सद्गुरु

ഉണ്ണി ബാലകൃഷ്ണന്‍ : എപ്പോഴാണ് നമ്മള്‍ ദൈവത്തില്‍ വിശ്വസിച്ചു തുടങ്ങിയത്? നമ്മുടെ പുരാണങ്ങള്‍ എപ്പോഴും കര്‍മ്മത്തെക്കുറിച്ചാണല്ലോ പറഞ്ഞിരുന്നത്.

സദ്‌ഗുരു : ശരിയാണ്, നമ്മുടെ നാട്ടിലെ പുരാണങ്ങള്‍ ഒരിക്കലും ദൈവങ്ങളെക്കുറിച്ച് പറഞ്ഞിട്ടില്ല. ഭാരതം ദൈവങ്ങളില്ലാത്ത നാടാണ്. നിങ്ങള്‍ കേരളിയര്‍ ദൈവത്തിന്‍റെ സ്വന്തം നാട്ടിലാണെന്ന വസ്തുത എനിക്കറിയാം. നമ്മുടെ പുരാണങ്ങള്‍ എല്ലാ കാലത്തും നമ്മെ പഠിപ്പിച്ചിട്ടുള്ളത് കര്‍മ്മത്തെക്കുറിച്ചാണ്. നിങ്ങളുടെ ജീവിതം നിങ്ങളുടെ കര്‍മ്മമാണ്, അതിന്‍റെ അര്‍ത്ഥം, നിങ്ങളുടെ ജീവിതം പൂര്‍ണമായും നിങ്ങളുടെ തന്നെ സൃഷ്ടിയാണെന്നാണ്. മിക്കപ്പോഴും നിങ്ങള്‍പോലും അറിയാതെയാണ് അത് നടക്കുന്നത്. സാധാരണഗതിയില്‍ നിങ്ങളുടെ ശരീരവും മനസ്സും ഒരു ശതമാനം ബോധാവസ്ഥയിലായിരിക്കും. ബാക്കി 99 ശതമാനം ശരീരവും മനസ്സും കരുതുന്നത് മറ്റാരോ ആണ് ഇതൊക്കെ നമുക്കുമേല്‍ ചെയ്യുന്നതെന്നാണ്.

നിങ്ങളുടെ ജീവിതം നിങ്ങളുടെ കര്‍മ്മമാണ്, അതിന്‍റെ അര്‍ത്ഥം, നിങ്ങളുടെ ജീവിതം പൂര്‍ണമായും നിങ്ങളുടെ തന്നെ സൃഷ്ടിയാണെന്നാണ്.

ഈ രാജ്യത്ത് 33 ദശലക്ഷം ദൈവങ്ങള്‍ ഉണ്ട്, കാരണം ദൈവങ്ങളെ സൃഷ്ടിക്കാനുള്ള സാങ്കേതിക വിദ്യ നമുക്കറിയാം. ഈ ഗ്രഹത്തില്‍ ഇന്നുള്ള മനുഷ്യ ജീവിതം മറ്റേതൊരു ജീവസമൂഹത്തിനും മേല്‍ ഒരു മേല്‍ക്കൈയുള്ളതാണ്. അതിന്‍റെ കാരണം നമ്മുടെ ശാരീരിക ശേഷിയല്ല, മറിച്ച് യന്ത്രങ്ങള്‍ ഉണ്ടാക്കാനും ഉപയോഗിക്കാനുമുള്ള നമ്മുടെ കഴിവാണ്. ഇന്ത്യയില്‍ ഏതാണ്ട് എല്ലാ ദൈവസങ്കല്‍പ്പങ്ങളോടപ്പം ഓരോ യന്ത്രവുമുണ്ടാവും. ജീവിതത്തിന്‍റെ ഓരോ തലത്തിനും അതതിനു വേണ്ട വിധത്തില്‍ ഓരോ യന്ത്രമുണ്ടാക്കി, അല്ലെങ്കില്‍ ഓരോ ദൈവത്തെയുണ്ടാക്കി. അതിനെ എങ്ങിനെ പ്രവര്‍ത്തിപ്പിക്കണമെന്ന് നമുക്കറിയുമെങ്കില്‍ അത് നമുക്ക് വേണ്ടി പണിയെടുക്കും. അതിനോടു ചേര്‍ന്ന് ഒരു ശബ്ദമുണ്ടാകും, അതിനെ നമ്മള്‍ മന്ത്രം എന്ന് വിളിച്ചു. അതിന് ഒരു രൂപമുണ്ടാകും. അതിനെ നമ്മള്‍ മുദ്ര എന്ന് വിളിച്ചു.

ഓരോ യന്ത്രത്തിനും ഓരോ രീതികളുണ്ട്; അത് അതതിന്‍റെ ആരാധനാ രീതികളായി. ഇവയൊക്കെ അസ്തിത്വത്തിലേക്ക് തുറക്കുന്ന ജാലകങ്ങളാണ്, ഉപകരണങ്ങളാണ്, യന്ത്രങ്ങളാണ്, പക്ഷേ, നമ്മള്‍ അവയെ ദേവന്മാര്‍ എന്ന് വിളിച്ചു. ദൈവം എന്ന വാക്ക് പുറത്തുനിന്ന് വന്നതാണ് നമ്മള്‍ ദേവന്‍ എന്നാണ് വിളിക്കുന്നത്. ദേവന്‍ എന്ന വാക്കിന്‍റെ അര്‍ഥം ഔന്നത്യമുള്ള വ്യക്തി എന്നാണ്. ഔന്നത്യമുള്ള ഏതു മനുഷ്യനേയും ഒരു കാലത്ത് ദേവനായി കണ്ടിരുന്നു. ഇന്ന് സച്ചിന്‍ ടെണ്ടുല്‍ക്കരെ ഇന്ത്യയില്‍ ക്രിക്കറ്റ് ദൈവമായി കാണുന്നത് ഇതിന്‍റെ ഭാഗമാണ്. ഇന്ത്യന്‍ രീതികളില്‍ അത് സ്വാഭാവികമാണ്, കാരണം അങ്ങ് മുകളില്‍ ഒരു ദൈവമുണ്ടെന്ന് നമ്മള്‍ ഒരിക്കലും വിശ്വസിച്ചിരുന്നില്ല. അത് അടുത്ത കാലത്ത് നമ്മുടെ ഇടയിലേക്ക് പുറത്തുനിന്ന് വന്നുചേര്‍ന്ന വിശ്വാസമാണ്. ഇവിടെ അങ്ങിനെയല്ല, ഒരു വലിയ മാധ്യമ പ്രവര്‍ത്തകനായാല്‍ നിങ്ങളെ ജേണലിസ്റ്റ് ദൈവമെന്ന് അവര്‍ വിളിക്കും. സാധാരണമെന്ന് കരുതുന്നതിനപ്പുറത്തേക്ക് നിങ്ങളുടെ കാഴ്ചപ്പാട് വളര്‍ന്നാല്‍, അവരെ നമ്മള്‍ ദേവന്‍ എന്ന് വിളിക്കും. ഒരാള്‍ കായിക രംഗത്തോ സംഗീതത്തിലോ കലയിലോ ഭരണരംഗത്തോ അതല്ലെങ്കില്‍ ആത്മീയതയിലോ ഔന്നത്യമുള്ള വ്യക്തിയാണ് എന്ന് സ്ഥാപിക്കപ്പെട്ടു കഴിഞ്ഞാല്‍, അമാനുഷിക കഴിവുള്ള ആ വ്യക്തിയെ സാധാരണ ജനം ദേവന്‍ എന്നു സംബോധന ചെയ്യും. നമുക്ക് പന്തീരായിരമോ പതിനയ്യായിരമോ വര്‍ഷത്തെ ചരിത്രമുള്ളതുകൊണ്ട് ഇത്തരത്തില്‍ നിരവധി ദേവന്മാരെ ചരിത്രത്തിലുടനീളം നമ്മള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരെ ഇപ്പോഴും ആ രൂപത്തില്‍ നിലനിര്‍ത്തുന്നുമുണ്ട്.

ഔന്നത്യമുള്ള ഏതു മനുഷ്യനേയും ഒരു കാലത്ത് ദേവനായി കണ്ടിരുന്നു. ഇന്ന് സച്ചിന്‍ ടെണ്ടുല്‍ക്കരെ ഇന്ത്യയില്‍ ക്രിക്കറ്റ് ദൈവമായി കാണുന്നത് ഇതിന്‍റെ ഭാഗമാണ്.

അതു കൂടാതെ നമുക്ക് പ്രയോജനപ്പെടുന്ന ചില ഊര്‍ജ രൂപങ്ങളെ നിര്‍മ്മിക്കാനുള്ള ചില പ്രത്യേക മാര്‍ഗങ്ങളും നമ്മള്‍ കണ്ടെത്തിയിട്ടുണ്ട്. ഉപകരണങ്ങളുടെ കരുത്തെന്തെന്ന് മിക്കവരും മറന്നു പോകാറുണ്ട്. ഇത്തരം ഉപകരണങ്ങള്‍, ചെറുതാണെങ്കിലും, എല്ലായ്പോഴും നാം ഉപയോഗിച്ചു കൊണ്ടിരിക്കുന്നത് കാരണം, അവയുടെ മൂല്യം മനസ്സിലാക്കാതെ, ഗുണമായി ഭവിക്കുന്നതെല്ലാം അവനവന്റെ കഴിവ് കൊണ്ടാണ് എന്ന തെറ്റിദ്ധാരണ അവരില്‍ ഉളവാകുന്നു.

ഇപ്പോള്‍ ഈ കസേരയുടെ സ്ക്രൂ, ഒരു സ്ക്രൂഡ്രൈവര്‍ ഇല്ലാതെ അഴിക്കാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെട്ടാല്‍, നിങ്ങളുടെ നഖങ്ങളും വിരല്‍തുമ്പും പല്ലുകളും ഒക്കെ നാശമാകും. എന്നാല്‍പ്പോലും സ്ക്രൂ അഴിച്ചെടുക്കാന്‍ പറ്റിയെന്നുവരില്ല. പക്ഷേ, നിങ്ങള്‍ക്ക് ഒരു ചെറിയ സ്ക്രൂഡ്രൈവര്‍ ഞാന്‍ തന്നാല്‍, അത് വളരെ ലളിതമായ ഒരു ജോലിയായി മാറും. ഇത് എല്ലാ തലത്തിലുമുണ്ട്. ഭൗതികമായ ഇത്തരം ഉപകരണങ്ങളെപ്പോലെ ഭൗതികേതരമായ ഉപകരണങ്ങളുമുണ്ട്. അതാണ് നമ്മള്‍ ദൈവങ്ങളെന്ന് വിളിക്കുന്ന യന്ത്രങ്ങള്‍. ഇക്കാര്യങ്ങളൊക്കെ വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടതും, തെറ്റായ രീതിയില്‍ വ്യഖ്യാനിക്കപ്പെട്ടതുമാണ്.

നിങ്ങള്‍ സൌഖ്യമായി ഇരിക്കുന്നുവെങ്കില്‍ അത് നിങ്ങളുടെ പ്രവര്‍ത്തികൊണ്ടാണ്, നിങ്ങള്‍ക്ക് ജീവിതസൌഖ്യം ഇല്ലാ എങ്കില്‍, അതും നിങ്ങളുടെ പ്രവര്‍ത്തിമൂലമാണ്.

നമ്മുടെ രാജ്യത്ത് ഉണ്ടായിരുന്ന തനതായ രചനകളെല്ലാം അധിനിവേശത്തിലും മറ്റും നശിപ്പിക്കപ്പെട്ടതാണ്. പുറത്തുളളവര്‍ ഇതെന്‍റെ വഴി, അത് നിന്‍റെ വഴി എന്ന പ്രമാണത്തില്‍ വിശ്വസിക്കുന്നവരാണ്. അവരാണ് പറഞ്ഞത്, നമ്മള്‍ ഒരുപാട് ദൈവങ്ങളില്‍ വിശ്വസിക്കുന്നുവെന്ന്. നമ്മള്‍ ഒരു ദൈവത്തിലും വിശ്വസിക്കുന്നിള്ള എന്നുള്ളതാണു സത്യം! നമ്മളെപ്പോഴും അഭിമാനത്തോടെ പറഞ്ഞിരുന്നത് നിന്‍റെ ജീവിതം നിന്‍റെ കര്‍മ്മമാണെന്നാണ്. അതായത്, നിങ്ങള്‍ സൌഖ്യമായി ഇരിക്കുന്നുവെങ്കില്‍ അത് നിങ്ങളുടെ പ്രവര്‍ത്തികൊണ്ടാണ്, നിങ്ങള്‍ക്ക് ജീവിതസൌഖ്യം ഇല്ലാ എങ്കില്‍, അതും നിങ്ങളുടെ പ്രവര്‍ത്തിമൂലമാണ്. നിങ്ങളുടെ ജീവിതം നിങ്ങളുടെ കര്‍മ്മമാണെന്ന് പറഞ്ഞാല്‍ നിങ്ങളുടെ ജീവിതം പൂര്‍ണമായും നിങ്ങളുടെ നിര്‍മിതിയാണെന്ന് അര്‍ത്ഥം. അപ്പോള്‍ പിന്നെ എവിടെയാണ് വിശ്വസിക്കുന്നതിന്‍റെയും അവിശ്വസിക്കുന്നതിന്‍റെയും പ്രശ്നം വരുന്നത്?

Photo courtsey to : https://upload.wikimedia.org/wikipedia/commons/e/ef/Brahma,_Vishnu_and_Shiva_seated_on_lotuses_with_their_consorts,_ca1770.jpg