सद्गुरु

മരണസമയത്തെ ചിന്തകള്‍ പുനര്‍ജന്മത്തെ ബാധിക്കുമോ? എന്ന പംക്തിയുടെ തുടര്‍ച്ച...
പത്തറുപതു വയസ്സെത്തുമ്പോള്‍ സാധാരണ ഗതിയില്‍ ഒരു മനുഷ്യന്‍റെ ഉത്തരവാദിത്തങ്ങളൊക്കെ കഴിഞ്ഞിട്ടുണ്ടാവും. ശേഷിച്ച ബാധ്യതകളെല്ലാം അടുത്ത തലമുറയെ എല്പിച്ചിട്ട്‌, ശിഷ്ടജീവിതം ഈശ്വരസാക്ഷാത്കാരത്തിനായി, ഈശ്വര പ്രാര്‍ത്ഥനയില്‍ മുഴുകി കഴിയുന്നതാണ് യുക്തി.

സദ്ഗുരു :മരണ നിമിഷം, നിങ്ങളില്‍ ഒരു പ്രത്യേക ചിന്ത ഉടലെടുത്തു എന്നിരിക്കട്ടെ, ഭാവിയില്‍ ഉണ്ടാകാന്‍പോകുന്ന ജന്‍മഗുണവിശേഷം അതിനനുസരിച്ചായിരിയ്ക്കും. അതുകൊണ്ടാണ് സ്വന്തം കുടുംബക്കാരോടൊപ്പം ഇരുന്ന്‍ മരിയ്ക്കാന്‍ പാടില്ല എന്നു ഭാരതീയ പാരമ്പര്യ സംസ്കാരത്തില്‍ പറയുന്നത്. നിങ്ങളുടെ വേര്‍പാടിലുള്ള അവരുടെ ദു:ഖം കണ്ട്, അവരോടൊപ്പം കുറച്ചുനാള്‍ കൂടി തങ്ങാനുള്ള ആഗ്രഹം വന്നാല്‍, വിണ്ടും അതേ സാഹചര്യത്തില്‍ വന്നു പിറന്നേക്കാം. ജനങ്ങള്‍ ആദികാലത്ത്, മരണസമയത്തിന് മുമ്പായി വാനപ്രസ്ഥം എന്ന നിലയ്ക്ക് വനാന്തരങ്ങളില്‍ പോയി കാലം കഴിച്ചുകൊണ്ടിരുന്നതിന് കാരണം അതാണ്.

അന്ത്യനിമിഷത്തില്‍ ഏതു പ്രത്യേകതരത്തിലുള്ള വികാരവിചാരങ്ങളാണോ മനോമുകുരത്തില്‍ മുഖ്യമായിട്ടുമുള്ളത്, അതിനനുസരിച്ചായിരിയ്ക്കും ആ വ്യക്തിയുടെ അടുത്ത ജന്‍മത്തിലുള്ള ഗുണദോഷങ്ങളും..

നേരത്തേ ഞാന്‍ പറഞ്ഞതിന് അനുബന്ധമായി മറ്റൊരു കാര്യം കൂടി ഉണ്ട്. മരണനിമിഷം നിങ്ങള്‍ക്ക് എന്തെങ്കിലും പ്രത്യേക ചിന്ത ഉണ്ടായിയെന്നിരിയ്ക്കട്ടെ. ഭാവിയിലുള്ള നിങ്ങളുടെ ജന്‍മത്തിലും അതിനനുസരിച്ചുള്ള ഗുണവിശേഷം നിലനില്ക്കുകതന്നെ ചെയ്യും. അതുകൊണ്ടാണ് മരണസമയത്ത് ശാന്തിയും, സമാധാനവും, ക്ഷേമവും, ഒക്കെ പൂര്‍ണമായിട്ടുള്ള ഒരന്തരീക്ഷം നാം സൃഷ്ടിക്കണമെന്ന് പറയുന്നത്. അന്ത്യനിമിഷത്തില്‍ ഏതു പ്രത്യേകതരത്തിലുള്ള വികാരവിചാരങ്ങളാണോ മനോമുകുരത്തില്‍ മുഖ്യമായിട്ടുമുള്ളത്, അതിനനുസരിച്ചായിരിയ്ക്കും ആ വ്യക്തിയുടെ അടുത്ത ജന്‍മത്തിലുള്ള ഗുണദോഷങ്ങളും.

കുരുക്ഷേത്രയുദ്ധത്തിനുശേഷം ധൃതരാഷ്ട്രര്‍, ദ്രൗപതി, കുന്തി, സഹായിയായി സഞ്ജയനും ചേര്‍ന്ന് അവരുടെ വര്‍ദ്ധക്യകലത്താണല്ലോ വാനപ്രസ്ഥത്തിനായി വനാന്തരങ്ങളിലേയ്ക്ക് പോയത്. രാജകൊട്ടാരത്തില്‍കിടന്നു മരിയ്ക്കാനാഗ്രഹമില്ലാത്തതുകൊണ്ടായിരുന്നു വനന്തരങ്ങളിലേയ്ക്ക് പോയത്. അന്ധനും മൂഢനുമായിരുന്നു ധൃതരാഷ്ട്രര്‍; എങ്കിലും അതിനുള്ള വിവേകം അദ്ദേഹത്തിന്നുണ്ടായിരുന്നു. ഇന്നീ ആധുനികലോകത്തിന്, ആ വിധമുള്ള വിവേകം നഷ്ടപ്പെട്ടിരിയ്ക്കുകയാണ്. മക്കളെല്ലാം ചക്രവര്‍ത്തിതുല്യരായിരിന്നിട്ടും, ജീവിതത്തില്‍ എന്തെല്ലാം കഷ്ടപ്പാടുകള്‍ സഹിക്കേണ്ടിവന്നാലും ശരി, രാജകൊട്ടാരത്തിന്‍റെ സര്‍വസുഖഭോഗങ്ങളും അന്ത്യനാളുകളില്‍ അനുഭവിയ്ക്കാന്‍ കഴിയുമായിരുന്നിട്ടുകൂടി, കുന്തിയും എല്ലാം വിട്ടെറിഞ്ഞ്‌, അവരോടൊപ്പം മരണം വരിയ്ക്കാന്‍ കാട്ടില്‍പോയി.

അവരെല്ലാം കാടിനുള്ളില്‍ കീഴ്ക്കാംതൂക്കായ ഒരു മലമുകളില്‍കയറി താമസിച്ചു. ഈ സമയം അവിടെ ഒരു കാട്ടുതീ പടര്‍ന്നു. പടുവൃദ്ധരായി കഴിഞ്ഞിരുന്നതിനാല്‍, കാട്ടുതീയെ ചെറുത്തുനില്‍ക്കാനോ ഓടിരക്ഷപ്പെടാനോ ആവാതെ അവര്‍ നിശ്ചേഷ്ടരായി. അഗ്നിക്കിരയാകുന്നതിനു മുമ്പ് ധൃതരാഷ്ട്രര്‍ സഞ്ജയനോടായി പറഞ്ഞു,
“നീ ഇത്രയുംനാള്‍ എന്നെ നന്നായി സേവിച്ചു. നിനക്കിപ്പോഴും ആരോഗ്യം ഉണ്ട്, ചെറുപ്പവും ആണ്, നീയിവിടെനിന്നും രക്ഷപ്പെട്ടുകൊള്ളുക. വൃദ്ധരായ ഞങ്ങള്‍ മൂവ്വരും അഗ്നിക്കിരയായിക്കൊള്ളട്ടെ.”

എന്നാല്‍ സഞ്ജയന്‍ അതിനു വിസമ്മതിച്ചു. അങ്ങിനെ അവര്‍ നാലുപേരും ഒരുമിച്ചു മരണത്തെ ബോധപുര്‍വ്വം സ്വാഗതം ചെയ്തു.

കുടുംബാംഗങ്ങളോടൊപ്പം ജീവിയ്ക്കുന്നതിനിടയില്‍ മരിക്കാനിടവന്നാല്‍, അതിതീവ്രമായ അഭിനിവേശവും, ആസക്തിയും ആയിരിയ്ക്കും മരണസമയത്ത്. അത് ഭാവിയില്‍ യാതൊരുവിധ ക്ഷേമവും പ്രദാനം ചെയ്യുകയില്ല. ഇന്നും ഈ രാജ്യത്തു പലരും മരണസമയത്തിനുമുമ്പായി കാശിയ്ക്കു പോയി മരണം വരിയ്ക്കുന്നത് പ്രസിദ്ധമാണല്ലോ? കാശി ഒരു പുണ്യസ്ഥലമാണെന്ന വിശ്വാസമുള്ളതുകൊണ്ടാണത്. ശിവഭഗവാന്‍റെ ഭഗവത്പ്രസാദം ഏറ്റുവാങ്ങികൊണ്ട് മരിയ്ക്കണമെന്നാണവരുടെ ആഗ്രഹം. മരണസമയത്ത് കുടുംബാംഗങ്ങളോടൊപ്പം അവരുടെ വികാരങ്ങള്‍ പ്രകടിപ്പിയ്ക്കാനവര്‍ ആഗ്രഹിയ്ക്കുന്നില്ല.

കുടുംബാംഗങ്ങളോടൊപ്പം ജീവിയ്ക്കുന്നതിനിടയില്‍ മരിക്കാനിടവന്നാല്‍, അതിതീവ്രമായ അഭിനിവേശവും, ആസക്തിയും ആയിരിയ്ക്കും മരണസമയത്ത്.

ലോണ്‍ തിരിച്ചടയ്ക്കാനുള്ള സമയമായി

ജീവിതത്തില്‍ മരണം മാത്രമാണ് സംശയലേശമെന്യേ നിശ്ചയമായിട്ടുള്ളത്. നിങ്ങള്‍ നാളിതുവരെ നല്ല രീതിയിലാണ് ജീവിച്ചതെങ്കില്‍, മരണം ഒരിയ്ക്കലും ഒരു ദുഷിച്ച അവസ്ഥയിലായിരിയ്ക്കുകയില്ല. നേരെ മറിച്ച്, കഴിഞ്ഞുപോയ ജീവിതത്തിന്റെ ഓരോ നിമിഷവും, ദേഷ്യം, ഭീതി, മടി, വെറുപ്പ്, സന്ദേഹം എന്നിവ കലര്‍ന്നതായിരുന്നുവെങ്കില്‍, അതിനര്‍ത്ഥം നിങ്ങളിതുവരെ ജീവിച്ചിട്ടേയില്ല എന്നാണ്. മരണം അടുക്കുംതോറും, ഇനിയും ജീവിക്കണമെന്ന തോന്നല്‍ ഉണ്ടായാല്‍, അത് ഒരു നല്ല കാര്യമല്ല. മരണം ഏതു വിധമായിരുന്നാലും ശരി, നിങ്ങള്‍ ശരീരത്തെ മാത്രമേ ഇവിടെ ഉപേക്ഷിയ്ക്കുന്നുള്ളൂ. ഭൂമിദേവിയില്‍നിന്നും കടമെടുത്തതാണല്ലോ ഈ ശരീരം.

ബാങ്കില്‍നിന്നും പത്തുദശലക്ഷം രൂപ കടമെടുത്തുവെന്ന് വിചാരിയ്ക്കുക. ആ സംഖ്യ ഒരമ്പത് കൊല്ലം കൊണ്ട് പത്തു കോടിയായി വളര്‍ന്നു എന്ന്‍ വിചാരിയ്ക്കുക. പിന്നീടൊരു ദിവസം, ബാങ്ക് മാനേജര്‍ മുതലും പലിശയും അടയ്ക്കണം എന്നാവശ്യപ്പെട്ടാല്‍, നിങ്ങള്‍ക്ക് വിസമ്മതം പറയാനാകുമോ? ലോണ്‍ എടുത്ത പത്തു ദശലക്ഷവും ധൂര്‍ത്തടിച്ച് നിങ്ങള്‍ ദുര്‍വിനിയോഗവും ചെയ്തതാണെങ്കില്‍, മാനേജറെ കാണുമ്പോഴേക്കും ഭയചകിതനായിപ്പോകില്ലേ? അയാളുടെ കണ്‍വെട്ടത്തുനിന്നെവിടെയെങ്കിലും പോയി ഒളിയ്ക്കാന്‍ ശ്രമിയ്ക്കും. അതുമല്ലെങ്കില്‍ പലവിധ സൂത്രങ്ങളും വ്യാജപ്പണിയും പ്രയോഗിയ്ക്കാന്‍ തയ്യാറായേക്കും.

അതുപോലെ തന്നെയാണ് ഈ ശരീരം. ഭൂമിദേവി തന്ന ലോണ്‍ ആണ് ഈ ശരീരം. അതുപയോഗിച്ച് സ്വന്തം ജീവിതം അനുഗ്രഹീതമാക്കിയിട്ടുണ്ടെങ്കിലോ, അതിനെ പരമാവധി പ്രയോജനപ്പെടുത്തിയിട്ടുണ്ടെങ്കിലോ, ആന്തരീകമായി ഒരു വലിയ ആനന്ദമോ മാധുര്യമോ ഉള്ള ജീവിതം നയിച്ചിട്ടുണ്ടെങ്കിലോ, തീര്‍ച്ചയായും ഭൂമിദേവി വന്ന് ലോണ്‍ തിരിച്ചടയ്ക്കാന്‍ സമയമായി എന്നറിയിച്ചാല്‍, സന്തോഷപൂര്‍വ്വമത് തിരിച്ചു നല്കുക തന്നെ ചെയ്യും. അതിന് ഒരു പലിശയും നല്കേണ്ടതില്ല. കാരണം ആ ലോണ്‍ തിരിച്ചടയ്ക്കുന്നതോടുകൂടി നിങ്ങളുടെ എല്ലാ ബാദ്ധ്യതകളും അവിടെ അവസാനിയ്ക്കും.

നിങ്ങള്‍ ആ സമയത്ത് സന്തുഷ്ടവാനായിരിക്കണം, എല്ലാം സ്വഭാവികമായി സംഭവിച്ച ഒരു ജീവിതത്തിന്റെ പര്യവസാനം മുന്നില്‍ കാണുമ്പോള്‍, സുബോധത്തോടെയിരിക്കാനായാല്‍, നിങ്ങള്‍ മോക്ഷപ്രാപ്തിയുടെ പാതയിലെത്തിക്കഴിഞ്ഞിരിക്കും. അവസാനനാളില്‍ നിങ്ങള്‍ പുതിയ വേഷമിട്ട ജന്മങ്ങളാണ് ആഗ്രഹിയ്ക്കുന്നതെങ്കില്‍, വരാന്‍ പോകുന്ന ജന്മം തിളക്കമായി തുടരാനുള്ള അനുഗ്രഹം ലഭിക്കും. അതല്ല, പരമാത്മസത്യത്തില്‍ വലയം പ്രാപിയ്ക്കാനാഗ്രഹിയ്ക്കുന്നുവെങ്കിലോ, അതുമായി ഏകത്വം പ്രാപിയ്ക്കാനാഗ്രഹിയ്ക്കുന്നുവെങ്കിലോ, ഭാവിയില്‍ ജന്മങ്ങള്‍ എടുക്കേണ്ടി വരേണ്ടാത്ത അവസ്ഥയിലെത്തിച്ചേരാനും സാധിക്കും.

“മോക്ഷപ്രാപ്തി കൈവരിയ്ക്കുന്നതോടുകൂടി, പിന്നെ ആഗ്രഹങ്ങളില്ല, അനുമാനങ്ങളുമില്ല. സഫലീകരിച്ച ഒരു ജന്മത്തിന്റെ സമാപ്തി”