सद्गुरु

കുട്ടിക്കാലത്തൊരു ചിത്രശലഭത്തെ പിടിച്ചപ്പോള്‍, അതിന്റെ നിറങ്ങള്‍ കൈയില്‍ ഒട്ടിപ്പിടിച്ചപ്പോള്‍, ലോകത്തിലെ ഏറ്റവും വലിയ സന്തോഷം അതാണെന്നു നിങ്ങള്‍ വിചാരിച്ചിരുന്നില്ലേ?

 

സദ്ഗുരു : നാലും കൂടിച്ചേരുന്ന കവലകളില്‍ കുറച്ചു സമയം നില്‍ക്കുക. നിങ്ങളെ കടന്നുപോകുന്നവരെ ഒന്നു ശ്രദ്ധിക്കുക. എത്ര മുഖങ്ങളാണ് സന്തോഷത്തോടെ കാണപ്പെടുന്നത്? നൂറോളം പേര്‍ കടന്നുപോകുമ്പോള്‍ നാലോ അഞ്ചോ മുഖങ്ങളില്‍ മാത്രമാണു ചിരിയും സന്തോഷവും കാണപ്പെടുന്നത്, അവര്‍ യുവാക്കളുമാണ്. മറ്റുള്ളവര്‍ ജീവിതം തന്നെയും നഷ്ടപ്പെട്ടുപോയി എന്ന മുഖഭാവവുമായി നടന്നുപോവുകയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ?

നിങ്ങള്‍ക്ക് അഞ്ചു വയസ്സായിരുന്നപ്പോള്‍ ഒരു ചിത്രശലഭത്തിന്‍റെ പുറകേ ഓടിയത് ഓര്‍മ്മയിലുണ്ടോ? ആ ചിത്രശലഭത്തെ പിടിച്ചപ്പോള്‍, അതിന്‍റെ ചിറകിലെ നിറങ്ങള്‍ നിങ്ങളുടെ കൈയ്യില്‍ ഒട്ടിപ്പിടിച്ചപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ സന്തോഷം അതാണെന്നു നിങ്ങള്‍ വിചാരിച്ചിരുന്നില്ലേ? അന്നു നിങ്ങളുടെ ഉയരം എത്രയായിരുന്നു, ഇപ്പോള്‍ എത്രയാണ്? അതുപോലെ സന്തോഷവും അതിനനുസൃതമായി വളര്‍ന്നു വരേണ്ടതായിരുന്നില്ലേ?

നിഷ്കളങ്കമായ ആ ബാല്യത്തില്‍ സന്തോഷമല്ലാതെ ഒന്നും നിങ്ങള്‍ അനുഭവിച്ചിട്ടില്ല. പിന്നീട് എന്തുണ്ടായി? സന്തോഷവാനായിരിക്കാന്‍ പല കാര്യങ്ങളും നിങ്ങള്‍ തേടിത്തേടി കണ്ടുപിടിച്ച് ശേഖരിച്ചു വച്ചു. ഉന്നത വിദ്യാഭ്യാസം, സ്വന്തം വീട്, കമ്പ്യൂട്ടര്‍, ബൈക്ക്, കാറ്, ക്രെഡിറ്റ് കാര്‍ഡ്, ടി.വി., ഡി.വി.ഡി, സെല്‍ഫോണ്‍ എന്നു തുടങ്ങി അവരവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് എന്തൊക്കെ സൗകര്യങ്ങളാണ് ഉണ്ടാക്കി വച്ചത്? ചില നൂറ്റാണ്ടുകള്‍ക്കു മുമ്പു ജീവിച്ചിരുന്ന, ലോകത്തെ മുഴുവന്‍ കീഴ്പ്പെടുത്തികഴിഞ്ഞു എന്നഭിമാനിച്ചിരുന്ന ചക്രവര്‍ത്തിമാര്‍ക്കുപോലും ഇത്രയും സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല, അറിയാമോ? സന്തോഷത്തിനായി ജീവിതത്തില്‍ ഇത്രത്തോളം അന്വേഷിച്ച നിങ്ങള്‍ അവസാനം സന്തോഷം കൈവിട്ടു പോയതായി വിലപിക്കുന്നു. എവിടെപ്പോയി നിങ്ങളുടെ സന്തോഷം?

സന്തോഷത്തിനായി ജീവിതത്തില്‍ ഇത്രത്തോളം അന്വേഷിച്ച നിങ്ങള്‍ അവസാനം സന്തോഷം കൈവിട്ടു പോയതായി വിലപിക്കുന്നു..

ഒരു പ്രാവശ്യം അളവില്‍ കവിഞ്ഞു മദ്യപിച്ചശേഷം ശങ്കരന്‍പിള്ള ബസ് സ്റ്റോപ്പില്‍ പോയിനിന്നു. അപ്പോള്‍ അവിടെ എത്തിയ ബസ്സില്‍ ഭയങ്കര തിരക്കായിരുന്നു. ശങ്കരന്‍പിള്ള വളരെ ബുദ്ധിമുട്ടി ബസ്സിനകത്തു കയറിപ്പറ്റി. പത്തു പതിനഞ്ചു പേരെ ചവിട്ടി, നാലഞ്ചുപേരെ കൈമുട്ടു കൊണ്ടു തള്ളി നീക്കി ഉള്ളിലേക്ക് കടന്നു ചെന്നു.

ഒരു വൃദ്ധയുടെ സമീപത്തില്‍ ഇരുന്നിരുന്ന യാത്രക്കാരന്‍ എണീക്കുന്നതു കണ്ടപ്പോള്‍ ശങ്കരന്‍പിള്ള പല യാത്രക്കാരേയും ഇടിച്ചും തള്ളിയും മാറ്റിയിട്ടു വഴിയുണ്ടാക്കി ആ സീറ്റിലേക്കെത്താന്‍ ശ്രമിച്ചു. മദ്യപാനിയോടു നേരിടാന്‍ മടിച്ച മറ്റു യാത്രക്കാര്‍ മുഖം ചുളിച്ചുകൊണ്ടു വഴി മാറിക്കൊടുത്തു. ശങ്കരന്‍പിള്ള അഭിമാനത്തോടു കൂടി ആ സീറ്റില്‍ ചെന്നിരുന്നു. ഇരുപുറം നോക്കാതെ ഇരുന്നതു കാരണം അടുത്തിരുന്ന വൃദ്ധയുടെ ശരീരത്തിലേക്കു ചാഞ്ഞു പോയി. അപ്പോള്‍ വൃദ്ധ മടിയില്‍ വച്ചിരുന്ന പഴക്കൂട താഴെ വീണുരുണ്ടു.

ക്രൂദ്ധയായി ശങ്കരന്‍പിള്ളയെ നോക്കിയ വൃദ്ധ, "നീ നരകത്തിലേക്ക് തന്നെപോകും." എന്നു ശപിച്ചു.

ശങ്കരന്‍പിള്ള ചാടിയെണീറ്റ്, "വണ്ടി നിര്‍ത്തൂ, വണ്ടി നിര്‍ത്തൂ, എനിക്കു പോകാനുള്ളതു ഗാന്ധി നഗറിലേക്കാണ്. ഞാന്‍ വണ്ടി മാറി കയറിപ്പോയി" എന്നുറക്കെ വിളിച്ചു പറഞ്ഞു.

നിങ്ങളില്‍ പലരും ഇതുപോലെ ഏതു ബസ്സില്‍ കയറിയിരിക്കുന്നു എന്നതുപോലും അറിയാതെ കയറുകയും ഇറങ്ങുകയും ചെയ്തുകൊണ്ട് അസ്വസ്ഥരായിരിക്കുന്നു. ആഗ്രഹിച്ചതു ലഭിക്കാതെ പോയാല്‍ ദു:ഖിച്ചു മുഖം വീര്‍പ്പിച്ചിരിക്കുന്നതു വിഡ്ഢിത്തമാണ്. ആഗ്രഹിച്ചതു ലഭിച്ചശേഷവും നിങ്ങള്‍ക്കതു പൂര്‍ണ്ണമായും ആസ്വദിച്ചു സന്തോഷത്തോടെയിരിക്കാന്‍ കഴിയുന്നില്ല. പ്രകൃതിയില്‍നിന്നും ധാരാളം കാര്യങ്ങള്‍ നിങ്ങള്‍ക്കു പഠിക്കുവാനുണ്ട്.

തെങ്ങുകളെ ശ്രദ്ധിക്കു, നിങ്ങളുടെ പറമ്പില്‍ നീണ്ടു വളര്‍ന്നു നില്‍ക്കുന്നു. മധുരമുള്ള വെള്ളമുള്ള നാളികേരങ്ങള്‍ നല്‍കിക്കൊണ്ടേയിരിക്കുന്നു. മറ്റു വൃക്ഷങ്ങളെ മുറിച്ചുകളയുമ്പോഴും തെങ്ങുകളെ മുറിക്കാന്‍ നിങ്ങള്‍ക്കു മനസ്സുണ്ടാവില്ല. അവയ്ക്ക് വെള്ളമൊഴിച്ചു നിങ്ങള്‍ സംരക്ഷിക്കുന്നു. പക്ഷേ നിങ്ങള്‍ വെള്ളമൊഴിക്കും എന്നു പ്രതീക്ഷിച്ചിട്ടാണോ അവ നാളികേരങ്ങള്‍ ചുമന്നുകൊണ്ടു നില്‍ക്കുന്നത്? അതിന്‍റെ സ്വാഭാവികത എന്താണോ അതനുസരിച്ച് സംഭവിക്കുന്നു. അതിനു വേണ്ട ജലം സ്വയമേവ ലഭിക്കുകയും ചെയ്യുന്നു.

എന്നാല്‍ നിങ്ങളോ? നിങ്ങള്‍ക്കു സച്ചിനെപ്പോലെ ക്രിക്കറ്റ് കളിക്കണം, ഐശ്വറ്യാറോയിയെപ്പോലെ സുന്ദരിയായിരിക്കണം, ബില്‍ഗേറ്റ്സിനെപ്പോലെ ധനികനാകണം. ഇതുപോലെ ഒരു മാളിക, അതുപോലെ ഒരു കാറ്, അയാളുടേതുപോലെ ഒരു ജീവിതം, ഇയാളുടേതുപോലെ അന്തസ്സ്.... എന്നിങ്ങനെ പ്രതിഫലത്തെ നിങ്ങള്‍ ആദ്യം തീരുമാനിക്കുന്നു. അതു പ്രതീക്ഷിച്ചു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു. നിങ്ങള്‍ക്കതു നല്ലതായിരിക്കുമോ എന്നുപോലും നോക്കാതെ, അതാണു ശരി എന്നു വരുത്തിത്തീര്‍ക്കുന്നു.

ഇങ്ങനെ അന്യരെ നോക്കി അതുപോലെ നിങ്ങളുടെ ജീവിതത്തെ രൂപീകരിക്കുവാന്‍ ശ്രമിക്കുമ്പോള്‍ ജീവിതം നരകതുല്യമായിത്തീരുന്നു. അതെ, നിങ്ങളുടെ സ്വത്വത്തെ മനസ്സിലാക്കാതെ എതിര്‍ദിശയില്‍ തുഴയുന്നതാണ് എല്ലാ ദു:ഖങ്ങള്‍ക്കും കാരണം. അല്ലാതെ നിങ്ങളുടെ അടിസ്ഥാനപരമായ ആഗ്രഹങ്ങള്‍ ഒരു കുറ്റമല്ല. നിങ്ങളുടെ സ്വത്വം എന്താണ്? അതു നിങ്ങള്‍ എങ്ങനെ മനസ്സിലാക്കുന്നു? സന്തോഷമില്ലാതെ ഇരിക്കുന്നതില്‍പരം വലിയ ഒരു കുറ്റം വേറൊന്നുമില്ല.

സന്തോഷമില്ലാതെ ഇരിക്കുന്നതില്‍പരം വലിയ ഒരു കുറ്റം വേറൊന്നുമില്ല.

ഒരു സ്ത്രീയോട് ഒരു പുരുഷന്‍ അധികാരം കാണിക്കുന്നതിനെ നാം എന്തുകൊണ്ടനുവദിക്കുന്നു? ഒരു പുരുഷന് പല രീതികളില്‍ ശാരീരികമായോ, വൈകാരികമായോ ഹൃദയം പങ്കുവയ്ക്കാന്‍ ഒരു സ്ത്രീ ആവശ്യമാണ്. ഇല്ലെങ്കില്‍ പുരുഷന്‍റെ ശൗര്യം കാരണം സ്ത്രീവംശം എപ്പോഴേ നാമാവശേഷമായേനെ. സത്യത്തില്‍ ഒരു പുരുഷനു വ്യക്തിപരമായി സ്ത്രീയോടു വെറുപ്പില്ല, ദ്വേഷ്യം ഇല്ല എന്നാല്‍ മതവും, പാരമ്പര്യമായി പഠിപ്പിക്കപ്പെട്ട സിദ്ധാന്തങ്ങളുമനുസരിച്ച് മാത്രമേ അവന് സ്ത്രീയോട് പെരുമാറാന്‍ അറിയുകയുള്ളൂ. ഒരു സ്ത്രീയെ 'സ്ത്രീ ശരീരം' എന്ന രീതിയില്‍ മാത്രം വീക്ഷിക്കുന്ന സ്ഥിതിയില്‍നിന്നും മാറി ഒരു സഹജീവി എന്ന രീതിയില്‍ വീക്ഷിക്കുന്നതുവരെ ഈ വിഷമസ്ഥിതി തുടരുകതന്നെ ചെയ്യും. ഒരു പുരുഷന്‍റെ ആവശ്യങ്ങളെ മറികടന്ന് സ്ത്രീ വളര്‍ന്നാല്‍ മാത്രമേ സ്ത്രീക്കു പൂര്‍ണ്ണ സ്വാതന്ത്ര്യം ലഭിക്കുകയുള്ളൂ.

https://pixabay.com/p-1185032/?no_redirect