सद्गुरु

സംഗീതം... കേവലം ഉല്ലാസം എന്നതിനുപരി പരിണാമത്തിന്റെ ഒരുപാധിയായിട്ടാണതിനെ അഭിമുഖീകരിക്കേണ്ടത്, ആത്മീയസാധനയുടെ ഉപാധിയായി. ഹിന്ദുസ്ഥാനി സംഗീതവും കര്‍ണാടക സംഗീതവും തമ്മിലുള്ള വ്യത്യാസം, വിശേഷിച്ചും അതിന്റെ സ്വരഭാവതലങ്ങളെകുറിച്ച്‌ കുറച്ചെങ്കിലും ജ്ഞാനമുള്ളതു നല്ലതാണ്.

സദ്ഗുരു : ഭാരതീയ ശാസ്‌ത്രീയ സംഗീതത്തിന്‌ വേദങ്ങളോളം പഴക്കമുണ്ട്‌. സ്വരങ്ങള്‍ പ്രയോജനപ്പെടുത്തി മനുഷ്യജീവിതത്തെ സ്വാധീനിക്കാനാകും. അതിലേക്ക്‌ ഹിന്ദുസ്ഥാനി സംഗീതത്തിനുള്ള കഴിവ്‌ അപാരമാണ്‌. ലോകത്തിന്റെ മറ്റെവിടെയെങ്കിലും ഇതിനോടു കിടനില്‍ക്കാവുന്ന ഒരു സംഗീത സംസ്‌കാരമുണ്ടെന്നു തോന്നുന്നില്ല.

ശാസ്‌ത്രീയ സംഗീതത്തിന്‌ വേദങ്ങളോളം പഴക്കമുണ്ട്‌. സ്വരങ്ങള്‍ പ്രയോജനപ്പെടുത്തി മനുഷ്യജീവിതത്തെ സ്വാധീനിക്കാനാകും..

ഇന്ത്യയിലെ ശാസ്‌ത്രീയ സംഗീതം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഒന്ന്‍ ദക്ഷിണേന്ത്യയിലെ കര്‍ണാടക സംഗീതം. രണ്ടാമത്തേത്‌ ഉത്തരേന്ത്യയിലെ ഹിന്ദുസ്ഥാനി സംഗീതം. ഹിന്ദുസ്ഥാനി സംഗീതം സ്വരപ്രധാനമാണ്‌, കര്‍ണാടക സംഗീതം ഭാവപ്രധാനവും. ആരംഭദശയില്‍ ഈ വ്യത്യാസമുണ്ടായിരുന്നിരിക്കാന്‍ വഴിയില്ല. എന്നാല്‍ കഴിഞ്ഞ നാനൂറോളം വര്‍ഷങ്ങളായി കര്‍ണാടക സംഗീതത്തിന്റെ ശക്തി അതിന്‍റെ സ്വഭാവസമൃദ്ധി തന്നെയാണ്‌. ആ കാലയളവില്‍ ഇവിടെ വേരുറപ്പിച്ച ഭക്തി പ്രസ്ഥാനം അത്രത്തോളം അതിനെ സ്വാധീനിച്ചിരിക്കുന്നു. കര്‍ണാടക സംഗീതത്തിലെ കീര്‍ത്തനങ്ങളില്‍ ഏറേയും രചിച്ചിട്ടുള്ളത്‌ ത്യാഗരാജന്‍, പുരന്ദരദാസന്‍ തുടങ്ങിയ മഹാഭക്തന്മാരാണ്‌. സ്വാഭാവികമായും അവരുടെ ഹൃദയത്തില്‍ തുളുമ്പിനിന്ന ഭക്തിഭാവം അവരുടെ കൃതികളേയും ഭക്തി നിര്‍ഭരമാക്കി.

ഹിന്ദുസ്ഥാനി സംഗീതം ഭാവത്തെ ഒഴിവാക്കി സ്വരത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. സ്വരങ്ങളെ അവര്‍ അതീവ ഹൃദ്യമായി പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്‌തു. ഹിന്ദുസ്ഥാനി സംഗീതത്തില്‍ അവാന്തര വിഭാഗങ്ങള്‍ പലതുണ്ട്‌. ഓരോന്നിനും അതിന്റേതായ സവിശേഷതകളുമുണ്ട്‌. ഹിന്ദുസ്ഥാനി സംഗീതം ആസ്വദിക്കാന്‍ മാത്രം ചുരുങ്ങിയത്‌ രണ്ടുകൊല്ലത്തെ പരിശീലനമെങ്കിലും വേണം. പഠിച്ച്‌ കച്ചേരി നടത്താന്‍ എത്രകാലത്തെ പരിശീലനം വേണ്ടിവരുമെന്ന്‍ ഊഹിക്കാമല്ലോ! അത്രയധികം സങ്കീര്‍ണതകള്‍ ഇതില്‍ ഉള്‍ചേര്‍ന്നിരിക്കുന്നു. നിങ്ങളുടെ ഹൃദയത്തെ അവ അതിശയകരമായ വിധത്തില്‍ സ്‌പര്‍ശിക്കും.

ശബ്‌ദം എന്നാല്‍ എന്താണ്‌? യോഗശാസ്‌ത്രത്തില്‍ അത്‌ നാദബ്രഹ്മമാണ്‌, ദൈവീകമാണ്‌, ബ്രഹ്മം തന്നെയാണ്‌. എല്ലാ സൃഷ്‌ടികള്‍ക്കും ആധാരമായിരിക്കുന്നത്‌ നാദമാണ്‌. ജീവന്റെ ആദ്യത്തെ തുടിപ്പുണ്ടായത്‌ ഒരു പ്രകമ്പനത്തില്‍ നിന്നാണ്‌, അതായത്‌ ഒരു ശബ്‌ദത്തില്‍ നിന്ന്‍. ഈ സത്യം നമുക്കെല്ലാം അനുഭവിച്ചറിയാനാകും. ധ്യാനാവസ്ഥയില്‍ ഒരു പ്രത്യേക നിലയിലെത്തിക്കഴിഞ്ഞാല്‍പ്പിന്നെ അവിടെ നാദമല്ലാതെ മറ്റൊന്നുമില്ല. പ്രപഞ്ചം നാദമയം - ഈയൊരു അവബോധത്തില്‍നിന്നാകണം സംഗീതം ഉരുത്തിരിഞ്ഞുവന്നത്‌. യഥാര്‍ത്ഥ സംഗീതജ്ഞരെ ശ്രദ്ധിച്ചിട്ടുണ്ടോ? സംഗീതസാരത്തില്‍ ആണ്ടുകിടക്കുന്നവര്‍. അവര്‍ മിക്കവാറും ധ്യാനാവസ്ഥയിലായിരിക്കും കഴിയുക. അവരെ നമ്മള്‍ മഹാത്മാക്കളായി, പൂര്‍വജന്മത്തെ സിദ്ധിവിശേഷം മറന്നിട്ടില്ലാത്ത ആത്മാക്കളായി കാണുന്നു.
അതുകൊണ്ടാണ്‌ സൂചിപ്പിച്ചത്‌, സംഗീതത്തിന്റെ ആരംഭം കേവലമൊരു വിനോദോപാധിയായിരുന്നില്ല, ആത്മീയസാധനയുടെ തന്നെ ഒരു ഭാഗമായിരുന്നു അത്‌. ഓരോ രാഗവും മനുഷ്യനെ ആത്മീയമായ ഔന്നത്യത്തിലേക്ക്‌ പടിപ്പടിയായി നയിക്കാന്‍ വേണ്ടിയുള്ളതായിരുന്നു. മനുഷ്യന്‌ ഈശ്വരസാന്നിദ്ധ്യം അറിയാനും അനുഭവിക്കുവാനും ആസ്വദിക്കുവാനുമുള്ള വഴിയൊരുക്കുക, അതായിരുന്നു സംഗീതത്തിന്റെ ദൌത്യം. മനുഷ്യമനസ്സിന്റെ സര്‍വതോന്മുഖമായ വികാസത്തിനുള്ള ഒരുപാധിയായിട്ടാണ്‌ നമ്മുടെ പൂര്‍വ്വികന്മാര്‍ സംഗീതത്തെ ആവിഷ്‌കരിച്ചത്‌.

ഈശ്വരസാന്നിദ്ധ്യം അറിയാനും അനുഭവിക്കുവാനും ആസ്വദിക്കുവാനുമുള്ള വഴിയൊരുക്കുക, അതായിരുന്നു സംഗീതത്തിന്റെ ദൌത്യം.

സംഗീതാഭിരുചി ഇല്ലാത്തവര്‍ക്കും അത്‌ ക്രമത്തില്‍ വളര്‍ത്തിയെടുക്കാനാവും. അത്‌ വലിയ ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. ബോധപൂര്‍വമുള്ള ശ്രമത്തിനു തയ്യാറാവണമെന്നു മാത്രം. സ്വസ്ഥമായിരുന്ന്‍ ധാരാളം സംഗീതം ശ്രദ്ധിക്കുക. മറ്റു ചിന്തകളെ പടിക്കു പുറത്തു നിര്‍ത്തി, മനസ്സ്‌ പതുക്കെ പതുക്കെ സംഗീതത്തില്‍മാത്രം മുഴുകട്ടെ – എല്ലാ ആധികളുമൊഴിഞ്ഞ്‌ മനസ്സ്‌ സ്വസ്ഥവും ശാന്തവുമാവാന്‍ ഏറെനേരം വേണ്ട!

 

Photo credit to : https://i.ytimg.com/vi/b4IYHuOmQPE/maxresdefault.jpg