ആത്മീയ മാര്‍ഗ്ഗത്തിലെ അവിഭാജ്യമായ ഒരു ഘടകമാണ് ബ്രഹ്മചര്യം എന്താണ് ബ്രഹ്മചര്യം? ആരാണ് ബ്രഹ്മചാരി?
സദ്ഗുരു: ബ്രഹ്മം എന്നാല്‍ ഈശ്വരന് പരമമായത് എന്നാണര്‍ത്ഥം. ചര്യ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പാത എന്നാണ്. നിങ്ങള്‍ സഞ്ചരിക്കുന്നത് ഈശ്വരന്റെ പാതയിലൂടെയാണൊ – എങ്കില്‍ നിങ്ങള്‍ ബ്രഹ്മചാരിയാണ്. ഇനി പറയാം, ഈശ്വരന്റെ പാത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് എന്ന് ലളിതമായി പറഞ്ഞാല്‍ അവനവന്റേതായ യാതൊരു മാര്‍ഗവും ലക്ഷ്യവും ആഗ്രഹങ്ങളും താല്പര്യങ്ങളും ഇല്ലാതിരിക്കുക എന്നതുതന്നെ. എന്താണൊ ആ സമയത്ത് ചെയ്യേണ്ടതായിട്ടുള്ളത് അതു ചെയ്യുക. സ്വന്തമായ തീരുമാനങ്ങളേതും ഇല്ലാതിരിക്കുക. എവിടെ പോകണം, എന്തു ചെയ്യണം എല്ലാം ഈശ്വരേച്ഛക്കു വിട്ടുകൊടുക്കുക. ഒന്നിനെകുറിച്ചും ഇഷ്ടാനിഷ്ടങ്ങള്‍ പുലര്‍ത്താതിരിക്കുക. ഇതെല്ലാം ബോധപൂര്‍വം ചെയ്യാന്‍ തുടങ്ങുമ്പോള്‍, മനസ്സിനെ നിര്‍ബന്ധപൂര്‍വ്വം വഴിതിരിച്ചുകൊണ്ടുവരാന് ശ്രമിക്കുമ്പോള്‍, നിശ്ചയമായും അത് ഒരു ബുദ്ധിമുട്ടാകും. അതേ സമയം അത് മനസ്സിന്റെ സഹജമായ ഒരു ഭാവമായിത്തീരുമ്പോള് ജീവിതം അങ്ങേയറ്റം സുന്ദരവും സുഖകരവുമായിത്തീരും. ഒന്നിനെക്കുറിച്ചും ചിന്തിച്ചു ക്ലേശിക്കേണ്ട എന്ന സ്ഥിതിയിലാകും. ജീവിതം ഒരു ഭാരമല്ലാതായിത്തീരും, അങ്ങനെയൊരു അവസ്ഥയിലെത്തികഴിഞ്ഞാല് പിന്നെ, ആദ്ധ്യാത്മിക മാര്ഗത്തെകുറിച്ചോ, അതിലേക്കു ചെന്നെത്താനുള്ള സാഹചര്യങ്ങളെകുറിച്ചൊ ആലോചിച്ചു വിഷമിക്കേണ്ടിവരില്ല. എല്ലാം വേണ്ടതുപോലെ വേണ്ട സമയത്ത് താനെ നടന്നുകൊള്ളും. നിങ്ങളുടെ ഭാഗത്തുനിന്നും ഒരുവിധത്തിലുള്ള ശ്രമവും ആവശ്യമായി വരികയില്ല.
‘ഒരു ബ്രഹ്മചാരി വലിയൊരു ത്യാഗമാണ് അനുഷ്ഠിക്കുന്നത്. ജീവിതത്തെ തന്നെ അയാള്‍ നിരാകരിക്കുയാണ്’ ഈ വിധത്തിലാണ് ജനങ്ങള്‍ സാമാന്യമായി ധരിച്ചുവെച്ചിരിക്കുന്നത്. എന്നാല്‍ ആ ധാരണ തികച്ചും അബദ്ധമാണ്. ഒരു കാര്യം പറയാം ഒരാള്‍ വേഷം കൊണ്ടുമാത്രമാണ് ബ്രഹ്മചാരിയാകുന്നത് എങ്കില്‍ അയാളുടെ ജീവിതം തീര്‍ച്ചയായും ദു:സ്സഹമായിരിക്കും, എന്നാല്‍ സത്യാന്വേഷകനായ ഒരു യഥാര്‍ത്ഥ സാധകനെ സംബന്ധിച്ചിടത്തോളം ലൗകിക സുഖങ്ങളെല്ലാംതന്നെ നിരര്‍ത്ഥകങ്ങളാണ്. ആന്തരികമായ സുഖത്തിന്റെ രുചി നുകര്‍ന്നു കഴിഞ്ഞാല്‍ ബാഹ്യമായ ഒന്നിലുംതന്നെ അയാള്‍ക്ക് അഭിരുചി തോന്നുകയില്ല. അയാളുടെ കണ്ണില്‍ അതെല്ലാം തികച്ചും നിസ്സാരം. എല്ലാവരും ജീവിത രീതിയിലല്ലെങ്കിലും മനസ്സുകൊണ്ടെങ്കിലും ബ്രഹ്മചാരികളാവണം എന്നാണ് എന്റെ പക്ഷം.
ഒരു ബ്രഹ്മചാരിയുടെ ജീവിതശൈലി സ്വീകരിക്കുവാന്‍ എല്ലാവര്ക്കും സാധിച്ചുവെന്നുവരില്ല, എന്നാല്‍ മനസ്സുകൊണ്ട് ആര്‍ക്കും ബ്രഹ്മചര്യം അനുഷ്ഠിക്കാവുന്നതാണ്. ഈശ്വരേച്ഛയ്ക്ക് പൂര്‍ണമായും വിധേയമായികൊണ്ട് ജീവിതം നയിക്കുക. പലരുടേയും വിചാരം, ലൈംഗിക ബന്ധങ്ങളില്‍ നിന്നും വിട്ട് നില്ക്കുക എന്നതാണ് ബ്രഹ്മചര്യം എന്നാണ്. അത് തികച്ചും ശരിയല്ല. അത് ബ്രഹ്മചര്യനിഷ്ഠകളില് ഒന്നു മാത്രമാണ്. “സ്വഭാവ” വുമായി ചേര്‍ന്നു ജീവിക്കുക. അവനവന്റെ ആന്തരാത്മാവുമായി മാത്രം അഭിരമിക്കുക. അതാണ് ബ്രഹ്മചര്യം. വിവാഹിതനായ ഒരാള്‍ക്കും ബ്രഹ്മചാരിയായി ജീവിക്കാം. അത് സാദ്ധ്യമാണൊ എന്ന് സംശയിക്കേണ്ട. സ്വന്തം ആത്മാവില്‍ എല്ലാ സുഖങ്ങളും കണ്ടെത്താനായാല്‍ അതും സാദ്ധ്യമാകും. അതിനായി അവനവന്റെ ഭര്‍ത്താവിനെ അല്ലെങ്കില്‍ ഭാര്യയെ ആശ്രയിക്കേണ്ടതില്ലാത്ത ഒരവസ്ഥ. പ്രപഞ്ചമാകെത്തന്നെ ബ്രഹ്മചര്യത്തില്‍ മുഴുകണം. ഓരോരുത്തരും “സ്വഭാവ”ത്തില്‍ സുഖംകണ്ടെത്തണം.
ഭാവിയിലേക്കൊരു നിക്ഷേപം
എന്തിനായിരിക്കാം ഇത്തരത്തിലുള്ള പ്രത്യേകിച്ചൊരു സമ്പ്രദായം ചിട്ടപ്പെടുത്തിവച്ചിരിക്കുന്നത്? ജീവിതത്തിന്റെ ആത്യന്തികമായ ലക്ഷ്യം ആത്മസാക്ഷാത്കാരമാണ് എങ്കില്‍ അത് നേടുന്നത് പലമാര്‍ഗങ്ങളില്‍ കൂടെ ആകാമല്ലോ, ഒന്നില്‍ത്തന്നെ ഉറച്ചുനില്‍ക്കേണ്ടതുണ്ടോ?
സദ്ഗുരു: മോക്ഷസിദ്ധിക്കായി ഞാന്‍ നിങ്ങള്‍ക്കൊരു മുഹൂര്‍ത്തം കുറിച്ചു തരാം! എന്നാല്‍ പരമമായ സത്യം സ്വയം തേടി കണ്ടെത്തുകയാണ് നിങ്ങളുടെ ലക്ഷ്യം എങ്കില്‍, അത് താന്മാത്രം അനുഭവിച്ചാല്‍ പോരാ, തന്റെ പ്രയത്നംകൊണ്ട് പുറകില്‍ വരുന്നവര്‍ക്കും പ്രയോജനം ലഭിക്കണം എന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍, ബ്രഹ്മചര്യം വളരെ വളരെ പ്രധാനപ്പെട്ട ഒരു സംഗതിയാണ്. ബ്രഹ്മചാരികള്‍ ഭാവിയിലേക്കുള്ള നമ്മുടെ കരുതല്‍ധനമാണ്. ആദ്ധ്യാത്മികതയെ അതിന്റെ എല്ലാ പരിശുദ്ധിയോടുംകൂടി സംരക്ഷിച്ച് തലമുറകളില്‍ നിന്നും തലമുറകളിലേക്ക് പകര്‍ന്നു നല്‍കേണ്ടത് ഒരു ബ്രഹ്മചാരിയുടെ നിയോഗമാണ്. അതിന് ഒരുപിടി ആളുകളെ സമൂഹത്തിനാവശ്യമുണ്ട് ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും ദൃഢനിഷ്ഠയുമുള്ള ഏതാനും പേരെ. അവര്‍ സവിശേഷമായ ഒരു പരിശീലനത്തിന് വിധേയരാക്കപ്പെടുന്നു. അവരില്‍ അന്തര്‍ലീനമായിട്ടുള്ള ഊര്‍ജ്ജത്തെ സാമാന്യരീതിയില്നിന്നും പ്രത്യേകമായ ഒരു ദിശയിലേയ്ക്ക് വഴി തിരിച്ചുവിടുന്നു. എല്ലാവരും അതേവഴി പിന്തുടരണമെന്നില്ല. അതിന്റെ ആവശ്യമില്ല, കാരണം, ഒരു ബ്രഹ്മചാരി അനുഷ്ഠിക്കേണ്ടുന്ന സാധന എല്ലാവര്ക്കും അതേപടി ചെയ്യാന്‍ സാധിച്ചെന്നു വരില്ല. ആവശ്യപ്രകാരം ആര്‍ക്കും എപ്പോഴും നേടിയെടുക്കാനാവുന്ന ഒരു ബിരുദമോ പദവിയോ അല്ല ആദ്ധ്യാത്മികത. നമ്മളെല്ലാവരും മാമ്പഴം ധാരാളം കഴിച്ചിട്ടുള്ളവരാണ്, എന്നാല്‍ നമ്മളില്‍ എത്രപേര്‍ മാവിന്‍തൈകള്‍ നട്ടുവളര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്? സ്വന്തമായി വളര്‍ത്തിയെടുത്ത മാവിന്റെ മാമ്പഴം തിന്നാന്‍ നമ്മളില്‍ എത്രപേര്‍ക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്? നമ്മളില്‍ അധികം പേരും തിന്നിട്ടുള്ള മാമ്പഴം വേറെ ആരൊക്കെയോ വളര്‍ത്തി വലുതാക്കിയ മാവില്‍ നിന്നാണ്. ചിലര്‍ മാവിന് തൈകള്‍ നട്ട് വളര്‍ത്തികൊണ്ടുവരാന്‍ ശ്രദ്ധിക്കുന്നു. അങ്ങനെ ഗ്രാമത്തിലുള്ള മുഴുവന്‍ പേര്‍ക്കും മാമ്പഴം തിന്നാന്‍ അവസരം കിട്ടുന്നു.
അതുപോലെത്തന്നെയാണ് ആദ്ധ്യാത്മികതയുടെ കാര്യവും. രണ്ടോ നാലോ പേര് സ്വമനസ്സാലേ ആ വഴിക്കു തിരിയുന്നു. അവര്‍ ബ്രഹ്മചര്യത്തിന്റെ മാര്‍ഗം സ്വീകരിക്കുന്നു. അവനവന്റെ സുഖസൗകര്യങ്ങളെ കുറിച്ചുമാത്രമല്ലാതെ അന്യരുടെ സന്തോഷത്തെകുറിച്ചുകൂടി ചിന്തിക്കുന്ന ഏതാനും പേരെ ഓരോ സമൂഹത്തിനും ആവശ്യമുണ്ട്. അങ്ങനെ നിസ്വാര്‍ത്ഥരായി ചിന്തിക്കുന്ന കുറച്ചുപേരില്ലെങ്കില് സമൂഹത്തിന്റെ സ്ഥിതി അതീവ ശോചനീയമാകുമെന്നു തീര്‍ച്ച. അത്തരത്തിലുള്ളതാണ് നിലവിലുള്ള സാമൂഹ്യസ്ഥിതി. മറ്റുള്ളവരുടെ ക്ഷേമത്തെകുറിച്ചു ചിന്തിക്കുന്ന എത്രപേരുണ്ട് നമ്മുടെ കൂട്ടത്തില്‍?
മനുഷ്യന് എന്ന ഈ യന്ത്രം പ്രവര്‍ത്തിക്കുന്നത് തനതായ ഒരു ഊര്‍ജ്ജത്തിന്റെ പിന്‍ബലത്തോടെയാണ്. രണ്ടുവിധത്തില്‍ നമുക്കതിനെ പ്രയോജനപ്പെടുത്താം, അതിനെ സ്വതന്ത്രമായി വിട്ട് പുറലോകവുമായി വ്യവഹരിക്കാം, അതല്ല എങ്കില്‍ അതിനെ സമാഹരിച്ച് കൃത്യമായ ഒരു ലക്ഷ്യത്തിലേക്ക് തിരിച്ചുവിടാം. ഒരു റോക്കറ്റിന്റെ ഒരു വശത്തു നാം തീകൊളുത്തുന്നു. അതോടെ അത് അന്തരീക്ഷത്തിലേക്ക് കുതിച്ചുയരുന്നു. അതിന്റെ എല്ലാ ഭാഗത്തും തീകൊളുത്തിയാലുള്ള സ്ഥിതിയൊന്ന് ആലോചിച്ചു നോക്കൂ. അതാകെ നശിച്ചുപോകും, ഒരിഞ്ചുപോലും ഉയര്‍ന്നു പോകുകയില്ല. ഒരുപക്ഷെ പാടെ തകര്‍ന്ന് വല്ലയിടത്തുമൊക്കെ ചെന്നു വീണെന്നും വരാം. ശരിയായ ഭാഗത്തു മാത്രം അഗ്നികൊളുത്തപ്പെടുന്ന ഒരു വാണത്തോട് ബ്രഹ്മചാരിയെ ഉപമിക്കാനാകും. പ്രത്യേകമായൊരു ലക്ഷ്യത്തോടെ പ്രത്യേകമായൊരു ദിശയിലേയ്ക്ക് അത് നേരെ പറന്നുയരുന്നു. അതുപോലെ ഒരു ബ്രഹ്മചാരിക്കുമുണ്ട് തനതായ ലക്ഷ്യവും മാര്‍ഗവും. ബ്രഹ്മചര്യം അതിശക്തമായൊരു ആയുധമാണ്. അതുകൊണ്ട് നമുക്കു ലോകത്തിനെ കൈയിലെടുക്കാം, അത്രയും അപാരമാണ് അതിന്റെ ശക്തി, തികഞ്ഞ വിവേകത്തോടെ അത് കൈകാര്യം ചെയ്യണം എന്നു മാത്രം.
എല്ലാ മത വിഭാഗങ്ങളിലുമുണ്ട് ബ്രഹ്മചര്യം എന്ന സമ്പ്രദായം. ഏതു ദേശത്തായാലും ഏതു കാലത്തായാലും, പ്രബുദ്ധതയുടെ, ജ്ഞാനത്തിന്റെ ഒരു തിരി തെളിഞ്ഞുയരാന് തുടങ്ങുമ്പോള്‍ അതിനെ ഭദ്രമായി കാത്തു സൂക്ഷിക്കേണ്ടതുണ്ട്. വരും തലമുറകള്‍ക്കായി ആ അറിവിന്റെ വെളിച്ചം അണയാതെ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതിനായി എന്തു ത്യാഗവും സഹിച്ച് മുന്നോട്ടു പോകുവാന്‍ സന്നദ്ധരായ ഏതാനും പേരെ സമൂഹത്തിന് ആവശ്യമുണ്ട്. സമൂഹത്തില്‍ നല്ല മാറ്റങ്ങള്‍ വരുത്തണം, അറിവിന്റെ തെളിമയിലേക്ക് മനസ്സുകളുണരണം.
ബഹിരാകാശത്തിലേക്ക് ഒരുപഗ്രഹത്തെ എത്തിക്കണമെങ്കില്‍ ഒരു റോക്കറ്റിന്റെ സഹായം കൂടിയേ തീരൂ. ആകാശത്തില്‍ വെറുതെ പറന്നുനടക്കാന് മാത്രമാണെങ്കില്‍ ഒരു വിമാനത്തില്‍ കയറിയാല്‍ മതി. സാമാന്യ ജീവിതവും ബ്രഹ്മചര്യവും തമ്മിലുള്ള വ്യത്യാസവും ഇതുതന്നെയാണ്. സാധാരണമട്ടില്‍ ലൗകികജീവിതം നയിക്കാന്‍ പ്രത്യേകിച്ചൊരു ശിക്ഷണമൊ പരിശീലനമൊ ആവശ്യമില്ല, എന്നാല്‍ സാമാന്യ ജീവിതത്തിന്റെ അതിരുകള്‍ക്കപ്പുറത്തുള്ള ഒരു ലക്ഷ്യത്തിലേക്കാണ് നിങ്ങളെത്തിച്ചേരാന് ആഗ്രഹിക്കുന്നത് എങ്കില്‍ അതിനുള്ള മാര്‍ഗം നിശ്ചയമായും ബ്രഹ്മചര്യം തന്നെയാണ്.