सद्गुरु

സ്വപ്നം എന്താണ്? കര്‍മത്തിന്‍റെ ബാധ്യതകളഴിക്കാന്‍ സ്വപ്‌നങ്ങള്‍ സഹായകരമാകുമോ? സ്വപ്‌നവും കര്‍മവും തമ്മിലുള്ള നശ്വരമായ ബന്ധത്തിനെപ്പറ്റി സദ്ഗുരു ഈ പംക്തിയില്‍കൂടി വിശദമാക്കുന്നു.

സദ്ഗുരു : ഒരു വ്യക്തി കാണുന്ന സ്വപ്‌നം ഒരു മിഥ്യാ സങ്കല്‍പമാണ്‌. എന്നാല്‍ ഒരു കൂട്ടം ആളുകള്‍ സ്വപ്‌നം കാണുമ്പോള്‍ അതൊരു സാമൂഹികപരിവര്‍ത്തനമായി മാറുന്നു. ഈ ലോകം മുഴുവന്‍ സ്വപ്‌നം കാണുമ്പോള്‍ അത്‌ യാഥാര്‍ത്ഥ്യമായിത്തീരുന്നു. ഓരോ സ്വപ്‌നവും ഏറെക്കുറെ സത്യമാണ്‌. അതുപോലെ ഓരോ സത്യവും ഏതാണ്ടൊരു സ്വപ്‌നവുമാണ്‌. ഉറങ്ങി ഉണരുന്നതോടെ എല്ലാ സ്വപ്‌നങ്ങളും അവസാനിക്കുന്നു. സ്വപ്‌നങ്ങളെ സംബന്ധിച്ചുള്ള ഏറ്റവും മഹത്തായ അനുഭവം അതാണ്‌. സത്യം പറഞ്ഞാല്‍, യാഥാര്‍ത്ഥ്യത്തിന്റെ കാര്യത്തിലും അത്‌ അങ്ങനെതന്നെയാണ്‌. ഉറങ്ങികിടക്കുന്നയാളുടെ ശാരീരിക ലക്ഷണങ്ങള്‍ ശാസ്‌ത്രീയമായി പരിശോധിച്ചാല്‍ സ്വപ്‌നവും ധ്യാനാവസ്ഥയും തമ്മില്‍ കാര്യമായ വ്യത്യാസങ്ങളില്ല എന്ന കാര്യം വ്യക്തമാകും. ധ്യാനാവസ്ഥയേക്കാള്‍ അല്‍പം മാത്രം താഴെയാണ്‌ സ്വപ്‌നാവസ്ഥ എന്നു പറയാം. ഉണര്‍ന്നിരിക്കുന്ന അവസ്ഥയേക്കാള്‍ ശാന്തവും സ്വസ്ഥവുമാണ്‌ സ്വപ്‌നാവസ്ഥ, ജാഗ്രതാവസ്ഥയുടെതന്നെ ഒരു വകഭേദം മാത്രം.

ഓരോ സ്വപ്‌നവും ഏറെക്കുറെ സത്യമാണ്‌. അതുപോലെ ഓരോ സത്യവും ഏതാണ്ടൊരു സ്വപ്‌നവുമാണ്‌.

ഇത്‌ വെറും നേരമ്പോക്കാണോ, അതുമല്ല കേവലം വാക്കുകള്‍ മാറ്റിയും മറിച്ചുമുള്ള സര്‍ക്കസ് പ്രകടനമോ? ഉണര്‍വ്വും, സ്വപ്‌നവും ഒന്നാണോ? ചുരുക്കത്തില്‍ പറഞ്ഞാല്‍ സ്വപ്‌നവും യാഥാര്‍ത്ഥ്യവും ഒന്നാണെന്നാണൊ? ഇതൊക്കെയാരിക്കും നിങ്ങളുടെ സംശയങ്ങള്‍.

അങ്ങിനെയല്ല, നിങ്ങള്‍ യാഥാര്‍ത്ഥ്യത്തെ മനസ്സിലാക്കുന്നത്‌, നിങ്ങളുടെ ഇന്ദ്രീയങ്ങള്‍ ഏതു വിധത്തിലാണ്‌ അതിനെ വ്യാഖ്യാനിക്കുന്നത്‌ എന്നതിനെ ആശ്രയിച്ചിരിക്കും. അതിനെ അതിന്റേതായ രീതിയില്‍ നിങ്ങള്‍ മനസ്സിലാക്കുന്നില്ല. നിങ്ങള്‍ സത്യമെന്നു മനസ്സിലാക്കുന്നത്‌ മനസ്സിന്റെ വ്യാഖ്യാനമാണ്‌, അതുപോലെതന്നെ സ്വപ്‌നമെന്നു ധരിക്കുന്നതും മനസ്സിന്റെ വ്യാഖ്യാനം തന്നെയാണ്. മനസ്സില്‍ സംഭവിക്കുന്നതെന്തായാലും അത്‌ ഒരു തരത്തിലുള്ള വ്യാഖ്യാനം മാത്രമാണ്‌. അതിനെ വേണമെങ്കില്‍ നമുക്ക്‌ മാനസിക യാഥാര്‍ത്ഥ്യം എന്നു വിളിക്കാം. അധികം പേരുടെ കാര്യത്തിലും അവരുടെ ചിന്തകളേക്കാള്‍ ശക്തിയേറിയതാണ് അവരുടെ സ്വപ്‌നങ്ങള്‍. എന്നാല്‍ സ്വപ്‌നങ്ങള്‍ ഉണരുമ്പോള്‍ ഓര്‍മവെക്കാനാവുന്നില്ല എന്നതാണ്‌ സങ്കടം.

ജീവിതം എന്നാല്‍ ഒരു നിലവാരത്തില്‍ നോക്കുമ്പോള്‍ മുന്‍ജന്മങ്ങളില്‍ ചെയ്തിട്ടുള്ള കര്‍മങ്ങളുടെ ചുരുളുകള്‍ അഴിയ്ക്കലാണ്‌. നിങ്ങള്‍ പലപ്പോഴും പറയാറുണ്ട്, “ജീവിതം ഇങ്ങനെയൊക്കെയായത്‌ കര്‍മഫലംകൊണ്ടാണ്‌” എന്ന്‍. മുമ്പുചെയ്‌ത കര്‍മങ്ങളുടെ കെട്ടുപാടുകള്‍ ഇപ്പോള്‍ നിങ്ങള്‍ അഴിച്ചുമാറ്റുകയാണ്‌ എന്നാണ് ഇതുകൊണ്ടര്‍ത്ഥമാക്കുന്നത്. എന്നാല്‍ ഇപ്പോഴത്തെ ജീവിത സാഹചര്യങ്ങളും മുന്‍ജന്മത്തില്‍ ചെയ്‌തിട്ടുള്ള കര്‍മങ്ങളും എപ്പോഴും ഒത്തു ചേര്‍ന്നുപോകണമെന്നില്ല. നിങ്ങള്‍ കണ്ണുതുറന്നിരുന്ന്‍ സ്വപ്‌നം കാണാന്‍ ശ്രമിച്ചു നോക്കൂ. നിങ്ങള്‍ കാണാന്‍ ആശിക്കുന്ന സ്വപ്‌നത്തിന്‌ ആനുകൂല്യമായികൊള്ളണം നിങ്ങളുടെ അപ്പോഴത്തെ ചുറ്റുപാടുകള്‍ എന്നില്ല. ആ നിലയ്ക്ക്‌ നിങ്ങളുടെ ശ്രമം പാഴായിപ്പാകാനാണ്‌ ഏറേയും സാദ്ധ്യത. രണ്ടിനും അതിന്റേതായ രീതികളുണ്ട്, ഘടകങ്ങളുണ്ട്‌. സ്വപ്‌നത്തില്‍ സ്വന്തം കര്‍മബന്ധങ്ങള്‍ക്കനുകൂലമായ ഒരു സാഹചര്യം നിങ്ങള്‍ക്കു സൃഷ്‌ടിക്കാനാവും, ആ പ്രക്രിയ നിങ്ങള്‍ ബോധപൂര്‍വ്വം ചെയ്യുന്നതല്ല. എന്നാല്‍ ജാഗ്രതാവസ്ഥയില്‍ നിങ്ങള്‍ അതു ചെയ്യുന്നത്‌ ബോധപൂര്‍വ്വമായിരിക്കണം, അപ്പോഴേ അതിന്‌ അര്‍ത്ഥമുണ്ടാകുന്നുള്ളൂ. അവനവനെ ചുറ്റിവരിഞ്ഞിട്ടുള്ള കര്‍മപാശങ്ങളെ അഴിച്ചുമാറ്റുന്നത്‌ മാത്രമാണ്‌ ജീവിതമെങ്കില്‍ തീര്‍ച്ചയായും അതിന്‌ കൂടുതല്‍ പറ്റിയ ഇടം സ്വപ്‌നമാണ്‌.

സ്വപ്‌നത്തില്‍ ആണ്ടു കിടക്കുന്നവര്‍ക്ക്‌ അതൊരു യാഥാര്‍ത്ഥ്യമാണ്‌. എന്നാല്‍ കുറച്ചകന്നു നില്‍ക്കുന്നവരുടെ കണ്ണില്‍ അത് തൊട്ടാല്‍ പൊട്ടുന്നത്രയും ലോലമായ ഒരു വസ്‌തുവാണ്‌.

ജീവിതത്തിന്‍റെ അനുഭവങ്ങളില്‍ കൂടി കര്‍മങ്ങളെ തുടച്ചുമാറ്റുന്നതിനു പകരം, അവയെ കൂടുതല്‍ സംഗ്രഹിച്ചു വെക്കുക എന്നതാണ് മിക്ക വ്യക്തികളും ചെയ്യുന്നത്. എന്നാല്‍ അത്‌ നിങ്ങള്‍ ചെയ്യുന്ന ഒരു പ്രവൃത്തിയാണെന്ന്‍ ധരിക്കരുത്‌. അത്‌ കര്‍മത്തില്‍ത്തന്നെ ഉള്‍ചേര്‍ന്നിട്ടുള്ളതാണ്‌. കര്‍മത്തിന്റെ തന്നെ ഒരു ഘടകമാണത്, ദൌത്യവുമാണ്‌. യോഗശാസ്‌ത്രപ്രകാരം മഹാദേവനായ ശിവന്‍, സങ്കല്‍പിക്കപ്പെട്ടിരിക്കുന്നത്‌ പൂര്‍ണനിദ്രയിലായിട്ടാണ്‌, അതല്ലെങ്കില്‍ തികഞ്ഞ ജാഗ്രത് സ്വരൂപമായിട്ടാണ്‌. പൂര്‍ണബോധത്തിന്റ അവസ്ഥ ഇതാണ്‌ - അതായത്‌ ഒന്നുകില്‍ ഗാഡനിദ്രയിലാണ്ടു കിടക്കുന്നു, അല്ലെങ്കില്‍ പൂര്‍ണമായ ജാഗ്രതാവസ്ഥയിലാണ്‌. അതിന്‌ രണ്ടിനും ഇടയിലായൊരവസ്ഥ പരമശിവനില്ല, കാരണം അവിടുത്തേക്ക്‌ അഴിച്ചുമാറ്റാനായി കര്‍മപാശങ്ങളൊന്നുമില്ല എന്നത് തന്നെ. അങ്ങനെയാണെന്നിരിക്കെ ഇതു രണ്ടുമല്ലാതെ വേറെ എന്തുണ്ടാകാന്‍, പരിപൂര്‍ണ ശാന്തത അല്ലെങ്കില്‍ തികഞ്ഞ ജാഗ്രതാവസ്ഥ.

സ്വപ്‌നാവസ്ഥയ്ക്ക്‌ ഇവിടെ പ്രസക്തി ഇല്ലല്ലോ. സ്വപ്‌നം എന്നു ഞാന്‍ പറയുമ്പോള്‍ ഉറങ്ങുമ്പോള്‍ കാണുന്ന ദൃശ്യങ്ങള്‍ മാത്രമാണെന്ന്‍ അര്‍ത്ഥമാക്കരുത്‌, കണ്ണുതുറന്നിരിക്കുമ്പോഴും വാസ്‌തവത്തില്‍ നിങ്ങള്‍ സ്വപ്‌നാവസ്‌ഥയിലാണ്‌. ദാ, ഈ നിമിഷം നിങ്ങള്‍ ഈ ലോകത്തെ അനുഭവിക്കുന്നത്‌ സ്വപ്‌നത്തിലൂടെയാണ്‌. നിങ്ങള്‍ കാണുന്ന ലോകമല്ല യഥാര്‍ത്ഥത്തിലുള്ള ലോകം. നിങ്ങളുടെ കാഴ്‌ചക്ക്‌ ഒരു സ്വപ്‌നത്തിന്റെ തീവ്രതയുണ്ട്, അതിന്റെ തന്നെ നന്നേ ലോലമായ ഭാവവുമുണ്ട്‌. സ്വപ്‌നത്തില്‍ ആണ്ടു കിടക്കുന്നവര്‍ക്ക്‌ അതൊരു യാഥാര്‍ത്ഥ്യമാണ്‌. എന്നാല്‍ കുറച്ചകന്നു നില്‍ക്കുന്നവരുടെ കണ്ണില്‍ അത് തൊട്ടാല്‍ പൊട്ടുന്നത്രയും ലോലമായ ഒരു വസ്‌തുവാണ്‌. ഈ സ്വപ്‌നാനുഭവത്തില്‍ നിങ്ങള്‍ എവിടെയാണ്‌ നിലയുറപ്പിച്ചിരിക്കുന്നത്‌ എന്നതിനെ അനുസരിച്ചായിരിക്കും നിങ്ങളുടെ കാഴ്‌ചയിലെ വകഭേദങ്ങള്‍.

സ്വപ്‌നാവസ്ഥയില്‍ സ്വന്തം ഇച്ഛാശക്തി പൂര്‍ത്തീകരിക്കാന്‍ നിങ്ങള്‍ക്കാകുമോ? ‘ഇന്നു ഞാന്‍ ഇന്ന മാതിരി സ്വപ്‌നം കാണും' അങ്ങനെയൊരു തീരുമാനം മുന്‍കൂട്ടിയെടുക്കാന്‍ നിങ്ങള്‍ക്കാവുമോ? ഇല്ല, അത്‌ സാദ്ധ്യമല്ല. അതുകൊണ്ടാണ്‌ പറഞ്ഞത്‌ കര്‍മങ്ങളുടെ ചുരുളുകളഴിക്കലാണ്‌ സ്വപ്‌നം കാണുന്നതിലൂടെ നടക്കുന്നത്‌. പകല്‍ നേരത്തും നിങ്ങള്‍ ഇതു തന്നെയാണ്‌ ചെയ്‌തുകൊണ്ടിരിക്കുന്നത്‌, ചെയ്‌തുകഴിഞ്ഞ കര്‍മങ്ങളുടെ കെട്ടുകളഴിക്കുന്നു. ദേഷ്യം, സ്‌നേഹം, വെറുപ്പ്‌, ആശ, നിരാശ അങ്ങനെ എന്തെല്ലാം വികാരങ്ങള്‍ ഒരു ദിവസം പ്രകടിപ്പിക്കുന്നു. അതൊന്നും നിങ്ങളായിട്ടു ചെയ്യുന്നതല്ല, മുമ്പേ ചെയ്‌ത കര്‍മങ്ങളുടെ ചുരുളഴിക്കലാണ്‌ അവിടെ നടക്കുന്നത്‌. അതെല്ലാം തടയാന്‍ ശ്രമിക്കുമ്പോഴാണ്‌ അതിന്റെ പിന്നിലെ സത്യം തിരിച്ചറിയുക. ഇന്നലെ ഒരാളോട്‌ വളരെയധികം ദേഷ്യം തോന്നി എന്നു വിചാരിക്കൂ. “നാളെ ഞാന്‍ അയാളോട്‌ ഈ മട്ടില്‍ കയര്‍ക്കുകയില്ല”, എന്ന് പിന്നീട്‌ നിങ്ങള്‍ തീരുമാനിച്ചു. അടുത്തദിവസം അയാളെ കാണുമ്പോള്‍ ശാന്തത പാലിക്കാന്‍ ആവില്ല, വീണ്ടും അയാളുടെ നേരെ ദേഷ്യപ്പെട്ടു സംസാരിക്കും. വേണ്ട എന്നു തീരുമാനിച്ചിട്ടും നിങ്ങള്‍ക്കതു ചെയ്യാതിരിക്കാന്‍ സാധിക്കുന്നില്ല. മനസ്സുകൊണ്ട് നിശ്ചയിച്ച കാര്യങ്ങള്‍ക്ക് വിപരീതമായാണ്‌ അധികവുപക്ഷവും നിങ്ങള്‍ പെരുമാറുന്നത്‌. അവനവനില്‍ സാരമായ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുമ്പോഴാണ്‌ ഇത്‌ നിങ്ങള്‍ക്കു ബോദ്ധ്യപ്പെടുക. ‘എന്റെ കര്‍മം’ എന്നു പറയുമ്പോള്‍, ‘ഞാന്‍ ചെയ്യുന്ന പ്രവൃത്തി’ എന്നാണ്‌ സാധാരണയായി എല്ലാവരും മനസ്സിലാക്കുന്നത്‌. കര്‍മത്തിന്റെ ചുരുളഴിക്കല്‍ വളരെ സ്വാഭാവികമായും സത്യമായും തോന്നും. നിങ്ങള്‍ ശരിക്കും വിചാരിക്കും, “ഇത്‌ ഞാന്‍ തന്നെ ചെയ്യുന്നതാണ്‌.” അത്‌ തികച്ചും അസംബന്ധമാണ്‌. അതില്‍ ഒരാളുടെ ഇച്ഛയ്ക്കു പങ്കില്ല, മുമ്പേ ചെയ്‌ത കര്‍മങ്ങളുടെ ചുരുളഴിയ്ക്കല്‍ മാത്രമാണ്‌ അവിടെ നടക്കുന്നത്‌.

വേണ്ടതും, വേണ്ടാത്തതും, തോല്‍വികളും, വിജയങ്ങളും, ഹിതങ്ങളും, അഹിതങ്ങളും എല്ലാം തന്നെ മഹാദേവനായി സമര്‍പ്പിക്കാന്‍ സാധിക്കുമെങ്കില്‍ അത്‌ വലിയൊരു കാര്യം തന്നെയാണ്‌,

സര്‍വ്വപ്രസിദ്ധമായ ഒരു മന്ത്രമാണ്, “മഹാദേവ! എല്ലാം നീ മാത്രം. എല്ലാം നീ മാത്രം. ഞാന്‍ ചെയ്യുന്ന തെറ്റുകള്‍ക്കു കാരണം എന്റെ മനസ്സാണ്‌. എന്റെ എല്ലാ പ്രവൃത്തികളും ചെയ്യുന്നത്‌ എന്റെ ശരീരമാണ്‌. ഞാന്‍ എന്ന ഒന്നെവിടെയുണ്ട്? അങ്ങനെയൊന്ന്‍ എവിടേയുമില്ലല്ലോ. എല്ലാം നീ മാത്രം!” ഒരു യഥാര്‍ത്ഥ ഭക്തനാണ്‌ ഈ മന്ത്രം ചൊല്ലുന്നതെങ്കില്‍, ആത്മസാക്ഷാത്‌ക്കാരത്തിന്റെ ഏറ്റവും ഉദാത്തമായ ഭാവമാണത്‌. എന്നാല്‍ സാധാരണ ഒരു മനസ്സാണ്‌ ഇതുരുവിടുന്നതെങ്കില്‍, അത്‌ വെറും കാപട്യം മാത്രമാണ്‌. എല്ലാ തെറ്റുകുറ്റങ്ങളും ഇനിയൊരാളുടെ തലയില്‍ വെച്ചുകെട്ടുക മനുഷ്യരുടെ സാമാന്യ സ്വഭാവമാണ്‌. നേട്ടങ്ങളും നന്മകളും അവനവന്റേതായി മാറ്റി വെക്കുന്നു. അതുശരിയല്ല. വേണ്ടതും, വേണ്ടാത്തതും, തോല്‍വികളും, വിജയങ്ങളും, ഹിതങ്ങളും, അഹിതങ്ങളും എല്ലാം തന്നെ മഹാദേവനായി സമര്‍പ്പിക്കാന്‍ സാധിക്കുമെങ്കില്‍ അത്‌ വലിയൊരു കാര്യം തന്നെയാണ്‌, എന്നാല്‍ നമ്മള്‍ സാധാരണ ചെയ്യുന്നത്‌ സുഖങ്ങള്‍ താനെടുക്കുകയും, ദുഃഖങ്ങള്‍ക്ക്‌ മറ്റുള്ളവരെ ഉത്തരവാദികളാക്കുകയുമാണ്‌. ഇങ്ങനെയൊരു ഇടപാടിന്‌ നിങ്ങള്‍ തയ്യാറായാല്‍ തന്നേയും, ഏറ്റുവാങ്ങാന്‍ പമ്പരവിഡ്‌ഢികള്‍ മാത്രമേ മുമ്പോട്ടു വരൂ.

സ്വന്തം താല്‍പര്യങ്ങളുടെ കാര്യം വരുമ്പോള്‍ ഏതു വിഡ്‌ഢിയും ഒന്നുണരും. ബുദ്ധി കൂടിക്കൂടി വരുമ്പോഴാണ്‌ അവനവന്റെ കാര്യങ്ങളില്‍ താല്‍പര്യം കുറഞ്ഞു കുറഞ്ഞു വരിക. വലിയ ബുദ്ധിയില്ലാത്തവര്‍ക്കായിരിക്കും തന്‍കാര്യം നടത്തുന്നതില്‍ കൂടുതല്‍ സാമര്‍ത്ഥ്യം. അവനവന്റെ പരിമിതമായ താല്‍പര്യങ്ങളില്‍ മാത്രം ശ്രദ്ധ ചെലുത്തുക ഒട്ടും നല്ല ശീലമല്ല. എനിക്കപ്പുറം ഒന്നുമില്ലെന്ന തോന്നല്‍ അഭിലഷണീയമല്ല. ഈ മനോഭാവം വ്യക്തിക്കും മനുഷ്യവര്‍ഗത്തിനു മുഴുവനായും തന്നെ തീര്‍ച്ചയായും വലിയൊരു നഷ്‌ടമാണ്‌.
ഇന്നീ ലോകത്ത്‌ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌ അതാണല്ലോ. കഷ്‌ടം തന്നെ! അത്ഭുതകരമായ ഈ മഹാപ്രപഞ്ചത്തെ മുഴുവന്‍ തന്റേതെന്ന്‍ സങ്കല്‍പിക്കാന്‍ ത്രാണിയുള്ള മനുഷ്യന്‍ ചിന്തിക്കുന്നത്‌, ഏറ്റവും നിസ്സാരനായ ‘ഞാന്‍’ എന്ന കൊച്ചുമനുഷ്യനെപ്പറ്റി മാത്രമാണല്ലോ! മനുഷ്യന്റെ ബുദ്ധി വികസിക്കുന്തോറും അവന്റെ കാഴ്‌ചപ്പാടും വിശാലമായിത്തീരണം. അങ്ങനെയുള്ള ഒരു വ്യക്തിക്ക്‌ തന്‍കാര്യം എന്നൊന്നില്ലതന്നെ. അവന്റെ മനസ്സ്‌ ഈ പ്രപഞ്ചത്തെ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ തക്കവണ്ണം വിശാലമായിത്തീര്‍ന്നിരിക്കും.

ഈ പംക്തിയുടെ തുടര്‍ച്ച അടുത്ത വ്യാഴാഴ്ച :