सद्गुरु

ഈ ശരീരം, ആകാശം, ഭൂമി, അഗ്നി, വായു, ജലം എന്നീ പഞ്ചഭൂതങ്ങളുടെ ഒരു കളിക്കളമാണ്‌. ഈ പഞ്ചഭൂതങ്ങള്‍ നിങ്ങളുടെയുള്ളിലെങ്ങിനെ വ്യവഹരിക്കുന്നു എന്നതിനെയാശ്രയിച്ചായിരിക്കും, നിങ്ങളുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും നിര്‍ണ്ണയിക്കുന്നത്‌. ഇവയുടെ കൈവലയങ്ങളില്‍ നിന്നു മുക്തമാകലാണ്‌, ഭൂതശുദ്ധി.

ശരീരത്തെ ഇടയ്ക്കിടെ ശുദ്ധീകരിക്കുക എന്നത്‌ അതിനെ വലിയ വലിയ സാധ്യതകളിലേക്ക്‌ എത്തിക്കുന്നതിന്റെ ഭാഗമാണ്‌. സ്വാഭാവികമായ രീതിയില്‍ ശരീരത്തെ വിഷമുക്തമാക്കാന്‍ എപ്പോഴും കഴിയും. അത്‌ സ്വഭവനത്തില്‍ നിന്നു തന്നെ തുടങ്ങുകയും ചെയ്യാം. ശരീരത്തിലെ പഞ്ചഭൂതങ്ങളെ ശുദ്ധീകരിക്കാനുള്ള ലളിതമായ രീതികള്‍ നിര്‍ദ്ദേശിക്കുകയും, അതോടൊപ്പം തന്നെ, എങ്ങിനെ ശരീരത്തെ നൈസര്‍ഗ്ഗികമായി വിഷമുക്തമാക്കാന്‍ കഴിയും എന്നു പരിശോധിക്കുകയുമാണ്‌ യോഗിയും മിസ്റ്റിക്കുമായ സദ്‌ഗുരു.

സദ്‌ഗുരു :- വാസ്‌തവത്തില്‍ ശരീരം, ആകാശം, ഭൂമി, അഗ്നി, വായു, ജലം എന്നീ പഞ്ചഭൂതങ്ങളുടെ ഒരു കളിക്കളമാണ്‌. “പഞ്ചഭൂതനിര്‍മ്മിതമായ പാവ” എന്നാണ്‌ ഭാരതീയര്‍ ശരീരത്തെക്കുറിച്ചു പറയാറ്‌. 72% ജലവും 12% ഭൂമിയും 6% വായുവും 4% അഗ്നിയും ബാക്കി ആകാശവും കൂടിച്ചേര്‍ന്നതാണീ ശരീരം. ഭൌതികതലത്തിന്റെ പരിമിതികളെ മറികടക്കാനും അതിന്നതീതമായ ഒരു മാനത്തിന്റെ സവിധത്തിലെത്താനും വേണ്ടുന്ന അടിസ്ഥാനപരമായ യോഗസാധനകളില്‍ ഒന്നാണ്‌ ഭൂതശുദ്ധി.

ഭൌതികതലത്തിന്റെ പരിമിതികളെ മറികടക്കാനും അതിന്നതീതമായ ഒരു മാനത്തിന്റെ സവിധത്തിലെത്താനും വേണ്ടുന്ന അടിസ്ഥാനപരമായ യോഗസാധനകളില്‍ ഒന്നാണ്‌ ഭൂതശുദ്ധി.

ഈ പഞ്ചഭൂതങ്ങള്‍ നിങ്ങളുടെയുള്ളിലെങ്ങിനെ വ്യവഹരിക്കുന്നു എന്നതിനെയാശ്രയിച്ചായിരിക്കും നിങ്ങളുടെ എല്ലാ കാര്യങ്ങളും നിര്‍ണ്ണയിക്കുന്നത്‌. പഞ്ചഭൂതങ്ങളുടെ കൈവലയങ്ങളില്‍ നിന്നു മുക്തമാകലാണ്‌ ഭൂതശുദ്ധി, ഭൌതികതലത്തില്‍ നിന്നു മുക്തമാവുക എന്നു സാരം. ഭൌതികതല പരിമിതികളെ മറികടക്കാനും അതിന്നതീതമായ മാനത്തിന്റെ സന്നിധിയിലെത്താനും വേണ്ടി അനുഷ്‌ഠിക്കുന്ന അടിസ്ഥാനയോഗസാധനയാണ്‌ ഭൂതശുദ്ധി.
സ്വാഭാവികമായി ഭൂതശുദ്ധി നടത്താവുന്ന ലളിതമായ ചില രീതികളുണ്ട്‌, ഇതത്ര ഉയര്‍ന്നതരം ഭൂതശുദ്ധിയല്ലെന്നു മാത്രം. എങ്കിലും ഇതിലൂടെ പഞ്ചഭൂതങ്ങളെ ഒട്ടൊക്കെ ശുദ്ധീകരിക്കാനാവും.

ജലം :

പഞ്ചഭൂതങ്ങളില്‍വെച്ച്‌ ഏറ്റവും പ്രധാനം ജലമാണ്‌. ജലത്തിന്‌ കാര്യമായ ശ്രദ്ധ തന്നെ കൊടുക്കണം. കാരണം അതിന്റെ അനുപാതം 72% മാണ്‌, അതിന്‌ അപാരമായ ഓര്‍മശക്തിയുണ്ടുതാനും. വേപ്പിന്റെയോ തുളസിയുടേയോ ഇലകള്‍ ജലത്തില്‍ ഇട്ടുവയ്ക്കുക. ജലത്തിലെ രാസമാലിന്യങ്ങളെ ദൂരീകരിക്കാന്‍ ആ ഇലകള്‍ക്കു കഴിയില്ലെങ്കിലും, ഉന്മേഷവും ശക്തിയും നല്‍കുന്ന ഒരുവസ്‌തുവായി ജലത്തെ മാറ്റിയെടുക്കാന്‍ അവയ്ക്കു കഴിയും. വെള്ളം ചെമ്പു പാത്രത്തിലാക്കി വയ്ക്കുക എന്നതാണ്‌ മറ്റൊരു മാര്‍ഗ്ഗം. അപ്പോള്‍ ജലത്തിന്‌ ആ ലോഹത്തിന്റെ ഗുണങ്ങള്‍ കൂടി കൈവരും. അത്‌ ശരീരത്തിനു വളരെ പ്രയോജനപ്രദമാണ്‌.

ഭൂമി :

ശരീരത്തില്‍ 12 ശതമാനമാണ്‌ ഭൂമി. ഭക്ഷണം എങ്ങിനെയാണ്‌ നിങ്ങളുടെ ഉള്ളിലേക്കു പോവുന്നത്‌, അത്‌ ആരുടെ കൈകളില്‍നിന്നാണ്‌ എത്തുന്നത്‌, എങ്ങിനെയാണ്‌ നിങ്ങള്‍ അത്‌ ഭക്ഷിക്കുന്നത്‌, എങ്ങിനെയാണ്‌ നിങ്ങള്‍ അതിനെ സമീപിക്കുന്നത്‌, ഈ ഘടകങ്ങളെല്ലാം പ്രാധാന്യമര്‍ഹിക്കുന്നവയാണ്. എല്ലാറ്റിനുമുപരി, നിങ്ങള്‍ ആഹരിക്കുന്ന ഭക്ഷണം ജീവനാണ്‌ എന്ന കാര്യം ഓര്‍മ്മിക്കുക. നമ്മെ നിലനിര്‍ത്താന്‍ വേണ്ടി സ്വജീവന്‍ ത്യജിക്കുകയാണ് മറ്റു ജീവജാലങ്ങള്‍. നമ്മുടെ ജീവനെ നിലനിര്‍ത്താന്‍ വേണ്ടി സ്വജീവന്‍ പരിത്യജിക്കുന്ന ആ ജീവജാലങ്ങളോടുള്ള കൃതജ്ഞത ഉള്ളില്‍തട്ടി ഭക്ഷിക്കാന്‍ കഴിയുമെങ്കില്‍, ഭക്ഷണം ശരീരത്തിലെത്തുമ്പോള്‍ വളരെ വ്യത്യസ്‌ത രീതിയിലാവും പ്രവര്‍ത്തിക്കുക.

വായു :

വായുവിന്റെ അനുപാതം 6% മാണ്‌. അതില്‍ 1% മാത്രമാണ്‌ നിങ്ങളുടെ ശ്വാസം. ബാക്കി മറ്റു പലരീതികളില്‍ നടന്നുകൊണ്ടിരിക്കുകയാണ്‌. ശ്വസിക്കുന്ന വായുവല്ല, മറിച്ച്‌ ആ വായുവിനെ നിങ്ങള്‍ ഉള്ളില്‍ പിടിച്ചു നിര്‍ത്തുന്ന രീതിയാണ്‌ നിങ്ങളില്‍ സ്വാധീനത ചെലുത്തുക. ശ്വസനം നടത്താനുള്ള ആ ഒരു ശതമാനത്തിന്റെ കാര്യത്തിലും നിശ്ചയമായും ശ്രദ്ധകാട്ടണം. എന്നാല്‍, നഗരവാസിയാണെങ്കില്‍ ഏതു തരം വായുവാണു ശ്വസിക്കുന്നത്‌ എന്ന കാര്യം നിര്‍ണ്ണയിക്കാന്‍ നിങ്ങള്‍ക്കാവില്ല. അപ്പോള്‍, ഉദ്യാനത്തിലൂടെയോ തടാകക്കരയിലൂടെയോ നടക്കാന്‍ പോവുന്നത്‌ ശീലമാക്കുക.

ഏതു തരം അഗ്നിയാണ്‌ നിങ്ങളുടെ ഉളളിലെരിയുന്നത്‌? ദുരാഗ്നി (fire of greed) യാണോ? ദോഷാഗ്നി (fire of hatred) യാണോ? കോപാഗ്നിയാണോ? സ്‌നേഹാഗ്നിയാണോ? അതോ കരുണാഗ്നിയാണോ?

പ്രത്യേകിച്ചും, നിങ്ങളുടെ വീട്ടില്‍ കുട്ടികളുണ്ടെങ്കില്‍ മാസത്തിലൊരിക്കലെങ്കിലും അവരെ പുറത്തു കൊണ്ടു പോവുക എന്നതില്‍ ശ്രദ്ധ ചെലുത്തുക. അത്‌ സിനിമാതിയ്യറ്ററിലേക്കോ മറ്റോ ആവരുതെന്നുമാത്രം. കാരണം, ചലച്ചിത്രങ്ങളിലെ ശബ്‌ദങ്ങളും, വിചാരവികാരങ്ങളും, അവ കാഴ്‌ചക്കാരുടെ മനസ്സിലുളവാക്കുന്ന പ്രതിഫലനങ്ങളും, സിനിമാശാലകളുടെ ഇടുങ്ങിയ ഹാളിലെ വായുവിനെ സ്വാധീനിക്കും. സിനിമയ്ക്കു പോവുന്നതിനു പകരം മക്കളെ നദീതീരത്തേക്കോ മറ്റോ കൊണ്ടുപോവുക. അവരെ നീന്തല്‍ പഠിപ്പിക്കുകയോ മലകയറ്റം പരിശീലിപ്പിക്കുകയോ ചെയ്യുക. അതിനുവേണ്ടി അങ്ങ്‌ ഹിമാലയത്തിലേക്കൊന്നും ഇറങ്ങിത്തിരിക്കേണ്ട ആവശ്യമില്ല. കുട്ടിയെ സംബന്ധിച്ചിടത്തോളം ചെറിയൊരു കുന്നുപോലും പര്‍വ്വതത്തിനു തുല്യമാണ്‌, ഒരു പാറപ്പുറമായാലും വേണ്ടില്ല. അവരില്‍ ഒരാളായി നിങ്ങളും മലകയറുകയും അവരോടൊപ്പം ഇരിക്കുകയും ചെയ്യുക. അവരെ സംബന്ധിച്ചിടത്തോളം അത്യന്തം രസകരമായിരിക്കും അത്‌. അവരുടെ കായിക ശേഷി മെച്ചപ്പെടുകയും ചെയ്യും. ഒപ്പം നിങ്ങളുടെ കായികശേഷിയും മെച്ചപ്പെടും, നിങ്ങളുടെ മനസ്സും ശരീരവും വ്യത്യസ്‌തമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങും. സര്‍വ്വോപരി, സ്രഷ്‌ടാവിന്റെ സൃഷ്‌ടിയോട്‌ സംസര്‍ഗ്ഗത്തിലാവുകയായിരിക്കും നിങ്ങള്‍. അതാണല്ലൊ ഏറ്റവും പ്രധാന സംഗതി.

അഗ്നി :

ഉള്ളിലെരിയുന്നത്‌ ഏതുതരം അഗ്നിയാണെന്ന കാര്യത്തിലും നിങ്ങള്‍ക്ക്‌ ശ്രദ്ധ ചെലുത്താന്‍ കഴിയും. ദിവസവും കുറെ സമയം ശരീരത്തില്‍ സൂര്യപ്രകാശം പതിക്കുന്ന കാര്യത്തില്‍ ശ്രദ്ധിക്കുക. കാരണം, എപ്പോഴും പരിശുദ്ധമാണ്‌ സൂര്യപ്രകാശം. ഭാഗ്യവശാല്‍, അതിനെ മലിനമാക്കാന്‍ ആര്‍ക്കും കഴിയില്ല. ഏതു തരം അഗ്നിയാണ്‌ നിങ്ങളുടെ ഉളളിലെരിയുന്നത്‌? ദുരാഗ്നി (fire of greed) യാണോ? ദോഷാഗ്നി (fire of hatred) യാണോ? കോപാഗ്നിയാണോ? സ്‌നേഹാഗ്നിയാണോ? അതോ കരുണാഗ്നിയാണോ? ആ കാര്യത്തില്‍ ശ്രദ്ധ കൊടുത്തു കഴിഞ്ഞാല്‍ സ്വന്തം ശരീരത്തിന്റെയും മനസ്സിന്റെയും ക്ഷേമത്തെക്കുറിച്ച്‌ ബേജാറാവേണ്ടി വരില്ല. കാരണം, അത്‌ പരിഹരിക്കപ്പെടുകയായി.

ആകാശം :

സൃഷ്‌ടിയായിരിക്കുന്ന സംഗതിക്കും, സൃഷ്‌ടിസ്രോതസ്സായിരിക്കുന്ന സംഗതിക്കും ഇടയ്ക്ക്‌ വര്‍ത്തിക്കുന്ന തലമാണ്‌ ആകാശം. മറ്റു നാലു ഭൂതങ്ങളെ നന്നായി പരിപാലിച്ചാല്‍, ആകാശം സ്വയം പരിപാലിച്ചുകൊള്ളും. സ്വജീവിതത്തില്‍ ആകാശത്തിന്റെ സഹകരണം എങ്ങിനെ നേടിയെടുക്കാമെന്ന് അറിയാമെങ്കില്‍ അനുഗ്രഹീതമാവും നിങ്ങളുടെ ജീവിതം.