എന്നുള്ളതാണ്.

മനുഷ്യന്‍റെ ശാരീരികവും മാനസികവുമായ ഘടനകളെ ആഴത്തില്‍ പഠിച്ചതിനുശേഷമാണ് ആചാര്യന്മാര്‍ യോഗശാസ്ത്രം രൂപകല്‍പന ചെയ്തിട്ടുള്ളത്. അവര്‍ 84 ആസനങ്ങള്‍ ചിട്ടപ്പെടുത്തി. ഈ ആസനങ്ങള്‍ പഠിക്കുകയും പരിശീലിക്കുകയും വഴി മനുഷ്യന് അവന്‍റെ ശാരീരികവും മാനസികവുമായ പ്രകൃതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താനാകും. ക്രമേണ പരമമായ സൗഖ്യം നേടാനും സാധിക്കും. ആദ്ധ്യാത്മിക മാര്‍ഗത്തിലെ മറ്റു പദ്ധതികളെല്ലാം, ശരീരത്തെ ശ്രേയോ മാര്‍ഗത്തിലെ പ്രധാന പ്രതിബന്ധമായികണ്ട് അവഗണിക്കുകയാണ് ചെയ്യുന്നത്.

https://www.publicdomainpictures.net