നമസ്കാരത്തിന്‍റെ അര്‍ത്ഥമെന്താണ്?

namaskar

सद्गुरु

രണ്ടു കൈതലങ്ങളും ചേര്‍ത്തു പിടിക്കുന്നതോടെ, നിങ്ങളുടെ മനസ്സിലെ ദ്വന്ദഭാവങ്ങളെല്ലാം – ഇഷ്ടാനിഷ്ടങ്ങളും, രാഗദ്വേഷങ്ങളും, ആഗ്രഹങ്ങളും, വെറുപ്പുമെല്ലാം ഇല്ലാതാവുന്നു. ശരീരത്തിലെ ഊര്‍ജ്ജങ്ങളെല്ലാം ഒന്നായിചേര്‍ന്ന് ഒഴുകുന്നു.

സദ്‌ഗുരു : വീട്ടിലായാലും വെളിയിലായാലും ജോലിസ്ഥലത്തായാലും മറ്റെവിടെത്തന്നെയായാലും ഒരാളെ നമ്മള്‍ നേരില്‍ കാണുമ്പോള്‍ അറിയാതെ തന്നെ അയാളെ നമ്മളൊന്നു വിലയിരുത്തും. അത് സാമാന്യമായ ഒരു മനുഷ്യസ്വഭാവമാണ്. “ഇയാള്‍ കൊള്ളാവുന്നവനാണ്” അല്ലെങ്കില്‍ “കൊള്ളില്ല”, “കാണാന്‍ നന്ന്” അല്ലെങ്കില്‍ മോശം, “ആളൊരു മിടുക്കനാണ്” അല്ലെങ്കില്‍ “മണ്ടനാണെന്നു തോന്നുന്നു” അങ്ങനെ പലവിധത്തിലുള്ള അഭിപ്രായങ്ങള്‍ മനസ്സില്‍ കുറിച്ചിടും. ഇതൊന്നും ബോധപൂര്‍വം ചെയ്യുന്നതാണെന്ന് പറയാന്‍ വയ്യ. ഒരു നിമിഷത്തെ വിലയിരുത്തല്‍, വിധിപറയല്‍, പലപ്പോഴും നമ്മുടെ ആദ്യത്തെ ആ പ്രതികരണം തീര്‍ത്തും അബദ്ധമാണെന്നു വരാറുണ്ട്. നമ്മുടെ അഭിപ്രായങ്ങള്‍ ഏറേ സ്വന്തം പൂര്‍വാനുഭവങ്ങളെ ആശ്രയിച്ചിട്ടാണ്. ആരേയും അല്ലെങ്കില്‍ ഒന്നിനേയും അതാതിന്‍റെ രീതിയില്‍ കാണാന്‍ അതു നമ്മെ അനുവദിക്കുന്നില്ല. എന്തിനേയും ഏതിനേയും മുന്‍വിധികള്‍ കൂടാതെ സമീപിക്കുക വളരെ പ്രധാനപ്പെട്ട ഒരു സംഗതിയാണ്.

ആ നിമിഷം അവര്‍ എങ്ങനെയാണ് – അതാണ് മുഖ്യം. ഇന്നലെ എങ്ങനെയായിരുന്നു എന്നതിനെ കുറിച്ച് ചിന്തിക്കേണ്ടതില്ല. അതുകൊണ്ട് മുമ്പിലുള്ളത് ആരായാലും തലകുനിച്ചേക്കുക

ഏതു മേഖലയിലായാലും നമ്മുടെ പ്രവൃത്തികള്‍ ഫലപ്രദമാകണമെങ്കില്‍ വ്യക്തിയെയായാലും വിഷയത്തെയായാലും മുന്‍വിധികള്‍ കൂടാതെ സമീപിക്കാനുള്ള കഴിവുണ്ടായിരിക്കണം. അതാതു നിലയില്‍ ഓരോന്നിനേയും കാണാന്‍ കഴിയണം. ആ നിമിഷം അവര്‍ എങ്ങനെയാണ് – അതാണ് മുഖ്യം. ഇന്നലെ എങ്ങനെയായിരുന്നു എന്നതിനെ കുറിച്ച് ചിന്തിക്കേണ്ടതില്ല. അതുകൊണ്ട് മുമ്പിലുള്ളത് ആരായാലും തലകുനിച്ചേക്കുക. അത് നമ്മുടെ ഇഷ്ടാനിഷ്ടങ്ങളുടെ കടുപ്പം കുറക്കും. ആ നമസ്കാരത്തിലൂടെ നമ്മള്‍ ചെയ്യുന്നത് സൃഷ്ടിയുടെ ഉറവിടത്തെ അംഗീകരിക്കുകയാണ്, ആദരിക്കുകയാണ്. ഇതു തന്നെയാണ് നമസ്കാരത്തിന്‍റെ പൊരുള്‍.

സ്രഷ്ടാവിന്‍റെ കൈകള്‍

വിശ്വസ്രഷ്ടാവിന്‍റെ കരസ്പര്‍ശമേല്‍ക്കാത്ത യാതൊരു വസ്തുവും ഈ പ്രപഞ്ചത്തിലില്ല. ഓരോ കോശത്തിലും, ഓരോ അണുവിലും ആ കൈകള്‍ സദാ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ആകാശത്തെ നോക്കി നമ്മള്‍ കൈകൂപ്പുന്നു. ഭൂമിയില്‍ നോക്കിയും നമ്മള്‍ കൈകൂപ്പുന്നു. മുമ്പിലുള്ളത് പുരുഷനായാലും, സ്ത്രീയായാലും, മൃഗമായാലും, മരമായാലും നമ്മള്‍ തലകുമ്പിടുന്നു. നമ്മുടെ സംസ്കാരം അങ്ങനെയാണ് നമ്മളെ പഠിപ്പിച്ചിട്ടുള്ളത് – അവനവനിലടക്കം, സര്‍വതിലും വിളങ്ങി നില്‍ക്കുന്ന ആ ദിവ്യചൈതന്യത്തെ ഓര്‍ത്തുകൊണ്ടാണ് നമ്മുടെ ഓരോ നമസ്കാരവും. ഓരോ നമസ്കാരവും ബോധപൂര്‍വം ചെയ്യുമ്പോള്‍ അത് നമ്മെ പരമമായ ആ ലക്ഷ്യത്തിലേക്ക്, ആത്മദര്‍ശനമെന്ന ആ അനുഭൂതിയിലേക്ക് അടുപ്പിക്കുന്നു.

ഇതിന് മറ്റൊരു വശം കൂടിയുണ്ട്. നമ്മുടെ ഉള്ളം കൈയ്യില്‍ നിരവധി നാഡികളുടെ അഗ്രങ്ങളുണ്ട്. ആധുനിക വൈദ്യശാസ്ത്രവും ഇതുതന്നെ പറയുന്നുണ്ട്. വാസ്തവത്തില്‍ നമ്മുടെ നാക്കിനേക്കാള്‍, സ്വരത്തേക്കാള്‍ അധികമായി നമ്മുടെ കൈത്തലങ്ങള്‍ സംസാരിക്കുന്നുണ്ട്. യോഗശാസ്ത്രത്തില്‍ ഹസ്ത മുദ്രകളെകുറിച്ച് വിശദമായി വിവരിച്ചിരിക്കുന്നു. കൈകള്‍ പ്രത്യേക രീതിയില്‍ പിടിച്ചുകൊണ്ട് ശരീരത്തിന്‍റെ പ്രവര്‍ത്തനത്തെയാകെ മാറ്റാന്‍ സാധിക്കും. രണ്ടു കൈതലങ്ങളും ചേര്‍ത്തു പിടിക്കുന്നതോടെ, നിങ്ങളുടെ മനസ്സിലെ ദ്വന്ദഭാവങ്ങളെല്ലാം – ഇഷ്ടാനിഷ്ടങ്ങളും. രാഗദ്വേഷങ്ങളും, ആഗ്രഹങ്ങളും, വെറുപ്പുകളുമെല്ലാം ഇല്ലാതാവുന്നു. ശരീരത്തിലെ ഊര്‍ജ്ജങ്ങളെല്ലാം ഒന്നായിചേര്‍ന്ന് ഒഴുകുന്നു. എന്തെന്നില്ലാത്ത ഏകീഭാവത്തില്‍ മനസ്സ് അലിഞ്ഞു ചേരുന്നു.

സ്വയം സമര്‍പ്പിക്കുന്നു

നമസ്കാരത്തെ ഭാരതത്തിലെ ഒരാചാരമായൊ, സംസ്കാരത്തിന്‍റെ ഭാഗമൊയൊ മാത്രം കാണരുത്. അതിന് തക്കതായ ഒരു ശാസ്ത്രമുണ്ട്. ഒരു സാധകന്‍ തന്‍റെ സാധനക്കിടയില്‍ കൈത്തലങ്ങള്‍ ചേര്‍ത്തുവെക്കുമ്പോള്‍, അവിടെ ഊര്‍ജ്ജം ഉണരുന്നു. തന്‍റെ സാധനയില്‍ വിശേഷാല്‍ ഒരു ഉണര്‍വ് സാധകന് അനുഭവപ്പെടുന്നു.

ഒരു സാധകന്‍ തന്‍റെ സാധനക്കിടയില്‍ കൈത്തലങ്ങള്‍ ചേര്‍ത്തുവെക്കുമ്പോള്‍, അവിടെ ഊര്‍ജ്ജം ഉണരുന്നു. പ്രാണോര്‍ജ്ജത്തിന്‍റെ തലത്തില്‍ ഒരു കൈകൊടുക്കലാണ് അവിടെ നടക്കുന്നത്

പ്രാണോര്‍ജ്ജത്തിന്‍റെ തലത്തില്‍ ഒരു കൈകൊടുക്കലാണ് അവിടെ നടക്കുന്നത്. നിങ്ങള്‍ സ്വയം ഇനിയൊരാളുടെ മുമ്പില്‍ സമര്‍പ്പിക്കുന്നു. അതോടെ നിങ്ങളുമായി ചേര്‍ന്നു പോകാനുള്ള മനോഭാവം അയാളില്‍ അങ്കുരിക്കുന്നു. മനസ്സ് കൊടുക്കാന്‍ തയ്യാറാവുമ്പോള്‍ ചുറ്റുപാടും നിങ്ങളുമായി സഹകരിക്കാന്‍ തയ്യാറാവുന്നു. എല്ലാ ജീവജാലങ്ങളുടെ കാര്യത്തിലും ഇത് പ്രശസ്തമാണ്. കൊടുക്കലും വാങ്ങലും പല തലത്തില്‍ പല തരത്തില്‍ നിരന്തരം നടന്നുകൊണ്ടിരിക്കുന്നു. ഈ പരസ്പര സമര്‍പ്പണത്തിലൂടെ മാത്രമേ എവിടേയും പുരോഗതി സാദ്ധ്യമാവൂ.

 
ബന്ധപ്പെട്ട പോസ്റ്റുകള്‍


Type in below box in English and press ConvertLeave a Reply

Your email address will not be published. Required fields are marked *