सद्गुरु

തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ അന്തേവാസികള്‍ക്കു വേണ്ടി 2015 നവംബര്‍ 4 ന് ഈഷാ യോഗ ഫൌണ്ടേഷന്‍ നടത്തിയ ഉപയോഗ ക്ലാസ്സ്. ഒരു ദൃക്-സാക്ഷിവിവരണം:

ദൂരെ സെന്‍ട്രല്‍ ജയിലിന്‍റെ പടുകൂറ്റന്‍ മതില്‍കെട്ടു കണ്ടപ്പോഴേ ഞങ്ങളുടെ മനസ്സൊന്നു പിടച്ചു. 15 മീറ്റര്‍ ഉയരവും രണ്ടരമീറ്റര്‍ വീതിയുമുള്ള വെള്ളയടിച്ച ചുറ്റുമതില്‍, അതിനപ്പുറത്തെന്തായിരിക്കും? ഞങ്ങളുടെ കൂട്ടത്തില്‍ ആര്‍ക്കും ഒരു രൂപവുമുണ്ടായിരുന്നില്ല. ഉയരം കുറഞ്ഞ ജയില്‍ കവാടത്തിനുള്ളിലൂടെ തല കുനിച്ചു പിടിച്ച് ഞങ്ങള്‍ അകത്തേക്കു കടന്നു, വഴികാട്ടാനായി മുമ്പില്‍ ഏതാനും പോലീസുകാര്‍. ചില ക്ഷേത്രങ്ങളില്‍ ഇങ്ങനെ കണ്ടിട്ടുണ്ട്, കാലുകള്‍ ഒരടി പൊക്കിയും തല ഒരടി കുനിച്ചും കേറേണ്ട പടിവാതില്‍, ‘ഞാന്‍ എന്ന അഹന്ത’ കളഞ്ഞിട്ടകത്തോട്ടു കയറിയാല്‍ മതി എന്ന് മുന്നറിയിപ്പു നല്‍കുന്നതു പോലെ.

ചില ക്ഷേത്രങ്ങളില്‍ ഇങ്ങനെ കണ്ടിട്ടുണ്ട്, കാലുകള്‍ ഒരടി പൊക്കിയും തല ഒരടി കുനിച്ചും കേറേണ്ട പടിവാതില്‍, ‘ഞാന്‍ എന്ന അഹന്ത’ കളഞ്ഞിട്ടകത്തോട്ടു കയറിയാല്‍ മതി എന്ന് മുന്നറിയിപ്പു നല്‍കുന്നതു പോലെ.

പരോളിലിറങ്ങിയിരുന്ന ഏതാനും തടവുകാരെ വീണ്ടും രജിസ്റ്റരില്‍ ഒപ്പ് വയ്പിച്ച് വിശദമായ പരിശോധനയ്ക്കു ശേഷം ജയിലിനുള്ളിലേക്കു കടത്തിവിടുന്നതു കണ്ടു. ജയിലിനെപ്പറ്റി എന്‍റെ മനസ്സില്‍ ആദ്യം പതിഞ്ഞത് അതാണ്‌ – അവിടെ അന്തേവാസികള്‍ക്കു പേരുകളില്ല, ഉള്ളത് നമ്പറുകള്‍ മാത്രം. അവര്‍ക്കവരുടെ വ്യക്തിത്വം നഷ്ടപ്പെട്ടിരിക്കുന്നു, നിര്‍ബന്ധപൂര്‍വം ആണെങ്കിലും. അതിന്‍റെ ഉള്ളിലേയ്ക്കു പ്രവേശിച്ചു കഴിഞ്ഞാല്‍ ഒരാള്‍ക്ക് ആദ്യം നഷ്ടപ്പെടുന്നത് അവനവന്റെ സ്വാന്തന്ത്ര്യമാണ്, ഞാന്‍ എന്ന വ്യക്തിത്വമാണ്!

ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ഏതോ ഒരു നമ്പര്‍ വിളിച്ചു; നടന്നുപോയ്ക്കോണ്ടിരുന്ന ചെറുപ്പക്കാരനായ സുമുഖനായ ഒരു ജയില്‍പ്പുള്ളി തിരിഞ്ഞുനിന്നു. ആ നമ്പറിനോടു ഞങ്ങളെ ടവറിലോട്ടു കൊണ്ടുപോകാനായി ഉത്തരവിട്ടു. ടവറിലെത്തിയതും ഒരു പോലീസുകാരന്‍ വന്ന് ഞങ്ങളെ നേരിട്ട് ജയില്‍ വളപ്പിലേക്ക് കൂട്ടിക്കോണ്ടുപോയി. വൃത്തിയും വെടിപ്പുമുള്ള മുറ്റം, ശുചിത്വമുള്ള ഇടനാഴികള്‍, അതിന്‍റെ ഒരു വശത്തായി വൃത്തിയുള്ള ഒഴിഞ്ഞുകിടക്കുന്ന തടവറകള്‍. ആമത്താഴിട്ടു പൂട്ടിയ കനത്ത ഇരുമ്പഴികള്‍ ഞങ്ങളെ തുറിച്ചുനോക്കുന്നതുപോലെ. പോകുന്ന വഴിയില്‍ വലതു വശത്ത് വലിയ ഒരു നടുമുറ്റം, അതിന്‍റെ മൂന്നുവശങ്ങളിലായി തടവറകള്‍, മുറ്റത്തിന്‍റെ നടുവിലായി വലിയൊരു സിമന്‍റു തൊട്ടിയില്‍ വെള്ളം നിറച്ചിരുന്നു. തടവുകാര്‍ മൂന്നു വരികളായിനിന്ന് ഇരുമ്പു ബക്കറ്റില്‍ വെള്ളം കോരി, തലയിലൂടെ ഒഴിക്കുന്നു. പ്രത്യേകിച്ച് പോലീസ് കാവലൊന്നുമുണ്ടായിരുന്നില്ല, എന്നാലും ആരും ബഹളം വെക്കുന്നതുകണ്ടില്ല. ചിട്ടയോടെ ഓരോരുത്തരായി തൊട്ടിയുടെ അരികിലെത്തി ബക്കറ്റില്‍ വെള്ളം നിറച്ച് ഊഴമിട്ട് വെള്ളം കോരി കുളിക്കുന്നു. അവരാരും പരസ്പരം സംസാരിക്കുന്നും ഉണ്ടായിരുന്നില്ല. മാന്യമായ നിശ്ശബ്ദത!

ആ കൂറ്റന്‍ മതിലുകള്‍ക്കു പുറത്തു കഴിയുന്നവരേക്കാള്‍ ശാന്തരും സ്വസ്ഥരുമായാണ് അവര്‍ കാണപ്പെട്ടത്. ഒരു പക്ഷേ സാഹചര്യങ്ങള്‍ കാരണം, വിലയേറിയ ചില ജീവിതമൂല്യങ്ങള്‍ അവരറിയാതെ അവരുടെ ജീവിതത്തിന്‍റെ ഭാഗമായിത്തീര്‍ന്നിട്ടുണ്ടാവാം... അന്തസ്സ്, ക്ഷമ, മൗനം പാലിക്കാനുള്ള കഴിവ്.

ആ വലിയ വളപ്പിലൂടെ ഞങ്ങള്‍ ജയിലിന്‍റെ ഉള്‍ഭാഗങ്ങളിലേക്കു നടന്നു. അതിനിടയില്‍ തിടുക്കത്തില്‍ ഒരേ ദിശയിലേയ്ക്കു നടന്നു നീങ്ങുന്ന ഒരമ്പതു തടവുകാരെയെങ്കിലും ഞങ്ങള്‍ കണ്ടിട്ടുണ്ടാവണം. എല്ലാവരും അല്പം പഴയതെങ്കിലും, വൃത്തിയുള്ള വെളുത്ത മുണ്ടും ഷര്‍ട്ടും ധരിച്ചിരുന്നു. നീണ്ടു നിവര്‍ന്ന്, തല ഉയര്‍ത്തിപ്പിടിച്ച്, നിര്‍ഭയരായാണവര്‍ നടന്നിരുന്നത്. എല്ലാവരുടേയും കാലില്‍ ഒരേ പോലെയുള്ള കറുത്ത റബ്ബര്‍ ചെരുപ്പുകള്‍. സത്യം പറയട്ടെ, അവരെ കണ്ടപ്പോള്‍ വലിയ ആപ്പീസുകളില്‍ കാണുന്ന സ്യൂട്ടും കോട്ടും ധരിച്ച ഉദ്യോഗസ്ഥരേക്കാള്‍ ഏതുവിധേനയും കൂടുതല്‍ അന്തസ്സുണ്ടെന്നു തോന്നി. അവരുടെ നില്പിലും, നടപ്പിലും നോട്ടത്തിലുമെല്ലാം പക്വത നിറഞ്ഞ ഗൗരവം, ഒരുതരം നിസ്സംഗത്വം. "ജീവിതത്തിന്‍റെ എല്ലാ രസങ്ങളും അനുഭവിച്ചറിഞ്ഞവരാണ് ഞങ്ങള്‍" എന്ന് പറയാതെ പറയുന്നതായിരുന്നു അവരുടെ ശരീരഭാഷ. സ്വാഭാവികമായും അവര്‍ മനസ്സുകൊണ്ടു പാകപ്പെട്ടുവരികയാണെന്നുള്ളത് സ്പഷ്ടമായിരുന്നു. ഒരു ചുവടുപോലും പിന്നോട്ടില്ല എന്ന ഭാവം. അതുതന്നെയായിരുന്നു വലിയൊരാള്‍ കൂട്ടത്തില്‍ നിന്നും അവരെ വേറിട്ടു നിര്‍ത്തിയിരുന്നത്. ആ കണ്ണുകളില്‍ തെല്ലുപോലും ജിജ്ഞാസയില്ല. ഒരാളും രണ്ടാമതൊരിക്കല്‍ ഞങ്ങളുടെ നേരെ മുഖമുയര്‍ത്തിയതുമില്ല.

അവരുടെ നില്പിലും, നടപ്പിലും നോട്ടത്തിലുമെല്ലാം പക്വത നിറഞ്ഞ ഗൗരവം, ഒരുതരം നിസ്സംഗത്വം. "ജീവിതത്തിന്‍റെ എല്ലാ രസങ്ങളും അനുഭവിച്ചറിഞ്ഞവരാണ് ഞങ്ങള്‍" എന്ന് പറയാതെ പറയുന്നതായിരുന്നു അവരുടെ ശരീരഭാഷ.

അവര്‍ ടവറിലേക്കു ആഞ്ഞു നടക്കുകയായിരുന്നു. അവിടെച്ചെന്ന് രജിസ്റ്ററില്‍ നമ്പര്‍ കുറിച്ചിടുന്നു. അന്നുചെയ്യേണ്ടതായ ജോലികള്‍ തീര്‍ന്നിരിക്കുന്നു, കുളിയും കഴിഞ്ഞിരിക്കുന്നു, ഇനി "ഞങ്ങളെ അതാതു തടവറയിലാക്കി പൂട്ടാം,” എന്ന് ചുമതലപ്പെട്ട ഉദ്യോഗസ്ഥനെ ബോദ്ധ്യപ്പെടുത്താനെന്ന പോലെ. അധികം പേരും തങ്ങളുടേതായ ഇടങ്ങളില്‍ ചെന്നു പറ്റാനുള്ള തിടുക്കത്തിലാണെന്നു തോന്നി. പകല്‍ വെളിച്ചം ഇനി ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രമേ കിട്ടൂ. അതിനിടിയില്‍ എഴുതാനും വായിക്കാനും ഏറെയുണ്ടാവും. അവരുടെ ജോലിസമയം രാവിലെ എട്ടുമുതല്‍ വൈകീട്ടു നാലുമണിവരെയാണ്, പിന്നെ നേരം പുലരുന്നതുവരെ ഇരുമ്പഴികള്‍ക്കപ്പുറത്താണ് ഓരോ നമ്പരും കഴിയുക. നിഷ്ക്കര്‍ഷത പാലിച്ചിരുന്നെങ്കിലും,പോലീസുദ്യോഗസ്ഥന്മാര്‍ വളരെ മാന്യമായാണ് തടവുപുള്ളികളോടു പെരുമാറിയിരുന്നത്. അതേ പോലെതന്നെ, തടവുകാര്‍ പോലീസുകാരോടും സ്നേഹാദരങ്ങളോടെയുള്ള സമീപനമാണ് പുലര്‍ത്തിയിരുന്നത്.

ഞങ്ങള്‍ യോഗപരിശീലനത്തിനായി ഒരുക്കിയിരുന്ന ഹാളിലേയ്ക്കു ചെന്നു. താഴെ വിരിച്ചിട്ടിരുന്ന ജമുക്കാളങ്ങളില്‍ മുപ്പത്തിരണ്ടു തടവുകാര്‍ യോഗം പരിശീലിക്കാനായി സന്നദ്ധരായി ഇരുന്നിരുന്നു, ഇരുപതിനും അമ്പത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ളവര്‍. എല്ലാവരും സാമാന്യ വിദ്യാഭ്യാസം നേടിയവരായിരുന്നു, ഉണര്‍വും ഉന്മേഷവും ആരോഗ്യവുമുള്ളവര്‍. "ആര്‍ക്കെല്ലാം ഇംഗ്ലീഷ് കേട്ടാല്‍ മനസ്സിലാവും?" ആ ചോദ്യത്തിനു മറുപടിയായി നാലു കൈകള്‍ ഉയര്‍ന്നു. ആ കൂട്ടത്തില്‍ അധികം പേരും ജീവപര്യന്തം തടവിന് വിധിക്കപ്പെട്ടവരായിരുന്നു.

ഔപചാരികമായ ഉദ്ഘാടനത്തിന് ഇനിയും കുറച്ചു സമയം വൈകും. അതുവരെ കാത്തിരിക്കാന്‍ വയ്യ. യോഗ വിദ്യാര്‍ത്ഥികള്‍ അക്ഷമരായിത്തുടങ്ങി. അതുകൊണ്ട് ഗെയിംസ് തുടങ്ങുന്നതായിരിക്കും നല്ലതെന്ന് തീരുമാനിച്ചു. ആ ഹാളിന്‍റെ മുന്‍വശത്തായുള്ള വരാന്തയിലേയ്ക്ക് തുറക്കുന്ന വാതില്‍ സാമാന്യത്തിലധികം വീതിയേറിയതായിരുന്നു, വീതി കൂടിയ അഴികളില്ലാത്ത ജനാലകളും. വരാന്ത മുഴുവന്‍ അഴിയിട്ടടച്ചിട്ടുണ്ട്. ഇടങ്കണ്ണിട്ടു നോക്കിയപ്പോള്‍, വരാന്തയില്‍ ഇടവിട്ട് ഒരുപറ്റം പോലീസുകാര്‍ നിരക്കുന്നതു കണ്ടു. ഞങ്ങള്‍ക്ക് ആകപ്പാടെ ഒരസ്വസ്ഥത. തടവുകാരിലും അത് പ്രകടമായിരുന്നു. ഏതായാലും വളണ്ടിയര്‍മാരുടെ നിര്‍ദ്ദേശമനുസരിച്ച് അവര്‍ എഴുന്നേറ്റു നിന്നു, രണ്ടുവരിയായി.

അദ്ധ്യാപകന്‍ ഉല്ലാസഭരിതനായി, കളിക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി. പതുക്കെ പതുക്കെ അന്തരീക്ഷത്തിനയവുവന്നു. എല്ലാവരും ഉന്മേഷത്തോടു കൂടി കളികളില്‍മുഴുകി. അധിക സമയം വേണ്ടിവന്നില്ല, യോഗാഭ്യാസത്തിനു വന്നവര്‍ ഓടാനും, ചാടാനും, കൈകള്‍ കൊട്ടി ബാക്കിയുള്ളവരെ പ്രോത്സാഹിപ്പിക്കാനും തുടങ്ങി, പൂര്‍ണ്ണ പങ്കാളിത്തത്തോടെയുള്ള മത്സരങ്ങളായി മാറി. പോലീസുകാര്‍ തികഞ്ഞ ജാഗ്രതയിലായിരുന്നു, എന്തെങ്കിലും അനിഷ്ടം സംഭവിച്ചാലോ എന്നു കരുതിയായിരിക്കും. കുറച്ചു കഴിഞ്ഞപ്പോള്‍, അവരുടെ പിരിമുറുക്കത്തിനും അയവുവന്നു.

മുഖ്യാതിഥികള്‍ ഹാളിലേക്കു കടന്നുവന്നു. കളികളും മത്സരങ്ങളും അവസാനിച്ചു. പ്രത്യേകിച്ച് നിര്‍ദ്ദേശങ്ങളൊന്നുമുണ്ടായില്ല, എന്നാലും "ഇരിക്കൂ" എന്ന നിര്‍ദ്ദേശം വരുന്നതുവരെ എല്ലാവരും കൈകെട്ടി വരിയായി നിന്നു, അതുകഴിഞ്ഞ് പട്ടാള ക്യാമ്പില്‍ പട്ടാളക്കാര്‍ ഇരിക്കുന്നതുപോലെ ചമ്രംപടഞ്ഞ്, കൈകള്‍ കാല്‍മുട്ടുകളില്‍ നിവര്‍ത്തി വച്ചു, സ്ഥാനം തെറ്റാതെ ഇരുന്നു.

ആശ്രമത്തിന്‍റെ പ്രതിനിധിയായി മാ കര്‍പ്പൂരി പൂക്കുല കുത്തിയ നെല്ല് നിറച്ച പറയ്ക്കരികില്‍ വച്ചിരുന്ന കുത്തുവിളക്കു കൈയിലെടുത്ത് അന്നവിളക്കു കത്തിച്ചു. ജയില്‍ സൂപ്രണ്ട് ശ്രീ സുരേഷ് കുമാറും, ടെക്നോപാര്‍ക്കിലെ അലയൈനിസ് കോണ്‍ഹില്ലിന്‍റെ മാനേജിങ്ങ് ഡയറക്ടറായ ശ്രീ രാകേഷ് ഗുപ്ത, ഇന്ത്യന്‍ CII വിമന്സ് നെറ്റ് കേരളത്തിന്റെ അദ്ധ്യക്ഷയായ ശ്രീമതി റീനാ വിവേകാനന്ദനും വിളക്ക് കൊളുത്തി. അവിടെ കൂടിയിരുന്ന തടവുകാരില്‍ ഒരാളെ അവരോടൊപ്പം നിന്ന് ദീപം തെളിയിക്കാനായി ശ്രീ സുരേഷ് കുമാര്‍ ക്ഷണിച്ചത് വിശേഷിച്ചും ശ്രദ്ധേയമായി. മലയാളം അത്രവശമില്ലാത്ത മാ കര്‍പ്പൂരി പറഞ്ഞൊപ്പിച്ചു, "സദ്‌ഗുരുവിന്‍റെ സാന്നിദ്ധ്യം ഇപ്പോള്‍ ഇവിടെയുണ്ട്. ഈ അവസരത്തെ നിങ്ങളുടെ ജീവിതത്തിലെ ഒരു പ്രധാന സംഭവമാക്കി മാറ്റാന്‍ നിങ്ങള്‍ തന്നെ മനസ്സിരുത്തണം." ഉച്ചത്തിലുള്ള കൈയ്യടി. മലയാളത്തിലുള്ള ആ രണ്ടു വരി ഹൃദയപൂര്‍വം അവര്‍ ഏറ്റു വാങ്ങിയിരിയ്ക്കുന്നു എന്നതിന്‍റെ അടയാളമായിരുന്നു അത്.

യോഗാഭ്യാസം ആരംഭിച്ചത്, ജയിലിലെ അന്തേവാസികളുടെ സ്വാനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ്. യോഗയെക്കുറിച്ച് അവനവനുള്ള കാഴ്ചപ്പാടുകള്‍ തുറന്നുപറയാന്‍ യോഗാദ്ധ്യാപകന്‍ അവരോട് ആവശ്യപ്പെട്ടു. ഓരോരുത്തരായി മടികൂടാതെ എഴുന്നേറ്റു നിന്നു. സാഹിത്യം കലര്‍ന്ന മലയാളത്തില്‍ അവനവനു പറയാനുള്ളത് വ്യക്തമാക്കി.

ചിലര്‍ യോഗ പഠിക്കാന്‍ തയ്യാറായിട്ടുതന്നെയാണ് വന്നിരുന്നത്. രണ്ടുപേര്‍ പദ്മാസനത്തിലിരുന്നു; ഒരാള്‍ വജ്രാസനത്തിലും. ക്ലാസ്സിനിടയില്‍ രണ്ടുതവണ പോലീസുകാര്‍ അകത്തു വന്ന് തല എണ്ണി ഉറപ്പു വരുത്തുന്നത് കണ്ടു. വെളിച്ചം കുറഞ്ഞ ഒരു മൂലയില്‍ മാറിയിരുന്ന് ഞാനെല്ലാം നിരീക്ഷിച്ചുകൊണ്ടിരുന്നു. നീണ്ട മൂന്നു മണിക്കൂര്‍, അതിനിടയില്‍ അവരാരുംതന്നെ പരസ്പരം സംസാരിക്കുന്നത് കാണുകയുണ്ടായില്ല. അവര്‍ കളികളിലേര്‍പ്പെട്ടിരിക്കുമ്പോഴും അതെന്‍റെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഏതോ ഒരു അദൃശ്യഭാഷയുടെ ഉപയോഗം, വാക്കുകളില്ലാതെ തന്നെ അവര്‍ക്ക് പരസ്പരം മനസ്സിലാക്കാനാകുന്നതുപോലെ. സ്വാഭാവികമായി രൂപപ്പെട്ട ഒരുള്‍ക്കാഴ്ച അവരില്‍ പ്രകടമായിരുന്നു. തികച്ചും ഒറ്റപ്പെട്ട ജീവിതം, തടവറയില്‍നിന്നും പുറത്തുവന്നാലും ഒരു നൂറു കണ്ണുകളുടെ കര്‍ശനമായ നിരീക്ഷണം, ശാരീരികാദ്ധ്വാനം ആവശ്യമുള്ള പലതരം കഠിനവേലകള്‍ക്കിടയിലും, തമ്മില്‍ മിണ്ടാനോ, നോക്കാനോ, കൈ എത്തിപിടിക്കാനൊപോലും അനുവാദമില്ലാത്ത നീരുറവകളില്ലാത്ത വരണ്ട ജീവിതം. അവനവനെ മനസ്സിലാക്കാനും നിയന്ത്രിക്കാനും, അതുപോലെ തന്നെ, മറ്റുള്ളവരെ മനസ്സിലാക്കാനും നിയന്ത്രിക്കാതിരിക്കാനും, സന്ദര്‍ഭങ്ങള്‍ക്ക്‌ വഴങ്ങിയിട്ടാണെങ്കിലും ഓരോരുത്തരും സ്വയം പഠിച്ചിട്ടുണ്ടാകണം.

എന്‍റെ മനസ്സിലേക്ക് ഒരായിരം ചിന്തകള്‍ തിക്കിത്തിരക്കി കടന്നുവന്നു- ജീവിതത്തില്‍ ദുഃഖകരമായ അനുഭവങ്ങളുണ്ടാകുമ്പോഴാണ്, ഇതിനെല്ലാം അപ്പുറത്തെന്ത് എന്ന് സ്വാഭാവികമായും മനുഷ്യന്‍ ചിന്തിക്കാന്‍ തുടങ്ങുന്നതെന്നും, അത്തരം അവസരങ്ങളിലാണ്‌ മനുഷ്യന്‍ സാധാരണയായി ഉള്ളിലേക്ക് ശ്രദ്ധ തിരിക്കുക എന്നും കേട്ടിട്ടുണ്ട്. അങ്ങനെയുള്ള ഒരു അന്തര്‍മുഖത്വം അവരറിയാതെതന്നെ ദീര്‍ഘകാലത്തെ ഏകാന്തവാസത്തിനിടയില്‍ ഈ തടവറകള്‍ക്കുള്ളില്‍ തളച്ചിടപ്പെട്ടിരിക്കുന്ന പലരുടേയും സ്വയചിത്തമായ ശൈലിയായിത്തീര്‍ന്നിട്ടുണ്ടാവണം. ഏകാന്തതയും നിശ്ശബ്ദതയും സ്വതവേ തന്നെ അവരുടെ ജീവിത്തിന്‍റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. അദ്ധ്യാത്മീകത തളം കെട്ടി നില്ക്കുന്ന ചുറ്റുപാട് എന്ന് വേണമെങ്കില്‍ നമുക്കാ പരിസരത്തെ വിശേഷിപ്പിയ്ക്കാം. അവിടെ എല്ലാവര്‍ക്കും കൃത്യമായി അറിയാം, എപ്പോഴൊക്കെയാണ് ആ ഏകാന്തതയ്ക്ക് ഭംഗം വരുക എന്നത്.

ഏകാന്തതയും നിശ്ശബ്ദതയും സ്വതവേ തന്നെ അവരുടെ ജീവിത്തിന്‍റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. അദ്ധ്യാത്മീകത തളം കെട്ടി നില്ക്കുന്ന ചുറ്റുപാട് എന്ന് വേണമെങ്കില്‍ നമുക്കാ പരിസരത്തെ വിശേഷിപ്പിയ്ക്കാം.

മണിക്കൂറുകളോളം നീണ്ടു നില്‍ക്കുന്ന കഠിനാദ്ധ്വാനാവും, മണിക്കൂറുകളോളം പ്രവര്ത്തനരഹിതമായിരിക്കുന്നതും അവരെ സംബന്ധിച്ചിടത്തോളം പുതുമയുള്ള വിഷയങ്ങളായിരുന്നില്ല എന്നതുകൊണ്ട്‌, ശരിയായ മാര്‍ഗ നിര്‍ദേശം ലഭിച്ച്, ഒരിക്കല്‍ യോഗവിദ്യ സ്വായത്തമാക്കാന്‍ കഴിഞ്ഞാല്‍, തീവ്രമായ യോഗാഭ്യാസത്തിനും, അതുവഴി അഗാധമായ ധ്യാനാവസ്ഥയിലെത്തിച്ചേരാനും അങ്ങനെയുള്ളവര്‍ക്ക് പ്രയാസമുണ്ടാവുകയില്ല എന്നെന്റെ മനസ്സ് പറഞ്ഞു. യോഗയുടെ രുചി നുകരാന്‍ അവര്‍ക്ക് കിട്ടുന്ന ഈ അവസരം അവരുടെ ജീവിതത്തിലെ വലിയൊരു ചുവടുവെപ്പ് തന്നെയായിരിക്കും. എന്തോ ഒരു വിഷാദവും കാര്‍ക്കശ്യവും ആ പരിസരങ്ങള്‍ക്ക് സഹജമായി ഉണ്ട് എന്ന വസ്തുത നിഷേധിക്കാനാവില്ല. അതേസമയം, വേണ്ടവിധത്തില്‍ പോഷിപ്പിക്കുകയാണെങ്കില്‍, സുന്ദരവും സുരഭിലവുമായ താമരപ്പൂക്കള്‍ മൊട്ടിട്ടു വിരിയാനുള്ള അവസരങ്ങള്‍ അവിടെത്തന്നെ നിറഞ്ഞ് തുളുമ്പി നില്‍ക്കുന്നു എന്നെനിക്കു തോന്നി.

തല്‍ക്കാലം അവരുടെ മനസ്സ് മുഴുവന്‍ എണ്ണമറ്റ ചിന്തകളില്‍ കുടുങ്ങിക്കിടക്കുകയാണ് എന്നത് വാസ്തവം. സ്വന്തം ചിന്തകളല്ലാതെ വേറൊരു കൂട്ട് അവര്‍ക്കില്ലല്ലോ! എന്നാലും കണിശമായ സാധനകളില്‍ കൂടി, വളരെ ചെറിയ കാലയളവില്‍, മനസ്സിന്റെ നിലയ്ക്കാത്ത പ്രവാഹത്തെ മെരുക്കിയെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞേക്കും. ക്രമേണ, അവരുടെ മനസ്സും ബുദ്ധിയും ആത്മീയമായ സ്വാതന്ത്രത്തിന്റെ സുഖം അനുഭവിക്കാന്‍ തുടങ്ങിയാല്‍ പിന്നെ ഭൌതികമായ ചുറ്റുപാടുകള്‍ അവര്‍ക്ക് മുന്‍പില്‍ ഒരു തടസ്സവുമാകുകയില്ല. ഇനിയും ഒരു 10 വര്ഷം കൂടി ആ ഇരുമ്പഴികള്‍ക്കുള്ളില്‍ കിടക്കേണ്ടിവന്നാലും, അതവരെ ഒരുവിധത്തിലും ബാധിക്കുകയില്ല.

തുടരും...