ആയുധ പൂജയുടെ പ്രാധാന്യം

ayudha-pooja

सद्गुरु

ആയുധ പൂജയുടെ പ്രാധാന്യത്തെക്കുറിച്ച് സദ്ഗുരു വിശദീകരിക്കുന്നു.

സദ്‌ഗുരു : ആയുധപൂജ കേവലം ഒരാചാരമോ അനുഷ്‌ഠാനമോ അല്ല. നവരാത്രിയിലെ അതിപ്രധാനമായൊരു ഭാഗമാണ്‌ ആയുധപൂജ. നമ്മുടെ സംസ്‌കാരത്തിലെ ഒരു സവിശേഷതയാണത്‌. നിങ്ങള്‍ ഉപയോഗിക്കുന്ന ഉപകരണമെന്തായാലും, പ്രവൃത്തി തുടങ്ങുന്നതിനു മുമ്പായി അതിനെ വന്ദിച്ചിരിക്കണം. നിലമുഴുന്ന കര്‍ഷകന്‍ കലപ്പയെ തൊട്ടുവണങ്ങിയിട്ടേ അയാളുടെ പണി തുടങ്ങുകയുള്ളു. അതുപോലെത്തന്നെ പുസ്‌തകത്തെ വന്ദിച്ചിട്ടേ നമ്മള്‍ വായന തുടങ്ങു. എല്ലാ തരം പണി ആയുധങ്ങള്‍ക്കുമുള്ള പൂജയാണ്‌, ആയുധപൂജ. അതില്‍ കലയെന്നോ, കൃഷിയെന്നോ, വിദ്യയെന്നോ, വ്യവസായമെന്നോ, യുദ്ധമെന്നോ ഉള്ള വ്യത്യാസങ്ങളില്ല. നിത്യജീവിതത്തില്‍ നമ്മള്‍ ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളേയും നന്ദിയോടും ആദരവോടുംകൂടി സമീപിക്കുക.

മനസ്സില്‍ സ്‌നേഹവും കൂറുമില്ലെങ്കില്‍ അവ വേണ്ടതുപോലെ പ്രയോജനപ്പെടുകയില്ല എന്നാണ്‌ വിശ്വാസം. ഉപകരണത്തിന്റെ മനസ്സു കുളിര്‍ന്ന്‍ അവ ഉപയോഗിക്കുന്നതിന്‌ വേണ്ട ഫലം തരുന്നു. ഒരു വീണയൊ മൃദംഗമൊ ഓരോരുത്തരും ഉപയോഗിക്കുന്ന വിധം ശ്രദ്ധിച്ചിട്ടുണ്ടോ? അതിനനുസരിച്ചായിരിക്കും അതിന്റെ നാദമാധുര്യം. ചിലര്‍ വായിക്കുമ്പോള്‍ ഹൃദയം അലിയുന്നതായി തോന്നും. മറ്റു ചിലര്‍ വെറുതെ ഒച്ചയുണ്ടാക്കുന്നതായേ തോന്നൂ. സമീപനത്തില്‍ വരുന്ന വ്യത്യാസമാണ്‌ അതിനുകാരണം.

ആരാധന മനസ്സിന്റെ സവിശേഷമായൊരു ഭാവമാണ്‌. അതിനെ പൂജയൊ അനുഷ്‌ഠാനമൊ ആയി തെറ്റിദ്ധരിക്കരുത്‌. എന്തിനെ കുറിച്ചും ഉദാത്തമായൊരു ഭാവന ഉള്ളിലുണരുമ്പോഴേ അതില്‍ പൂര്‍ണമായും മുഴുകുവാന്‍ നമുക്കാകൂ. ഈ ഇഴുകിച്ചേരല്‍ ഇല്ലെങ്കില്‍ അതിന്റേതായ ഗുണവും നമുക്ക്‌ ലഭിക്കുകയില്ല. അതുകൊണ്ട് ഏതുപകരണം കൈയ്യിലെടുക്കുമ്പോഴും അതിനെ നിസ്സാരമായി കാണരുത്‌, ഗൌരവപൂര്‍വം തന്നെ സമീപിക്കണം. അപ്പോള്‍ മാത്രമേ അത്‌ വേണ്ടവിധം കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്കു സാധിക്കൂ. ശരിയായ വിധത്തില്‍ കൈകാര്യം ചെയ്യുമ്പോഴാണല്ലോ ശരിയായ ഫലം കൈവരിക. അങ്ങനെയാവുമ്പോള്‍ പ്രവൃത്തി എന്തായാലും അത്‌ സുഖകരമായൊരനുഭവമാകും.

ഏതു മേഖലയിലായാലും ‘നിങ്ങള്‍ കൈകാര്യം ചെയ്യുന്ന ഉപകരണങ്ങളെ ആരാധനാ മനോഭാവത്തോടെ സമീപിക്കൂ’ എന്ന ഓര്‍മപ്പെടുത്തലാണ്‌ ഓരോ ആയുധപൂജയും

ഫലപ്രാപ്‌തിയില്‍ മാത്രമായിരിക്കയില്ല നിങ്ങളുടെ നോട്ടം. ജീവിതസാഫല്യം നിര്‍ണയിക്കുന്നത്‌ നിങ്ങളെത്രത്തോളം സമ്പാദിച്ചു എന്നു കണക്കാക്കിയിട്ടല്ല. എത്ര സന്തോഷത്തോടെ, സംതൃപ്‌തിയോടെ നിങ്ങള്‍ ജീവിച്ചു എന്നതാണ്‌ ജീവിതത്തെ ധന്യമാക്കുന്നത്‌. ഓരോ ഉപകരണത്തേയും നിങ്ങള്‍ ആദരവോടെ സമീപിക്കുമ്പോള്‍, അത്‌ നിങ്ങള്‍ക്ക്‌ ജീവിതത്തില്‍ തുഷ്‌ടിയും തൃപ്‌തിയും പ്രദാനം ചെയ്യുന്നു. ഓരോ തവണയും നിങ്ങള്‍ നിങ്ങളുടെ ഉപകരണം കൈയ്യിലെടുക്കുമ്പോള്‍ ഓര്‍മിക്കുക – ‘നിങ്ങള്‍ തൊടുന്നത്‌ ഈശ്വരനെയാണ്‌’, ഈശ്വരനുമായി അങ്ങനെ നിങ്ങള്‍ സദാ സമ്പര്‍ക്കം പുലര്‍ത്തുകയാണ്‌. ഏതു മേഖലയിലായാലും ‘നിങ്ങള്‍ കൈകാര്യം ചെയ്യുന്ന ഉപകരണങ്ങളെ ആരാധനാ മനോഭാവത്തോടെ സമീപിക്കൂ’ എന്ന ഓര്‍മപ്പെടുത്തലാണ്‌ ഓരോ ആയുധപൂജയും.
നമ്മള്‍ ഉപയോഗിക്കുന്ന വൈവിധ്യമാര്‍ന്ന ഉപകരണങ്ങളില്‍വെച്ച്‌ ഏറ്റവും മഹത്വമേറിയത്‌ നമ്മുടെതന്നെ മനസ്സും, ബുദ്ധിയും, ശരീരവുമാണ്‌. സ്വന്തം ശരീരത്തേയും മനസ്സിനേയും ശ്രദ്ധാപൂര്‍വ്വം സമീപിക്കാന്‍ ആയുധപൂജ നമ്മളെ പഠിപ്പിക്കുന്നു.
ബന്ധപ്പെട്ട പോസ്റ്റുകള്‍


Type in below box in English and press ConvertLeave a Reply

Your email address will not be published. Required fields are marked *